Monday, July 25, 2011

ഡി.സി., ഏഷ്യാനെറ്റ, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍


ഭൂമിമലയാളത്തിന്റെ ഹൃദയത്തില്‍ `സാക്ഷരതയുടെ' ദീപയഷ്‌ടികൊളുത്തിയ മഹാരഥനാണ്‌ ഡി.സി.കിഴക്കേമുറി. മലയാളമുള്ള കാലത്തോളം ജീവിക്കുന്ന ഒരു ധന്യാത്മാവ്‌. അക്ഷരലോകത്തെ ആ ചിരഞ്‌ജീവി തന്റെ ജീവിതത്തില്‍ പുലര്‍ത്തിയ ക്രാന്തദര്‍ശിത്വം, സര്‍ഗ്ഗാത്മകത., നൈതികത എന്നിവ പുളഗോദ്‌ഗമകാരികളായ കഥകളിലൂടെ, ആ മഹാത്മാവിന്റെ ഒരു കാലത്തെ `ദാസനും', ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനും എന്റെ ആത്മമിത്രവുമായ പി.ആര്‍. ശ്രീകുമാര്‍ ഒരു രാത്രി വെളുക്കുവോളം പറഞ്ഞുതന്നത്‌ ആത്മഹര്‍ഷത്തോടെയാണ്‌ ഞാന്‍ കേട്ടിരുന്നത്‌. (ഗുരുനിത്യചൈതന്യയതിയുടെ ഗ്രന്ഥങ്ങള്‍ ഡി.സി.ബുക്‌സ്‌ വഴി പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈയെടുത്തതും അവയില്‍ മിക്കവയും എഡിറ്റു ചെയ്‌തതും സഹൃദയനും സച്ഛിഷ്യനുമായ ശ്രീകുമാറാണ്‌.) പ്രസംഗങ്ങള്‍ പലതും കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ ആ മഹാരഥനുമായി സംവദിക്കുവാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചുള്ളു. അദ്ദേഹത്തിന്റെ സത്‌പുത്രനായ രവി.ഡീ.സി.യേയും ഒരിക്കല്‍ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു. ഡി.സിയുടെ പുത്രന്‍ രവിയും തന്റെ പ്രചുരിമയായ പ്രസന്നാത്മകതയാലും ആതിഥ്യമര്യാദകളാലും എന്നെ ആഴത്തില്‍ വശീകരിച്ചു. തന്റെ പിതാവിന്റെ കാല്‍നഖേന്ദുമരീചികള്‍ പിന്തുടര്‍ന്ന്‌ രവി.ഡീ.സി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ എല്ലാം വാങ്ങുവാന്‍ എനിക്കു ധനശേഷിയില്ലെങ്കിലും, സമയം കിട്ടുമ്പോഴെല്ലാം തിരുവനന്തപുരത്തെ ഡി.സി.ബുക്‌സില്‍പോയി ആ ഗ്രന്ഥങ്ങളില്‍ പലതും മറിച്ചു നോക്കിയും, മതിമറന്നുകണ്ടുനിന്നും, ഞാന്‍ ധന്യനാകാറുണ്ട്‌. ഇടക്കാലത്ത്‌ അക്ഷരലോകത്തുനിന്നു മിനിസ്‌ക്രീനിലേക്കും കച്ചവടത്തിലേക്കുമെല്ലാം ഞാന്‍ മാറിയും തിരിഞ്ഞും പോയെങ്കിലും, ഡി.സി.കിഴക്കേമുറിയും, രവി.ഡീ.സി.യും എന്റെ മനസ്സിലെ നിത്യസാന്നിദ്ധ്യങ്ങളായിത്തന്നെ നിലനിന്നിരുന്നു. ഞാന്‍ പുസ്‌തകങ്ങള്‍ വായിക്കാതിരുന്ന കാലത്തു പോലും.
...........അതിനാല്‍ത്തന്നെ, `മഹച്ചരിതമാല' യില്‍ ആയിരത്തിഒന്നാമത്തേതായി `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' പ്രസിദ്ധീകരിക്കേണ്ടതായിരുന്നുവെന്ന്‌ ആ ഗ്രന്ഥവരിയിലെ ആയിരം പുസ്‌തകങ്ങളും സ്വന്തമാക്കിയിട്ടുള്ള ഒരു വീട്ടമ്മ പ്രതികരിച്ചപ്പോള്‍ എന്റെ ഉള്ളൊരല്‍പ്പം പൊള്ളിപ്പോയി. നളിനിയേടത്തിയുടെ ജീവിതദര്‍ശനത്തിന്റെ കഠോരമായ നിഷേധാത്മകത കണ്ടപ്പോള്‍ സംഭവിച്ചതുപോലെ. അത്രമാത്രം. അതല്‍പ്പം ആക്ഷേപഹാസ്യരൂപേണ വാക്കുകളില്‍ പകര്‍ന്നു കാട്ടിയിട്ടുണ്ടെങ്കിലും മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ഡി.സി.രവി ചെയ്‌തുകൊണ്ടിരിക്കുന്ന മഹനീയ സേവനങ്ങള്‍ക്കുമേല്‍ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യെ പ്രതിഷ്‌ഠിക്കാനുള്ള നിഗൂഢനീക്കമൊന്നും ഇതിനു പിന്നിലില്ലെന്നു പറഞ്ഞാല്‍ ഡി.സി. കിഴക്കേമുറിയുടെ സത്‌പുത്രന്‍ അതു മുഖവിലയ്‌ക്കെടുക്കുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം.
ചാന്ദ്രബിംബത്തെ ഒരുഞൊടിനേരം കാര്‍മേഘം വന്നു മറച്ചു പോയി. ചെറുകാറ്റെങ്ങാനും വീശിയാല്‍ മതി അതങ്ങു മാറിപ്പോയ്‌ക്കൊള്ളും!
എന്റെ ഉള്ളിന്റെയുള്ളില്‍പ്പോലും ദ്വേഷമോ, വ്യക്തിഹത്യാവാഞ്‌ഛയോ ഇല്ലെന്നു ഞാനെഴുതുമ്പോഴും എന്റെ വാക്കുകളില്‍ ഉപഹാസത്തിന്റെ സൂചിമുനകള്‍ കടന്നുവരുവാന്‍ കാരണം `എന്റെ ഉള്ളില്‍ ഒരു `കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍' ഉറങ്ങിക്കിടക്കുന്നതിനാലാണെന്ന്‌ രവി.ഡീ.സി.യെ ഞാന്‍ വിനയപുരസരം ഓര്‍മ്മിപ്പിക്കട്ടെ. ശങ്കരപ്പിള്ള വല്യച്ഛന്‍ തന്റെ `ഡോള്‍സ്‌ മ്യൂസിയം' ഉദ്‌ഘാടനം ചെയ്യുവാനായി ഇന്ദിരാഗാന്ധിയെ ക്ഷണിച്ച സംഭവം എന്റെ ബാല്യകാലത്തെ ഏറ്റവും ദീപ്‌തമായ സ്‌മരണകളിലൊന്നാണ്‌. മിസ്സിസ്‌ ഗാന്ധി എന്തോ ഒഴിവുകഴിവു പറഞ്ഞ്‌ ക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞുകളഞ്ഞു. വിവരം അറിയിക്കാനെത്തിയ മുന്‍പ്രധാനമന്ത്രിയുടെ ദൂതനോട്‌ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ ഒന്നേ പറഞ്ഞുള്ളൂ. `If Panditji would have been alive.......... ` ഡോള്‍സ്‌ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്‌ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെയായിരുന്നു!
രവി.ഡീ.സി.യോട്‌, വിനയാന്വിതനായി, ഈയുള്ളവനും, ഒന്നേ പറയുവാനുള്ളു `ഡി.സി.കിഴക്കേമുറി ജീവിച്ചിരുന്നുവെങ്കില്‍..............'
കുസൃതിക്കാരായ മാലാഖമാര്‍................
ഞങ്ങള്‍, ആര്‍ട്ട്‌ ഓഫ്‌ ലിവിംഗിലെ സാധകന്മാര്‍, ഒരു ദിവസം ആരംഭിക്കുന്നത്‌ നാലുദിക്കിലുമിരുന്ന്‌ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന മാലാഖമാര്‍ക്ക്‌ `ലാല്‍ സലാം' പറഞ്ഞുകൊണ്ടാണ്‌! നിഷേധവികാരങ്ങള്‍ നമ്മുടെ സൃഷ്‌ടികളല്ലെന്നും നാലുദിക്കിലുമൊളിച്ചിരിക്കുന്ന മാലാഖമാരുടെ വിക്രിയകളാണെന്നു സങ്കല്‌പിച്ച്‌, അത്തരം വികാരങ്ങളെ, പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കും മുമ്പ്‌, അവര്‍ക്കുതന്നെ തിരികെ സമര്‍പ്പിക്കുന്നത്‌, ഭാവനാത്മകമെങ്കിലും, രസകരമായ ഒരേര്‍പ്പാടാണ്‌! ലക്ഷോപലക്ഷം സാധകന്മാര്‍ക്ക്‌ ഫലവത്താണെന്ന്‌ ഉത്തമബോധ്യം വന്നിട്ടുള്ള ഒരു സത്യവും.
ദൃശ്യമാധ്യമത്തിലെ മൗലിക ചിന്തയുടെ നിത്യസാന്നിദ്ധ്യമായ കെ.പി.മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍, ഒരല്‍പ്പം ചപലമാനസനായിപ്പോയിട്ടുണ്ടെങ്കില്‍, അത്‌ ഈ മാലാഖമാരുടെ വിക്രിയ തന്നെ! `സ്‌മാരകശിലകളുടെ' കര്‍ത്താവായ സര്‍ഗ്ഗധനനായ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയേയും ക്ഷണനേരത്തേക്ക്‌ `മലക്കുകള്‍' പിടികൂടി!
`ഇന്‍ഷാ അള്ളാ' എന്നല്ലാതെ എന്തു പറയുവാനാകും?
തന്നിലെ സഹാനുഭൂതിയുടെ നിറവിനാല്‍ ഒരല്‍പ്പം അവിവേകം സംഭവിച്ചതിനാലാകം ആചാര്യനായ എം.വി.ദേവന്‍ 'ലൈംഗികത്തൊഴിലാളികളുടെ' അവകാശപ്രഖ്യാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുവാന്‍ കാരുണ്യം കാട്ടിയത്‌!
ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു.........
അക്ഷരാര്‍ത്ഥത്തില്‍ `മഹാകവിയായ' എ.അയ്യപ്പനെക്കുറിച്ചാണെങ്കില്‍, അദ്ദേഹത്തിന്റെ സര്‍വ്വ നമ്പറുകളും' നന്നായറിയാവുന്ന ഒരാള്‍ക്ക്‌, ഇളമുറക്കാരനായ പി.എച്ച്‌.നവാസിന്റെ `ഗുഹയിലെ വിളക്ക്‌' (പരിധി പബ്ലിക്കേഷന്‍സ്‌) എന്ന കന്നികവിതാപുസ്‌തകത്തിന്‌ അവതാരികയായി കുറിച്ച ഈ വരികള്‍ അദ്ദേഹം തന്നെ എഴുതിയതാണെന്ന്‌ ഒരിക്കലും വിശ്വസിക്കാനാവില്ല!

No comments: