Wednesday, March 21, 2012

മലയാളിയുടെ ആഗോളീകരണം:അഞ്ച്


20-04-2007

സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.

 

'വിജയിച്ച ബ്രാഹ്മണന്‍.' 

മലയാളിയുടെ ഹൃദയത്തില്‍ രൂഢമൂലമായിരുന്ന മതേതരവും വര്‍ണേതരവുമായ ഭക്തി, സ്‌നേഹം, കാരുണ്യം, ആരാധനാമനോഭാവം, പാരസ്പര്യം എന്നീ മാനുഷികമൂല്യങ്ങളെ കുഴിച്ചുമൂടുവാനുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോആയ ശ്രമങ്ങള്‍ നടത്തുന്നവര്‍ ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാരല്ലെങ്കില്‍ പിന്നെ ആരാണ്? മലയാളിസമൂഹത്തിന് ഒട്ടേറെ നന്മകള്‍ നല്‍കിയിട്ടുള്ള ഇ.എം.എസിനെ ബ്രാഹ്മണശബ്ദത്തിന്റെ അര്‍ത്ഥംപോലും അറിയാതെ 'വിജയിച്ച ബ്രാഹ്മണനെ'ന്നു മുദ്രകുത്തുന്ന സൈദ്ധാന്തികര്‍ നവആഗോളീകരണത്താല്‍ ഇരയാക്കപ്പെടുകയാണ്.  മാട്ടിറച്ചി ഭുജിക്കാത്തത്, ലക്ഷോപലക്ഷം സാധാരണക്കാര്‍ ഇന്നും ഹൃദയത്തില്‍ വച്ചാരാധിക്കുന്ന ആ കമ്യൂണിസ്റ്റാചാര്യന്റെ ഏറ്റവും വലിയ സവര്‍ണപാതകമായി ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അമൂര്‍ത്തമായ ആഗോളീകരണത്തിനുപോലും ചിരിച്ചുമണ്ണുകപ്പാതിരിക്കാനാകുമോ? ഹൃദയസംബന്ധമോ, മാട്ടിറച്ചി കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മറ്റേതെങ്കിലുമോ ഗുരുതരമായ രോഗബാധ അദ്ദേഹത്തിനുണ്ടാകാതെ കഴിച്ചുകൂട്ടുവാനായി എന്ന് സമാശ്വസിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്? മാട്ടിറച്ചി കഴിക്കുന്നതാണ് ദളിതരുമായി ഐക്യപ്പെടേണ്ടതിന്റെ മാനദണ്ഡമെന്നു വിധിയെഴുതുന്നവര്‍ സാംസ്‌കാരിക ആഗോളീകരണത്തിന് തങ്ങളറിയാതെ തന്നെ കീഴ്‌പ്പെടുകയാണ്.

വര്‍ണവിദേ്വഷം.


കാഞ്ചാ ഏലയ്യയെപ്പോലുള്ള ധിഷണാശാലികളായ ദളിതസൈദ്ധാന്തികരെ വര്‍ണവിദേ്വഷത്താല്‍ ഇരയാക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ തന്ത്രം.
ദേശവിധ്വംസകമായ വ്യാജപ്രത്യയശാസ്ത്രങ്ങളാല്‍ ആഗോളീകരണം 'അവര്‍ണനെ'യും 'സവര്‍ണ'നെയും തമ്മില്‍ അകറ്റുന്നു. ഒരു ദേശത്തിന്റെ അവബോധത്തെയും സ്വത്വത്തെയും
അങ്ങനെ അത് കലുഷിതമാക്കുന്നു. ഭൂതകാലങ്ങളില്‍ സവര്‍ണര്‍ അവര്‍ണരോടു ചെയ്ത പാതകങ്ങളെ അവര്‍ണര്‍ ക്ഷമിക്കണമെന്നും തങ്ങളുടെ പാതകങ്ങളില്‍ സവര്‍ണര്‍ ഇക്കാലത്തും അപകര്‍ഷതാബോധം അനുഭവിക്കരുതെന്നും ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ അയാളെ സവര്‍ണഫാസിസ്റ്റെന്നും സംഘപരിവാറുകാരനെന്നും മുദ്രകുത്തി അത് തമസ്‌കരിക്കുന്നു.
സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും സ്ഥാനത്ത് പകയെയും വിദേ്വഷത്തെയും പ്രതിഷ്ഠിക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ ഉപജാപതന്ത്രം.

വിശ്വാസം Vs യുക്തിവാദം.


ദൈവമുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും സന്ദേഹമുണ്ടെന്ന് തന്റെ മുത്തശ്ശിപത്രകോളത്തില്‍ പണ്ടൊരിക്കല്‍ എം. മുകുന്ദന്‍ എഴുതിയിരുന്നു. ദൈവം സ്‌നേഹമാണെന്ന് തന്റെ ഉത്തരതാരുണ്യസായാഹ്നത്തിലെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് മുകുന്ദനെപ്പോലുള്ളവരുടെ ആഗോളീകൃത ദുരന്തം. ഒരല്‍പ്പം യുക്തിവാദവും ആള്‍ദൈവ വിമര്‍ശനവും തെല്ല് ഇടതുപക്ഷചായ്‌വും ഉത്തരാധുനികകാലത്തെ മികച്ച സേഫ്റ്റി മെഷേഴ്‌സ് ആണ്. സംഘപരിവാര്‍ എന്ന് ആരും മുദ്രകുത്തുകയില്ല എന്നതാണ് അതിലെ സുരക്ഷിതത്വം. എന്നാല്‍, പ്രേമവും ഭക്തിയും പുലരുന്നിടത്ത് ആഗോളീകരണത്തിന് അതിന്റെ വില്ലന്‍ റോള്‍ കളിക്കാനാവില്ലെന്നതാണു സത്യം. മനുഷ്യരെയും ജന്തുജാലങ്ങളെയും
പ്രപഞ്ചത്തെ ആകെത്തന്നെയും ആരാധിക്കുന്നിടത്ത് മൂല്യച്യുതി സംഭവിക്കുകയില്ലെന്ന് ഉറപ്പാണ്. പ്രാണനെ തൊട്ടുകാണിക്കാനാകാത്തതുപോലെ സ്‌നേഹം തന്നെയായ ദൈവത്തെയും തൊട്ടുകാണിക്കാനാവില്ല. സ്‌നേഹം തന്നെയായ ദൈവത്തെ നിഷേധിക്കുന്നവര്‍ സ്‌നേഹത്തെത്തന്നെയാണ് നിഷേധിക്കുന്നത്. ജന്മം കൊണ്ടു ഹിന്ദുക്കളായ ചില പ്രമുഖ യുക്തിവാദികള്‍ക്ക് തങ്ങളുടെ അന്ത്യകാലത്ത് സംഭവിച്ചതുപോലെ ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തേണ്ടിവരുമെന്നതാണ് ഇതിലെ ഫലശ്രുതി!
ദൈവവിശ്വാസത്തിനുമേല്‍ യുക്തിവാദത്തെ പ്രതിഷ്ഠക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം.

Saturday, March 17, 2012

മലയാളിയുടെ ആഗോളീകരണം :നാല്

 20-04-2007

സ്‌നേഹസംവാദം
തുടരുന്നു...

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവുംവര്‍ണ്ണവിദേ്വഷം, യുക്തിവാദം.
 

ദളിത്ബുദ്ധിജീവികള്‍ കേരളീയസാഹചര്യത്തില്‍ സമകാലികമായ ഒരു സാംഗത്യവുമില്ലാത്ത വര്‍ണ്ണസംഘര്‍ഷങ്ങളെക്കുറിച്ചും പ്രതിഭാധനരായ കവികള്‍ പോലും ദൈവത്തിന്റെ അസ്തിത്വരാഹിത്യത്തെക്കുറിച്ചും ആവര്‍ത്തിച്ചുസംസാരിക്കുവാന്‍ കാരണം ആഗോളീകരണഭീകരനാല്‍ അവര്‍ ഇരയാക്കപ്പെടുന്നതിനാലാണ്. ആഗോളീകരണത്തിന്റെ അനുബന്ധങ്ങളായ പേറ്റന്റ് നിയമങ്ങളും ഉദാരവല്‍ക്കരണകെണികളും നമ്മെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍, സാമൂഹികവും സാംസ്‌കാരികവുമായ തിരുശേഷിപ്പുകളെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മുടെ സംസ്‌കൃതിയിലെ പ്രാചീനമായ തിന്മകള്‍ മാത്രം നാം തന്നെ ഇങ്ങനെ ഉയര്‍ത്തിക്കാട്ടാതിരിക്കണം. തിന്മകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം നന്മകളുടെ വലിയ ക്യാന്‍വാസുകളില്‍ സവര്‍ണ്ണനും അവര്‍ണ്ണനും അധ്യാത്മവാദിയും ഭൗതികവാദിയും ഒരുമിക്കണം. (അല്ലെങ്കില്‍ ആധ്യാത്മികമല്ലാതെ ഇവിടെ മറ്റെന്താണുള്ളത്?) സ്‌നേഹം തന്നെയായ ദൈവം ജഗദ്പ്രാണനായും നാനാരുചിയാര്‍ന്ന ഫലമൂലാദികളാലും നാനാവര്‍ണ്ണവും ഗന്ധവുമാര്‍ന്ന പ്രഫുല്ലസൂനങ്ങളാലും പ്രപഞ്ചമെങ്ങും നിറഞ്ഞുനില്‍ക്കുകയാണെന്ന നിഷ്‌കളങ്കസത്യത്തിന്, തങ്ങളുടെ ജീവിതാന്ത്യത്തിലാണെങ്കിലും, ചില കൊടും യുക്തിവാദികള്‍പോലും ഇന്ന് സമ്മതം മൂളുന്നുണ്ട്.
ഏതു സംസ്‌കൃതിയിലാണ് നന്മ-തിന്മകള്‍ ഇല്ലാതിരുന്നതെന്ന ചോദ്യത്തിനാണ് പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെട്ട ദളിതസൈദ്ധാന്തികര്‍ ഉത്തരം പറയേണ്ടത്. ദേശീയമായ സംസ്‌കൃതിയിലെ തിന്മയെ പ്രഘോഷിക്കുകവഴി നന്മയെ തമസ്‌കരിക്കുകയാണ് മലയാളി ദളിത് സൈദ്ധാന്തികര്‍ ഇന്നു ചെയ്യുന്നത്. സംസ്‌കൃതിയിലെ തിന്മ മാത്രം ചൂണ്ടിക്കാട്ടി ജനതയെ ഭിന്നിപ്പിക്കുകയെന്നതായിരുന്നു ആഗോളീകരണത്തിന്റെ എക്കാലത്തെയും തന്ത്രം. ഭാരതത്തെ വെട്ടിമുറിക്കുവാന്‍ സാമ്രാജ്യത്വം എടുത്ത തന്ത്രമാണത്. ഗംഗാനദിയുടെ കൈവഴികള്‍ പാകിസ്ഥാനിലൂടെയും ഒഴുകുന്നതിനാല്‍ മഹാത്മാവിന്റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യരുതെന്ന് ജിന്നയെകൊണ്ടു പറയിപ്പിച്ച ക്രൗര്യമാണത്.
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനുമിടയില്‍ വിദേ്വഷത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്താണ് ആഗോളീകരണം അതിന്റെ മരണപ്പിടി മുറുക്കുന്നത്.
മലയാളിഹിന്ദുവിനെ സവര്‍ണ്ണനും അവര്‍ണ്ണനും മലയാളിമുസല്‍മാനെ മതമുസ്ലീമും രാഷ്ട്രീയമുസ്ലീമും മലയാളികമ്യൂണിസ്റ്റിനെ യാഥാസ്ഥിതികനും തിരുത്തല്‍വാദിയുമൊക്കെയാക്കി ഭിന്നിപ്പിച്ചു കിഴടക്കാന്‍ ശ്രമിക്കുന്നതാരാണ്? 'സി.ഐ.ഐ. ഏജന്റുമാരാ'യിരുന്ന എം. ഗോവിന്ദന്റെയും സി.ജെ.യുടെയും ആത്മാക്കളെ മലയാളി ഏതു തെമ്മാടിക്കുഴികളിലാണ് സംസ്‌കരിച്ചിരിക്കുന്നത്? മലയാളിയുടെ മനസിലെ വര്‍ണ്ണരാഹിത്യത്തിന്റെയും മതേതരഭക്തിയുടെയും അവസാനത്തെ നാമ്പുകളെയും വെട്ടിനിരത്തുന്നതാരാണ്?
ദൈവം ഇല്ലെന്ന് ആഗോളീകരണകാലത്തും പറയുന്നത് സത്യവും സ്‌നേഹവും കേവലം സിദ്ധാന്തങ്ങളാണെന്ന് പറയുന്നതിനു തുല്യമാണ്.
ഭൂതകാലങ്ങളില്‍ മേലാളര്‍ കീഴാളരോടു ചെയ്ത പാതകങ്ങള്‍ അവര്‍ ക്ഷമിക്കുകയും മേലാളര്‍ തങ്ങളുടെ ചെയ്തികളില്‍ കുറ്റബോധം പുലര്‍ത്താതെയുമിരിക്കുമ്പോഴേ സമൂഹം ശ്രേയസോന്മുഖമാകൂ. വൈജാത്യങ്ങള്‍ മറന്ന്, ക്ഷമിച്ചും പൊറുത്തും, ജനത ഒന്നായാലേ ആഗോളീകരണത്തെ അതിര്‍ത്തിക്കപ്പുറം നിര്‍ത്താനാകൂ. അഥവാ തങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന അധമത്വബോധം മലയാളി ദളിതര്‍ക്കില്ലെങ്കിലും മലയാളി ദളിതബുദ്ധിജീവികള്‍ക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ നമുക്കെല്ലാം പേരിനുമുന്നില്‍ വി.ആര്‍.
എന്നുകൂടി ചേര്‍ത്ത് അംബേദ്കര്‍വല്‍ക്കരിക്കപ്പെടാം. മലയാചലം മുഴുവന്‍ അംബേദ്കര്‍ നാമധാരികളാല്‍ നിറഞ്ഞാല്‍ ‘മ്ലേച്ഛരായ' ഈ നായന്മാര്‍ക്കും നമ്പൂതിരിമാര്‍ക്കുമൊന്നും പിന്നെ പത്തിയെടുക്കാനേയാകില്ലല്ലോ!
സ്‌നേഹത്തിന്റെയും Belongingness ന്റെയും പ്രത്യയശാസ്ത്രം കൈമോശം വരുമ്പോഴാണ് ഒരു ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം പിടിമുറുക്കുന്നത്. ഇവ രണ്ടും ഇല്ലാതാക്കിയാണ് ആഗോളീകരണമായും ഉദാരവല്‍ക്കരണമായും മറ്റും അത് പ്രവേശനദ്വാരങ്ങളൊരുക്കുന്നത്. ദേശഗന്ധിയല്ലാത്ത പ്രത്യയശാസ്ത്രങ്ങളാണ് നവകൊളോണിയലിസത്തിന്റെ തുറുപ്പുചീട്ടുകള്‍.

Friday, March 16, 2012

മലയാളിയുടെ ആഗോളീകരണം: മൂന്ന്

                               20-04-2007
                     സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.

                    സഫേദ് മുസ്ലി എന്ന നിലപ്പന.

കറ്റാര്‍വാഴയും മഞ്ഞളും കാന്‍സറിനെ പ്രതിരോധിക്കുമെന്ന അറിവ് മറച്ചുവയ്ക്കുന്നതാണ് ആരോഗ്യരംഗത്തെ ആഗോളീകരണതന്ത്രം. സഫേദ് മുസ്ലി എന്ന ഉത്തേജകൗഷധമായി പുന:രവതരിച്ചിരിക്കുന്നത് 'സനാതനനായ' നമ്മുടെ സ്വന്തം നിലപ്പനയാണെന്ന് മലയാളി തിരിച്ചറിയാതെ പോകുന്നു. ഏതൊരു ധ്വജഭംഗത്തെയും വെട്ടിനിരത്തുവാന്‍ പ്രാപ്തമായ നമ്മുടെ പാവം ശിലാജിത്തിനെയും, അശ്വഗന്ധത്തെയും അമുക്കുരത്തെയുമെല്ലാം 'ആഗോളീകരണം' എന്നേ കടല്‍ കടത്തിയിരിക്കുന്നു! നമ്മുടെ വയോവൃദ്ധന്മാര്‍ക്ക് വയാഗ്രയും ലാവിട്രയും മാത്രം 'കൊടി'യുയര്‍ത്തുവാന്‍ ഇന്നു ശരണം!
കരുപ്പെട്ടിക്കു പകരം നമ്മുടെ നാവുകളിലേക്ക് വെള്ള വിഷമായ പഞ്ചസാര (14 രാസപ്രക്രിയകളിലൂടെ കടന്നുപോകുന്ന പഞ്ചസാര ഗന്ധകപ്പുരയിലാണ് സൂക്ഷിക്കേണ്ടതെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്) വെച്ചുതരുന്നതും കല്ലുപ്പിനുപകരം അയഡൈസ്ഡ് സോള്‍ട്ട് നല്‍കുന്നതുമാണ് നവ ആഗോളീകരണത്തിന്റെ ഉപഭോഗതന്ത്രങ്ങള്‍. ഒരു ജനതയുടെ ഭക്ഷണപാരമ്പര്യത്തെയാണ് അത് അട്ടിമറിക്കുന്നത്.
പ്രകൃതിജീവനം ആഗോളീകരണത്തെ ചെറുക്കുവാന്‍ മികച്ചൊരു സമരായുധമാണെന്നു പറയുവാന്‍ കാരണമിതാണ്. കേരളപ്രകൃതിജീവനസമിതിയുടെ ജീവാത്മാവായിരുന്ന സി.ആര്‍.ആര്‍. വര്‍മ്മ ആഗോളീകരണ പ്രതിരോധത്തിലെ മുന്നണിപ്പോരാളികളിലൊരാളായിരുന്നുവെന്നും.

ബയോസ്ഫിയറും സൈബര്‍സ്ഫിയറും.
ഒരു ദേശത്തിന്റെ സാഹിത്യത്തിന് അതിന്റെ മണ്ണിന്റെ മണമില്ലാതാക്കിയും ഒരു ദേശത്തിന്റെ സംസ്‌കൃതിയില്‍ വിള്ളലുകള്‍ വീഴ്ത്തിയുമാണ് ആഗോളീകരണവും സാമ്രാജ്യത്വവും അതിന്റെ ഇരകളെ കീഴടക്കുന്നത്. പാരാസെറ്റമോള്‍ നമുക്കു നല്‍കി, പനിയുടെയും കഫക്കെട്ടിന്റെയും സിദ്ധൗഷധമായ തുളസിച്ചെടിയെ കവര്‍ന്നെടുത്തിരിക്കുന്നതുപോലെ. വേപ്പിനും മഞ്ഞളിനും ബ്രഹ്മിക്കുമൊക്കെ നാം പേറ്റന്റ് കൊടുക്കാന്‍ പോകുന്നതുപോലെ. സനാതനമായ നമ്മുടെ കറ്റാര്‍വാഴയെ കടല്‍കടത്തി കഴുത്തറുപ്പന്‍ വിലയുള്ള കാന്‍സര്‍മരുന്നായി തിരികെത്തരുന്നതുപോലെ. ആര്‍.സി.സി.യിലെ
വിദഗ്ധനായ ഒരു ഭിഷഗ്വരന്‍ ഇരയാക്കപ്പെടുന്നതുപോലെ.....
ബയോസ്ഫിയറിനെ സൈബര്‍സ്ഫിയര്‍ വിഴുങ്ങിക്കഴിയുന്നതോടെയാണ് പ്രാദേശിക ആഗോളീകരണം പൂര്‍ണമാകുന്നത്. അമിത സെല്‍ഫോണ്‍ ഉപയോഗത്തില്‍ സംഭവിക്കുന്ന ഇ.എം.ആര്‍. (ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍) അകാലവാര്‍ധക്യവും, മാനസികവിഭ്രാന്തികളും സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് അതിനെതിരായ ഉത്തമപ്രതിരോധം. കമ്പിത്തപാലിനെ ഇ-മെയില്‍ വിഴുങ്ങുന്നതാണ് ദേശീയ ആഗോളീകരണം. പ്രണയലേഖനത്തിനുമേല്‍ എസ്.എം.എസ്. അധീശത്വം നേടുന്നതാണത്....

അഭിനവദാസനും ചന്ദ്രികയും.
.....പുഴകളും തീരങ്ങളും അനുരാഗങ്ങളും ഒടുങ്ങുന്നതാണ് ആഗോളീകരണത്തിന്റെ അശുഭലക്ഷണങ്ങള്‍. പരീക്കുട്ടിയും കറുത്തമ്മയും ദാസനും ചന്ദ്രികയുമൊക്കെ എന്നേ വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! അഥവാ തിരുശേഷിപ്പുകളായി ഏതെങ്കിലും ദാസനും ചന്ദ്രികയും ഇന്നുമുണ്ടെങ്കില്‍ അവര്‍ക്കു സംഗമിക്കുവാന്‍ പുഴയുടെ തീരങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാള്‍സെന്ററില്‍നിന്ന് ഉത്തരാധുനിക ചന്ദ്രിക ഇറങ്ങിവരുന്നതും കാത്ത് ഉത്തരാധുനിക ദാസന്‍ ഹയര്‍പര്‍ച്ചേസില്‍ വാങ്ങിയ ന്യൂ ജനറേഷന്‍ ഇരുചക്ര ശകടവും ചാരി കാര്യവട്ടത്തെയോ മറ്റോ അക്കേഷ്യാമരത്തണലില്‍ കാത്തുനില്‍ക്കുകയാണ്. ഫാസ്റ്റ്ഫുഡ് ഷോപ്പ് തുറന്നിട്ടുവേണം പെറോട്ടയും ബീഫ് ചില്ലിയും ബ്രേക്ഫാസ്റ്റിനു പാഴ്‌സലായി
വാങ്ങിക്കുവാന്‍!
മൃതിയുടെ തീരങ്ങളിലെങ്കിലും അനുരാഗികള്‍ തുമ്പികളായി പറന്നണയുന്ന വെള്ളിയാങ്കല്ലുകള്‍ ഇന്നില്ല. അവ ഇടിച്ചു നിരച്ചുനിരത്തിയാണ് ഇവര്‍ ഈ സ്മാര്‍ട്ട് സിറ്റി കെട്ടിപ്പൊക്കികൊണ്ടിരിക്കുന്നത്. ഉത്തരാധുനിക കുറുമ്പിയമ്മ ഇന്ന് ലെസ്ലീ സായ്‌വിനോട് തിരികെയാണ് ഒരു നുള്ളി 'പൊടി' കടം ചോദിക്കുന്നത്. കുറുമ്പിയമ്മയില്‍പ്പോലും ഒരു കണ്ണുള്ളവനാണ് ഈ ആഗോളീകൃത ധ്വര!

'ആദര്‍ശപൈങ്കിളികള്‍', സാംസ്‌കാരിക ആഗോളീകരണം
കേസരി ബാലകൃഷ്ണപിള്ളയുടെ ദാരിദ്ര്യപീഡയാല്‍ അകാലമ്യത്യുവിന് ഇരയായ പുത്രിയെ ഓര്‍ത്ത് ഈ ഉത്തരാധുനിക സന്ധ്യയില്‍ ആരെങ്കിലും വ്യസനംകൊണ്ടാല്‍ മലയാളിയായ ന്യൂ
ജനറേഷന്‍ ബുദ്ധിജീവി അയാളെ ‘Sentimental Rubbish’ (ആദര്‍ശ പൈങ്കിളി) എന്നു പരിഹസിക്കും.
സത്യവും സ്‌നേഹവും ധര്‍മവും കേവലം സിദ്ധാന്തങ്ങളാണെന്ന് പ്രസ്താവിക്കുന്നതാണ് സംസ്‌കാരത്തിലെ പ്രാദേശിക ആഗോളീകരണം. അല്ലെന്നു പറയുന്നവരെ പരിഹസിക്കുന്നതാണ് അതിന്റെ ശൈലീതന്ത്രം.
നവ ആഗോളീകരണകാലത്ത് സ്വന്തം ജനതയുടെ ഭാഷ സംസാരിക്കേണ്ട എഴുത്തുകാരന്‍ വിദേശിയുടെ ഭാഷ കടംകൊള്ളും. ഹൃദയത്തിന്റെ സ്ഥാനത്ത് മസ്തിഷ്‌കത്തെ പ്രതിഷ്ഠിക്കും. ഭൂരിപക്ഷ സര്‍ഗ്ഗാത്മകതയെ ന്യൂനപക്ഷ സര്‍ഗ്ഗാത്മകത വിഴുങ്ങും. 'മനസാസ്മരാമി'യെ 'ലൈംഗികത്തൊഴില്‍ഗ്രന്ഥങ്ങള്‍' നിഷ്പ്രഭമാക്കും. മൗലിക സംഗീതത്തെ ഫ്യൂഷന്‍ ജാര്‍ഗണുകള്‍ തമസ്‌കരിക്കും. സംസ്‌കാരത്തെ ഭിന്നിപ്പിച്ചു ഭരിക്കും. സാഹിത്യത്തിനും സംഗിതത്തിനും ഉപരിപ്ലവ വര്‍ണവ്യവച്ഛേദനങ്ങള്‍ കല്‍പ്പിക്കപ്പെടും. സംവരണ ആനുകൂല്യത്താല്‍ ഉദേ്യാഗം നേടിയവര്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ കവിതയെഴുതും!

Thursday, March 15, 2012

മലയാളിയുടെ ആഗോളീകരണം

 20-04-2007

സ്‌നേഹസംവാദം
  തുടരുന്നു.....
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.


പ്രാദേശിക ആഗോളീകരണം.
'916' സ്വര്‍ണത്തിന്റെ മായികവിഭ്രാന്തിയില്‍ മലയാളിയെ തളയ്ക്കുന്ന ആഗോളീകൃത മലയാളിതന്നെ അത് തിരികെ പണയമായി വാങ്ങിവയ്ക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. രാസവളനിര്‍മാതാക്കള്‍ കൊഴുത്തുതടിക്കുമ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാര്‍ വത്തിക്കാന്‍ വഴി വാഷിങ്ടണ്‍ വരെ
കുഴിച്ചിട്ടിരിക്കുന്ന വ്യാവഹാരികമോ സാംസ്‌കാരികമോ ആയ മൈനുകളിലൊന്നുപോലും അവന്റെ ജീവനു ഭീഷണിയേ ആകില്ലെങ്കിലും പാര്‍വ്വതീ പുത്തനാറില്‍ കുളിക്കുന്നവന്റെ ശരീരം ചൊറിഞ്ഞുതടിക്കും. രോഗാണുവിമുക്തമായ തണ്ടര്‍പാര്‍ക്കുകളില്‍ ഉല്ലസിക്കുന്നവരെ ത്വക്‌രോഗം പിടികൂടുകയുമില്ല!

മള്‍ട്ടിനാഷണലുകള്‍...., പ്രാദേശികകുറുനരികള്‍...
ദേശീയവും പ്രാദേശീയവുമായ ജീവിതരിതികളെയും ഭാഷയെയും ഉല്‍പ്പന്നങ്ങളെയും ഒരു ജനതയില്‍നിന്ന് പടിപടിയായി എടുത്തുമാറ്റിയാണ് പ്രാദേശിക ആഗോളീകരണം അതിന്റെ പിടിമുറുക്കുന്നത്. അതിന്റെ നീക്കങ്ങള്‍ നിഗൂഢമാണെങ്കിലും പരിണതികള്‍ ലളിതമാംവിധം പ്രകടമാണ്. അലക്കുകല്ലിനെ വാഷിംഗ്‌മെഷീനും അരകല്ലിനെ ഗ്രൈന്‍ഡറും കല്‍ച്ചട്ടിയെ റഫ്രിജറേറ്ററും പകരം വയ്ക്കുന്നതാണത്. കൗശലക്കാരായ പ്രാദേശിക കുറുനരികള്‍ അടങ്ങിയ വലിയൊരു ഉപജാപസംഘമാണത്. ഭോഗലോലുപത സൃഷ്ടിച്ചുകൊണ്ടുള്ള ചൂഷണപ്രക്രിയയാണതിന്റെ മുദ്രാവാക്യം. ബി.എസ്.എന്‍.എല്‍. ടെലഫോണ്‍ബൂത്തില്‍നിന്ന് റിലയന്‍സ് നമ്പറിലേക്കു കണക്ഷന്‍ കിട്ടാതെ കുഴങ്ങുന്ന സാധാരണക്കാരന്റെ തോളില്‍ത്തട്ടി നാലാംലോകാനുകൂലിയോ നാലാംലോകവിരുദ്ധനോ 'ആഗോളീകരണം' എന്നു സമാശ്വസിപ്പിച്ചാല്‍ അവനെന്തു ഗ്രഹിക്കണമെന്നതാണ് ഇതിലെ രസകരമായ വലിയ ചോദ്യങ്ങളിലൊന്ന്!
മള്‍ട്ടിനാഷണലുകള്‍ മലയാളി പ്രൊഫഷണലിനു നല്‍കുന്ന കനത്ത ശമ്പളവും യൂണിഫോമും, ഫാസ്റ്റ്ഫുഡ് കൂപ്പണുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ തുറുപ്പുചീട്ടുകള്‍. സ്വകാര്യ-പൊതുമേഖലാ മുതലാളിമാര്‍ക്കുവേണ്ടി എട്ടുമണിക്കൂര്‍പോലും തികച്ചു പണിയെടുക്കാത്ത മലയാളിയുവത വിദേശമുതലാളിക്കുവേണ്ടി സൈബര്‍മേഖലകളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ രാപകലെന്യേ പണിയെടുക്കുന്ന അപഹാസ്യതയാണത്. നമ്മുടെ നാട്ടിന്‍പുറങ്ങളിലെങ്ങും സുലഭമായിരുന്ന, തനിയേ വളരുന്ന ഇലക്കറികളും കായ്കനികളും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. പറമ്പുകളിലെങ്ങും പടര്‍ന്നു പന്തലിച്ചുകിടന്നിരുന്ന കോവയ്ക്ക പോലും കിലോ ഇരുപത്തഞ്ചും മുപ്പതും രൂപയ്ക്കു വാങ്ങേണ്ട ഗതികേടിനെയും മലയാളി ആഗോളീകരണത്തില്‍ അധ്യാരോപിക്കുന്നു.
ഹാംബര്‍ഗറും പിസയും അരിവറ്റലിനെയും ചക്കവരട്ടിയതിനെയും വിഴുങ്ങുന്നതാണ് പ്രാദേശിക ആഗോളീകരണം. അധീശത്വമനോഭാവവും സ്‌നോബറിയുമാണ് ഇതിന്റെ പ്രേരണകള്‍. അവിയലിന്റെയും ഓലന്റെയും സ്ഥാനത്ത് അജിനോമോട്ടോ ചേര്‍ത്ത ഗോബീമഞ്ജൂരിയന്‍ വിളമ്പുന്ന സാംസ്‌കാരികാപചയമാണത്..... നിശ്ചയദാര്‍ഢ്യം കൊണ്ടേ ഇതിനെ ചെറുക്കാനാകൂ.
ജീവിതങ്ങളില്‍നിന്ന് അനുരാഗത്തിന്റെ നാരുകള്‍ നഷ്ടപ്പെടുന്നതും ഭക്ഷ്യവിഭവങ്ങളില്‍ നാരുവര്‍ഗങ്ങള്‍ ഇല്ലാതായിത്തീരുന്നതുമാണ് പ്രാദേശിക ആഗോളീകരണത്തിന്റെ പരിണതികള്‍. അനുരാഗം മനസിലും നാരുകള്‍ ഭക്ഷണത്തിലും ഇല്ലാതായിത്തിരുന്നത് മനസിനെയും ശരിരത്തേയും പിരിമുറുക്കത്തില്‍ (Constipation) കൊണ്ടെത്തിക്കുന്നു.
ബഹുരാഷ്ട്രക്കുത്തകകളായ മോണ്‍സാന്റോ, കാര്‍ഗില്‍, എ.ഡി.എം. എന്നിവയുടെ കഴുകന്‍ കണ്ണുകളില്‍നിന്ന് മലയാളിയുടെ ഭക്ഷ്യവിപണിക്കും മോചനമില്ല. ഇവിടെ, വിദേശ ഭക്ഷണശീലം എന്ന കെണിയില്‍ കുടുക്കിയാണ് പ്രാദേശിക ആഗോളീകരണം ജനതയുടെ ഭക്ഷ്യസംസ്‌കാരത്തെ അട്ടിമറിക്കുന്നത്. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ പായ്ക്കറ്റുകളിലാക്കി വാള്‍മാര്‍ട്ട്‌പോലുള്ള വന്‍കിട റീട്ടെയില്‍കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നു. 'സംസ്‌കരിച്ച ഭക്ഷണം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ', എന്ന ഔദേ്യാഗിക

പരസ്യത്തിലൂടെ ഇതിനു പ്രചാരം നല്‍കുന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആഗോളീകരണത്തിന്റെ ദല്ലാള്‍പണിതന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പായ്ക്കറ്റിലാക്കിയ, പകുതിവേവിച്ച ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന സത്യം ഇവിടെ തന്ത്രപൂര്‍വം മറച്ചുവയ്ക്കപ്പെടുന്നു. ഈ കുത്തകകള്‍ക്കുവേണ്ടി, ചൂടുള്ള ഭക്ഷണം ലഭിക്കുന്ന, തട്ടുകടകള്‍ പോലുള്ള വഴിയോര ഭക്ഷണശാലകള്‍ അടച്ചുപൂട്ടിക്കുന്നു. കൃത്രിമവിപണിസൃഷ്ടിയുടെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങളുടെ വലിപ്പവും മറ്റും ഏകീകരിക്കാന്‍ ശ്രമം നടക്കുന്നത്. പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ വെളിച്ചെണ്ണ വില ഇടിഞ്ഞത് സോയാഎണ്ണയ്ക്കു കൃത്രിമമായി വിപണി സൃഷ്ടിക്കാനായിരുന്നുവെന്ന് വന്ദനശിവ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു.

അടുക്കളയുടെ പൈതൃകം.
പുസ്തകഷെല്‍ഫിനെയും സ്വീകരണമുറിയെയുമെന്നതുപോലെ അടുക്കളയുടെ പൈതൃകത്തെയും അട്ടിമറിക്കുന്നതാണ് പ്രാദേശിക ആഗോളീകരണം. ഇന്‍സ്റ്റന്റ് ഫുഡിന്റെയും ഫാസ്റ്റ്
ഫുഡിന്റെയും ഭക്ഷ്യട്രാപ്പാണത്. ഉലക്കയും ഉരലും അമ്മിയും ആട്ടുകല്ലും ചട്ടിയും കലവും ഭരണിയും ഉറിയും അങ്ങനെ രുചിയും ആരോഗ്യവുമേറ്റിയിരുന്ന എത്രയെത്ര പൈതൃക പാചകോപകരണങ്ങളാണ് മലയാളിയില്‍ നിന്ന് അപഹരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നത്! ഭക്ഷ്യ ഉല്‍പ്പാദകരും ഭിഷഗ്വരന്മാരും തമ്മില്‍ നിലനില്‍ക്കുന്ന ആഗോളീകൃത അവിശുദ്ധ ഉടമ്പടിയാണ് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ ആഗോളീകരണം. ഫൈബര്‍കണ്ടന്റ് ഫുഡു കഴിക്കാതെ രോഗഗ്രസ്തനായി ചെല്ലുന്നവനോട് മരുന്നിനൊപ്പം 'ഫൈബര്‍കണ്ടന്റ് ഫുഡ്' കൂടി കഴിക്കുവാനുപദേശിക്കുന്ന അലോപ്പതി സ്‌പെഷ്യലിസ്റ്റിന്റെ തന്ത്രമാണത്!
ഒരുപിടി മുരിങ്ങയിലയില്‍ ഒരു ഗ്ലാസ് ഹോര്‍ലിക്‌സിലും പത്തിരട്ടി കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്ന അറിവ് ഒളിപ്പിച്ചുവെയ്ക്കുന്നതാണത് ഭക്ഷ്യ-ആരോഗ്യരംഗങ്ങളിലെ ആഗോളീകരണ ഗൂഢാലോചന. നാരടങ്ങിയ സസ്യവിഭവങ്ങള്‍ക്കുമേല്‍ മാംസഭക്ഷണം നടത്തുന്ന കടന്നുകയറ്റമാണത്. ആയുര്‍വേദത്തിന് മേല്‍ അലോപ്പതിയും സൂപ്പര്‍ സ്‌പെ
ഷ്യാലിറ്റി സംസ്‌കാരവും നടത്തുന്ന കടന്നാക്രമണം. മാട്ടിറച്ചി ഭക്ഷിക്കാതിരുന്ന ഇ.എം.എസ്. 'വിജയിച്ച ബ്രാഹ്ണനാണെന്ന്' ആരോപിക്കുന്നതാണത്...
രോഗപ്രതിരോധശക്തിയേകുന്ന നാരടങ്ങുന്ന ഭക്ഷ്യവിഭവങ്ങളെ തമസ്‌കരിക്കുന്നതിലൂടെയാണ് ഒരു ജനതയുടെ ഭക്ഷണസംസ്‌കൃതിയെ ആഗോളീകരണം അട്ടിമറിക്കുന്നത്.
രോഗങ്ങളെ ചെറുത്തുനിര്‍ത്തുന്ന പ്രകൃതിദത്തമായ ആന്റി ഓക്‌സിഡെന്റ്‌സ് (Anti oxidents) അടങ്ങിയ ഭക്ഷ്യവിഭവങ്ങളെ തീന്‍മേശയില്‍ നിന്നകറ്റിയാലേ ആന്റി ഓക്‌സിഡെന്റ്‌സ് അടങ്ങിയ ഫുഡ് സപ്ലിമെന്റ്‌സ് വിറ്റഴിക്കാനാകൂ. പൊറോട്ടയും ചില്ലിബീഫും പ്രഭാതഭക്ഷണം പോലുമാക്കുന്ന മലയാളി, ആരോഗ്യരംഗത്തെ ഈ ആഗോളീകരണത്തിന് തങ്ങളറിയാതെ ഇരയായി കഴിഞ്ഞിരിക്കുകയാണ്. 'നമ്മുടെ ശരീരം ഒരു ശവപ്പറമ്പല്ല, ഒരു ഹോമകുണ്ഠമാണത്' (Our stomach is not a Burial ground. It’s a Homakunda) എന്ന് എത്രയോ കാലം മുമ്പേ ചിന്മയാനന്ദസ്വാമി മലയാളിയെ താക്കീതുചെയ്യുവാന്‍ കാരണം ഭക്ഷണസംസ്‌കാരത്തിലെ അനാരോഗ്യകരമായ ഈ ആഗോളീകരണത്തെ അന്നേ ആ സന്യാസിവര്യന്‍ തിരിച്ചറിഞ്ഞതിനാലാണ്.

പുട്ടും കടലയും കഴിച്ചിരുന്ന മലയാളിയുടെ വായില്‍ പൊറോട്ടയും ബീഫ് ചില്ലിയും തിരികിക്കൊടുക്കുന്നതാണ് ആഗോളീകരണത്തിന്റെ ഭക്ഷ്യതന്ത്രങ്ങള്‍.
ഫാസ്റ്റ്ഫുഡ് സംസ്‌കാരവും പിസാകോര്‍ണറുകളും ഹാംബര്‍ഗറുകളും വഴിയാണ് ആഗോളീകരണം ഒരു ജനതയുടെ രുചിശീലങ്ങളെ അട്ടിമറിക്കുന്നത്. മേധ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്ഥാനത്ത് അമേധ്യമായവ പ്രതിഷ്ഠിച്ചാണ് ഇതു സാധിക്കുന്നത്.

ആയുര്‍വേദവും അലോപ്പതിയും.
ആയുര്‍വേദ പാരമ്പര്യത്തെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വഴി വിഴുങ്ങിയും, പഞ്ചകര്‍മ്മചികിത്സയെ സെക്‌സ്ടൂറിസത്തിന് ഉപാധിയാക്കിയുമാണ് പ്രാദേശിക ആഗോളീകരണം ആരോഗ്യരംഗത്ത്
പിടിമുറുക്കുന്നത്. മാരകരോഗമാണെന്നു പറഞ്ഞു ഭയപ്പെടുത്തിയശേഷം ചിലവേറിയ എല്ലാ ചെക്കപ്പുകളും നടത്തി രോഗമൊന്നുമില്ലെന്നു
പ്രഖ്യാപിക്കുന്നതാണതിന്റെ ഭിഷഗ്വരതന്ത്രം!

Wednesday, March 14, 2012

മലയാളിയുടെ ആഗോളീകരണം                                        20-04-2007
                                   സ്‌നേഹസംവാദം:

         'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.ഴയ വീഞ്ഞ് പുതിയ കുപ്പിയിലടച്ചതാണ് ആഗോളീകരണം എന്നു തിരിച്ചറിയാതെ പോകുന്നതാണ് മലയാളിയുടെ ആഗോളീകരണസംവാദങ്ങളിലെ ഏറ്റവും വലിയ
ദുരേ്യാഗം. ജൂനിയര്‍-സീനിയര്‍ ബുഷുമാരും ക്ലിന്റണും വൈറ്റ്ഹൗസും മള്‍ട്ടിനാഷണലുകളുമൊക്കെയാണ് ആഗോളീകരണത്തിലെ മുഖ്യപ്രതികളെന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചപോലെയും, തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയുമുണ്ട്. എന്നാല്‍, അനാദികാലം മുതല്‍ക്കേ പ്രപഞ്ചത്തില്‍ നിലനിന്നിരുന്ന ആസൂരീയമായ നിഷേധാത്മകതയാണ് (Negativity) അന്നും ഇന്നും, ആഗോളീകരണമായി അവതരിക്കുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്നതാണു സത്യം
ആദ്യന്തവിഹീനമാണ് ആഗോളീകരണത്തിന്റെ ഈ നിഷേധാത്മകത. മണ്ണിലും മനസിലും ധ്രൂമലോചനനായും മധുകൈടഭന്മാരായും ഭസ്മാസുരനായും കുംഭകര്‍ണ്ണനായും രാവണനായും നരകാസുരനായുമൊക്കെ അനാദികാലം മുതല്‍ക്കേ അതു നിലനിന്നിരുന്നു. ധ്രൂമലോചനന്‍ കാഴ്ച നശിപ്പിക്കും. ചണ്ഡമുണ്ഡന്മാര്‍ ശ്രീപാര്‍വതിയില്‍പ്പോലും ആസക്തരാകും. ശുംഭ-നിശുംഭന്മാര്‍ അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കും. മധുകൈടഭന്മാര്‍ ഇക്കാലത്തും വേദങ്ങള്‍ മോഷ്ടിക്കും. ഇവരെല്ലാം പാശ്ചാത്യനും പൗരസ്ത്യനുമായ ഏതൊരു മനുഷ്യനിലും മലയാളിയിലും ഉള്ളവര്‍ തന്നെയാകുന്നു. ആഗോളീകൃത നിഷേധാത്മകതയുടെ ഈ ആദിമപ്രതീകങ്ങളില്‍ ഏതെങ്കിലുമൊന്നിനെ അപഗ്രഥിക്കുവാന്‍പോലും ഗ്രന്ഥങ്ങള്‍ തന്നെ എഴുതിത്തീര്‍ക്കേണ്ടതായും വരാം.

'പിശാചും മായയും.'
സെമറ്റിക് മതം 'പിശാച്' എന്നും വേദാന്തത്തില്‍ 'മായ' എന്നും പറയുന്നതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ പുതിയ പതിപ്പായ ആഗോളീകരണം. വ്യായാമം ചെയ്തിരുന്നവനെ അത് ചെയ്യാതാക്കിയും വായിച്ചിരുന്നവനെ വായിക്കാതാക്കിയും അരോഗദൃഢഗാത്രരെ രോഗികളാക്കിയുമാണ് അത് ജനതയ്ക്കുമേല്‍ അധിനിവേശത്തിന്റെ നഖപ്പാടുകളാഴ്ത്തുന്നത്. ആഗോളീകരണത്തിന്റെ പ്രധാന നെറ്റ് വര്‍ക്കായ ഇന്റര്‍നെറ്റ് വ്യാപാരത്തിലെ 60% വരുമാനവും ലൈംഗികവിപണിയില്‍ (സെക്‌സ് ട്രേഡ്) നിന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ചു വന്‍കിട അന്താരാഷ്ട്രകമ്പനികള്‍ ചേര്‍ന്ന് ലോകത്തിലെ ജല-പ്രകൃതിവിഭവങ്ങളൊന്നാകെ കയ്യടക്കിവച്ചിരിക്കുന്നതാണ് ആഗോളീകരണത്തിന്റെ പുറമേക്കു കാണുന്ന ആസുരീയത.

ആദ്യം മനസില്‍, പിന്നെ മടിശ്ശീലയില്‍.
ആഗോളീകരണം, ഏതൊരു ജനതയ്ക്കുമെന്നപോലെ, മലയാളിക്കും അന്തരാത്മാവില്‍ സംഭവിക്കുന്ന ഒരു മൂല്യശോഷണപ്രതിഭാസമാണ്. വേണ്ടെന്ന് ആത്മാവു പറഞ്ഞാല്‍ വേണ്ടെന്നുവയ്ക്കാവുന്ന ഒരു പ്രലോഭനം. ആഗോളീകരണത്തിന്റെ ലളിതമായ പ്രതിരോധ ഫോര്‍മുലയും അതുതന്നെ. അന്തരാത്മാവില്‍ ആധ്യാത്മികതയും ദേശീയവും പ്രാദേശികവുമായ അവബോധമുള്ളവരെ അതിന് ഇരയാക്കാനാവില്ലെന്നു പറയുവാന്‍ കാരണമിതാണ്. അയഡൈസ്ഡ് സ്പ്രിംഗിള്‍ സാള്‍ട്ട് എന്ന സോഷ്യല്‍ സ്‌നോബിള്‍ ഭ്രമിച്ചുപോകുന്നവരെയാണ് കല്ലുപ്പിനെ തട്ടിമാറ്റി അത് ഇരയാക്കുന്നത്.
മനസില്‍ സംഭവിച്ചശേഷമാണ് ആഗോളീകരണം മടിശ്ശീലയെ പിടികൂടുന്നത്. ഗ്ലോബലായി ഒരു ന്യൂനപക്ഷം ചിന്തിക്കുന്നുണ്ടെങ്കിലും ലോക്കലായാണ് മലയാളി സാഹിത്യമുള്‍പ്പെടെ പലതും വാങ്ങുന്നത്. കെന്റക്കി ചിക്കന്‍ വേണ്ടെന്നു പറയുന്നവന് നാടന്‍ കോഴി മുതല്‍ ഏറ്റവുമധികം ഇരുമ്പുസത്തടങ്ങിയ കോഴിക്കീര (Chikkurmose) വരെ എന്തും ഭുജിക്കാമെന്നിരിക്കെ, പോത്തിറച്ചിയെയും ഗോമാംസത്തെയുംകാള്‍ സ്വാദിഷ്ഠവും സമ്പുഷ്ടവുമായ എത്രയെത്രെയോ കൂണിനങ്ങളാല്‍ സമ്പന്നമാണ് ഈ കേരളമെന്നിരിക്കെ, ആഗോളീകരണത്തിന്റെ ഏതേതു മലയാളി ഏജന്റുമാരാണ് ഭക്ഷണത്തിന്റെ മായക്കാഴ്ചകള്‍ കാട്ടി നമ്മെ ഭ്രമിപ്പിക്കുന്നത്? കോളയും പിസായും ഹാംബര്‍ഗറുമൊന്നും ആരും നമ്മുടെ വായില്‍ ഒഴിച്ചും വച്ചും തരുന്നതല്ലെന്ന് മലയാളി മനസിലാക്കാത്തതെന്താണ്? ആഗോളീകൃതമായ പ്രാദേശിക സാംസ്‌കാരിക കീടനാശിനികളെക്കുറിച്ച് സാംസ്‌കാരികനായകന്മാര്‍ മൗനംകൊള്ളുന്നതും ആരെ ഭയന്നിട്ടാണ്?

ഒന്നാംപ്രതി
മൂല്യശോഷണസംവാദങ്ങളിലെല്ലാം സുനാമീസദൃശമായ പിടികിട്ടാ പ്രതിഭാസമായ ആഗോളീകരണത്തെ പഴിചാരി തടി രക്ഷപ്പെടുത്തുകയാണ് മലയാളി സൈദ്ധാന്തികരുടെ സാമാന്യതന്ത്രം. മലയാളിയുടെ ആഗോളീകൃതദുരന്തത്തിലെ ഒന്നാംപ്രതി മലയാളി തന്നെയാണെന്ന യാഥാര്‍ഥ്യം സാധാരണക്കാരനെന്നപോലെ ബുദ്ധിജീവിയും കണ്ടില്ലെന്നു നടിക്കുന്നു. മലയാളിയുടെ ആഗോളീകൃത മൂല്യച്യുതിക്കു പശ്ചാത്തലഭൂമി ഒരുക്കുന്നത്
ആഗോളീകൃതഭോഗാസക്തിയാല്‍ ഇരയാക്കപ്പെട്ട അവന്റെ മനസുതന്നെയാണ്. ആഗോളീകണത്തെ ആദിമ ആഗോളീകരണം, നവ ആഗോളീകരണം, പ്രാദേശിക ആഗോളീകരണം, സാംസ്‌കാരിക ആഗോളീകരണം എന്നിങ്ങനെ വ്യവച്ഛേദിച്ചുതന്നെ മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. സംസ്‌കാരത്തിലെ ലോക്കല്‍ കോളാഫാക്ടറികളെക്കുറിച്ച് സാധാരണക്കാര്‍ ക്ഷോഭംകൊള്ളുമെങ്കിലും സാംസ്‌കാരികപോലീസുകാരാരും പ്രതികരിക്കുകയേയില്ലെന്നതാണ് സാംസ്‌കാരിക ആഗോളീകരണത്തിന്റെ മലയാളിതന്ത്രം. മൗനം കുറ്റകരമാകുമ്പോഴാണ് തനിത്തങ്കം തന്നെയായ അത് പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെടുന്നത്. മയിലമ്മയ്ക്കായത് കോളവല്‍ക്കരണത്തെക്കുറിച്ച് സൈദ്ധാന്തികപ്രപബന്ധം ചമയ്ക്കുന്ന ബുദ്ധിജീവിക്കാവില്ലെന്നതാണ് ആഗോളീകരണസംവാദങ്ങളിലെ മറ്റൊരു ഫലിതോക്തി. തത്വവും അനുഷ്ഠാനവും തമ്മിലുള്ള വൈജാത്യം ആഗോളീകരണപ്രതിരോധത്തിലും, അങ്ങനെ, പ്രസക്തമാകുകയാണ്....

എത്തിക്കഴിഞ്ഞു....
ഭോഗാസക്തിയും സ്വാര്‍ത്ഥതയും സോസേജും ബ്രുവേഴ്‌സ് ഈസ്റ്റും പകരുന്ന പടിഞ്ഞാറിന്റെ മൊത്തം നിഷേധാത്മകതയേയും സ്വരൂപിച്ചുകൊണ്ട്, ദയാരഹിതമായി അടിച്ചുകയറി, ഭാരതീയന്റെയും കേരളീയന്റെയും സാംസ്‌കാരികസ്വത്വത്തെ മുച്ചൂടും പിഴുതെറിയുന്ന ഒരു സുനാമി പ്രതിഭാസമാണ് ആഗോളീകരണം. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സാഹിത്യവുമെല്ലാം ചേര്‍ന്ന ഒരു ദേശത്തിന്റെ സംസ്‌കൃതിയെയാണ് അത് സ്വാര്‍ത്ഥതയായും ദുരയാലും അടിച്ചുതകര്‍ക്കുന്നത്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവനെ നൈറ്റ്ക്ലബ്ബുകളിലേക്കും ഡിസ്‌കോത്തേക്കുകളിലേക്കുമയക്കുന്നതും രാമായണമോ ബൈബിളോ 'കവിയുടെ
കാല്‍പ്പാടു'കളോ 'മനസാസ്മരാമിയോ' ഒക്കെ വായിക്കേണ്ടവനെ 'ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' വായിപ്പിക്കുന്നതും ആതിരമ്പള്ളിയിലോ വാഴച്ചാലിലോ നെയ്യാറിലോ പെരിയാറിലോ നീന്തിത്തുടിക്കേണ്ട പെണ്‍കുഞ്ഞുങ്ങളെ നൂല്‍ബന്ധമില്ലാതെ തണ്ടര്‍പാര്‍ക്കുകളില്‍ നീരാടിപ്പിക്കുന്നതും അവരെ അല്‍പവസ്ത്രധാരികളാക്കി ചാനലില്‍ കൊഞ്ചിക്കുഴയിപ്പിക്കുന്നതുമാണ് ആഗോളീകരണത്തിന്റെ പ്രാദേശികമലയാളിതന്ത്രങ്ങള്‍. കാരന്തിന്റെയും കര്‍ണാടിന്റെയും തലസ്ഥാനത്തെ അത് എന്നേ ഇരയാക്കിക്കഴിഞ്ഞു. ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലപ്രയോഗമായ 'ദൈവത്തിന്റെ സ്വന്തം നാടി'നെ 'അത്' പൂര്‍ണ്ണമായും വിഴുങ്ങുവാന്‍ ഇനി എത്രനാള്‍ എന്ന ചോദ്യം ഓരോ മലയാളിയും ചങ്കില്‍ കൈവെച്ചുതന്നെ ചോദിക്കേണ്ട ഒന്നാണ്. (എത്തിക്കഴിഞ്ഞുവെന്നും 'ദൈവത്തിന്റെ സ്വന്തം തലസ്ഥാന'ത്തും, 'അറബിക്കടലിന്റെ റാണി'യുടെ അന്ത:പുരങ്ങളിലും ഇരുട്ടുവെളുക്കുവോളം, 'കലാപരിപാടികള്‍' ആരംഭിച്ചുകഴിഞ്ഞുവെന്നും മുത്തശ്ശിപ്പത്രത്തിലെ കൊതിയൂറിപ്പിക്കുന്ന ചില ഡൈന്‍ ആന്റ് ഡാന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നുമുണ്ട്!)

ഗുരുത്വത്തിന്റെ ആദിമ പ്രതിരോധങ്ങള്‍....
തങ്ങളുടെ വേദാന്ത-സ്‌തോത്ര കൃതികളാലാണ് നാരായണഗുരുവും ചട്ടമ്പിസ്വാമികളും മലയാളിയുടെ ആദിമ ആഗോളീകരണത്തെ പ്രതിരോധിച്ചത്. നെയ്യാറിന്റെ
കൈവഴികളിലൊന്നില്‍ മുങ്ങിനിവര്‍ന്നെടുത്ത ശിലാഖണ്ഡത്തെ ഗുരു 'ഈഴവശിവനാ'യി പ്രതിഷ്ഠിച്ചപ്പോള്‍ അത് ആഗോളീകരണത്തിനെതിരായ മലയാളിയുടെ ആദ്യപ്രതിരോധങ്ങളിലൊന്നാവുകയായിരുന്നു. അയ്യങ്കാളിയെയും ഡോക്ടര്‍ വി.വി. വേലുക്കുട്ടി അരയനെയും പോലുള്ള സാമുദായിക പരിഷ്‌കര്‍ത്താക്കളും ധീരദേശാഭിമാനിയായ വക്കം അബ്ദുള്‍ ഖാദറും പരുമല തിരുമേനിയുമൊക്കെ മലയാളിയുടെ ആദിമ ആഗോളീകരണപ്രതിരോധത്തിന് ഗണ്യമായ സംഭാവനയേകിയവരാണ്.

ജനകീയപ്രതിരോധനങ്ങള്‍.
'സ്വര്‍ണ്ണഗോപുരനര്‍ത്തകീ ശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം...' എന്ന് ശ്രീകുമാരന്‍ തമ്പി ഉള്ളലിഞ്ഞെഴുതിയതും എം.എസ്. വിശ്വനാഥന്‍ അതിന് അനശ്വരസംഗിതം പകര്‍ന്നതും റോമന്‍ കത്തോലിക്കനായ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് തന്റെ സനാതനമായ സംഗീതസ്വരശൈലം തുറന്ന് അത് പാടിയതുമെല്ലാം യഥാര്‍ത്ഥത്തില്‍ ആഗോളീകരണത്തിനെതിരെ മലയാളി നടത്തിയ ജനകീയപ്രതിരോധങ്ങളായിരുന്നു. 'താമസമെന്തേ വരുവാന്‍' എന്നു വയലാറും 'മഞ്ഞണിപ്പൂനിലാവില്‍....' എന്നു ഭാസ്‌കരന്‍മാസ്റ്ററും എഴുതിയത് മലയാളിയുടെ ആദിമ ആഗോളീകരണപ്രതിരോധോദ്യമങ്ങളായിരുന്നുവെന്നു പറഞ്ഞാല്‍ ഹൃദയത്തിന്റെ ഭാഷ നഷ്ടപ്പെട്ടുകഴിഞ്ഞ മലയാളി സൈദ്ധാന്തികന്‍ അത് അംഗീകരിക്കണമെന്നില്ല.