Tuesday, May 22, 2012

മലയാളിയുടെ ആഗോളീകരണം: എട്ട്


സ്‌നേഹസംവാദം തുടരുന്നു.....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.......


കലാമണ്ഡലം ഹൈദരാലിയും ആര്‍.ആര്‍.വര്‍മ്മയും..............

അനശ്വരഗായകനായ കലാമണ്ഡലം ഹൈദരാലിയുടെയും അശ്വതിതിരുനാള്‍ ഗൗരീലക്ഷ്മീഭായിയുടെ ഭര്‍ത്താവായ ആര്‍.ആര്‍.വര്‍മ്മയുടെയും ജീവനുകള്‍ സമീപകാലത്ത് അപഹരിച്ചത് മണല്‍ലോറികളായിരുന്നുവെന്നത് യാദൃച്ഛികതയാണെങ്കിലും അതില്‍
എന്തിന്റെയൊക്കെയോ ദു:സൂചനകള്‍ നിഴലിക്കുന്നില്ലേ? (ഇന്ത്യാവിഷനിലെ ന്യൂസ്അവറില്‍, ഹൈദരാലി അപമൃത്യുവിനിരയായ രാത്രിയില്‍ ആ ദുരന്തത്തിന്റെ ആന്തരികസ്പന്ദനം തിരിച്ചറിഞ്ഞ വാര്‍ത്താവതാരകനായ നിതീഷ് സംഗീതവിശാരദരെ വിളിച്ചുവരുത്താതെ, ചീഫ് ട്രാഫിക് കണ്‍ട്രോളറോട് ഇക്കാര്യം ചര്‍ച്ചചെയ്യുകവഴി ദൃശ്യമാധ്യമ ഔചിത്യത്തിന് മികച്ച ദൃഷ്ടാന്തമാകുകയും ചെയ്തു.)

ഗാനഗന്ധര്‍വനും ഗുരുവായൂരപ്പനും...


നട അടച്ചുകഴിഞ്ഞാല്‍ പല്ലിയും പാറ്റയുമൊക്കെ കയറിനിരങ്ങുന്ന ഗുരുവായൂരപ്പന്റെ വിഗ്രഹം കണ്‍കുളിര്‍ക്കെ കാണാന്‍ തന്നെ അനുവദിക്കാത്ത മലയാളിയുടെ സനാതനഹൈന്ദവ സംസ്‌കൃതിയെക്കുറിച്ച് തങ്ങള്‍ക്ക് സംഗീതത്തിന്റെ വസന്തങ്ങള്‍ സമ്മാനിച്ച
ഗാനഗന്ധര്‍വന്‍ യേശുദാസ് മലയാളിയോടു പരിതപിക്കുന്നതും ആഗോളീകരണത്തിന്റെ ഈ അരണ്ട പുലരികളിലാണ്.... 50 വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമായി 'ബലികുടീരങ്ങളേ...' തെരഞ്ഞെടുത്ത, 'റോസാപ്പൂക്കളെയും പൂച്ചകളെയും പ്രണയിക്കുന്ന കഥാകൃത്തി'ന്റെ കുറിപ്പില്‍ അത് ആലപിച്ച അനശ്വരനായ കെ.എസ്. ജോര്‍ജിന്റെ പേരു കാണാത്തതും ഇക്കാലത്തുതന്നെയാണ്. കെ.എസ്. ജോര്‍ജിന്റെ നാമംപോലും, അതും അദ്ദേഹം ഉജ്ജ്വലമാക്കിയ ഗാനം പരാമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭത്തിലെങ്കിലും, ഓര്‍മ്മിക്കുവാന്‍ സൗമനസ്യം കാട്ടാത്തിടത്തോളം നന്ദികെട്ടവനാണോ ഈ മലയാളി?
പ്രതികരണശേഷിയും പ്രതിഭാസ്മരണകളും നിലച്ചുപോകുകയെന്നതാണ് ആഗോളികരണത്തിന്റെ പരിണതികള്‍....

വയലാറും ഏറ്റുമാനൂരപ്പനും........
ആഗോളീകരണം സാവധാനം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അനന്തശയനനഗരിയില്‍ അനശ്വരനായ വയലാറിന്റെ ഒരു പ്രതിമ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഒ.എന്‍.വി.ക്ക് അധികാരകേന്ദ്രങ്ങളില്‍പ്പോയി യാചിക്കേണ്ട ഗതികേടുണ്ടാക്കിയത് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാളന്മാര്‍ തന്നെയാണ്. ഒട്ടേറെ 'പാര'കളെ അതിജീവിച്ച്, മഹാകവി അന്ത്യനിദ്രപൂകിയ കേരളീയതലസ്ഥാനത്ത് അദ്ദേഹത്തിനൊരു സ്മാരകം തീര്‍ക്കണമെന്ന കവികുലപ്രാര്‍ത്ഥന സഫലമാകാന്‍ ഒടുവില്‍ സനാതന മുസല്‍മാനായ സി.എച്ചിന്റെ പുത്രനായ എം.കെ. മുനീര്‍ തന്നെ മുന്‍കൈ എടുക്കേണ്ടതായും വന്നു. കേവലം ഒരു മതം മാത്രമല്ല
ഇസ്ലാമെന്നും സാക്ഷാല്‍ സനാതനസ്‌നേഹം തന്നെയാണ് അതെന്നും സി.എച്ചിന്റെ പിന്‍ഗാമി തിരിച്ചറിയുന്നതിനാലാണിത്. താന്‍ സാരഥ്യം വഹിക്കുന്ന ചാനലില്‍ തന്റെ പാര്‍ട്ടി സെക്രട്ടറി കൂടി ഉള്‍പ്പെടുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു ലൈംഗിക കുംഭകോണത്തെ എക്‌സ്‌പോസു ചെയ്യുവാന്‍ അദ്ദേഹം ധൈര്യം കാട്ടിയതിന്റെയും അന്തര്‍രഹസ്യം ഇതാണ്. ഒലീവുചില്ലകളിലും അരയാലിലകളിലും എണ്ണപ്പനകളിലും ഒന്നുപോല്‍ തഴുകിയുണരുന്ന സ്‌നേഹസമീരന്റെ ദലമര്‍മ്മരം കേള്‍ക്കുകയാണ് തന്റെ ജന്മദൗത്യമെന്ന് ഒ.എന്‍.വി. പറയുന്നതും ഇതുകൊണ്ടാണ്.
പ്രശ്‌നവശാല്‍ തന്റെ പിതാവിന്റെ ആത്മാവിന് സ്വര്‍ഗ്ഗാരോഹണത്തില്‍ താല്‍പ്പര്യമില്ലാത്തതായി തെളിഞ്ഞുവെന്നും ഒരു ചന്ദനമുട്ടിയില്‍ അതിനെ ആവാഹിച്ച് ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ അരച്ചുചേര്‍ത്തുവെന്നും വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ തന്റെ പിതാവിന്റെ അനുസ്മരണച്ചടങ്ങില്‍ വെളിപ്പെടുത്തിയതിന്റെ ഉത്തരാധുനിക മാര്‍ക്‌സിയന്‍ സൈദ്ധാന്തിക വ്യാഖ്യാനമെന്താണ്?
മഹാകവികളുടെയും പൂര്‍വ്വസുരികളുടെയും സ്മരണകളെ ജനതയില്‍ നിന്നടര്‍ത്തിമാറ്റുകയാണ് പ്രാദേശിക ആഗോളീകരണത്തിന്റെ തന്ത്രം. വയലാറിന്റെ, കവിത തന്നെയായ അനശ്വരഗാനങ്ങള്‍ അവര്‍ണ്ണവിരുദ്ധമാണെന്നു പറയുന്ന ദളിത് സൈദ്ധാന്തികന്‍ ആഗോളവല്‍ക്കരണത്താല്‍ തന്നെയാണ് ഇരയാക്കപ്പെടുന്നത്.

Sunday, May 20, 2012

മലയാളിയുടെ ആഗോളീകരണം: ഏഴ്

മലയാളിയുടെ ആഗോളീകരണം: ഏഴ്

സ്‌നേഹസംവാദം തുടരുന്നു.....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.......


പങ്കാജാക്ഷക്കുറുപ്പ്, ജൂബ്ബാ രാമകൃഷ്ണപിള്ള, 'സാരംഗ്'.
 
പങ്കജാക്ഷക്കുറുപ്പ് അയല്‍ക്കൂട്ടസങ്കല്പത്തിലൂടെയാണ് മലയാളിയുടെ നവ ആഗോളീകരണത്തെ പ്രതിരോധിച്ചത്. വിജയലക്ഷി-ബാലകൃഷ്ണന്‍ ദമ്പതികള്‍ 'സാരംഗി'ലൂടെയും. യഥാക്രമം സാമൂഹികതയിലും വിദ്യാഭ്യാസത്തിലും പാരസ്പര്യവും സംസ്‌കൃതിയും കലര്‍ത്തിയാണ് ഈ രണ്ടു കൂട്ടരും അതിനു യത്‌നിച്ചത്. അവര്‍ അതില്‍ വിജയിച്ചുവോ ഇല്ലയോ എന്നതൊക്കെ മറ്റു വിഷയങ്ങള്‍. വിജയിക്കുന്ന സ്‌നേഹരാഹിത്യങ്ങളും ക്രൗര്യങ്ങളുമല്ല പരാജയപ്പെടുന്ന നന്മകളാണ് ഒരു സമൂഹത്തെ പുരോഗമനോന്മുഖമാക്കുന്നത്.
ജൂബ്ബാ രാമകൃഷ്ണപിള്ളയാകട്ടെ തോട്ടികളെ സംഘടിപ്പിച്ച് പുനരധിവസിപ്പിക്കുകവഴി ദുര്‍ഗന്ധപൂരിതമായ ഒരു വിസര്‍ജ്യവസ്തു നിര്‍മാര്‍ജ്ജനവ്യവസ്ഥയെത്തന്നെ passivism ത്താല്‍ അട്ടിമറിച്ചു.

 
ഇരയാക്കപ്പെട്ട പ്രതിഭാധനര്‍......... 

അനശ്വരഗായകനായ മെഹബൂബിന് ഒരു നേരത്തെ അന്നത്തിനുവേണ്ടി തന്റെ ആരാധകര്‍ക്കു മുന്നില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ യാചിക്കേണ്ട ഗതികേടുണ്ടായ നാടാണ് കേരളം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരക്കിടാങ്ങള്‍ക്കുപോലും ഈ നാട്ടില്‍ പട്ടിണി കിടക്കേണ്ടിവന്നു. 150 താളപ്പെരുക്കങ്ങളറിയാമായിരുന്ന ലോകത്തിലെ ഏക വ്യക്തിയായ, ഗരുഡന്‍നൃത്തത്തിന്റെ ആചാര്യന്‍ കുറിച്ചി രാമദാസ് അന്തരിച്ചപ്പോള്‍ അഞ്ചാംപേജില്‍ ഒറ്റക്കോളം വാര്‍ത്തയിലൊതുക്കിയ മാധ്യമസംസ്‌കാരമാണ് മലയാളിയുടേത്. ഇതിനെല്ലാം കാരണക്കാരന്‍ ആരാണ്? ആഗോളീകരണമാണോ?

മൃതദേഹത്തെയും അപമതിക്കുന്നവര്‍.....

മൃതശരീരത്തെ നിന്ദിക്കാതിരിക്കുകയെന്നത് കൊടുംവൈരികളായ മലയാളി മാര്‍ക്‌സിസ്റ്റുകാരനും ആര്‍.എസ്.എസ്.കാരനും പോലും കാണിക്കുന്ന
സുജനമര്യാദയാണ്. എന്നാല്‍ പ്രതിഭാധനനായ ഒ.വി.വിജയന്റെ മൃതദേഹം കത്തിയെരിയുന്നതിനുമുമ്പുതന്നെ, അദ്ദേഹം ഹൈന്ദവവിശ്വാസിയായിരുന്നതിനെ 'എന്തുകൊണ്ട്?' എന്നുചോദിച്ച് അപഹസിക്കുവാന്‍ ആഗോളീകരണത്തെയും കോളവല്‍ക്കരണത്തെയും ന്യായീകരിക്കുന്ന നാവുകള്‍ തന്നെ മലയാളത്തിലുണ്ടായി.
                                      -----------------------------------

Friday, May 4, 2012

മലയാളിയുടെ ആഗോളീകരണം:ആറ~

  സ്‌നേഹസംവാദം തുടരുന്നു.........
 
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും'.വിശ്വാസവും ചുംബനവും.

കുമാരീ പീഡനക്കേസില്‍ ആരോപണവിധേയനായ രാഷ്ട്രീയനേതാവിനെ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ക്ഷണിതാവാക്കുകവഴിയാണ് മലയാളിസനാതനഹിന്ദുസംഘടനകള്‍ പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെടുന്നത്. ചുംബനം അഹൈന്ദവവും അനിസ്ലാമികവുമാണെന്ന് മതപണ്ഡിതന്മാര്‍ പ്രഖ്യാപിക്കുന്നതാണത്. ചട്ടമ്പിസ്വാമികള്‍ക്കും
മന്നത്തുപത്മനാഭനുംമേല്‍ പി.കെ. നാരായണപ്പണിക്കരെയും നാരായണഗുരുവിനുമേല്‍ വെള്ളാപ്പള്ളിനടേശനെയും സെയ്ന്റ് തോമസിനും പരുമലതിരുമേനിക്കുംമേല്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന ബിഷപ്പുമാരെയും പ്രതിഷ്ഠിച്ചാണ് അത് സാമുദായിക-മതസ്വത്വങ്ങളെ പങ്കിലമാക്കുന്നത്. മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുടെ വന്‍മതിലുകള്‍ തീര്‍ത്ത്, മത-സാമുദായിക സ്വത്വങ്ങളെ സംഘടനാ-സഭാ-രാഷ്ട്രീയവോട്ടുബാങ്കുകളാക്കി മാറ്റുകയാണ് അതിന്റെ ഹിഡന്‍ അജന്‍ഡ.

വയലാറും ദേവരാജനും
'സവര്‍ണ'നായ വയലാറിന്റെ വരികള്‍ക്ക് 'അവര്‍ണ'നായ ദേവരാജന്‍ സംഗീതം പകരുകയും ഒരു ജനത ഒന്നായി അത് മതേതരമായി ആഘോഷിക്കുകയും ചെയ്തിരുന്ന കാലത്ത്
ആഗോളീകരണം മലയാളിയുടെ പടിപ്പുരയ്ക്കു പുറത്തായിരുന്നു. ജാസി ഗിഫ്റ്റ് തന്റെ മാറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായപ്പോള്‍ അദ്ദേഹത്തെ 'അവര്‍ണന്‍' എന്നു മുദ്രകുത്തിയതോടെ അത് മലയാളിയുടെ സംഗീത അവബോധത്തിലും ക്ഷുദ്രമായ വര്‍ണ്ണവിദേ്വഷം നിറയ്ക്കുകയായിരുന്നു.....

'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍!'
'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍' എന്നു പാടുന്നതാണ് ആഗോളീകൃത സംഗീത ചിത്തഭ്രമം. കുഞ്ഞുങ്ങള്‍ നാടന്‍പാട്ടുകളും പ്രണയിതാക്കള്‍ ഗൃഹാതുരഗാനങ്ങളും മറക്കും. വയലാറും ദക്ഷിണാമൂര്‍ത്തിസ്വാമികളും സവര്‍ണസംഗീതശില്പികളായി മുദ്രകുത്തപ്പെടും.
ഉമ്പായിക്കും ദക്ഷിണാമൂര്‍ത്തിസ്വാമിക്കും പി. ലീലയ്ക്കും മേല്‍ മൈക്കിള്‍ജാക്‌സണെയും സാമന്താഫോക്‌സിനെയും റിമിടോമിയേയുമൊക്കെ പ്രതിഷ്ഠിക്കുകയാണതിന്റെ ഉപജാപ തന്ത്രങ്ങള്‍.
ബാലാമണിയമ്മയുടെ സ്ഥാനത്ത് 'ഹതഭാഗ്യവതികളായ സഹോദരി'മാരെ കയറ്റിയിരുത്തുന്നതാണ് സാംസ്‌കാരിക നവ ആഗോളീകരണം. മീരാ ജാസ്മിനും നവ്യാനായര്‍ക്കുമൊപ്പം 'ഹതഭാഗ്യവതികളായ സഹോദരി'മാര്‍ക്കും വനിതാ മാസികകള്‍ പോലും സ്ഥാനം നല്‍കുന്നതാണത്. പ്രാദേശിക ആഗോളീകരണം വഴി ഇരയാക്കപ്പെട്ട 'ഹത
ഭാഗ്യവതികളായ സഹോദരി'മാര്‍ വഴി ഏറ്റവും ഒടുവില്‍ പാവം വായനക്കാരന്‍ ഇരയാക്കപ്പെടുന്നതും.

കവിതയും ഫിക്ഷനും
അസ്തിത്വദു:ഖകാലത്തെ കുമാരന്മാരായ സാഹിത്യാരാധകരെ കവിതയില്‍നിന്ന് അകറ്റിയതില്‍ ആഗോളീകരണത്തിന്റെ ആദ്യകാല രക്തസാക്ഷികളായ അസ്തിത്വദുഖ സാഹിത്യകാരന്മാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഒളപ്പമണ്ണയുടെ 'ശോകനാശിനി'യില്‍നിന്നും ഇടശ്ശേരിയുടെ 'ബിംബിസാരന്റെ ഇടയനി'ല്‍നിന്നും വൈലോപ്പിള്ളിയുടെ 'ലില്ലിപ്പൂക്കളി'ല്‍നിന്നും അവര്‍ അബോധപൂര്‍വ്വം അകറ്റപ്പെടുകയായിരുന്നു....
കവിതയ്ക്കും സംഗീതത്തിനും മേല്‍ ഫിക്ഷനെ പ്രതിഷ്ഠിക്കുന്നതാണ് എക്കാലത്തെയും സാഹിത്യ ആഗോളീകരണതന്ത്രം.
ബാലാമണിയമ്മയ്ക്കും പി. ലിലയ്ക്കും കീഴില്‍ത്തന്നെയാണ് മുകുന്ദന്റെയോ കാക്കനാടന്റെയോ ഒക്കെ സ്ഥാനം. സാമൂഹികപരിഷ്‌കര്‍ത്താവായ അംബേദ്ക്‌റുടെ മഹത്വം അംഗീകരിക്കുന്നതോടൊപ്പം തന്നെ ഗുരുവായ നാരായണഗുരുവിന് സമശീര്‍ഷനല്ല ഗുരുവല്ലാത്ത അദ്ദേഹമെന്ന് പറയുവാന്‍ കാരണമിതാണ്. ആധുനികനോ ഉത്തരാധുനികനോ ആയ ഏതൊരു ഫിക്ഷന്‍ രചയിതാവിന്റെയും സ്ഥാനം കവിക്ക് താഴെയേ വരുകയുള്ളൂവെന്നും.
കവിതയ്ക്ക് വായനക്കാര്‍ ഇല്ലാതാവുന്നതും അത് പലപ്പോഴും ദുസ്സഹമാകുകയും ചെയ്യുന്നതാണ് ആഗോളീകരണത്തിന്റെ സൗന്ദര്യശാസ്ത്രവിപര്യയം.
കുഞ്ഞിരാമന്‍നായരെ ഇന്ന് ശതാബ്ദിക്കപ്പുറം തമസ്‌കരിക്കുന്നവരുടെ വ്യാവഹാരികപ്രതിരൂപങ്ങളാണ് പുഴകളില്‍ മണലൂറ്റുന്ന പ്രാദേശിക ആഗോളീകരണശക്തികള്‍. ക്ലിന്റന്റെയോ ബുഷിന്റെയോ ബില്‍ഗേറ്റ്‌സിന്റെയോ ഏതെങ്കിലും ഏജന്റുമാരാണോ ഭാരതപ്പുഴയില്‍ മണലൂറ്റുന്നത്?

നമ്പ്യാരും നാണ്വാരും
കലക്കത്ത് കുഞ്ചന്‍നമ്പ്യാരും വടക്കേക്കൂട്ടാല നാണ്വാരുമാണ് (വി.കെ.എന്‍) പ്രാദേശിക ആഗോളീകരണത്തിനെതിരെ മലയാളസാഹിത്യത്തില്‍ മുഴങ്ങിയ ശക്തമായ രണ്ടു സ്വരങ്ങള്‍. 'പയ്യേ നിനക്കും പക്കത്താണോ ഊണ്?' എന്നു ചോദിച്ചാണ് നമ്പ്യാര്‍ അതിനെ കശക്കിയത്! 'നൈനം ദഹതി പാവക:' എന്ന ഗീതാവാക്യത്തെ 'നൈനാനെപ്പോലും ഒരു ചുക്കും
ചെയ്യുവാനാകില്ലെന്ന്' പ്രതിവ്യാഖ്യാനം ചെയ്ത വി.കെ.എന്‍. എത്ര നിഷ്പ്രയാസമാണ് അത് സാധിച്ചെടുത്തത്! ഒരു 'നൈനാനെ'യും ഇക്കാലത്ത് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കേരളം ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ!
....എന്തെന്നാല്‍, ഇന്നും ആഗോളീകരണത്തിന്റെ പ്രാദേശിക ഏജന്റന്മാരാകുന്നു വി.കെ.എന്‍. വധിച്ച നാനാമതത്തിലും പെടുന്ന ഈ 'നൈനാന്മാര്‍'. പൊതുമേഖലയിലെയും കൂടുതലായി
സ്വകാര്യമേഖലയിലെയും ഈ 'നൈനാന്മാരാല്‍' ആഗോളീകരണകാലത്ത് നിര്‍ദ്ദാക്ഷിണ്യം ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മലയാളിജീവനക്കാരായ സ്ത്രീയും പുരുഷനും ഒന്നുപോല്‍. പുരുഷജീവനക്കാരന്റെ ആത്മാഭിമാനത്തെയാണ് 'നൈനാന്മാര്‍' അപമതിക്കുന്നത്. സ്ത്രീയുടെ ആത്മാഭിമാനത്തെയും തരംകിട്ടുമ്പോള്‍ ശരീരത്തെയും.