Friday, July 22, 2011

യതി, മൈത്രേയന്‍, പിന്നെ ഞാനും


നളിനിജമീല തന്റെ ഗ്രന്ഥത്തില്‍ ഒരു വീരനായകനും കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ വിമോചകനുമായി അവതരിപ്പിക്കുന്ന മൈത്രേയനെ ഇതെഴുതുന്നയാളിന്‌ നേരിട്ടറിയില്ലെങ്കിലും വായിച്ചും കേട്ടും നല്ല പരിചയമുണ്ട്‌. മൈത്രേയനെ ഒന്‍പതുവര്‍ഷം സംരക്ഷിച്ച ഒരു `സാധു' വിനോടൊപ്പം അക്കാലത്ത്‌ പരമകുസൃതിയായിരുന്ന ഈയുള്ളവനും കുറേനാള്‍ താമസിച്ചിട്ടുണ്ട്‌. (ഏത്‌ കുസൃതിയേയും സംരക്ഷിക്കുകയെന്നതായിരുന്നു ആ `സാധു' വിന്റെ മഹാനുഭാവത്വം, കേരളത്തിലെ ജ്ഞാനാര്‍ത്ഥികളും വ്രണിതഹൃദയന്മാരുമായ ഒട്ടേറെപ്പേര്‍ക്ക്‌ ആ മഹാനുഭാവന്‍, ഒരു കാലത്ത്‌, അറിവും അഭയമന്ത്രവുമായിരുന്നു. ഗുരുനിത്യചൈതന്യയതി എന്നാണ്‌ ആ മഹാത്മാവിന്റെ പേര്‌. `ക്ലോദാമോനിയ' എന്ന ഗര്‍ഭിണിയായ വേശ്യയെ പ്രണയിച്ച വിന്‍സെന്റ്‌ വാന്‍ഗോഗിനെ മീരയ്‌ക്കും അക്കയ്‌ക്കുമൊപ്പം ഹൃദയത്തിലെ ആരാധനാ സൗധത്തില്‍ പ്രതിഷ്‌ഠിച്ച ജ്ഞാനാഗ്രേസരിയായിരുന്നു അദ്ദേഹം. രതിവിഷയത്തില്‍, ഈയുള്ളവന്റെ ചുരുങ്ങിയ അറിവില്‍ പെട്ടിടത്തോളം. ഏറ്റവും വിസ്‌ഫോടനാത്മകമായ ദര്‍ശനം വെച്ചു പുലര്‍ത്തിയ ഉല്‍പ്പതിഷ്‌ണുമായ ഒരുസന്യാസിവര്യനായിരുന്നു ഗുരുനിത്യചൈതന്യയതി `മാധവിക്കുട്ടിയെ സ്‌നേഹിക്കുന്ന നാം ബാലാമണിയമ്മയെ ആദരിക്കുകകൂടിചെയ്യണമെന്നാണ്‌' രതി വിഷയത്തില്‍ ഗുരുവില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഏറ്റവും വലിയ പാഠം. ചുരുങ്ങിയ പക്ഷം അനാദരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്‌.
മുലപ്പാലിനു തുല്യമായ സ്ഥാനം മദജലത്തിനുണ്ടെന്നതും, ആദ്യത്തേത്‌ സ്രവിച്ചാലേ രണ്ടാമത്തേത്‌ കിനിയുകയുള്ളുവെന്നതും ജൈവിക സത്യങ്ങളാണെങ്കിലും രണ്ടാമത്തേതിനില്ലാത്ത ഒരധികവൈശിഷ്‌ട്യം ആദ്യത്തേതിനുണ്ട്‌. സ്‌ത്രീയുടെ മദജലത്തിന്‌ പ്രതിനാരീഭിന്നമായി താമരപ്പൂവിന്റെയും നറുതേനിന്റെയുമൊക്കെ സുഗന്ധമുണ്ടാകുമെന്ന്‌ വാത്സ്യായനനെപ്പോലുള്ള ലൈംഗികാചാര്യന്മാര്‍ പറയുമ്പോഴും അതിനില്ലാത്ത രണ്ടു വൈശിഷ്‌ട്യങ്ങള്‍ `സ്‌തന്യാമൃതം' എന്നു സംസ്‌കൃതത്തിലും `മുലപ്പാല്‍', `അമ്മിഞ്ഞപ്പാല്‍' എന്നിങ്ങനെ, നാം സാധാരണ മലയാളികളും വിളിക്കാറുള്ള ആ വെളുത്തു കൊഴുത്ത ദ്രാവകത്തിനുണ്ട്‌. `വാത്സല്യം, `പോഷകഗുണം' എന്നിവയാണവ. മുലപ്പാലിന്റെ വാത്സല്യവും പോഷകഗുണവും മദജലത്തിന്‌ ഒരിക്കലുമുണ്ടാകാറില്ല. `തൊട്ടിലാട്ടും ജനനിയെ തട്ടിമാറ്റുന്നു രണ്ടിളം കയ്യുകള്‍' എന്നെഴുതാന്‍ സീമോണ്‍ ദി ബുവ്വാറിനോ മാധവിക്കുട്ടിക്കോ പോലുമാകില്ല. സാക്ഷാല്‍ ബാലാമണിയമ്മയ്‌ക്കേ കഴിയൂ!
.....ഒന്‍പതു വര്‍ഷം തന്നെ സംരക്ഷിച്ചതന്റെ മാതുലന്‍ കൂടിയായ ഗുരുനിത്യചൈതന്യയതിക്ക്‌ ഗുരുകുലത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ മൈത്രേയന്‍ ഒരു `ഗുരുദക്ഷിണ'യേകി, `നിത്യചൈതന്യയതിക്കു ഖേദപൂര്‍വ്വം' എന്നൊരു ഗ്രന്ഥം. തന്റെ വീരനായകന്റെ ആ ഗ്രന്ഥം നളിനിയേടത്തി നിശ്ചയമായും വായിച്ചിരിക്കുമെന്നറിയാമെങ്കിലും സ്‌ത്രീത്വത്തെയും രതിയെയും കുറിച്ചെല്ലാം അദ്ദേഹത്തിന്റെ ആ മുന്‍ഗുരു രചിച്ചിട്ടുള്ള ഒന്നു രണ്ടു ഗ്രന്ഥങ്ങള്‍ കൂടി `ലൈംഗികത്തൊഴിലാളി' കളുടെ നേതാവായ അവര്‍ സദയം വായിച്ചിരിക്കേണ്ടതാണ്‌. `ഇമ്പം ദാമ്പത്യത്തില്‍', `സീത നൂറ്റാണ്ടുകളിലൂടെ', പ്രേമവും ഭക്തിയും' (ഗീതഗോവിന്ദ വ്യാഖ്യാനം), `ബൃഹദാരണ്യകോപനിഷത്ത്‌- സൗന്ദര്യലഹരി. വ്യാഖ്യാനങ്ങള്‍ എന്നിവയെങ്കിലും നിശ്ചയമായും ഹാവ്‌ലോക്ക്‌ എലീസും. കിന്‍സിയുംമാസ്റ്റേഴ്‌സ്‌ ആന്റെ ജോണ്‍സണുമൊന്നും വായിച്ചില്ലെങ്കിലും ഒട്ടേറെ മലയാള വ്യാഖ്യാനങ്ങളുണ്ടായിട്ടുള്ള `വാത്സ്യായന കാമസൂത്ര' മെങ്കിലും `കേരളത്തിലെ ലൈംഗിക സമര മുഖങ്ങളിലെ ഈ വീരനായിക' നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്‌! ഒരു കര്‍ഷകത്തൊഴിലാളിക്കെങ്കിലും ഉള്ള ഭക്തി മനസ്സിലുണ്ടാകാന്‍ `രാമായണവും,` ജ്ഞാനപ്പാനയും' ലളിതാസഹസ്രനാമവും' ചുരുങ്ങിയപക്ഷം അനുഗൃഹീതനായ എസ്‌. രമേശന്‍ നായരുടെ ഈ സിനിമാഗാനങ്ങളെങ്കിലും അവര്‍ വായിച്ചിരിക്കണം;
`പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്‌പങ്ങളാക്കുന്നു ഭാര്യ
ഭൂമിയെക്കാളും ക്ഷമയുള്ള സൗഭാഗ്യ
ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്‌മിതങ്ങളാല്‍ നീറും മനസ്സിനെ-
ചന്ദനം ചാര്‍ത്തുന്നു ഭാര്യ........
(പൂമുഖവാതില്‍ക്കല്‍..........)
`ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം.
ഉമ്മറത്തമ്പിളി നിലവിളക്ക്‌
ഉച്ചത്തില്‍ സന്ധ്യയ്‌ക്കു നാമജപം
ഹരിനാമ ജപം.................'
(ഇങ്ങനെയൊക്കെപ്പറയുന്ന ഞാന്‍ ഒരു `സംഘപരിവാറുകാരന്‍' തന്നെ, സംശയമില്ല!)
സാക്ഷാല്‍ ചങ്ങമ്പുഴപോലും തന്റെ ജീവിതാന്ത്യത്തില്‍ മനസ്സിലാക്കിയ ഒരു `സനാതന കേരളീയ സത്യ'മാണിത്‌! അതുകൊണ്ടാണ്‌ അദ്ദേഹം ഏറ്റവുമൊടുവില്‍ `മനസ്വിനി' എഴുതി കുമ്പസാരിച്ചത്‌!!

1 comment:

simplan said...

"രഹസി കാണുംനേരം സ്വേദിക്കും യോനി....."
എഴുത്തച്ഛന്‍റെ ഭാഷയാണ്. ഗീതാഗോവിന്ദതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും അത് ലൈംഗികതയുടെ ആഘോഷം അല്ലതാകുന്നുമില്ല. ഖജുരാഹോയിലെ ശില്പങ്ങള്‍ക്ക് താലിയും സിന്ദൂരവും ഇല്ല എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.

മൈത്രെയന്‍ ആരെന്നെനിക്കറിയില്ല. പക്ഷെ യതി വിമര്‍ശനത്തെ ആദരിച്ചിരുന്നു എന്നെനിക്കറിയാം. സ്നേഹാദരവുകള്‍ക്ക് അടിമത്തം എന്ന അര്‍ത്ഥമില്ല എന്ന്‍ മൈത്രെയനും അറിയാമയിരുന്നിരിക്കണം.

നന്ദി