Tuesday, July 12, 2011

`പച്ചക്കുതിര'യ്‌ക്കു ഭ്രാന്തു പിടിച്ചാല്‍


ഡി.സി.ബുക്‌സിന്റെ `പച്ചക്കുതിര' മാസികയുടെ പത്രാധിപസമിതി അംഗവും എന്റെ ആത്മമിത്രവുമായ ഒരു വ്യക്തിയെ അടുത്തിടെ കണ്ടുമുട്ടിയപ്പോള്‍ `ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' യിലെ ലൈംഗിക ദര്‍ശനത്തോടുള്ള എന്റെ വിയോജിപ്പ്‌ ഒരല്‌പം ശക്തമായി തന്നെ ഞാനദ്ദേഹത്തെ അറിയിച്ചു. താങ്കള്‍ `ലൈംഗിക തൊഴില്‍ സിദ്ധാന്തങ്ങള്‍' പഠിച്ചിട്ടില്ലാത്തതിനാലാണ്‌ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എന്റെ വിയോജിപ്പിനോട്‌ അദ്ദേഹം അതിശക്തമായി തിരിച്ചു പ്രതികരിച്ചത്‌. സ്‌നേഹിക്കാനും ഇണചേരാനും എന്തിനാണപ്പാ സിദ്ധാന്തങ്ങള്‍ പഠിക്കുന്നത്‌?! എന്നു ഞാന്‍ മനസ്സിലോര്‍ത്തു. എന്നോടൊപ്പമുണ്ടായിരുന്ന `എന്റെ സെക്‌സ്‌ വര്‍ക്കറെ' (ആരെന്ന്‌ വ്യംഗ്യം) ഞാനദ്ദേഹത്തിന്‌ പരിചയപ്പെടുത്തിയപ്പോള്‍ അസഹിഷ്‌ണുതനായി എന്റെ കൈ പിടിച്ചകറ്റി എന്നില്‍ നിന്നദ്ദേഹം വഴുതിമാറി. ലൈംഗികതൊഴിലാളികള്‍ക്ക്‌ മാനിഫെസ്റ്റോ എഴുതിക്കൊടുത്തവിദ്വാനാണ്‌ താനെന്ന്‌ പിന്നീടൊരു സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം തന്നെ എന്നോട്‌ വെളിപ്പെടുത്തുകയുണ്ടായി.
ഈ ഭൂമുഖത്ത്‌ ഏതൊരഭിപ്രായത്തിനും ഇടമുണ്ടെങ്കിലും ഈഭൂഗോളത്തെ തന്നെ താങ്ങി നിര്‍ത്തുന്ന, അതിന്റെ ആധാരം തന്നെയായ, ലൈംഗികത പണം കൊടുത്തു വാങ്ങാന്‍ കിട്ടുമെന്ന മൗഢ്യവും മ്ലേച്ഛവുമായ ദര്‍ശനം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതാണ്‌. സനാതന മൂല്യങ്ങളായ സത്യം, ധര്‍മ്മം, സ്‌നേഹം ഇവയ്‌ക്കെതിരായ കുപ്രചരണങ്ങള്‍ ദയാരഹിതമായി ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. പാവം ഗാന്ധിജിയുടെ രാമരാജ്യത്തിലല്ല പാകിസ്ഥാനിലായിരുന്നു ഈ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കില്‍ ആത്മകഥാകാരിയുടേയും, അവതാരകന്റേയും അവസ്ഥ എന്തായിരിക്കുമെന്ന്‌ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും ആലോചിക്കേണ്ടതാണ്‌.

No comments: