Saturday, July 9, 2011

തിലകനും മോഹന്‍ലാലും


 


ഒന്ന്‌: തിലകന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്‌. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത്‌ സോ കാള്‍ഡ്‌ റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന്‌ ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന്‌ സംഭവിക്കുവാന്‍ കാരണമതാണ്‌.എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ്‌ എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഒരു ഇടവപ്പാതി പുലര്‍ച്ചെ ഇരമ്പി നിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ്‌ കുറവും നെഗറ്റീവ്‌ കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകനും ഉണ്ടായിരുന്നു. എയിഡ്‌സ്‌ ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട്‌ ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ്‌ പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ തിളങ്ങി.മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര്‌ മുറുകിയ ദിവസങ്ങളായിരുന്നു അത്‌. എന്റെ മൊബൈലില്‍നിന്ന്‌ തിലകന്റെ മൊബൈലിലേക്ക്‌ അന്നൊരുനാള്‍ ഒരു കോള്‍ പോയി. 
 


സീന്‍ 1 തിരുവനന്തപുരത്ത്‌ പി.ആര്‍.എസ്‌. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന്‌ കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന്‌ താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി ഡ്രോയിംഗ്‌ റൂമിലേക്ക്‌ തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്‌.എം.
റേഡിയോയിലേക്കായി എയിഡ്‌സ്‌ ബോല്‍വല്‍ക്കരണത്തെക്കുറിച്ച്‌ ഇന്റര്‍വ്യൂവിനായി എത്തിയതാണെന്ന്‌ അറിയിച്ചപ്പോള്‍ പൊട്ടിത്തെറിയായിരുന്നു മറുപടി. "ഞാന്‍ എന്താ എയിഡ്‌സ്‌ രോഗിയാണോ, അതോ എയിഡ്‌സിന്റെ ഡോക്‌ടറോ? നിങ്ങള്‍ക്ക്‌ വേറെ പണി ഒന്നുമില്ലേ?" വാക്കിംഗ്‌ സ്റ്റിക്ക്‌ ഊന്നി തിലകന്‍ കലിതുള്ളി നില്‍ക്കുമ്പോള്‍, അപ്പോള്‍ അവിടേക്ക്‌ എത്തിയ അദ്ദേഹത്തിന്റെ പേരക്കുട്ടിയെ മടിയിലിരുത്തി താലോലിച്ച്‌ ഞാന്‍ സെറ്റിയിലമര്‍ന്നു. തിലകന്‍:" പറയേണ്ട കാര്യം എഴുതിക്കൊണ്ട്‌ വന്നിട്ടുണ്ടോ? ഞാന്‍:" കായംകുളത്തെ പ്രഭാഷണം ഒന്ന്‌ റിപ്പീറ്റ്‌ ചെയ്‌താല്‍ മതി. അന്നു ഞങ്ങളുടെ റെക്കാര്‍ഡര്‍ വര്‍ക്ക്‌ ചെയ്യാതെ പോയി"തിലകന്‍ : "സദസിനോട്‌ സംസാരിക്കുന്നതുപോലെയല്ല ഏകാന്തതയിലെ ഭാഷണങ്ങള്‍. തനിക്ക്‌ പറ്റുമെങ്കില്‍ എയിഡ്‌സ്‌ ബോധവല്‍ക്കരണത്തെക്കുറിച്ച്‌ പത്ത്‌ വരി എഴുത്‌. എനിക്ക്‌ പറയാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ പറയും. എന്റെ സ്വഭാവം നന്നായി അറിയാമല്ലോ? മേലാല്‍ ഇത്തരം വയ്യാവേലകളുമായി ഈ വഴി വന്നേക്കരുത്‌"ഞാന്‍ എയിഡ്‌സിനെക്കുറിച്ച്‌ ഏതാനും വരികള്‍ എഴുതി. തിലകന്‍ അത്‌ വാങ്ങി മറിച്ചു നോക്കി. "ഇത്‌ തന്റെ ഭാഷ. ഇനി എന്റെ ഭാഷയില്‍ എന്റെ മനസില്‍ നിന്ന്‌ വരുന്ന ചില കാര്യങ്ങള്‍ ഞാന്‍ എഴുതും. അത്‌ നിങ്ങളുടെ സ്റ്റുഡിയോയില്‍ വന്ന്‌ റെക്കാര്‍ഡ്‌ ചെയ്യും."എന്നാല്‍ മൂന്നാം നിലയിലുള്ള ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്താന്‍ കാലിന്റെ പരാധീനത തിലകന്‌ തടസമായി. പക്ഷേ, രൗദ്രത്തില്‍നിന്ന്‌ സൗമ്യത്തിലേക്ക്‌ ഞൊടിയിടയില്‍ ഭാവം മാറിയ ആ എതിര്‍പക്ഷ കലാകാരന്‍ തുടര്‍ന്ന്‌ നടത്തിയ ആത്മഭാഷണങ്ങള്‍ മാധ്യമങ്ങള്‍ പ്രതിനായകനാക്കിയ ആ നടനിലെ മാനവികതയുടെയും മാനുഷികമൂല്യബോധത്തിന്റെയും പച്ചവേഷത്തെ പ്രത്യക്ഷമാക്കി.ഒറ്റയാള്‍ വിപ്ലവംവണ്ടന്‍മേട്ടിലെ റബ്ബര്‍ എസ്റ്റേറ്റ്‌ ബാല്യത്തില്‍ നിന്ന്‌ വില്ലനിലേക്കും പ്രതിനായകനിലേക്കും സ്വഭാവനടനിലേക്കും എതിര്‍പക്ഷ കഥാപാത്രത്തിലേക്കുമൊക്കെയുള്ള ആ അഭിനയയാത്ര ചോര പൊടിയുന്നതും വിപ്ലവാത്മകവുമാണ്‌. തന്നിലെ വേദാന്തിയായ കമ്യൂണിസ്റ്റിനെ, അഥവാ ആക്‌റ്റിവിസ്റ്റിനെയാണ,്‌ മൗനം കുറ്റകരമാക്കുന്നവരുടെയും ബോധത്തെ ഷണ്‌ഡീകരിക്കുന്നവരുടെയും ഇടയില്‍ ക്ഷോഭത്തിന്റെ ചെന്തീപ്പൊരികളായി തിലകന്‍ കയറൂരി വിടുന്നത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കിടയില്‍പോലും അദ്ദേഹം പാര്‍ശ്വവല്‍ക്കരിക്കപ്പെടുവാന്‍ കാരണം ആ ഇടപെടലുകള്‍ ഹൃദയത്തിന്റേതായതിനാല്‍ ആണ്‌. പി.ജെ. ആന്റണിയില്‍നിന്ന്‌ പകര്‍ന്നുകിട്ടിയ ഇടംവലം നോക്കാതെയുള്ള ആ ചുരികച്ചുഴറ്റ്‌ വര്‍ത്തമാനകാലത്ത്‌ ജഡമനസുകളെ മുറിവേല്‍പ്പിക്കുകതന്നെ ചെയ്യും. ജാതിമതങ്ങളിലോ രാഷ്‌ട്രീയപ്രത്യയ ശാസ്‌ത്ര കലാകോക്കസുകളിലോ പെടാത്ത സമാന്തരത്വമാണ്‌ തിലകന്റെ ഈ ഹൃദയക്ഷോഭങ്ങളുടെ മുഖമുദ്ര. മസ്‌തിഷ്‌കവും മനസും ആത്മാവും കടന്നുപോകുന്ന ഹൃദയാകാശത്തില്‍ നിന്നാണ്‌ അത്‌ ഉറവപെട്ടുന്നത്‌. വിട്ടുവീഴ്‌ചയാര്‍ന്ന ബന്ധങ്ങളുടെയും കൂട്ടായ്‌മകളുടെയും ബന്ധനങ്ങള്‍ക്കും അപ്പുറത്താണ്‌ ആ ഭാഷണങ്ങളുടെ സ്വത്വസ്ഥലി. അഭിനയത്തോടുള്ള അഭിലാഷപൂര്‍ത്തീകരണത്തിനായി ആദ്യം പിതൃബിംബത്തെ അദ്ദേഹം ഉടച്ചു. പിന്നീട്‌ വീടുവിട്ട്‌ ഷാപ്പുകളിലെ അന്തിയുറക്കങ്ങള്‍, വര്‍ഷങ്ങളോളം മിണ്ടാതെയിരുന്ന പെറ്റമ്മയ്‌ക്ക്‌ അന്ത്യദിനങ്ങളില്‍ നടത്തിയ സാന്ത്വനപൂര്‍ണമായ പരിചരണങ്ങള്‍, കമ്യൂണിസത്തിനു ബലികുടീരം ഒരുക്കുന്നവരോടു പ്രാണരക്ഷ പോലും മറന്നുള്ള പുലയാട്ട്‌. സിനിമാലോകത്തെ വെളിച്ചപ്പാടുതുള്ളല്‍. പ്രക്ഷോഭിയായ വേദാന്തിഈ കാണായതൊന്നും സത്യമല്ലെന്നു തിലകന്‌ നന്നായി അറിയാം, വെള്ളിത്തിരയിലെ വേഷവും ജീവിതവേഷവും പോലും. തന്റെ ജീവിതദര്‍ശനത്തെക്കുറിച്ച്‌ അദ്ദേഹം പങ്കുവെച്ച ആശയങ്ങള്‍ അത്‌ വെളിവാക്കുന്നു. `പ്രിയംബ്രുയാദ്‌, സത്യം ബ്രുയാദ്‌ നഃ സത്യമപ്രിയം' എന്നുറപ്പിച്ച ആ മനസ്സ്‌ സത്യപാരായണത്വത്തിനായി വിശ്വമനസ്സിന്റെ ഉപകരണമാവുകയാണ്‌. (Becoming an instrument of the cosmic mind) മരുഭൂവില്‍ വെള്ളമില്ലെന്ന്‌ അന്വേഷിച്ചു പോയ ഒട്ടേറെപേര്‍ തിരികെയെത്തി പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്കിടയില്‍ മൂല്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ പകര്‍ന്നാടിക്കൊണ്ടിരിക്കുമ്പോഴും വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌ താന്‍ ഒരാള്‍പോലും അടുക്കാത്ത ഒരഗ്നിപര്‍വ്വതമായി പുകഞ്ഞടങ്ങുന്നതെന്ന്‌ തിലകന്‌ ബോധ്യമുണ്ട്‌. നപുംസകവല്‍ക്കരിക്കപ്പെടുന്ന മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ തിലകന്റെ സ്വരക്ഷപോലും മറന്നുകൊണ്ടുള്ള രോഷച്ചീന്തുകള്‍ സാംസ്‌കാരിക യുദ്ധചരിത്രത്തിലെ മിന്നല്‍പ്പിണരുകളാണ്‌.തിലകന്‍ മൊഴിയുന്നു:1. ആട്ടിന്‍തോലിട്ടാലും ഒരുവന്‍ ചെന്നായ അല്ലാതാകുന്നില്ല!. ഒരു കമ്മ്യൂണിസ്റ്റിന്‌ ജീവഭീഷണിയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതിനുപോലും ആത്മവഞ്ചനയും കോര്‍പ്പറേറ്റ്‌ സ്വഭാവവും മൂലം പാര്‍ട്ടിക്ക്‌ കഴിയുന്നില്ല.3. എന്റെ ശക്തിയുടെ ശ്‌മശ്രുക്കളില്‍പോലും സ്‌പര്‍ശിക്കുവാന്‍ ഈ രാജകല്‌പനകള്‍ക്കാകില്ല. 4. മോഹന്‍ലാലും ഞാനും തമ്മില്‍ അസാധാരണ ട്യൂണിങ്ങാണ്‌. ലാലിനതറിയാം. പക്ഷേ താങ്ങി നടക്കുന്നവര്‍ക്കറിയില്ല!. രണ്ട്‌ : മോഹന്‍ലാല്‍.വര്‍ഷങ്ങള്‍ക്കപ്പുറം ഹോട്ടല്‍ അമൃതയിലെ ഗോവണിച്ചുവട്ടില്‍വച്ച,്‌ അക്കാലത്ത്‌ ഇടതുപക്ഷ നേതാവായിരുന്ന ഒരു ജ്യേഷ്‌ഠസുഹൃത്താണ്‌ മോഹന്‍ലാലിനെ എനിക്ക്‌ പരിചയപ്പെടുത്തിത്തന്നത്‌. അക്കാലത്ത്‌ ബെല്‍ബോട്ടം പാന്റിലും മുറിക്കയ്യന്‍ ഷര്‍ട്ടിലും മെലിഞ്ഞ ആ നടന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും ബോയിംഗ്‌ ബോയിങ്ങിലൂടെയും വളര്‍ന്ന്‌ ശാരീരികമായും പ്രതിഭാപരമായും അരോഗദൃഢഗാത്രനായ ലഫ്‌റ്റനന്റ്‌ കേണല്‍ ഭരത്‌ പത്മശ്രീ മോഹന്‍ലാല്‍ ആയി വര്‍ഷങ്ങള്‍ക്കിപ്പുറം മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിണ്ണില്‍നിന്ന്‌ ഒരു ഗന്ധര്‍വ്വന്‍ മേഘവാഹനമിറങ്ങി വരുംപോലെ തോന്നി.എയിഡ്‌സ്‌ തന്നെയായിരുന്നു മോഹന്‍ലാല്‍ കൂടിക്കാഴ്‌ചയുടെയും വിഷയം. ലാലിന്റെ സാന്നിധ്യം അദ്ദേഹം സൃഷ്‌ടിക്കുന്ന സ്‌പെയ്‌സില്‍ നിന്ന്‌ ആനുഭൂതികമായി അനുഭവിച്ചറിയുകയായിരുന്നു. ലാല്‍ അടുത്തെത്തിയപ്പോള്‍ ശബ്‌നം എന്ന ഉറുദുവാക്ക്‌ ഓര്‍മ്മവന്നു. ശബ്‌നം എന്നാല്‍ മഞ്ഞുതുള്ളി. ലാലിന്റെ ഓരോ ചലനങ്ങളിലും തുഷാരാര്‍ദ്രത തുളുമ്പി നില്‍ക്കുന്നു. ഇന്റര്‍വ്യൂവിനായി ഒരുക്കിയ മുറിയിലെ സൈഡ്‌ ഗ്ലാസിലൂടെ സൂര്യരശ്‌മികള്‍ മുറിയില്‍ പതിച്ചപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറത്തിറങ്ങിയ താപസനെപ്പോലെ ലാല്‍ അസ്വസ്ഥസൂചകമായി കൈകൊണ്ട്‌ മുഖം മറച്ചു. കെട്ടിടഉടമയായ തന്റെ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റിനോട്‌ അത്‌ സണ്‍ഗ്ലാസുകൊണ്ട്‌ മറയ്‌ക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. ലാലിന്റെ സാന്നിധ്യത്തില്‍ സ്‌നേഹവും സംഗീതവും ഭൂമിയെ പ്രണമിച്ചുകൊണ്ട്‌ കുനിഞ്ഞു നില്‍ക്കുന്ന നിറയെ പൂചൂടിയ ഒരു വൃക്ഷഗന്ധര്‍വ്വന്റെ ആശ്ലേഷണവും പൊരുന്ന സുഖവും ഞാന്‍ അനുഭവിച്ചു. അവധൂതന്‍മാരിലും മിസ്റ്റിക്കുകളിലും നിന്നും പ്രസരിക്കുന്ന അവാച്യമായ ഒരാത്മസുഗന്ധം ആ താരസാന്നിധ്യം പകര്‍ന്നുനല്‍കി. ആത്മസാക്ഷാത്‌കാരത്തിന്‌ വെമ്പുന്ന ഒരു അന്വേഷകന്റെ പൂര്‍ണതയ്‌ക്കായുള്ള വെമ്പലാണ്‌ ലാലിന്റെ മാനസിക പ്രതികരണങ്ങള്‍ക്കും ശരീരഭാഷയ്‌ക്കും. ശബ്‌ദഘോഷങ്ങളോ വെട്ടിനിരത്തലുകളോ ഇല്ലാത്ത ഘനശ്യാമമായ മൗനത്തിലൂടെ ഈ താരം തന്റെ ഓരോ കാല്‍പെരുമാറ്റങ്ങളിലും "പൂര്‍ണമേ വാവശിഷ്യതേ".എന്ന്‌ മന്ത്രിക്കുന്നു. പരിവ്രാജകരെപ്പോലെ, യാത്ര മോഹന്‍ലാലിനും ഹരമാണല്ലോ. .....വോയ്‌സ്‌ ഓവറിന്റെ മുഹൂര്‍ത്തത്തില്‍ ശബ്‌ദബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട്‌ അദ്ദേഹം പ്രണവത്തിലേക്ക്‌ കൂപ്പു കുത്തി. എ.സിയുടെ ചെറിയ മര്‍മരം പോലും പൂര്‍ണതയ്‌ക്ക്‌ വിഘ്‌നമാകുന്നു. തലേന്നാള്‍ നല്‍കിയ എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദശം ലാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം അതില്‍ വരുത്തിയ കളയലുകളുടെയും കൂട്ടിച്ചേര്‍ക്കലുകളുടെയും തൈജസശോഭ എന്നെ മുഗ്‌ധനാക്കി. ഒരു പ്രണയിനിയെപ്പോലെ ഞാന്‍ ലാലിന്റെ വോയിസ്‌ഓവറിന്‌ കാതോര്‍ത്തു; "വിസ്‌മയങ്ങള്‍ നിറഞ്ഞ ഈ ഭൂമിയുടെ ഹൃദയം തേങ്ങുകയാണ്‌. എയിഡ്‌സ്‌ എന്ന മഹാമാരി അനാഥമാക്കിയ പിഞ്ചോമനകളെ ഓര്‍ത്ത്‌. ആസ്വാദനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌, എയിഡ്‌സ്‌ എന്ന മഹാവ്യാധിയും പേറി ജീവിതം നഷ്‌ടപ്പെടുത്തിയവരുടെ ആത്മാക്കള്‍ ഇന്ന്‌ മറ്റേതോ ലോകത്തിരുന്ന്‌ വിലപിക്കുന്നുണ്ടാവാം. ഒരു നിമിഷത്തെ സുഖം നല്‍കിയ ശിക്ഷയും പേറി ദുരിതമനുഭവിച്ചു ജീവിക്കുന്നത്‌ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ്‌ എന്നത്‌ അവരറിയുന്നുവോ ആവോ? മാതാപിതാക്കള്‍ ദാനമായി നല്‍കിയ രോഗവും പേറി കണ്ണീരിലകപ്പെട്ട കുട്ടികളെ നാം കാണുന്നു. നമ്മുടെ ഹൃദയം അവരെ ഓര്‍ത്ത്‌ തേങ്ങുന്നു. ലോകത്ത്‌ എച്ച്‌.ഐ.വി. അണുബാധിതരായി 3.32 കോടി ജനങ്ങള്‍ ഉണ്ട്‌. ഇവരില്‍ ഇരുപത്തിയഞ്ച്‌ ലക്ഷം പേര്‍ കുട്ടികളാണ്‌. പതിനഞ്ചിനും ഇരുപത്തിനാലിനും മധ്യേ പ്രായമുള്ളവര്‍ ഏകദേശം ഒരു കോടി വരും. എയിഡ്‌സ്‌ അനാഥമാക്കുന്ന ബാലകൗമാരങ്ങള്‍ ഇന്ന്‌ ലോകത്തിലെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്‌. ലോകമാസകലം എത്രയോ ലക്ഷം ജീവനുകളെ ഈ ഭീകരരോഗം അപഹരിച്ചു കഴിഞ്ഞു. അവരില്‍ എത്രയെത്ര പ്രതിഭാശാലികള്‍. കലാസാംസ്‌കാരിക രാഷ്‌ട്രീയ പ്രമുഖര്‍, സമ്പന്നര്‍, ദരിദ്രര്‍. എയിഡ്‌സ്‌ സൃഷ്‌ടിക്കുന്ന ആരോഗ്യപ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി അവികസിത-വികസ്വര രാജ്യങ്ങളിലെ ഖജനാവുകളില്‍ നിന്നും കോടിക്കണക്കിനു രൂപയാണ്‌ പാഴാകുന്നത്‌. ഒന്ന്‌ ചിന്തിച്ചു നോക്കൂ. തങ്ങളുടെ രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കാമായിരുന്ന പണമാണ്‌ ഇങ്ങനെ പാഴാകുന്നത്‌. എയിഡ്‌സ്‌ എന്ന ആഗോളആരോഗ്യ വിപത്തിനെതിരെ അനുനിമിഷം നമുക്ക്‌ ജാഗരൂകരാകാം. ജീവിതത്തില്‍ സദാചാരനിഷ്‌ഠകള്‍ മുറുകി പിടിക്കുന്നതിലൂടെ ആ മഹാവ്യാധിയെ പ്രതിരോധിക്കാം. എയിഡ്‌സ്‌ ബോധവല്‍ക്കരണ യജ്ഞങ്ങളില്‍ പങ്കാളികളാകാം. എച്ച്‌.ഐ.വി. എയിഡ്‌സ്‌ പ്രതിരോധ സന്ദേശവുമായി എത്തിയ റെഡ്‌ റിബണ്‍ എക്‌സ്‌പ്രസിലെ കലാസംഘങ്ങള്‍ക്ക്‌ എന്റെ ഹാര്‍ദവമായ സ്വാഗതം. നിങ്ങളുടെ ഈ മഹത്‌ കര്‍മ്മത്തിന്‌ എന്റെ പിന്തുണയും സഹകരണവും എപ്പോഴും ഉണ്ടാകും. ജീവിതം ആനന്ദമാണ്‌ അജ്ഞതമൂലം ആനന്ദം ദുഃഖമാകരുത്‌. ജയ്‌ ഹിന്ദ്‌!''മോഹന്‍ലാല്‍ അത്ഭുതകരമാംവണ്ണം ഹോംവര്‍ക്ക്‌ ചെയ്‌തിരിക്കുന്നു. ഒരു രാത്രി കൊണ്ട്‌ എയിഡ്‌സ്‌ ബോധവല്‍ക്കരണ സന്ദേശത്തിന്റെ സ്‌ക്രിബിളില്‍ അദ്ദേഹം തന്റെ ആത്മാവിനെ സന്നിവേശിപ്പിച്ചിരുന്നു. ഓരോ വരിയുടെയും രൂപപരിവര്‍ത്തനത്തില്‍ ആത്യന്തികമായ ആത്മാര്‍ത്ഥത തുടിച്ചിരുന്നു. പെര്‍ഫെക്‌ഷനില്‍ ഒരു വിട്ടുവീഴ്‌ചയും വരുത്താത്ത ഒരു ചലച്ചിത്രകാരന്‍ ടേക്ക്‌ എടുക്കുന്ന ജാഗരൂകതയോടെ ആയിരുന്നു അദ്ദേഹം ഓരോ വരിയും ഉരുവിട്ടത്‌്‌. പല വരികളും റിപ്പീറ്റ്‌ ടേക്ക്‌ പറഞ്ഞ്‌ പെര്‍ഫെക്‌ട്‌ ആക്കി.Perception -Observation- Expression എന്ന ത്രിത്വത്തിലാണ്‌ ലാല്‍ ഓരോ ചുവടുവയ്‌പും നടത്തുന്നതെന്നാണ്‌ എനിക്കനുഭവപ്പെട്ടത്‌. സ്ഥൂലവും സൂക്ഷ്‌മവുമായ പരിസരങ്ങളെ തികഞ്ഞ അവബോധത്തോടെ അദ്ദേഹം നിരീക്ഷിക്കുന്നു. (മുറിയിലെ എ.സി. ഓഫാക്കി, ക്യമാറാമാനെ ക്ലിക്കുകളില്‍ നിന്ന്‌ വിലക്കി, ശബ്‌ദബ്രഹ്മത്തെ അദ്ദേഹം വിശുദ്ധി ചക്രത്തിലേക്ക്‌ ആവാഹിച്ചു). തികഞ്ഞ നിരീക്ഷണപാടവത്തോടെ വ്യക്തിയെയും വ്യഷ്‌ടിയെയും നോക്കിക്കാണുകയും ഹൃദയാര്‍പ്പണത്തോടെ മാത്രം ആവിഷ്‌കാരം നടത്തുകയും ചെയ്യുന്നു.പൂര്‍ണതയുടെ ആനന്ദാതിരേകത്തിനായി ത്രസിക്കുന്ന പ്രതിഭാസാന്നിധ്യമാണ്‌ മോഹന്‍ലാലിന്റേത്‌. അണുതൊട്ട്‌ വിഭുവരെയുള്ള കാര്യങ്ങളില്‍ അദ്ദേഹം പൂര്‍ണതയ്‌ക്കായി യത്‌നിക്കുകയാവണം. എളിമയും ആര്‍ദ്രതയും ശോണിമയേകുന്ന സ്‌പേസാണ്‌ ഈ താരം അനുഭവവേദ്യമാക്കുന്നത്‌. 
മൂന്ന്‌ : തിലകനും മോഹന്‍ലാലും. കൊടുങ്കാറ്റാണ്‌ തിലകന്‍. ജാഢ്യത്തിന്റെ അക്കേഷ്യകളെ അത്‌ ദയാരഹിതമായി കടപുഴക്കുന്നു. ഇളം കാറ്റാണ്‌ ലാല്‍. അനുരാഗത്തെയും സൗന്ദര്യത്തെയും സംഗീതത്തെയും ആത്മാവിലേക്ക്‌ തൈലധാരയായി അത്‌ നിറയ്‌ക്കുന്നു. "ബാലോരേ പപീ ഹരാ" എന്ന്‌ പാടി മോഹന്‍ ലാല്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഓഷോയുടെ ഏതൊക്കെയോവരികളുടെ ദിവ്യസുഗന്ധമാണ്‌ മനസ്സിലേക്ക്‌ ഒഴുകി എത്തിയത്‌.മോഹന്‍ലാല്‍ ആര്‍ദ്രത ബാക്കിവയ്‌ക്കുന്നു. തിലകന്‍ പ്രചണ്‌ഡതയും. വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങള്‍ ആകുന്നത്‌ ഇവിടെയാണ്‌. (Opposite values are complimentary).




1 comment:

അശോക് കർത്താ said...

കൊടുങ്കാറ്റാണ്‌ തിലകന്‍. ജാഢ്യത്തിന്റെ അക്കേഷ്യകളെ അത്‌ ദയാരഹിതമായി കടപുഴക്കുന്നു. ഇളം കാറ്റാണ്‌ ലാല്‍. അനുരാഗത്തെയും സൗന്ദര്യത്തെയും സംഗീതത്തെയും ആത്മാവിലേക്ക്‌ തൈലധാരയായി അത്‌ നിറയ്‌ക്കുന്നു.