Sunday, April 28, 2013

രതിവിജ്ഞാനം, അധ്യായം-6 : ആര്‍ത്തവവും ലൈംഗികജീവിതവും

മനുഷ്യമനസ്സില്‍ എക്കാലവും വിസ്മയമുണര്‍ത്തിയിട്ടുള്ള ഒരു പ്രതിഭാസമാണ് ആര്‍ത്തവം. പുരാണങ്ങളിലും വേദങ്ങളിലും ബൈബിളിലും ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആര്‍ത്തവത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യന്‍ പണ്ടുമുതല്‍ക്കേ ചിന്തിച്ചുപോന്നിട്ടുള്ളത്. ആര്‍ത്തവം സംഭവിച്ചിരിക്കുന്ന സ്ത്രീ അശുദ്ധയായതിനാല്‍ ഏഴുദിവസത്തേയ്ക്ക് അവളെ മാറ്റി പാര്‍പ്പിക്കണമെന്ന് ബൈബിളില്‍ പറയുന്നു. ആര്‍ത്തവത്തെക്കുറിച്ച് ഭാരതീയ ധര്‍മ്മസംഹിതയുടെ നിലപാടും വ്യത്യസ്തമല്ല. ആര്‍ത്തവത്തിന്റെ നാലാം നാള്‍ കുളിച്ച് ശുചിയായിക്കഴിയുന്നതുവരെ സ്ത്രീ സംഭോഗത്തിലും ഗാര്‍ഹികവൃത്തിയിലും ഏര്‍പ്പെടുന്നതിനെ ഭാരതീയ ശാസ്ത്രങ്ങള്‍ വിലക്കുന്നു. അശുദ്ധി മാറുന്നതുവരെ തനിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ദര്‍ഭയോ പുല്‍പ്പായയോ വിരിച്ചുകിടക്കണം. യവം കൊണ്ടും പാലുകൊണ്ടും തയ്യാറാക്കിയതും ശുദ്ധമായതുമായ ആഹാരമേ കഴിക്കാന്‍ പാടുള്ളൂ. ആര്‍ത്തവകാലത്ത് സംഭോഗം നടത്തുന്നത് ലൈംഗികരോഗങ്ങള്‍ക്ക് കാരണമാകുമെന്ന ഒരു മിഥ്യാധാരണയും നിലനിന്നിരുന്നു.

സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് എണ്ണിയാലൊടുങ്ങാത്ത തെറ്റിദ്ധാരണകളാണ് ഇന്നും നിലനില്‍ക്കുന്നത്. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രിയ്ക്ക് പൂര്‍ണ്ണമായും ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്ന രീതിയായിരുന്നു പ്രാചീനകാലത്ത് നിലനിന്നിരുന്നത്. ആര്‍ത്തവകാലത്ത് ഒരു സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം വിഷലിപ്തമായിരിക്കുമെന്നും അവള്‍ രോഗങ്ങല്‍ പരത്തുമെന്നും മരണത്തിനുപോലും കാരണക്കാരിയാകുമെന്നും ജനങ്ങള്‍ വിശ്വസിച്ചുപോന്നു. ജീവന്റെയും ശക്തിയുടെയും പ്രതീകമായ രക്തം സ്ത്രീശരീരത്തില്‍ നിന്ന് ഓരോ മാസവും പുറത്തേക്കൊഴുകുന്നത് പ്രാചീനമനുഷ്യരില്‍ അത്ഭുതവും ദുരൂഹതയുമുണര്‍ത്തി. ആര്‍ത്തവത്തെ അതിമാനുഷികമായ ഒരു പ്രതിഭാസമായിത്തന്നെ അവര്‍ വിലയിരുത്തി. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയ്ക്കും ആര്‍ത്തവരക്തത്തിനും ആഭിചാരശക്തികളുണ്ടെന്ന് പോലും അവര്‍ വിശ്വസിച്ചു. ആര്‍ത്തവകാലത്തെ നിസ്സഹായതകളാകട്ടേ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ അപകര്‍ഷതയും സൃഷ്ടിച്ചു. ‘പുറത്താക്കുക’ എന്നു ഗ്രാമ്യഭാഷയില്‍ മലയാളികള്‍ വിളിക്കുന്ന ആര്‍ത്തവത്തിന് The Curse (ശാപം), Bring on the rag (കീറത്തുണി അണിയുക) എന്നിങ്ങനെയാണ് ഇംഗ്ലീഷുകാര്‍ നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍.

രക്തത്തെക്കുറിച്ചുള്ള ഭീതി ആര്‍ത്തവത്തിനും ആര്‍ത്തവിതയായ സ്ത്രീയ്ക്കും ഭയാക്രാന്തിയുടെ പരിവേഷമേകി. ഏദന്‍തോട്ടത്തില്‍ വച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് ദൈവം മനുഷ്യനുനല്‍കിയ ശിക്ഷയാണ് ആര്‍ത്തവമെന്നുപോലും ചിലര്‍ വിശ്വസിച്ചുപോന്നു. ചിറിഗ്വാനോ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കിടയില്‍ പ്രഥമ ആര്‍ത്തവിതയെ പാര്‍പ്പിച്ചിരുന്ന മുറിയുടെ തറയില്‍ അടിച്ചു ശബ്ദമുണ്ടാക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. പെണ്‍കുട്ടി പുഷ്പിണിയാകുന്നത് പാമ്പോ മറ്റെന്തെങ്കിലും ഇഴജീവികളോ കടിക്കുന്നതുകൊണ്ടാണെന്ന വിശ്വാസം മൂലമായിരുന്നു അത്. രക്തം അമൂല്യമായതിനാല്‍ അതിനെ വെറുതേ ഒഴുക്കിക്കളയുന്നതിനെ ചുറ്റിപ്പറ്റി ആചാരങ്ങളും അഭ്യൂഹങ്ങളും ഉടലെടുത്തത് തീര്‍ത്തും സ്വാഭാവികംതന്നെ. ചില ആദിവാസി ഗോത്രസമൂഹങ്ങള്‍ പിശാചുബാധമൂലമാണ് പെണ്‍കുട്ടി രജസ്വലയായിത്തീരുന്നതെന്ന് ഇന്നും വിശ്വസിച്ചുപോരുന്നുണ്ട്.

അങ്ങനെ സഹസ്രാബ്ദങ്ങളായി നിലനിന്നുപോന്ന ഊഹാപോഹങ്ങള്‍ ആര്‍ത്തവത്തിന് ഭീതിയുടെയും ജുഗുപ്‌സയുടെയും ഭ്രഷ്ടിന്റെയും ഒരു അധമപരിവേഷം നല്‍കി. സ്ത്രീശരീരത്തിലെ ഈ ആവര്‍ത്തന പ്രതിഭാസത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ ശാസ്ത്രവും പിന്നിലായിരുന്നില്ല. 1920-ല്‍ പ്രൊഫ.എ.ഗെര്‍സണ്‍ പ്രഥമ ആര്‍ത്തവത്തെക്കുറിച്ച് ഒരു ജര്‍മ്മന്‍ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇതിന് ഉദാഹരണമാണ് ആര്‍ത്തവത്തെ മനസ്സുമായി ബന്ധപ്പെടുത്തിയുള്ള രസകരമായ ഒരു സിദ്ധാന്തമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ഋതുമതിയാകുന്ന പെണ്‍കുട്ടിയില്‍ ഉളവാകുന്ന ലൈംഗിക ചോദനകള്‍ അവളില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും അതവളുടെ ഗര്‍ഭപാത്രത്തില്‍ അമിതമായ രക്തപ്രവാഹത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ നിറയുന്ന രക്തം ഗര്‍ഭാശയാന്തരസ്തരത്തിലൂടെ ഊറി ഗര്‍ഭാശയഗുഹയില്‍ നിറഞ്ഞുവിങ്ങി പുറത്തുപോകുന്നതിന്റെ ഫലമായാണ് പ്രഥമ ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു ഗെര്‍സണിന്റെ സിദ്ധാന്തം. എന്നാല്‍, ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള ഈ ‘ഭാവനാസിദ്ധാന്തത്തെ’ ശരീരശാസ്ത്രജ്ഞന്മാര്‍ പാടെ തള്ളിക്കളയുകയാണുണ്ടായത്.

സ്വതവേ തന്നെ അത്ഭുതവും ഭയവും സൃഷ്ടിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് രക്തപ്രവാഹം. ആര്‍ത്തവരക്തപ്രവാഹം ജനനേന്ദ്രിയത്തില്‍ നിന്നായതിനാല്‍ അതിലെ ജുഗുപ്‌സയും ഭീതിയും ഒന്നുകൂടി ഇരട്ടിച്ചു. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയില്‍ പൈശാചിക ശക്തികള്‍ കുടിയിരിക്കുന്നതിനാല്‍ അവളുടെ സാന്നിദ്ധ്യം ഒഴിവാക്കേണ്ടതാണെന്ന് പ്രാചീനമനുഷ്യര്‍ വിശ്വസിച്ചു. രജസ്വലയ്ക്കു അമാനുഷിക ശക്തികളുണ്ടെന്നും അവള്‍ തൊട്ടതൊക്കെ നശിക്കുമെന്നുമുള്ള അന്ധവിശ്വാസം അവള്‍ തീര്‍ത്തും തീണ്ടിക്കൂടാത്തവളാണെന്ന ആചാരത്തിനു വഴിയൊരുക്കി. രജസ്വല സ്പര്‍ശിച്ചാല്‍ കണ്ണാടികള്‍ മങ്ങിപ്പോകുമെന്നും ലോഹങ്ങള്‍ തുരുമ്പെടുക്കുമെന്നും കത്തികളുടെ മൂര്‍ച്ച നഷ്ടപ്പെടുമെന്നും വരെ പ്രാകൃതഗോത്രവര്‍ഗ്ഗക്കാര്‍ വിശ്വസിച്ചിരുന്നു. അവളുടെ സാന്നിദ്ധ്യത്തില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യപ്പെടുകയില്ലെന്നും വിത്ത് ഉപയോഗശൂന്യമാകുമെന്നും പാല് പുളിക്കുമെന്നും വരെ പ്രാചീന സമുദായക്കാര്‍ ധരിച്ചുവച്ചിരുന്നു. ആര്‍ത്തവരക്തം അശുദ്ധമായതിനാല്‍ രജസ്വലയെ സ്പര്‍ശിക്കുന്നതിനുപോലും വിലക്കുകളുണ്ടായി. ജൂതന്മാര്‍ക്കിടയില്‍ ഇതിന്റെ കടുത്ത ആചാരം കാണാം. ജൂതന്മാര്‍ പൊതുചടങ്ങില്‍പ്പോലും സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കാറില്ല. ഹസ്തദാനം നല്‍കുന്ന വേളയില്‍ അവള്‍ രജസ്വലയാണെങ്കില്‍ ഉണ്ടാകുന്ന അശുദ്ധി ഭയന്നാണിത്.

ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ കുടിയേറുന്ന ചെകുത്താനെ ഒഴിവാക്കുവാന്‍ ദുര്‍മന്ത്രവാദം പ്രയോഗിക്കുന്നതും പ്രാചീനസമുദായങ്ങളില്‍ സാധാരണമായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ആദിവാസികള്‍ ഋതുമതിയായ സ്ത്രീകളെ നായാട്ടു നടത്തുന്നതിനു സമീപം നിര്‍ത്താറില്ലായിരുന്നു. ഋതുമതിയുടെ സാന്നിദ്ധ്യം അമ്പുകളുടെ ശക്തി നഷ്ടപ്പെടുത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. ആഫ്രിക്കയിലെ ആദിവാസികള്‍ രജസ്വല തൊട്ട ചട്ടിയും കലവുമൊക്കെ എറിഞ്ഞുടച്ചുകളയാറുണ്ടായിരുന്നു. തെക്കേ അമേരിക്കയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ ഋതുമതികളെ വീടിന്റെ മോന്തായത്തില്‍ കെട്ടിത്തൂക്കുകപോലും ചെയ്തിരുന്നതായി പറയപ്പെടുന്നു. ന്യൂസിലാന്റിലെ ചില ആദിവാസികളാകട്ടെ രജസ്വലയെ ഒരു കൂട്ടിലാക്കി ഉയരത്തില്‍ ഒരു സ്ഥലത്ത് ആക്കുകയായിരുന്നു പതിവ്. ആര്‍ത്തവകാലത്ത് അവരില്‍ നിന്ന് പുറപ്പെടുമെന്നു കരുതിയിരുന്ന ആപത്ശക്തികളില്‍ നിന്നു രക്ഷപ്പെടുന്നതിനായിരുന്നു ജനങ്ങള്‍ ഈ വിക്രിയകളൊക്കെ കാട്ടിക്കൂട്ടിയിരുന്നത്.

ആര്‍ത്തവരക്തത്തെ ഭയന്നിരുന്നതിനൊപ്പം മറുഭാഗത്ത് അതിനു ദിവ്യശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്ന ജനവിഭാഗങ്ങളുമുണ്ട്. ആര്‍ത്തവരക്തം കുഷ്ഠരോഗത്തിന് സിദ്ധൗഷധമാണെന്ന് യൂറോപ്പിലെ ചില പ്രാചീന ജനസമൂഹങ്ങള്‍ വിശ്വസിച്ചിരുന്നു. ചില രാജ്യങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ വശീകരിക്കുന്നതിനായി ആര്‍ത്തവരക്തം ഉപയോഗിച്ചിരുന്നു. കാമുകന്മാരെ വശീകരിക്കാനായി പാനീയങ്ങളിലും മറ്റും ആര്‍ത്തവരക്തം കലര്‍ത്തിക്കൊടുക്കുന്നതായിരുന്നു ജര്‍മ്മന്‍ പെണ്‍കുട്ടികളുടെ രീതി. കേരളത്തില്‍ പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില ആഭിചാരപ്രയോഗങ്ങളില്‍ ആര്‍ത്തവരക്തം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പ്രഥമാര്‍ത്തവ രക്തം പുരണ്ട വസ്ത്രം കത്തിച്ച കരി മധുരപാനീയത്തിനൊപ്പം പുരുഷനു നല്‍കുന്നതായിരുന്നു ഒരു സമ്പ്രദായം.

പ്രാചീനകാലത്തെ ചില ക്രിസ്തുമതാനുയായികള്‍ (Valentinians) ക്രിസ്തുവിന്റെ ജീവരക്തമെന്ന സങ്കല്പത്തില്‍ ആര്‍ത്തവരക്തം പാനം ചെയ്തിരുന്നതായി പറയപ്പെടുന്നു. കൊടുങ്കാറ്റും മിന്നലും രജസ്വലകള്‍ നഗ്നകളായി നിന്നാല്‍ വഴിമാറിപ്പോകുമെന്ന് പ്രാചീന മനുഷ്യര്‍ വിശ്വസിച്ചിരുന്നതായി പ്ലിനി വെളിപ്പെടുത്തുന്നു.

രജസ്വലകളുടെ സാന്നിധ്യംപോലും നിഷിദ്ധമായിരിക്കെ അവരുമായുള്ള സംഭോഗത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. രജസ്വലാസംഭോഗത്തെ ഒരു മഹാപാപമായിത്തന്നെ ഏതാണ്ടെല്ലാ പ്രാചീന സമുദായങ്ങളും കരുതിപ്പോന്നു. രജസ്വലയായ സ്ത്രീയുമായി സംഭോഗം ചെയ്യുന്നവരെ മാത്രമല്ല അവളുടെ നഗ്നത ദര്‍ശിക്കുന്നവരെ പോലും സമുദായ ഭ്രഷ്ടരാക്കണമെന്നാണ് ബൈബിള്‍ അനുശാസിക്കുന്നത്. ആര്‍ത്തവകാലത്ത് സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീയ്ക്കും വേദഗ്രന്ഥം തുല്യശിക്ഷ വിധിക്കുന്നു. ആര്‍ത്തവകാല വേഴ്ചയില്‍ പിറക്കുന്ന കുട്ടി അനാരോഗ്യവാനും മന്ദബുദ്ധിയുമായിരിക്കുമെന്നായിരുന്നു പരക്കേയുണ്ടായിരുന്ന വിശ്വാസം.

ആധുനിക സമൂഹത്തിലും ആര്‍ത്തവകാല സംഭോഗം ഒഴിവാക്കുന്ന പ്രവണതയാണ് വ്യാപകമായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീയുടെ ഉല്പാദനാവയവത്തിലെ ശുചിത്വക്കുറവാണ് ദമ്പതികളെ ലൈംഗികവേഴ്ചയില്‍ നിന്ന് തടയുന്നത്. ഇന്ത്യയിലാകട്ടെ മതപരമായ വിലക്കുകളും ആര്‍ത്തവകാലത്തെ സംഭോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. ആര്‍ത്തവ ദിനങ്ങളിലെ സംഭോഗത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു ശാസ്ത്രസിദ്ധാന്തവും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ക്രൈസ്തവ സദാചാര നിയമമനുസരിച്ച് വിഷമദിനങ്ങളില്‍ സംഭോഗം ഒഴിവാക്കുന്നവര്‍ക്കിടയില്‍ ഗര്‍ഭാശയാര്‍ബുദം വിരളമാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഏതായാലും ലൈംഗികമായ ചില ആചാരവിധികളില്‍ അല്പമൊക്കെ കഴമ്പുണ്ടെന്നു സിദ്ധാന്തം വെളിവാക്കുന്നുണ്ട്.

ആര്‍ത്തവം കഴിഞ്ഞ് ഏഴു ദിവസത്തേക്കു കൂടി ലൈംഗികബന്ധം നിഷിദ്ധമാണെന്ന് ജൂതമതസംഹിതകള്‍ അനുശാസിക്കുന്നു. ഏഴാംനാള്‍ കഴിഞ്ഞ് മിക്വാ (Mikvah) നടത്തിയ ശേഷമേ രജസ്വലയായ സ്ത്രീയ്ക്ക് യഹൂദമതം ലൈംഗികബന്ധത്തിന് അനുമതി നല്‍കിയിരുന്നുള്ളൂ. മതപരമായവയ്‌ക്കൊപ്പം മനഃശാസ്ത്ര കാരണങ്ങളും പുരുഷന്മാരെ ആര്‍ത്തവതിയായ സ്ത്രീയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്നു തടയുന്നതായി മനഃശാസ്ത്രകാരന്മാരായ ഡിലനേയിയും ലപ്ടണുടോത്തും നിരീക്ഷിക്കുന്നു. മറ്റേതു സമയത്തെയും പോലെ ആര്‍ത്തവകാലത്തും സ്ത്രീകളില്‍ പുരുഷന്മാര്‍ക്ക് ആസക്തിയുണ്ടാകാറുണ്ട്. എന്നാല്‍ അപകടകരവും അശുദ്ധവുമായ ആര്‍ത്തവരക്തം തങ്ങളുടെ ലിംഗത്തില്‍ പുരളുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ലെന്നു മാത്രം.