Sunday, June 10, 2012

മലയാളിയുടെ ആഗോളീകരണം- ഒന്‍പത്


സ്‌നേഹസംവാദം:

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും'.
 
 
കര്‍ഷകരക്തസാക്ഷിത്വങ്ങള്‍....
 
അത്മഹത്യ ചെയ്ത കര്‍ഷകനായ അച്ഛന്റെ ജീവന്റെ നഷ്ടപരിഹാരത്തുക ഇരന്നു വാങ്ങുവാന്‍ തലസ്ഥാനത്തെത്തുന്ന, ഒരിക്കല്‍പ്പോലും തൂമ്പ പിടിച്ചിട്ടില്ലാത്ത വയനാട്ടിലെ ഒരു ചെറുപ്പക്കാരന്‍, ഇവര്‍ തങ്ങളെ ഒറ്റുകൊടുത്ത പണം കൊണ്ടു കെട്ടിപ്പൊക്കിയിരിക്കുന്ന ആകാശത്തോളം ഉയര്‍ന്ന നബാര്‍ഡിന്റെ ചില്ലുകൊട്ടാരാസ്ഥാനം കണ്ട് അമ്പരന്നു നില്‍ക്കുമ്പോള്‍ അവന്റെമേല്‍ ചെളി തെറിപ്പിച്ചുകടന്നുപോകുന്ന കാറില്‍ ഭാവിയില്‍ ഇരിക്കുന്നത് ആരായിരിക്കും? സി.കെ. ജാനു ആകുമോ?

നാളീകേരത്തിന് ആക്രിയുടെ വിലപോലുമില്ലാതെ, കെട്ടിച്ചുവിടാന്‍ പ്രായമുള്ള കര്‍ഷകന്‍ താന്‍ നട്ടു നനച്ചുണ്ടാക്കിയ വാഴപ്പഴത്തില്‍ത്തന്നെ ഫിരിഡോണ്‍ കുഴച്ചു ജീവനൊടുക്കുമ്പോള്‍, കെട്ടുതാലിയറുക്കപ്പെട്ട ദാമ്പത്യത്തെയും മക്കളുടെ കണ്ണീരിനെയും കൂടി വോട്ടുബാങ്കുകളാക്കിമാറ്റുന്ന രാഷ്ട്രീയസംസ്‌കാരത്തെ എന്തു പേരുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? കര്‍ഷകന്‍ ആത്മഹത്യ ചെയ്യുവാന്‍ കാരണവും 'ആഗോളീകരണ'മാണോ?

കുമാരീ രക്തസാക്ഷിത്വങ്ങള്‍... 'ശയന'....
കിളിരൂരിലെ പെണ്‍കുട്ടിയുടെ നാമം നമുക്കെല്ലാം ഇന്നറിയാം. ഇന്നല്ലെങ്കില്‍ നാളെ ഓരോ മലയാളിയും ആ രക്തസാക്ഷിത്വത്തിന് മറുപടി പറയേണ്ടിവരിക തന്നെ ചെയ്യും. അവളുടെ ബലികുടീരത്തെ വെള്ളപൂശാന്‍ നമ്മുടെ ഏതെങ്കിലും ഫെമിനിസ്റ്റ് സൈദ്ധാന്തിക പ്രബന്ധങ്ങള്‍ക്കാകുമോ? സംഘപരിവാറുകാരന്‍ ഉറുമികൊണ്ടും മാര്‍ക്‌സിസ്റ്റുകാരന്‍ വാള്‍ കൊണ്ടും ശിരസ്സ് അറുക്കുന്നതു മാത്രമേ രക്തസാക്ഷിത്വം ആകുകയുള്ളോ? കന്യകയുടെ യോനീചര്‍മം സ്വന്തം സമ്മതമില്ലാതെ വിടപ്രഭുക്കള്‍ ഛേദിക്കുമ്പോള്‍ പടരുന്നത് രക്തസാക്ഷിയുടെ രക്തമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ശാരീ എസ്. നായരുടെ കുഞ്ഞിന് 'ശയന' എന്നു പേരിട്ടതിലെ അബോധപൂര്‍വ്വമായ സോദ്ദേശ്യകതയോര്‍ത്ത് കരയുവാനാണോ നാറാണത്തു ഭ്രാന്തനെപ്പോലെ ചിരിക്കുവാനാണോ ഈ ആഗോളീകരണകാലത്തു കഴിയുക? ആ അനാഥക്കുഞ്ഞിനെ എടുത്തുവളര്‍ത്തുവാന്‍ സംവാദപടുവായ ഏതെങ്കിലും മലയാളി ആഗോളീകരണ സൈദ്ധാന്തികനാകുമോ?

ശാരി എസ്. നായര്‍
'ഹതഭാഗ്യവതി'യായ ശാരി എസ്. നായര്‍ രാഷ്ട്രീപ്രഭുക്കളുടെയും സ്വര്‍ണ്ണമുതലാളിമാരുടെയും പേരുകള്‍ കൂടി വിളിച്ചുപറയുമെന്നായപ്പോഴാണ് അവര്‍ അവളുടെ ഇളംമേനിയില്‍
വിഷംകുത്തിവെച്ചത്. പണ്ട് സോക്രട്ടീസിന് ഹംലോക്കും സമീപഭൂതകാലത്തില്‍ ഓഷോയ്ക്ക് ലെഡ്‌പോയിസണും നല്‍കിയ അതേ കരങ്ങള്‍ തന്നെയാണ് ശാരിയുടെയും ജീവനെടുത്തത്.
എന്നാല്‍ കൊച്ചിരാജാവിന്റെ പേരുകൂടി വിളിച്ചുപറയുമെന്നായിട്ടും പോയ കാലങ്ങളിലെ 'ഹതഭാഗ്യവതിയായ നമ്മുടെ ആ സഹോദരി'യെ -കുറിയേടത്ത് താത്രിയെ -അക്കാലത്തെ ആഢ്യന്മാര്‍ ജീവഹാനി വരുത്തിയില്ല. അതിക്രൂരമായി നാടുകടത്തുകയേ ചെയ്തുള്ളൂ. എന്നാല്‍ ഇന്നോ?
അഭിനവകൊച്ചീരാജാക്കന്മാരെ തളയ്ക്കുവാന്‍ ഏതെങ്കിലും 'എരുമദേശീയപ്രത്യയശാസ്ത്രങ്ങള്‍'ക്കാകുമോ?

വിധ്വംസക ലൈംഗികപ്രത്യയശാസ്ത്രങ്ങള്‍
പ്രതിഭാധനനായ കഥാകൃത്ത് ബാബുഭരദ്വാജിന്റെ പ്രതിഭാധനയായ പുത്രി രേഷ്മയെ ഇരയാക്കുക വഴി നമ്മുടെ നാട്ടിലും സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ് ലൈംഗിക ഉദാരവല്‍ക്കരണത്തിന്റെ ഗൂഢതന്ത്രം. സ്വവര്‍ഗ്ഗസംഭോഗികള്‍ക്കും ഇടം വേണമെങ്കിലും അതിനെ ഇങ്ങനെ ആദര്‍ശവല്‍ക്കരിക്കുന്നത് കേരളീയസാഹചര്യത്തില്‍ ഒരിക്കലും ആശാസ്യമല്ല. തങ്ങളുടെ മകളോ മകനോ സ്വവര്‍ഗ്ഗസംഭോഗിയായിത്തീര്‍ന്നാല്‍ സ്വവര്‍ഗ്ഗസംഭോഗപ്രത്യയശാസ്ത്രനിഷ്ണാതനോ-നിഷ്ണാതയോ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? ഗേക്ലബ്ബുകളുടെ ആസന്നഭൂതകാലത്ത് തങ്ങളുടെ പെണ്‍മക്കളെയും ഇവര്‍ അങ്ങോട്ടു പറഞ്ഞുവിടുമോ? (സ്വവര്‍ഗ്ഗ സംഭോഗത്തെ ആദര്‍ശവല്‍ക്കരിച്ചാലുള്ള ചതിക്കുഴികളെക്കുറിച്ച് തന്റെ പിതാവു പ്രവര്‍ത്തിക്കുന്ന ചാനലില്‍ തന്നെയുള്ള എബ്രഹാംമാത്യു എഴുതിയ 'അച്ഛന്‍ എഴുതുന്നു' എന്ന കഥ ഒന്നു സശ്രദ്ധം വായിച്ചുനോക്കുവാന്‍ ഈ ആഗോളീകരണസംവാദവേളയില്‍ രേഷ്മാ ഭരദ്വാജിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആഗോളീകരണലൈംഗികപ്രത്യയശാസ്ത്രങ്ങളാല്‍ ഇരയാക്കപ്പെട്ട ഫെമിനിസ്റ്റ്-സ്വവര്‍ഗ്ഗസംഭോഗ-ന്യൂനപക്ഷലൈംഗികബുദ്ധിജീവികളാല്‍ ഇരയാക്കപ്പെട്ട, തന്റെ മകളെ അവരുടെ പിടിയില്‍നിന്നും വീണ്ടെടുത്തുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 'ഹതഭാഗ്യവാനായ' നമ്മുടെ ഒരു പാവം ഓട്ടോറിക്ഷാഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതുന്ന ഹൃദയസ്പര്‍ശിയായ ഒരു സങ്കടഹര്‍ജിയാണ് ആ കഥ.)
ആഗോളീകൃതമായ വിധ്വംസക ലൈംഗിക ഉദാരവല്‍ക്കരണാഭിലാഷങ്ങളുടെ ദല്ലാള്‍പണി ഏറ്റെടുത്തിരിക്കുന്ന ചാരുനിവേദിത തമിഴകത്തെങ്ങും ഇടം കിട്ടാഞ്ഞ് ഇന്നു മലയാളത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുകയാണ്. വാടയ്‌ക്കെടുക്കപ്പെട്ട ഇത്തരം നാവുകളിലൂടെ 'ലൈംഗികത്തൊഴില്‍' ഇവിടെയും നിയമവല്‍ക്കരിച്ചെടുക്കുകയാണ് ആഗോളീകരണത്തിന്റെ ഹിഡന്‍ അജണ്ട.

പൊക്കുടനും മലയിലമ്മയ്ക്കും മേല്‍ സ്വവര്‍ഗ്ഗസംഭോഗിയെയും 'സെക്‌സ് വര്‍ക്കറെ'യും പ്രതിഷ്ഠിക്കുന്നതാണ് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാള്‍തന്ത്രം. 'സെക്‌സ് വര്‍ക്കി'നെ ന്യായീകരിക്കുന്ന നാവുതന്നെ 'ഭഗവദ്ഗീത'യെയും ഗാന്ധിജിയെയും ഇ.എം.എസിനെയും നിന്ദിക്കുന്ന അന്തരാളത്വമാണത്.
('ലൈംഗികത്തൊഴിലാളി നേതാവി'നെ ചാനലുകളില്‍ വിളിച്ചുവരുത്തി പത്മശ്രീ
ആശംസിക്കുന്നവര്‍ മയിലമ്മയെ ക്ഷണിക്കാത്തതിന്റെ കാരണം ലളിതമാണ്: പെരുമാട്ടി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചല്ലാതെ, ബാങ്കോക്കിലെയോ മറ്റോ ത്രസിപ്പിക്കുന്ന പൂരക്കാഴ്ചകളൊന്നും ആ പാവം ആദിവാസിയമ്മയ്ക്ക് പറയുവാനില്ലെന്നതാണത്!)
തായ്‌ലാന്റിലെയും നെതര്‍ലാന്റിലെയും ആഫ്രിക്കന്‍നാടുകളിലെയും 'ഹതഭാഗ്യവതികളായ സഹോദരി'മാരെ മടുത്തുകഴിഞ്ഞ ആഗോളീകരണത്തിന്റെ ദല്ലാളന്മാരാണ് 'ഹതഭാഗ്യവതിയായ നമ്മുടെ സഹോദരി'യുടെ നാവിനെ ഇന്നു വാടകയ്‌ക്കെടുത്തിരിക്കുന്നത്. 'ഉല്ലാസഗേഹസ്വപ്നങ്ങള്‍' ഇവിടെ സാക്ഷാത്കരിക്കുവാന്‍ ആര്‍ക്കാണിത്രയും വ്യഗ്രത? 'പേരൂര്‍ക്കട'വഴി ബാങ്കോക്കിലേക്കും വാഷിംഗ്ടണിലേക്കും കുഴിച്ചുവരുന്ന കോണ്‍ടം മൈനുകള്‍ പൊട്ടി മരിക്കുന്നത് ആരായിരിക്കും?
സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും കൊട്ടാരക്കരയിലും നിശാസഞ്ചാരത്തിനിറങ്ങിയ പ്രാദേശിക ആഗോളീകരണം തന്നെയാണു സ്മാര്‍ട്ട് സിറ്റിയില്‍ ട്രേഡ് ചെയ്ത് നെടുമ്പാശ്ശേരിയില്‍നിന്നോ കരിപ്പൂരില്‍നിന്നോ വാഷ്ങ്ടണിലേക്കോ സൗഊദിയിലേക്കോ വിമാനം കയറുന്നത് എന്നു മനസിലാക്കാനുള്ള വിവേകമാണ് മലയാളിക്കില്ലാതെ പോകുന്നത്. (സ്മാര്‍ട്ട് സിറ്റി സ്ഥാപിതമാകുന്നതിനോടനുബന്ധിച്ച് ഏതോ ഒരു എന്‍.ആര്‍.ഐ. ബിസിനസുകാരന്‍ ഏതോ ഒരു ഷെയ്ഖിന് 'ദൈവത്തിന്റെ സ്വന്തംനാട്ടിലേക്ക്' സ്വാഗതം ഓതിക്കൊണ്ടു നല്‍കിയ ഫുള്‍പേജ് പരസ്യം ചില കുത്തകപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.) കുഞ്ഞാലിക്കൊപ്പം നൊയമ്പ് തുറക്കുന്ന ഈ ആഗോളസുന്ദരനെ കണ്ടാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല പിണറായിയും കൊടിയേരിയും ഒക്കെ എഴുന്നേറ്റുനിന്നു സല്യൂട്ടടിക്കും! എണ്ണപ്പണത്തിന്റെ അത്തര്‍ മണക്കുന്നതാണ് ആ തിരുവുടല്‍! അവന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് 'ദൈവത്തിന്റെ സ്വന്തം ഭരണാധികാരികളുടെ' ഉത്തരവാദിത്തമാകുന്നു! ഇവനെങ്ങാനും എം.ജി.റോഡിലോ മട്ടാഞ്ചേരിയിലോ ഇടക്കൊച്ചികളിലോ നിശാസവാരിക്കിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു മനസിലാക്കുവാന്‍ ഫൂക്കോ ഒന്നും വായിക്കേണ്ടതില്ല. ഒരല്പം കോമണ്‍സെന്‍സുമാത്രം മതി. (അല്ലെങ്കിലെന്തിന്, പൂച്ചക്കണ്ണുള്ള ബീജങ്ങളെ നിരോധിക്കുവാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും നമുക്കു സുലഭമായ ആ ഉത്കൃഷ്‌ടോല്പന്നമുണ്ടല്ലോ!) അറബിനാടുകള്‍ കേന്ദ്രീകരിച്ചുനടക്കുന്ന മലയാളി സെക്‌സ് ട്രേഡിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായൊന്നും പ്രതികരിച്ചു കാണുന്നില്ല. കുഞ്ഞാലിയാണ് നമ്മുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്! എല്ലാം അധ്യാരോപിക്കുവാന്‍ അയാളൊരുത്തനുണ്ടല്ലോ! അറബിനാടുകളില്‍ കെണിയിലാക്കപ്പെടുന്ന മലയാളിപ്പെണ്‍കുട്ടികള്‍ അവിടെത്തന്നെ കിടന്നു മരിച്ചുകൊള്ളട്ടെ എന്നാണോ?

'അതിഥിദേവോ ഭവ:' എന്ന ടൂറിസം മന്ത്രത്തിലെ ചതിക്കുഴികളെക്കുറിച്ച് നമ്മില്‍ എത്ര മലയാളികള്‍ ചിന്തിക്കുന്നുണ്ട്?
(സൈബര്‍ ഉന്മുഖ ഫ്രീസെക്‌സിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ ടെക്‌നോപാര്‍ക്കിലെയോ മറ്റേതെങ്കിലും സൈബര്‍മേഖലയിലെയോ ഒരു തൂപ്പുകാരിയോട് ആരാഞ്ഞാല്‍ മാത്രം മതിയാകും. സൈബര്‍ നിശാസല്‍ക്കാരങ്ങളുടെ പിറ്റേന്നാള്‍ പ്രഭാതങ്ങളില്‍ താന്‍ പാര്‍ട്ടിഹാളുകളില്‍ നിന്ന് തൂത്തുവാരി കളയുന്ന പാടലവര്‍ണമാര്‍ന്ന ആ സദാചാരസൂത്രവാക്യ സാധനമേതെന്ന് അവള്‍ പറഞ്ഞുതരും!)
സദാചാരത്തെ റബര്‍ ഉറ അണിയിക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം.