Sunday, September 11, 2011

സാനിയാ, ഓ, സാനിയാ...

സാനിയാ, ഓ, സാനിയാ...
ജി. ഹരി നീലഗിരി

മലക്കുകളുടെ രാത്രിയില്‍
മിനാരങ്ങളില്‍ തക്‌ബീര്‍ മുഴങ്ങേ,
പരമശിവപര്യങ്കനിലയയായ
സാക്ഷാല്‍ ശ്രീപാര്‍വ്വതി
കോര്‍ട്ടിലിറങ്ങി
കേളി തുടങ്ങി....

(കാന്തേ, കാമകലേ
എന്നു കാളിദാസന്‍.
കാമാക്ഷീ, കാമദായിനീ
എന്നു ശ്രീശങ്കരന്‍)

നിള നിനക്കു നീലോല്‍പ്പലം.
കണ്ണീര്‍പ്പാടത്തെ കാവ്യകടാക്ഷം.
`തരാവ്വോ' എന്നു നാണ്വാര്‌!....
കാഴ്‌ചകണ്ടു പരിഭ്രാന്തരായ പുരുഷകേസരിമാര്‍
ചാനല്‍ തന്നെ ഓഫു ചെയ്യുകയോ?!

സാനിയാ,
നീ മുയല്‍ക്കുഞ്ഞ്‌!
കോര്‍ട്ടില്‍ നിന്നു പച്ചപ്പുല്‍ത്തകിടികളിലേക്കു
ചാടിപ്പോകുന്ന കോമളബാലിക!.....

ക്ഷീരപഥങ്ങള്‍ക്കണക്കെട്ടു തീര്‍ക്കാന്‍
ഒരെഞ്ചിനീയര്‍ക്കുമാകില്ല!...
മഴവില്‍കൊടിയെ അമ്പെയ്‌തു വീഴ്‌ത്താന്‍
ഒരു വില്ലാളിക്കുമാകില്ല!...

പാര്‍വ്വതീ ബാവൂളിനൊപ്പം1 നീ
ഉന്മാദഷഡ്‌ജം തീര്‍ക്കും.
പൗര്‍ണ്ണമിയില്‍ നിന്റെ ഉടയാടകള്‍
ഉജാലയാല്‍ തിളങ്ങും!

സാനിയാ,
ചോര മാത്രം രാത്രിഭക്ഷണമാക്കിയ
ഒട്ടകത്തിനു പേയിളകിക്കഴിഞ്ഞു.
സാര്‍ത്ഥവാഹക സംഘത്തിനൊപ്പം
താരാപഥത്തിലേക്കു കുതിക്കു....
ഹുഗ്ഗമ്മയ്‌ക്കൊപ്പം2 ദിഗംബര നൃത്തം ചെയ്യൂ....

കോര്‍ട്ടിലെ പെണ്ണെഴുത്തു നീ!
വിശ്വം നടുക്കും ശ്വേതാശ്വം!
നാരീസ്വത്വത്തില്‍ കുലീനകുല്യ!

അറബിക്കടലെടുത്തമ്മാനമാടൂ!....
പുരത്രയത്തെയും വെണ്ണീറാക്കൂ!....

ഇല്ലിക്കാട്ടിലിരുന്നു
തൈത്തിരീയം ചൊല്ലുന്നതാരാണ്‌?
ത്രിപുരാന്തകന്‍ ശിരസ്സിലണിയും
പിറയേതാണ്‌?

നീലഗിരിക്കുന്നിറങ്ങിവരുമജകന്യകേ.....
മണിമലര്‍ക്കാവിലെ നാഗയക്ഷീ...
കന്യാകുബ്‌ജത്തിലെ മരതകമാണിക്യമേ....
മണലാഴിയിലെ നീര്‍മരുതേ...
ശരത്‌കാല നഭസിലെ
വെണ്‍ ചന്ദ്രലേഖേ...

നീ സ്വാധിഷ്‌ഠാനം.
ബിസ്‌മില്ലാറ്‌ഹ്‌മാന്‍ മന്ത്രിക്കും
മണല്‍ക്കാറ്റ്‌!

പണ്ഡിതമ്മന്യര്‍ക്കു നീ റീത്ത!
എനിക്കോ കുളിര്‍തെന്നല്‍!

കര്‍ണ്ണികാരങ്ങള്‍ നിനക്കായ്‌ പൂക്കും!
കുനുതുമ്പകള്‍ നിന്റെ ഷോട്‌സിനുജാലയേകും!

പുത്തൂരങ്കാവില്‍ നിന്നോ നീ പറന്നു പോയത്‌?
റാക്കിന്റെ ചുരികത്തിളപ്പാല്‍
ഈ മൃഗശിരസ്സുകളരിയൂ.....

സാനിയാ,
പര്‍ദ്ദയണിഞ്ഞു നീ കോര്‍ട്ടിലിറങ്ങുന്നതായ്‌
ഇന്നലെയും ഞാന്‍ സ്വപ്‌നം കണ്ടു.
എവിടെയോ ഇരുന്ന്‌
ഒരു സുരയ്യ കരഞ്ഞു.....

Sania; Oh my little angel.
I want to learn from you
how to be noncruzified by this scoundrels.
I want to learn from you
how to bloodly smash this
bloody male community...
this bloody male community.....

(സാനിയയ്‌ക്ക്‌ മതമൗലികവാദികള്‍ വിലക്കേര്‍പ്പെടുത്തിയ കാലത്ത്‌ എഴുതിയത്‌)

പാദക്കുറിപ്പുകള്‍
1. പാര്‍വ്വതീ ബാവൂള്‍: മലയാളിയെ വിവാഹം ചെയ്‌ത്‌ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കിയ ബാവൂള്‍ ഗായിക.
2. ഹുഗ്ഗമ്മ: കേരളത്തിലെ `അവളൂര്‍' എന്ന സ്ഥലത്തുനിന്ന്‌ 12-ാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകത്തിലെത്തിയ ദിഗംബരയായ കവയിത്രി