Saturday, July 23, 2011

രതിചികിത്സയും മരുന്നും (ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടേതല്ല!)


സാമാന്യം ദീര്‍ഘമായ ഈ കുറിപ്പ്‌ - അല്‌പവിഭവനായ എനിക്കെഴുതേണ്ടി വന്നത്‌ ഞാനൊരു `ഭക്ത'നും, `ശിഷ്യനും' `ദാസനു' മായിപ്പോയതുകൊണ്ടാണ്‌. ഭക്തിയുടെയും, ദാസ്യത്വത്തിന്റേയും ഏറ്റവുംവലിയ പ്രതീകം ഭാരതത്തില്‍ ശ്രീഹനുമാനാണല്ലോ. ഈശ്വരപ്രീതിയാണ്‌ ഭക്തന്റെ ജീവിതലക്ഷ്യം. യജമാനസേവയാണ്‌ ദാസന്റെ സ്വധര്‍മ്മം. എന്റെ യജമാനപത്‌നിയായ `സീതാദേവിയെ' നളിനിജമീല എന്നൊരു സാധുസ്‌ത്രീയെ മുന്‍നിര്‍ത്തി, രവിഡി.സി, ഐ.ഗോപിനാഥ്‌, ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, എം.വി.ദേവന്‍, സിവിക്‌ചന്ദ്രന്‍ എന്നിങ്ങനെ ഞാന്‍ ജീവിക്കുന്ന മണ്ണിലെ മഹാരഥന്മാരായ ചിലര്‍ ചേര്‍ന്ന്‌, അപഹരിച്ച്‌ കോട്ടയത്തെ ഡി.സി.കിഴക്കേമുറി ഇടത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. വാലിലെ തീപടരും മുമ്പ്‌ എനിക്കീ `മുദ്രമോതിരം' ദേവിക്കു നല്‍കണം.' ലങ്കാദഹനത്തില്‍ വിഭീഷണന്റെ കൊട്ടാരമൊഴികെ മറ്റൊന്നും അവശേഷിക്കില്ലെന്നുറപ്പുണ്ടെങ്കിലും പകയും വിദ്വേഷവും ഈയുള്ളവന്റെ ഉള്ളിന്നുള്ളില്‍ പ്പോലും ഗുരുകാരുണ്യത്താല്‍ തരിമ്പുമില്ല. അഥവാ `മദ്‌ വചനങ്ങള്‍ക്കെപ്പോഴുമെങ്കിലും മാര്‍ദ്ദവമില്ലാതെയായിപ്പോയിട്ടുണ്ടെങ്കില്‍', അത്‌ നിസ്‌തുലഭക്തനായ ആ ആദിമ വാനരശ്രേഷ്‌ഠന്റെ മേഘഗര്‍ജ്ജനത്തിന്റെ വിദൂരപ്രതിധ്വനികളയായ്‌ക്കരുതി, `ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പു നല്‍കണ' മെന്നു പ്രാര്‍ത്ഥിക്കയാണ്‌! ക്രിസ്‌തുദേവനില്‍നിന്നും നബി തിരുമേനിയില്‍നിന്നും ബുദ്ധഭഗവാനില്‍ നിന്നും സെയ്‌ന്റ്‌ തോമസിലേക്കും പരുമലതിരുമേനിയിലേക്കും നാരായണഗുരുവിലേക്കും ചട്ടമ്പിസ്വാമികളിലേക്കും മറ്റു കേരളീയ ഗുരുഭൂതന്മാരിലേക്കും നിസ്‌തന്ദ്രമൊഴുകിയ ചിരന്തനമായ ആ അറിവില്‍ ജ്ഞാനസ്‌നാനിതനായി, ശിരസ്സു കുനിച്ചു നിന്നുകൊണ്ട്‌, `അപ്രിയമെങ്കിലും', ഈ സത്യം ഉറക്കെ വിളിച്ചു പറയുവാന്‍ ഈശ്വരനിയോഗത്താല്‍ ഞാന്‍ പ്രേരിതനായിത്തീര്‍ന്നിരിക്കുകയാണ്‌! ഗുരുഭൂതന്മാര്‍ ഓതിത്തന്നിരിക്കുന്ന മഹാസ്‌നേഹത്തിന്റെ ഈ കൈവല്യധാരയില്‍, അതേന്തിയിരിക്കുന്നയാള്‍ എത്രയോ നിസ്വനാണെങ്കിലും, എന്റെയീ എഴുത്താണി വിതുമ്പിപ്പോകുകയാണ്‌!! ക്രിസ്‌തുദേവന്റെ സ്‌നേഹവും ബുദ്ധഭഗവാന്റെ കാരുണ്യവും ശ്രീകൃഷ്‌ണ പരമാത്മാവിന്റെ ലീലയും ഒത്തുചേര്‍ന്ന എന്റെ സദ്‌ഗുരു ശ്രീശ്രീ രവിശങ്കര്‍ എന്റെ ഹൃദയാരൂഢത്തിലിരുന്ന്‌ Responsibility is Power എന്ന്‌ മന്ത്രിക്കുകയും മന്ദസ്‌മേരം പൊഴിക്കുകയുമാണ്‌! അതുകൊണ്ടു തന്നെ മൈത്രേയനും പോള്‍സണ്‍ റാഫേലും സംഘവും പാതിവഴിക്കുപേക്ഷിച്ചുപോയ നളിനിയേടത്തിയും കൂട്ടുകാരികളും ഈ കര്‍ക്കിടകരാത്രിയുടെ പെരുവഴിയില്‍ നിരാലംബരായി തനിച്ചു നില്‍ക്കുമ്പോള്‍ എനിക്കു മനഃസമാധാനത്തോടെ ഭാര്യയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാവില്ല. ലോകമെങ്ങും പതിനഞ്ചു കോടിയിലേറെ ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരലൌകികാനന്ദത്തിലേക്ക്‌ നളിനിയേടത്തിയെയും കൂട്ടുകാരികളേയും ഞാന്‍ സ്‌നേഹപുരസരം ക്ഷണിക്കുകയാണ്‌. ജ്ഞാനവും, കര്‍മ്മവും, ഭക്തിയും അന്തര്‍നിഹിതമായ `ഒരധ്യാത്മിക പുഷ്‌പഹാരം' ഞാനവരെ അണിയിക്കുകയാണ്‌.` പുനരധിവസിപ്പിക്കുവാനല്ല', പുനരുജ്ജീവിപ്പിക്കുവാനും പുനഃരുദ്ധാനം ചെയ്യുവാനും! We belong to each other എന്നും We are responsible for our actions and non-actions എന്നും എനിക്കരുളിത്തന്ന ശ്രീശ്രീ രവിശങ്കറിന്റെ ജ്‌ഞാനഗരിമ, ഭാവിചരിത്രം നളിനിയേടത്തിയെ കുറ്റക്കാരിയെന്നു വിളിക്കുന്നതു തടയാനുള്ള ദൗത്യം സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കുവാന്‍ എനിക്കു ധൈര്യമേകുകയാണ്‌! നളിനിജമീലയേയും കൂട്ടുകാരികളേയും ഗുരുജിയുടെ പേരില്‍ ഞാന്‍ മൃ േീള ഹശ്‌ശിഴ ലേക്ക്‌ ക്ഷണിക്കുകയാണ്‌.............
യഥാര്‍ത്ഥ `ആനന്ദോത്സവ' മെന്തെന്ന്‌ (Pleasure nights അല്ല!) അവര്‍ക്ക്‌ art of living ലൂടെ നിസ്സംശയം ഗ്രഹിക്കാനാകും. (`വേദന അനിവാര്യമാണ്‌. എന്നാല്‍ ദുരിതങ്ങള്‍ തെരഞ്ഞെടുക്കുപ്പെടുന്നവയത്രേ) എന്ന സനാതന സത്യവും. ഒപ്പം `സാധന-സത്‌സംഗ്‌-സേവ-സുസ്‌മിതം' എന്ന 4S (Four stroke!) ആത്മമന്ത്രവും.
j.k.l.f. ലേയും p.w.gയിലേയും കൊടുംഭീകരന്മാര്‍ വരെ ഇന്ന്‌ art of livingലൂടെ, ജീവിതത്തില്‍ ശ്രേയസും പ്രേയസും നിറയ്‌ക്കുന്ന, യഥാര്‍ത്ഥ ആദ്ധ്യാത്മികപാതയിലേക്കു പ്രവേശിച്ചു കഴിഞ്ഞു. രത്‌നാകരന്‌ വാല്‍മീകിയാകാമെങ്കില്‍ പിന്നെന്തുകൊണ്ട്‌................
`സുദര്‍ശന ക്രിയ'യാല്‍ അവര്‍ക്ക്‌ പ്രാണശുദ്ധിയും ചിത്തശുദ്ധിയും, ശരീരശുദ്ധിയും സംഭവിക്കുക തന്നെ ചെയ്യും. `പഞ്ചഭൂതങ്ങളില്‍' നിന്നു വരുന്ന നാം പഞ്ചഭൂതങ്ങളിലേക്കു തന്നെ മടങ്ങുമെന്നതിനാല്‍ ഈ ജീവിതത്തില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കൃത്യം `മാനവസേവ' യാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമാവുക തന്നെ ചെയ്യും. ശരീരം, പ്രാണന്‍, മനസ്‌, ബുദ്ധി, ഓര്‍മ്മ, അഹങ്കാരം, ആത്മാവ്‌ എന്നിങ്ങനെ അസ്‌തിത്വത്തിന്റെ ഏഴുതലങ്ങളെക്കുറിച്ചുള്ള അറിവ്‌ അമൂല്യമായ ഈ ജീവിതത്തെ ആദരിക്കുവാന്‍ അവരെ പ്രാപ്‌തരാക്കുക തന്നെ ചെയ്യും.
`ഉല്ലാസഗേഹ'ങ്ങളുടെ അരണ്ടവെളിച്ചം പരക്കുന്നതാകില്ല ആ കൊച്ചുകേരളത്തിന്റെ ഉത്തരാധുനിക സന്ധ്യകള്‍. നളിനിജമീലയും കൂട്ടുകാരികളും മലയാളി മങ്കമാരുടെ ധീരനേതൃത്വം ഏറ്റെടുക്കുന്ന ചരിത്രമുഹൂര്‍ത്തത്തിനാകും അത്‌ സാക്ഷ്യം വഹിക്കുക. ആരെയും എതിര്‍ത്തു തോല്‍പ്പിക്കുവാനോ, അവകാശങ്ങള്‍ നേടിയെടുക്കുവാനോ അല്ല, സ്‌നേഹപ്രചുരിമയാല്‍ ഏവരെയും കീഴടക്കുവാനും `സാക്ഷര കേരള' ത്തിന്റെ യശസ്‌ വിണ്‍ഗംഗയോളം ഉയര്‍ത്തുവാനും. `ബഹുജനഹിതായാം ബഹുജനസുഖായാം', എന്ന ബുദ്ധമന്ത്രം ഉരുവിട്ടുകൊണ്ട്‌!.

No comments: