Sunday, July 17, 2011

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ.......


ഇനി 'വേശ്യാവൃത്തിയെ' ഒരു തൊഴിലായി അംഗീകരിക്കാന്‍ നമുക്കല്‍പ്പം സൗമനസ്യം കാട്ടിനോക്കാം. `വിട്ടുകള, പാവങ്ങള്‌ ജീവിച്ചു പൊയ്‌ക്കോട്ടെ' എന്ന്‌ മലയാളത്തിലെ ഒരു തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഈ ലേഖകനോടു പറഞ്ഞതു പോലെ! 'സെക്‌സ്‌ വര്‍ക്കിനെ' മലയാളിസ്‌ത്രീകള്‍ വ്യാപരിക്കുന്ന പ്രധാനപ്പെട്ട മറ്റു തൊഴിലുകളുമായി നമുക്കൊന്നു താരതമ്യം ചെയ്‌തു നോക്കാം. വൈവിധ്യമാര്‍ന്ന രീതിയില്‍ കൊയ്യാനും (താഴ്‌ത്തിക്കൊയ്യെടീ പെണ്ണാളേ' എന്ന നാടന്‍ പാട്ടോര്‍ക്കുക!) കറ്റമെതിക്കാനും അറിയാവുന്നവരാണു കേരളത്തിലെ വനിതാവൃത്തിയുടെ മാതൃസ്ഥാനം വഹിക്കുന്ന കര്‍ഷകത്തൊഴിലാളി സ്‌ത്രീകള്‍ - പുലയുടെ (പാടത്തിന്റെ) അധിപയായിരുന്നു പുലയി. ഒരു പക്ഷെ തമ്പ്രാക്കളേക്കാള്‍, നന്നായി, അവര്‍ക്കു ഞാറ്റുവേലകള്‍ പോലുമറിയാമായിരുന്നു. തൊണ്ടുതല്ലുന്നവരും കയറു പിരിക്കുന്നവരും അണ്ടിതല്ലുന്നവരും കൊഞ്ചു നുള്ളുന്നവരുമായ പരസഹസ്രം സ്‌ത്രീജനങ്ങള്‍ക്കും തങ്ങളുടെ തൊഴില്‍ നന്നായി അറിയാം. എന്തിന്‌, ഇക്കാലത്തെ ഒരു സെയില്‍സ്‌ ഗേളിനു പോലും!
എന്നാല്‍ ഇക്കാലത്തെ ഒരു `സെക്‌സ്‌ വര്‍ക്കര്‍ക്ക്‌' ലൈംഗികതയെക്കുറിച്ചുള്ള `അഗാധജ്ഞാനം' നമുക്ക്‌ ഇതിനകം മനസ്സിലായിരിക്കുമല്ലോ!
കര്‍ഷകത്തൊഴിലാളി മുതല്‍ സെയില്‍സ്‌ ഗേള്‍വരെയുള്ള നാരീമണികളെല്ലാം തങ്ങളുടെ `വൃത്തി' ശരീരംകൊണ്ടാണ്‌ ഭംഗിയായി നിര്‍വ്വഹിക്കുന്നത്‌! എന്നാല്‍ ശരീരവും മനസ്സും ആത്മാവും അന്തര്‍നിഹിതമായിരിക്കുന്ന ലൈംഗികതയെ ഒരു തൊഴിലാക്കുന്ന 'ലൈംഗികത്തൊഴിലാളി'ക്ക്‌ താന്‍ `ആത്മശൂന്യയായതിനാല്‍ (പണത്തിലാണു കണ്ണെന്നതിനാല്‍) ഒരു വൃത്തി'യെന്ന്‌ തന്റെ `പ്രവൃത്തിയെ' വിശേഷിപ്പിക്കുവാന്‍ യോഗ്യതയില്ല. അഥവാ വ്യഭിചാരത്തെ ഒരു തൊഴിലായി വാദത്തിന്‌ അംഗീകരിച്ചാല്‍പ്പോലും കര്‍ഷകത്തൊഴിലാളി മുതല്‍ സെയില്‍സ്‌ഗേള്‍വരെ, തങ്ങളുടെ ശരീരത്തെയും ആത്മാവിനെയും പണയം വയ്‌ക്കാതെ അന്തസ്സായിതൊഴില്‍ ചെയ്‌തു ജീവിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത്‌ സ്‌ത്രീത്വത്തെ ഇവ്വിധം അപമാനിക്കുന്നതിനു ആര്‍ സമാധാനം പറയും? സ്‌ത്രീത്വത്തിന്റെ മുഖമുദ്രതന്നെ ഭാരതത്തിലെങ്കിലും ചാരിത്ര്യശുദ്ധിയാണ്‌. അതുകൊണ്ടുതന്നെ സ്‌ത്രീത്വത്തെ അപമാനിക്കുന്ന ഒരു കൃത്യത്തില്‍ സ്‌ത്രീകള്‍ തന്നെ ഏര്‍പ്പെടുന്നതിനെ ഭരണഘടന അംഗീകരിക്കുന്നുണ്ടോ? നാളെ ഒരു സുപ്രഭാതത്തില്‍ `ലൈംഗികത്തൊഴിലാളികള്‍ക്കു' പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ ആ `തൊഴിലിലേക്ക്‌' കടന്നു വരികയും കര്‍ഷകത്തൊഴിലാളി പെന്‍ഷനൊപ്പം അതിനും വക കണ്ടെത്താന്‍ ഗവണ്‍മെന്റിനു ബുദ്ധിമുട്ടേണ്ടതായും വരും. ആയതിനാല്‍ മുന്‍ചൊന്ന വസ്‌തുതകളെല്ലാം പരിഗണിച്ച്‌;
`വ്യഭിചാരത്തെ സൂചിപ്പിക്കുവാന്‍ `ലൈംഗികത്തൊഴില്‍' എന്ന പദം അച്ചടി-ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ പ്രയോഗിക്കുന്നതിനെ ഗവണ്‍മെന്റ്‌ നിയമംമൂലം നിരോധിക്കേണ്ടതാണ്‌.'

No comments: