Monday, December 10, 2012

രതിവിജ്ഞാനം:തുടര്‍ച്ച

സ്ത്രീയ്ക്കും പുരുഷനും അനുഭവപ്പെടുന്ന ആനന്ദം ഒരേവിധം തന്നെയാണെന്നാണ് വാത്സ്യായനന്റെ പക്ഷം. ഇരുവരുടെയും പ്രയത്‌നം ഒരേ ലക്ഷ്യത്തിനായിരിക്കെ അവര്‍ അനുഭവിക്കുന്ന സുഖത്തിന്റെ കാര്യത്തില്‍ വ്യത്യാസം വരുന്നതെങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പുരുഷന്‍ കര്‍ത്താവും സ്ത്രീ പാത്രവുമാകുന്നു. താന്‍ സ്ത്രീയെ സംയോഗം ചെയ്യുകയാണെന്ന് പുരുഷനും പുരുഷനാല്‍ താന്‍ സംയോഗം ചെയ്യപ്പെടുകയാണെന്ന് സ്ത്രീയും തൃപ്തരാകുന്നതായി വാത്സ്യായനന്‍ പറയുന്നു. ഒരേ പ്രവര്‍ത്തനത്തില്‍ നിന്ന് സ്ത്രീപുരുഷന്‍മാര്‍ക്ക് വ്യത്യസ്ത സുഖാനുഭവമുണ്ടാകാനിടയില്ല എന്നാണ് വാത്സ്യായനന്‍ കരുതുന്നത്. അവരുടെ സുഖാനുഭവങ്ങള്‍ക്ക് വ്യാത്യാസം കാണാമെന്ന വാദത്തെ അദ്ദേഹം ഖണ്ഡിക്കുന്നു. പുരുഷന്‍ കര്‍ത്താവും സ്ത്രീ വിധേയയുമായതിനാല്‍ സ്ത്രീക്കു സംഭോഗാവസരത്തില്‍ തുല്യപങ്കാളിത്തമില്ലെന്ന വാദത്തെയും വാത്സ്യായനന്‍ നിരാകരിക്കുന്നുണ്ട്. ലൈംഗികാവയവങ്ങളുടെ ഉദ്ദീപനങ്ങളിലൂടെ ഇരുവരും വികാരോത്തേജിതരായി പരസ്പരം സംതൃപ്തി അടയുകയാണ്. ക്രീഢാരംഭം മുതല്‍ക്കേ സ്ത്രീ രതിമൂര്‍ച്ച അനുഭവിക്കുന്നുവെന്ന വാദത്തെ വാത്സ്യായനന്‍ അംഗീകരിക്കുന്നില്ല. കുശവന്റെ ചക്രവും പമ്പരവും സാവധാനം കറങ്ങി ക്രമേണ വേഗതയാര്‍ജ്ജിക്കുന്നതു പോലെയാണ് സ്ത്രീ വികാരവതിയായി രതിമൂര്‍ച്ഛയെ പ്രാപിക്കുന്നതെന്ന് വാത്സ്യായനന്‍ വ്യക്തമാക്കുന്നു. പുരുഷനെന്ന പോലെ സ്ത്രീയ്ക്കും കാമോത്തേജനം അനിവാര്യമാണെന്ന് വാത്സ്യായനന്‍ ഊന്നിപ്പറയുന്നുണ്ട്. കാമോത്തേജനം തീവ്രമാകുമ്പോള്‍ രതിക്രീയയില്‍ അളവറ്റ അനുഭവങ്ങള്‍ ഉളവാകുന്നു. സംഭോഗകാലം യഥാവിധി ദീര്‍ഘിപ്പിക്കുന്നതിന് പുരുഷനും സ്ത്രീയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.

മൈഥുനത്തില്‍ സ്ത്രീപുരുഷന്മാര്‍ വിഭിന്ന സുഖാനുഭൂതികളാണ് കാംക്ഷിക്കുന്നതെന്ന ഒരു വാദഗതിയുണ്ട്. ഇതിനോട് വാത്സ്യായനന്‍ യോജിക്കുന്നില്ല. ആടുകള്‍ തമ്മില്‍ കുത്തുമ്പോഴും ഒരുകായ കൊണ്ട് മറ്റൊരു കായയെ എറിയുമ്പോഴും രണ്ടു കര്‍ത്താക്കന്മാരാണുള്ളതെങ്കിലും ഇരുവര്‍ക്കും ഒരേ അനുഭവമല്ലേ ഉളവാകുന്നതെന്ന് ആചാര്യന്‍ ചോദിക്കുന്നു.

സ്ത്രീപുരു.ഷന്മാരുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം, സംഭോഗത്തിനെടുക്കുന്ന കാലം, സുഖത്തിന്റെ വ്യാപ്തി എന്നിവയെ അടിസ്ഥാനമാക്കി ഒന്‍പതുതരം രതങ്ങളുണ്ടെന്ന് ആചാര്യന്‍ സൂചിപ്പിക്കുന്നു. രസം, രതി, പ്രീതി, ഭാവം, രാഗം, വേഗം, സമാപ്തി എന്നിവ രതിപര്യായങ്ങളും സാമ്പ്രയോഗം, രതം, രഹസ്സ്, ശയനം, മോഹനം എന്നിവ സുരതപര്യായങ്ങളുമാകുന്നു.

ഇന്ദ്രിയങ്ങളോടു ബന്ധപ്പെട്ട ആനന്ദത്തെ രസം എന്നു പറയുന്നു. മനസ്സിന്റെ മന്മഥരസമാണ് രതി. രണ്ടുഹൃദയങ്ങള്‍ തമ്മിലുള്ള മേളനത്തെ സൂചിപ്പിക്കുന്നതിനു പ്രീതി എന്ന പദം ഉപയോഗിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ ശാരീരികമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് ഭാവം. മനസ്സില്‍ സ്‌നേഹം നിറഞ്ഞുതുളുമ്പുന്നത് രാഗം. ശുക്ലത്തിന്റെയും രേതസ്സിന്റെയും തള്ളിച്ചയെ വേഗമെന്നു വിശേഷിപ്പിക്കുന്നു. മൈഥുനം അതിന്റെ പരമകാഷ്ഠയില്‍ എത്തുമ്പോള്‍ സമാപ്തിഭാവം ഉദയം ചെയ്യുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും സംയോഗമാണ് രതം എന്നത്. സമസ്തലോകത്തെയും വിസ്മരിച്ചുകൊണ്ടുള്ള ഇഴുകിച്ചേരലാണ് രഹസ്സ്. വ്യത്യസ്തമായ സംഭോഗവിധികളെ ശയനം എന്നു വിശേഷിപ്പിക്കുന്നു. അന്തരംഗത്തില്‍ നിന്നു ക്രീഡാചിന്തയല്ലാതെ മറ്റെല്ലാം ഒഴിഞ്ഞ അവസ്ഥയാണു മോഹനം. സുരത സമ്പ്രദായങ്ങളെ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തി ഉപചാരങ്ങള്‍ പ്രയോഗിക്കണമെന്ന് വാത്സ്യായനന്‍ നിര്‍ദ്ദേശിക്കുന്നു. സമരതമോ വിഷമരതമോ ഏതായാലും വിവേകപൂര്‍വ്വം ആലോചിച്ച് രതിതന്ത്രങ്ങള്‍ പ്രയോഗിക്കണമെന്നാണ് ആചാര്യന്റെ ഉപദേശം. സമ-വിഷമരതങ്ങള്‍ കണക്കുകൂട്ടിയാല്‍ 729 തരം ലഭിച്ചെന്നിരിക്കും. സംഭോഗവേളയില്‍ ബുദ്ധിയും ഉപായവും ഉപയോഗിച്ചാണ് ഇവയെ പ്രയോഗിക്കേണ്ടത്.

പ്രഥമസംഭോഗത്തില്‍ പുരുഷന്‍ വികാരാവേശം പ്രദര്‍ശിപ്പിക്കുമെങ്കിലും സംഭോഗദൈര്‍ഘ്യം താരതമ്യേന കുറവായിരിക്കും. ഒന്നുരണ്ടു പ്രാവശ്യം സംഭോഗപരിചയം നേടുന്നതോടെ സമയദൈര്‍ഘ്യം കൂടുന്നതായി കാണപ്പെടുന്നു. സ്ത്രീകള്‍ക്കാകട്ടെ പ്രഥമസംഭോഗത്തില്‍ കുറഞ്ഞ വികാരവും കൂടുതല്‍ സമയവുമാണ് അനുഭവപ്പെടുക. രണ്ടാം സംയോഗത്തിലാകട്ടെ വികാരാവേശം വര്‍ദ്ധിക്കുകയും സമയദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. സ്ത്രീകള്‍ മൃദുലാംഗികളാകയാലും ബാഹ്യലീലകള്‍ക്കു വിധേയരാകയാലും നൈസര്‍ഗ്ഗിക ഗുണത്താല്‍ അവര്‍ക്കു പെട്ടെന്നു പ്രീതി ഭവിക്കുമെന്ന് ലൈംഗിക ശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.