Saturday, December 22, 2012

രതിവിജ്ഞാനം ;വൃഷണങ്ങളും ലൈംഗികക്ഷമതയും

വൃഷണങ്ങളും ലൈംഗികക്ഷമതയും
ലൈംഗികാനുഭൂതിയുടെ കാര്യത്തില്‍ വൃഷണങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും ലൈംഗികക്ഷമതയുടെ കാര്യത്തില്‍ അത് പരോക്ഷമായ പങ്കുവഹിക്കുന്നുണ്ട്. ബീജങ്ങളെ ഉല്പാദിപ്പിക്കുന്നതിനു പുറമേ ടെസ്റ്റോസ്റ്റിറോണ്‍ എന്ന പൗരുഷാന്തര്‍സ്രാവവും അത് ഉല്പാദിപ്പിക്കുന്നുണ്ട്. കൗമാരത്തില്‍ ലിംഗത്തിന് വലിപ്പമേറുക, ഗുഹ്യരോമങ്ങള്‍ പ്രത്യക്ഷപ്പെടുക, മീശ വളരുക, സ്വരയന്ത്രം വലുതാകുക, ശബ്ദത്തിനു കനം വയ്ക്കുക തുടങ്ങിയ പൗരുഷസ്വഭാവങ്ങള്‍ ഉടലെടുക്കുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ പ്രേരണ മൂലമാണ് അത്തരം ദ്വിതീയ ലൈംഗികസ്വഭാവങ്ങള്‍ ആവിര്‍ഭൂതമാകുന്നത്. വൃഷണങ്ങളും അത് ഉല്പാദിപ്പിക്കുന്ന അന്തര്‍സ്രാവവും ലൈംഗികസ്വഭാവങ്ങള്‍ രൂപീകരിക്കുന്നതില്‍ സുപ്രധാനസ്ഥാനം വഹിക്കുന്നു.
ലൈംഗികക്ഷമതയുടെ കാര്യത്തില്‍ വൃഷണങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. ഒരാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെടുന്നതോ അതിനു ക്ഷതമേല്‍ക്കുന്നതോ അയാളുടെ ലൈംഗികജീവിതത്തെ ബാധിക്കുകതന്നെ ചെയ്യും. എന്നാല്‍ എപ്പോള്‍ വൃഷണം നഷ്ടപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും കാര്യത്തിന്റെ ഗൗരവം കൂടുകയോ കുറയുകയോ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് വൃഷണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ലൈംഗികാനന്ദം നുകരുവാന്‍ ഒരാള്‍ക്ക് ഒരിക്കല്‍പ്പോലും അവസരം ലഭിക്കില്ല. യാതൊരു ലൈംഗികവളര്‍ച്ചയുമില്ലാത്ത ഒരു ശിഖണ്ഡിയായിത്തീരും അയാള്‍. കാര്യമായ പുരുഷലക്ഷണങ്ങളൊന്നും തന്നെ അയാളില്‍ കാണപ്പെടില്ല. അയാളുടെ ലിംഗം തീരെ ചെറുതായിരിക്കും. ശബ്ദം സ്‌ത്രൈണമായിരിക്കും. പുരുഷന്മാര്‍ക്കുള്ളതുപോലെ ശരീരത്തില്‍ രോമരാജി കാണപ്പെടില്ല. സ്‌ത്രൈണപ്രകൃതമായിരിക്കും അയാളില്‍ മുന്നിട്ടു നില്‍ക്കുക. ഉയരംകൂടി മെലിഞ്ഞു വിളര്‍ത്ത ശരീരത്തിന് പുരുഷസഹജമായ വളര്‍ച്ച കാണില്ല. നപുംസകങ്ങള്‍ എന്നോ ശിഖണ്ഡികള്‍ എന്നോ ആണ് ഇവര്‍ അറിയപ്പെടുന്നത്. പ്രാചീനകാലത്ത് അന്തഃപുരങ്ങളിലും മറ്റും നപുംസകങ്ങളെ കാവല്‍ നിര്‍ത്തിയിരുന്നു. ചൈനയില്‍ നപുംസകങ്ങള്‍ രാജ്യകാര്യങ്ങളില്‍ വരെ പ്രധാനപങ്കുവഹിച്ചു. ഒന്നോ രണ്ടോ നൂറ്റാണ്ടു മുന്‍പു വരെ ഇത്തരം നടപടികള്‍ തുടര്‍ന്നുപോന്നു. മധ്യയുഗത്തിലെ ഗായകസംഘങ്ങളില്‍ ബാലന്മാരെ സ്‌ത്രൈണശബ്ദത്തില്‍ പാടുന്നതിനുവേണ്ടി നപുംസകങ്ങളാക്കി മാറ്റാറുണ്ടായിരുന്നു. ഇത്തരം പ്രവണതകള്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകം വരെ നിലനിന്നിരുന്നതായി പറയപ്പെടുന്നു. റഷ്യയിലെ ചില ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ബാഹ്യലൈംഗികാവയവങ്ങള്‍ നീക്കം ചെയ്യുന്ന ആചാരാനുഷ്ഠാനം നിലനിന്നിരുന്നുവത്രേ. വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും ശിഖണ്ഡികള്‍ ഒരു സ്ഥിരം കാഴ്ചയാണ്. തങ്ങളുടെ കുലദേവതയ്ക്ക് ലൈംഗികാവയവങ്ങള്‍ ഛേദിച്ചു നല്‍കുന്നതിലൂടെയാണ് ഇവര്‍ ശിഖണ്ഡികളായിത്തീരുന്നത്. 15-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ആഫ്രിക്കന്‍ തീരം വരെ കപ്പലോടിച്ചുചെന്ന ചെങ്‌ഹോ (Cheng Ho) ഒരു ശിഖണ്ഡിയായിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികളായതിനാല്‍ രണ്ടുകൂട്ടരുടെയും താല്പര്യങ്ങള്‍ നോക്കിക്കണ്ട് പ്രവര്‍ത്തിക്കാന്‍ നപുംസകങ്ങള്‍ക്ക് നൈപുണ്യമുള്ളതിനാലായിരുന്നു അവരെ അന്തഃപുരങ്ങളിലും മറ്റും വിവിധജോലികള്‍ക്കായി നിയോഗിക്കുവാന്‍ കാരണം. അപൂര്‍വ്വം ചില നപുംസകങ്ങള്‍ മന്ത്രിസ്ഥാനത്തേക്കു വരെ ഉയര്‍ത്തപ്പെട്ടിരുന്നുവെങ്കിലും സ്ത്രീപരിചരണ സംബന്ധിയായ ജോലികള്‍ക്കാണ് അവര്‍ കൂടുതലും നിയോഗിക്കപ്പെട്ടിരുന്നത്.

ഷണ്ഡത്വമുള്ളവരില്‍ ഉഭയലിംഗമുള്ള വ്യക്തികളും (Hermaphrodites) നപുംസകങ്ങളും (Eunuchs) ഉള്‍പ്പെടുന്നു. ഗ്രീക്കുദേവനായ ഹെര്‍മിസിന്റെയും ഗ്രീക്കുദേവിയായ അഫ്രോഡെറ്റിന്റെയും ഗുണങ്ങള്‍ ഒരാളില്‍ കാണപ്പെടുന്നതിനാലാണ് ഉഭയലിംഗമുള്ള വ്യക്തികളെ ഹെര്‍മാഫ്രോഡൈറ്റ് എന്നു വിളിക്കുന്നത്. അത്തരം വൈകല്യമുള്ളവരില്‍ ഗര്‍ഭാശയസംബന്ധിയായ കോശങ്ങളും വൃഷണസംബന്ധിയായ കോശങ്ങളുമുണ്ടാകും. എന്നാല്‍ അവരിലെ ഗ്രോണാഡു ഗ്രന്ഥികള്‍ വികസിക്കാത്തതിനാല്‍ അവര്‍ക്ക് ബീജോല്പാദന ശക്തി ഉണ്ടായിരിക്കുകയില്ല.

വൃഷണങ്ങള്‍ നീക്കപ്പെട്ട് പൗരുഷം നഷ്ടപ്പെട്ടുപോയ വ്യക്തികളെയാണ് നപുംസകങ്ങള്‍ (Eunuchs) എന്നു വിളിക്കുന്നത്. ഹെമോഫ്രോഡൈറ്റുകള്‍ ജന്മനാ അങ്ങനെ ആയിത്തീര്‍ന്നവരും യൂനക്കുകള്‍ അന്തഃപുരജോലികള്‍ക്കും മറ്റുമായി വൃഷണം ഉടച്ച് പൗരുഷം കെടുത്തപ്പെട്ടവരുമാണ്. നപുംസകങ്ങള്‍ എന്നുമുതലാണ് അന്തഃപുരസേവകരായും മറ്റും നിയമിക്കപ്പെട്ടു തുടങ്ങിയതെന്നു കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും ബി.സി.പത്താംശതകത്തില്‍ ചൗ രാജകുടുംബത്തില്‍പ്പെട്ട ചക്രവര്‍ത്തിമാര്‍ തടവുകാരായി പിടിച്ച യുവാക്കളെ വരിയുടച്ച് നപുംസകങ്ങളായി മാറ്റുക പതിവായിരുന്നുവെന്നതിന് രേഖകളുണ്ട്. റോമാക്കാരും ഗ്രീക്കുകാരും അസീറിയക്കാരും അറബികളും പുരുഷന്മാരുടെ വൃഷണച്ഛേദം നടത്തി നപുംസകങ്ങളെ സൃഷ്ടിക്കുക പതിവായിരുന്നു. പ്രാചീനഭാരതത്തിലും ഈ രീതി നിലനിന്നിരുന്നു.

റോമാസാമ്രാജ്യത്തില്‍ നാലുതരത്തിലുള്ള ഷണ്ഡീകരണം നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പുരുഷന്റെ വൃഷണങ്ങളും ലിംഗവും നീക്കംചെയ്ത് നപുംസകമാക്കുന്ന സമ്പ്രദായത്തെ കാസ്റ്ററേറ്റി (Casterati) എന്നു പറഞ്ഞുപോന്നു. വൃഷണങ്ങള്‍ മാത്രം നീക്കം ചെയ്യുന്നതിന് സ്പാഡോണിസ് (Spadones) എന്നായിരുന്നു പേര്. ശക്തി ഉപയോഗിച്ച് വൃഷണങ്ങള്‍ ഉടയ്ക്കുന്നത് ത്‌ളിബോക് (Thlibioc) എന്ന സമ്പ്രദായത്തിലായിരുന്നു. ത്‌ളാറിയോക് എന്ന സമ്പ്രദായത്തിലൂടെ ബീജനാളിയെ നീക്കംചെയ്യുന്ന പതിവും നിലനിന്നിരുന്നു. ഇതില്‍ സ്പാഡോണിസ് ആയിരുന്നു പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നത്. ഇത്തരം മാരകമായ വൃഷണച്ഛേദരീതികള്‍ ജീവഹാനിക്കുവരെ കാരണമായിരുന്നു.
മനുഷ്യന്റെ ലൈംഗികാഭിവാഞ്ഛ ചോര്‍ത്തിക്കളയുന്ന പ്രാകൃതരീതിയില്‍ പ്രാചീന പാശ്ചാത്യസമൂഹം ഒരുപടി കടന്നു. അണ്ഡാശയങ്ങള്‍ നീക്കംചെയ്യുക വഴി അവര്‍ സ്ത്രീകളെയും നപുംസകങ്ങളാക്കി. എന്നാല്‍ പൗരസ്ത്യനാടുകളില്‍ ഇത് അത്ര സര്‍വ്വസാധാരണമായിരുന്നില്ല.

രാജ്യാവകാശത്തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനുപോലും ഷണ്ഡീകരണം പ്രയോജനപ്പെടുത്തിപ്പോന്നു. അസ്സീറിയന്‍ ചക്രവര്‍ത്തിനിയായ സെമിറാമിസ് (Semiramis) തന്റെ ഭര്‍ത്താവിന്റെ വധത്തിനു ശേഷം രാജകൊട്ടാരത്തിലെ എല്ലാ യുവാക്കളെയും വൃഷണഛേദനം നടത്തി ശിഖണ്ഡികളാക്കി.

എന്നാല്‍ ഇപ്രകാരം പുരുഷശക്തി മുറിച്ചുമാറ്റപ്പെടുന്നതുകൊണ്ടു മാത്രം ഒരാള്‍ ലൈംഗികവികാരങ്ങളില്‍ നിന്നു പൂര്‍ണ്ണമായും മുക്തനായിത്തീരുന്നില്ലെന്നതാണ് ദുഃഖകരമായ ഒരു സത്യം. ഫ്രഞ്ച് ഡോക്ടറായ മാറ്റഗ്നന്‍ ചൈനയില്‍ താമസിച്ചിരുന്ന കാലത്തെ തന്റെ അനുഭവങ്ങളില്‍ നിന്ന് നപുംസകങ്ങള്‍ സ്ത്രീകളോട് ഇടപഴകുന്നതില്‍ പ്രത്യേക താല്‍പ്പര്യം പ്രദര്‍ശിപ്പിച്ചിരുന്നതായി രേഖപ്പെടുത്തുന്നു. എന്നാല്‍ നന്നേ ചെറുപ്പത്തില്‍ വൃഷണച്ഛേദം നടത്തുന്നവരില്‍ അത്തരം വികാരം താരതമ്യേന കുറവായിരിക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. പത്തുവയസ്സിനു മുന്‍പ് വൃഷണച്ഛേദം നടത്തപ്പെട്ടവരെ ചൈനക്കാര്‍ പരിശുദ്ധിയുള്ളവരായി കരുതിയിരുന്നുവത്രേ. ജീവിതയോധനത്തിനായും ചൈനയിലെ ചെറുപ്പക്കാര്‍ നപുംസകവൃത്തി സ്വീകരിച്ചിരിക്കുന്നതായി ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ യൗവ്വനാരംഭത്തിനു മുമ്പുതന്നെ നീഗ്രോകളെ ഷണ്ഡന്മാരാക്കുന്ന സമ്പ്രദായം നിലനിന്നിരുന്നുവത്രേ. എങ്കിലും അവരില്‍പ്പലരും ഇടയ്ക്കിടെ വികാരാധീനരായാണ് കാണപ്പെട്ടിരുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികവികാരം അനുഭവപ്പെടുമെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതാണ് ശിഖണ്ഡികളുടെ ദുര്യോഗം.

ലൈംഗികവളര്‍ച്ച പൂര്‍ത്തിയാക്കപ്പെട്ടശേഷം വൃഷണങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ ഫലം തീര്‍ത്തും വ്യത്യസ്തമായിരിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് മൈന്‍സ്‌ഫോടനത്തിലും മറ്റും വൃഷണങ്ങള്‍ നഷ്ടപ്പെട്ടവരില്‍ നടത്തിയ പഠനങ്ങള്‍ ഒട്ടേറെ രസകരമായ വസ്തുതകളെ പുറത്തുകൊണ്ടുവന്നു. രണ്ടുനിലയില്‍ പൊട്ടുന്ന ഒരിനം മൈന്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മന്‍കാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അത്തരം മൈനുകളില്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ അത് പൊട്ടിത്തെറിക്കുന്നു. എന്നാല്‍ ഭടന്റെ അരയോളമുയര്‍ന്ന മൈന്‍ അവിടെവച്ച് രണ്ടാമതൊരിക്കല്‍കൂടി പൊട്ടിത്തെറിക്കുന്നു. തല്‍ഫലമായി ഭടന് അയാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെടുന്നു. സ്‌ഫോടനത്തിനിരയായ ഭടന്മാരില്‍ പലരീതിയിലുള്ള ഉല്പാദനേന്ദ്രിയ ക്ഷതങ്ങളാണ് സംഭവിച്ചത്. ചിലര്‍ക്ക് ലിംഗത്തിന് ക്ഷതമേല്‍ക്കാതെ വൃഷണം മാത്രം നഷ്ടപ്പെട്ടു. ഇത്തരക്കാര്‍ക്ക് ഏതാനും മാസങ്ങള്‍ക്കം സാധാരണ ലൈംഗികജീവിതത്തിലേര്‍പ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ പകുതിയോളം പേരില്‍ ഏറെതാമസിയാതെ തന്നെ ഷണ്ഡത്വത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അവരുടെ ലിംഗത്തിന്റെ വലിപ്പം കുറയുകയും ശരീരരോമങ്ങള്‍ കൊഴിഞ്ഞുതുടങ്ങുകയും ചെയ്തു. പ്രത്യുല്പാദനാവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും സംഭോഗം അസാധ്യമായിത്തീരുകയും ചെയ്തു. ഉത്തേജനവും ഉദ്ധാരണവും സ്ഖലനവും രതിമൂര്‍ച്ഛയുമൊന്നുമില്ലാത്ത ഒന്നാന്തരം ശിഖണ്ഡികളായിത്തീര്‍ന്നു അവര്‍. മാനസികമായി മാന്ദ്യം സംഭവിച്ച അവര്‍ തീര്‍ത്തും ഉത്സാഹരഹിതരുമായിത്തീര്‍ന്നു.

വൃഷണം നഷ്ടപ്പെട്ട ഭടന്മാരില്‍ അമ്പതുശതമാനത്തിനു സാധാരണ ലൈംഗികജീവിതത്തില്‍ വ്യാപരിക്കാനായി എന്നു പറഞ്ഞുവല്ലോ. ഉദ്ധാരണത്തിന്റെ ശക്തിയും സംഭോഗത്തിന്റെ എണ്ണവും അവരില്‍ കുറഞ്ഞിരുന്നുവെങ്കിലും അവരില്‍ കാര്യമായ ലൈംഗികബലഹീനതയൊന്നും കണ്ടെത്താനായില്ല. സന്തത്യുല്പാദനം ഉണ്ടായിരുന്നില്ലെങ്കിലും സ്ഖലനത്തിലും രതിമൂര്‍ച്ഛയിലുമൊന്നും അവര്‍ ഒട്ടും പിന്നോക്കമായിരുന്നില്ല. വൃഷണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അവരില്‍ കണ്ടെത്തിയ ഈ ലൈംഗികക്ഷമത ഗവേഷകരെ അത്ഭുതപ്പെടുത്തി. എന്നാല്‍ പിന്നീട് ഇതിന്റെ രഹസ്യം ചുരുളഴിയിക്കപ്പെട്ടു. അധിവൃക്കഗ്രന്ഥി എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥി ഓരോ വൃക്കയുടെയും മുകളിലായി കാണപ്പെടുന്നുണ്ട്. ഈ ഗ്രന്ഥിയും ചെറിയൊരളവില്‍ പൗരുഷാന്തര്‍സ്രാവം ഉല്പാദിപ്പിക്കുന്നുണ്ട്. ലൈംഗികക്ഷമത നിലനിര്‍ത്താനാവശ്യമായ ഈ ഗ്രന്ഥിക്ക് നാശം സംഭവിച്ചിട്ടില്ലാത്തതിനാലാണ് അവരില്‍ ലൈംഗിക ബലഹീനത തീര്‍ത്തും സംഭവിക്കാതിരുന്നത്. ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ വൃഷണങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ഭടന്മാര്‍ക്കും പൗരുഷാന്തര്‍സ്രാവമായ ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവച്ചു. ഇത് എല്ലാവരിലും അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കി. അവരുടെ ലിംഗങ്ങള്‍ വളര്‍ന്ന് തുടങ്ങുകയും ശബ്ദത്തിന് പൗരുഷം വീണ്ടുകിട്ടുകയും ചെയ്തു. പുരുഷസഹജമായ രോമരാജിയും കിളിര്‍ത്തു തുടങ്ങി. അവരുടെ ലൈംഗിക വികാരം പുനഃസ്ഥാപിക്കപ്പെട്ടുവെന്നതായിരുന്നു ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യം. ഉദ്ധാരണവും സ്ഖലനവും രതിമൂര്‍ച്ഛയും തിരികെ വന്ന അവര്‍ #ുഴയുതപോല തന്നെ ആനന്ദകരമായ ലൈംഗിക ജീവിതം നയിക്കുവാന്‍ പ്രാപ്തരായിത്തീര്‍ന്നു. പൗരുഷം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവരിലാകട്ടേ ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവച്ചതിലൂടെ ലൈംഗികോര്‍ജ്ജം കൂടുതല്‍ ശക്തമായി.

പൗരുഷാന്തര്‍സ്രാവം കുത്തിവയ്ക്കുന്നതിലൂടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലൈംഗികക്ഷമത വീണ്ടെടുക്കാനായെങ്കില്‍ വൃഷണങ്ങള്‍ ഉള്ളവരിലെ ലൈംഗികബലഹീനത നീക്കാനും അതുപകരിക്കില്ലേ എന്നായി ശാസ്ത്രജ്ഞന്മാരുടെ അന്വേഷണം. എന്നാല്‍ പലരിലും പൗരുഷാന്തര്‍സ്രാവം കുത്തിവച്ചിട്ടും അവരുടെ ലൈംഗികശേഷിയില്‍ വലിയ പുരോഗതിയൊന്നും കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ ശാസ്ത്രജ്ഞന്മാരെ മറ്റുചില നിഗമനങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചു. വൃഷണങ്ങള്‍, അധിവൃക്കഗ്രന്ഥികള്‍ ഇവയെക്കൂടാതെ ലൈംഗികാന്തര്‍സ്രാവത്തിന്റെ ഉല്പാദനത്തെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രന്ഥികൂടിയുണ്ട് മനുഷ്യശരീരത്തില്‍ - പിയൂഷഗ്രന്ഥി (Pituitary gland). പൗരുഷാന്തര്‍സ്രാവം കൂടുതലായി ഉല്പാദിപ്പിക്കുന്നത് വൃഷണങ്ങളും കുറച്ചൊക്കെ അധിവൃക്ക ഗ്രന്ഥികളുമാണെങ്കിലും അതിന്‍രെ വിതരണം നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ കീഴ്ഭാഗത്തുള്ള പിയൂഷഗ്രന്ഥിയാണ്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിന്റെ ആജ്ഞാനുവര്‍ത്തിയായ ഈ ഗ്രന്ഥി മറ്റു ഗ്രന്ഥികള്‍ ആവശ്യത്തിലുമധികം അന്തസ്രാവം ഉല്പാദിപ്പിച്ചാല്‍ അതിന്റെ ഉല്പാദനം കുറയ്ക്കുകയോ പരിപൂര്‍ണ്ണമായി നിര്‍ത്തുകയോ ചെയ്യും. എന്നാല്‍ ഗ്രന്ഥികള്‍ വളരെക്കുറച്ചേ അന്തര്‍സ്രാവം പുറപ്പെടുവിക്കുന്നുള്ളുവെങ്കില്‍ പിയൂഷഗ്രന്ഥി അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയാവും ചെയ്യുക. അങ്ങനെ ഗ്രന്ഥിയുടെ ഉല്പാദനക്കുറവുകൊണ്ട് ടെസ്റ്റോസ്റ്റിറോണ്‍ കുറവായ രോഗികള്‍ക്ക് നാം കൃത്രിമമായി അതു നല്‍കിയാല്‍ നിശ്ചയമായും പിയൂഷഗ്രന്ഥികള്‍ ഇടപെട്ട് വൃക്കകളുടെയും അധിവൃക്കകളുടെയും അന്തര്‍സ്രാവ ഉല്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്പ്പിക്കും. ഇത് വൃഷണങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദിപ്പിക്കുകയും നിര്‍ണ്ണായകമായ ആ അവയവം ദിനംപ്രതി ചുരുങ്ങിവരികയും ചെയ്യും. മറുഭാഗത്ത് കൃത്രിമ അന്തര്‍സ്രാവം യഥാര്‍ത്ഥ അന്തര്‍സ്രാവത്തിന്റെ ഫലം ചെയ്യുന്നില്ലെന്നു മാത്രമല്ല മറ്റുപല ശാരീരിക പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങളൊക്കെയും വ്യക്തമാക്കുന്നത് വൃക്കകള്‍ക്ക് ലൈംഗികക്ഷമതയുടെ കാര്യത്തില്‍ പ്രത്യക്ഷമായ പങ്കൊന്നുംതന്നെ വഹിക്കുവാനില്ല എന്ന വസ്തുതയെയാണ്. ആവശ്യമായ ബീജങ്ങളും അന്തര്‍സ്രാവങ്ങളും ഉല്പാദിപ്പിക്കുക മാത്രമാണ് അതിന്റെ ജോലി. അതേസമയം പൗരുഷനിര്‍ണ്ണയത്തിലും പൗരുഷലൈംഗികസ്വഭാവ രൂപീകരണത്തിലും അത് പ്രധാനപങ്കുവഹിക്കുന്നുണ്ടുതാനും.

വൃഷണം എല്ലായ്‌പ്പോഴും വൃഷണകോശത്തിലല്ല സ്ഥിതിചെയ്യുന്നത്. ജനനസമയത്തിന് അല്പം മുമ്പുവരെ അത് ഉദരഗുഹയ്ക്കുള്ളിലാണിരിക്കുക. പ്രസവത്തിനല്‍പ്പം മുന്‍പ് അത് വൃഷണകോശങ്ങളിലേക്കിറങ്ങുന്നു. സാധാരണഗതിയില്‍ ശിഷ്ടജീവിതകാലം മുഴുവന്‍ അത് വൃഷണകോശങ്ങളില്‍ത്തന്നെയിരിക്കുമെങ്കിലും ഉദരഗുഹയിലേക്ക് ഇടയ്‌ക്കൊക്കെ മാറിപ്പോയെന്നുമിരിക്കാം. ചിലരില്‍ വൃഷണങ്ങള്‍ ഉദരഗുഹയ്ക്കുള്ളില്‍ നിന്ന് വൃഷണകോശങ്ങളിലേക്ക് ഇറങ്ങാന്‍ മടിക്കുന്നതായി കാണപ്പെടുന്നു. ഇവരുടെ വൃഷണകോശങ്ങള്‍ പൊള്ളയായിരിക്കും. അല്പം പൂര്‍വ്വപീയൂഷാന്തര്‍സ്രാവം (Antenior pituitary hormone) കുത്തിവച്ചാല്‍ അത് താഴെയിറങ്ങുന്നതായി കാണാം. കുത്തിവയ്പ്പിനും വഴങ്ങാത്ത വൃഷണങ്ങളെ ശസ്ത്രക്രിയയിലൂടെ വൃഷണകോശങ്ങളിലെത്തിക്കാവുന്നതാണ്.

വൃഷണകോശങ്ങളുടെ താപനില ശരീരോഷ്മാവിനേക്കാള്‍ അല്പം കുറവായിരിക്കും. ശരീരത്തിന്റെ സാധാരണ ഊഷ്മാവ് 98.6F (36°C) ആണ്. ശരീരത്തിന്റെ ആന്തരികോഷ്മാവാകട്ടെ ഇതിലും അധികമാണ്. 44°C ബീജോല്പാദനത്തിന് ഈ ചൂട് ഒരല്‍പ്പം കൂടുതലാണ്. ചൂടു കൂടുന്തോറും ബീജോല്പാദനം കുറയുകയും പ്രത്യുല്പാദനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. പരിസരോഷ്മാവ് 95° F (35°C) ആയിരിക്കുമ്പോഴാണ് വൃഷണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുക. വൃഷണകോശങ്ങളുടെ ചൂട് ശരീരത്തിന്റെ ബാഹ്യോഷ്മാവിനേക്കാള്‍ അല്പം കുറവായിരിക്കും. അങ്ങനെ വൃഷണങ്ങളുടെ പ്രത്യുല്പാദന ക്ഷമത നിലനിര്‍ത്തുവാന്‍ പ്രകൃതിതന്നെ ഒരു തപസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഉദരഗുഹയ്ക്കുള്ളില്‍ത്തന്നെ ഇരിക്കുന്ന വൃഷണങ്ങള്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വൃഷണങ്ങളുടെ വലിപ്പവും ലൈംഗികോര്‍ജ്ജവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ പ്രത്യുല്പാദന പങ്കുവഹിക്കുന്ന ഒരവയവമായതിനാല്‍ വൃഷണങ്ങളെ കേടുപാട് സംഭവിക്കാതെ സംരക്ഷിക്കേണ്ടതാവശ്യമാണ്. മനുഷ്യരില്‍ വൃഷണങ്ങള്‍ പുറത്ത് തൂക്കിയിടപ്പെട്ടിരിക്കുന്നതിനാല്‍ ആഘാതം മുതല്‍ അണുപ്രസരണം വരെ എന്തും അതിന് സംഭവിച്ചേക്കാം. അപ്രതീക്ഷിതമായ അപകടങ്ങളെ ഒഴിവാക്കാനായില്ലെങ്കിലും വൃഷണങ്ങളെ ഭദ്രമായി സംരക്ഷിക്കേണ്ടത് ആരോഗ്യപരമായ ഒരുത്തരവാദിത്തമാണ്. വൃഷണങ്ങള്‍ക്ക് സ്ഥിരമായി അധികമായ ചൂടേറ്റുകൊണ്ടിരുന്നാല്‍ അവയുടെ ഉല്പാദനക്ഷമത നഷ്ടപ്പെടാം. അതിനാല്‍ അമിതമായ ചൂടേല്‍ക്കാതെ അവയെ സംരക്ഷിക്കേണ്ടതുണ്ട്. ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങള്‍ വൃഷണകോശത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ വൃഷണങ്ങളുടെ ആരോഗ്യത്തിനായി അയഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

വൃഷണസഞ്ചി വീക്കം (Hydrocele)
പ്രായഭേദമന്യേ കണ്ടുവരാറുള്ള ഒരു വൃഷണരോഗമാണിത്. വൃഷണങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന വൃഷണകഞ്ചുകങ്ങള്‍ക്കിടയില്‍ ഒരു ദ്രാവകം ഊറിക്കൂടിവരുന്ന അവസ്ഥാവിശേഷമാണിത്. ശിശുക്കളിലും ഈ രോഗമുണ്ടാകാമെങ്കിലും മധ്യവയസ്സ് കഴിഞ്ഞവരിലാണ് ഇത് കൂടുതലായി കണ്ടുവരാറുള്ളത്. കുട്ടികളിലുണ്ടാകുന്ന വൃഷണസഞ്ചി വീക്കം പ്രത്യേകചികിത്സയൊന്നുമില്ലാതെ സ്വയം ഭേദമാകുകയാണ് പതിവ്. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഇതരരോഗങ്ങളുടെ ഫലമാകാകം വൃഷണകോശവീക്കം എന്നു വിശ്വസിക്കപ്പെടുന്നു. ഈ രോഗത്തിന് സാധാരണയായി വേദന കണ്ടുവരാറില്ല. വേദന ഉണ്ടെങ്കില്‍ മറ്റെന്തോ രോഗം കൂടിയുണ്ടെന്ന് അനുമാനിക്കണം. വൃഷണകോശം ദ്രാവകം നിറഞ്ഞ് വികസിച്ച് മൃദുവും സ്‌നിഗ്ദ്ധവുമായിത്തീരുന്നു. ഒരു ഇരുട്ട് മുറിയില്‍ വെച്ച് വൃഷണസഞ്ചിയില്‍ പതിപ്പിച്ചാല്‍ അത് തീക്കനല്‍പോലെ തിളങ്ങുന്നതായി കാണാം. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല.

ശസ്ത്രക്രീയയാണ് ഹൈഡ്രോസിലിന്റെ ശരിയായ ചികിത്സ. വൃഷണ കഞ്ചുകങ്ങളുടെ പരസ്പരാഭിമുഖമാകുന്ന ഭാഗം സ്രാവസ്വഭാവമുള്ളതാണ്. ഇത് നേരിയ തോതില്‍ ശ്ലേഷ്മം പോലെ ഒരു ദ്രാവകം ഉല്പാദിപ്പിക്കുന്നുണ്ട്. വൃഷണങ്ങള്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാനും മറ്റും ഇത് സഹായിക്കുന്നുണ്ടെങ്കിലും സ്രവണം അധികമാകുന്നത് അസ്വാസ്ഥ്യജനകം തന്നെ. ശ്ലേഷ്മ ദ്രാവകത്തിന്റെ അധികസ്രാവം ഒഴിവാക്കുവാന്‍ ശസ്ത്രക്രിയയിലൂടെ വൃഷണകഞ്ചുകങ്ങള്‍ മുറിച്ചിടുകയാണ് ചെയ്യുന്നത്. അങ്ങനെ സ്രവിക്കുന്ന പ്രതലങ്ങള്‍ അഭിമുഖമല്ലാതായിത്തീരുകയും അവയ്ക്കിടയില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നത് നിലയ്ക്കുകയും ചെയ്യുന്നു.

ശസ്ത്രക്രിയ അസാധ്യമായ സാഹചര്യത്തില്‍ നീര്‍ചോര്‍ത്തിക്കളയുന്ന രീതിയും പ്രയോജനപ്പെടുത്താവുന്നതാണ്. വൃഷണ കഞ്ചുകങ്ങള്‍ക്കിടയില്‍ നിന്ന് പ്രത്യേകസൂചി ഉപയോഗിച്ച് ദ്രാവകം ചോര്‍ത്തിക്കളയുകയാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍ ഇപ്രകാരം നീര്‍വാര്‍ത്തുകളഞ്ഞ ശേഷവും ശ്ലേഷ്മ ദ്രാവകം സ്രവിക്കുമെന്നതിനാല്‍ ടാപ്പിംഗ് ആവര്‍ത്തിക്കേണ്ടതായി വരും.

വൃഷണസഞ്ചി അധികമായി വീങ്ങിയാല്‍ ലിംഗം വലിഞ്ഞ് സംഭോഗത്തിനു തടസ്സം നേരിട്ടേക്കാം.

7 comments:

Unknown said...

ഒരു വൃഷണം ഉയര്‍ന്ന്യം ഒരു വൃഷണം താഴ്ന്നും ഇരിക്കുന്നത് രോഗ ലക്ഷണമാകുമോ,,,, അത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ദൂഷ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടോ ,,,,,,,

ജി. ഹരി നീലഗിരി said...

Pls. cosult a Doctor.

jayesh p said...

വൃഷ്ണം തൂങ്ങിയത് മാറ്റാന് എന്താണ് ചെയ്യുക
വലിപ്പം കുറക്കാന്

Abraham said...

I had a surgery done through nose to scratch off a cyst(tumor) from pituitary gland. due to this cyst, secondary sexual characters like facial and pubic hair was less. but, I had a normal sperm count before the surgery. due to doctor's frightening us, I had to undergo surgery. but later was put on daily dose of thyroxin, cortisol(prednisolon 2.5) and metformin 500 tablets. my life ruined and I struggle till this day.the biggest horror was, after the surgery I was not getting erections! this bloody doctor(Dr.Mathew Chandy, Indo-american hospital vaikom) never informed me that I will be put on these medicines for all my later life on testosterone injections which made me sterile and also accelerates testicular atrophy. with testosterone injections I can achieve normal behaviour(erections, ejaculations) but no sperms! azoospermia induced due to pituitary not producing stimulating hormone. Now, I am married for 2 years and we are trying for kids. I have stopped testosterone injections(90 days I used to take) and am on HCG, LH-FSH injections so as to stimulate testes to produce sperms. still, IUI or IVF will be the last resort. my advice to all those who are hasty to do surgeries consult alternative therapies like homoeo, reiki and also research on other options. doctors sometimes are inconsiderate.

Unknown said...

ഇടതു വശത്തെ വൃഷ്ണം സാധാരണ വലിപ്പത്തേക്കാളും ചെറുതായിരിക്കുന്നു.. കാരണം എന്താണ്

Unknown said...

ഇടതു വശത്തെ വൃഷ്ണം സാധാരണ വലിപ്പത്തേക്കാളും ചെറുതായിരിക്കുന്നു.. കാരണം എന്താണ്

anoop said...

എന്റെ വൃക്ഷണസഞ്ചിയുടെ ഉള്ളിൽ വൃക്ഷണത്തിന്റെ അടുത്തായിട്ട് ചെറിയ ഒരു മുഴ ( ഒരു തടിപ്പ് ) അതു വേദനിക്കുന്നുണ്ട്. ചില സമയങ്ങളിൽ മാത്രമെ വേദനിക്കുന്നെള്ളു , ഒരു തരം കടച്ചിൽ ഇത് എന്തു കൊണ്ടാണ്, ഇതു മാറാൻ എന്താണ് ചെയ്യേണ്ടത് ?