Sunday, December 2, 2012

മലയാളിയുടെ ആഗോളീകരണം -12


സാംസ്‌കാരിക നവ ആഗോളീകരണം
ലാളിത്യത്തിനും നൈര്‍മല്യത്തിനും മേല്‍ ദുര്‍ഗ്രഹതയും സങ്കീര്‍ണതയും കലൂഷതയും നടത്തുന്ന കുതിരകയറ്റമാണ് മലയാളിയുടെ സാംസ്‌കാരിക നവ ആഗോളീകരണം. പാണിനിയോ ദണ്ഡിയോ പാലാ നാരായണന്‍നായരോ നാലാങ്കലോ ആരാണെന്നറിയാത്ത ഇന്നത്തെ ഒരുത്തരാധുനിക തരുണന്‍ അവരെ അധിക്ഷേപിക്കുന്ന അന്ത:സാരശൂന്യതയാണത്. മൗലികചിന്തയെ പ്രത്യയശാസ്ത്രഗ്രന്ഥങ്ങള്‍ക്കു പണയം വയ്ക്കുന്നതാണ് മലയാളസാഹിത്യത്തിലെ നവ ആഗോളീകരണം. പ്രത്യയശാസ്ത്രലേഖനങ്ങളിലെ റഫറന്‍സുകളെ സ്ഥൂലമാക്കുന്ന ഉത്തരാധുനികപ്രതിഭാസമാണത്. വയലാര്‍ കവിയല്ലെന്നും യേശുദാസ് ഗാനഗന്ധര്‍വ്വനേയല്ലെന്നും ആത്മശൂന്യരായ തരുണസൈദ്ധാന്തികര്‍ പ്രഖ്യാപിക്കുന്നതാണത്. സാഹിത്യത്തിലും മാധ്യമലോകത്തും കാപ്പിറ്റല്‍ കൈവശമുള്ളവനെയെല്ലാം മുട്ടുകാലിലിഴഞ്ഞു പ്രണമിക്കുന്ന മ്ലേച്ഛതയാണത്.....

'വെള്ളിക്കരണ്ടി' വേണ്ടെന്നുവച്ചവര്‍
'കളിയച്ഛന്‍' എഴുതിയാണ് കുഞ്ഞിരാമന്‍ നായര്‍ ആദിമ സാംസ്‌കാരിക ആഗോളീകരണത്തെ പ്രതിരോധിച്ചത്. കോഴിക്കോട് കടപ്പുറത്ത് വയറ്റത്തടിച്ചു പാടിനടന്നിരുന്ന അനാഥബാല്യം അടിവയറ്റില്‍ സമ്മാനിച്ച തഴമ്പില്‍നിന്ന് ഊറ്റമുള്‍ക്കൊണ്ട് ബാബുക്ക 'പ്രാണസഖീ...' എന്നു ഹൃദയമുരുകി പാടിയപ്പോഴാണ് മലയാളത്തിന്റെ പടിപ്പുരയിലേക്ക് ഒരിക്കല്‍ അത്
കടന്നുവരാന്‍ അറച്ചത്. ഹൃദയത്തിന്റെ സംഗീതത്തെ ആഗോളീകരണത്തിനു ഭയമാണ്. തലച്ചോറുകൊണ്ടാണ് അത് സംഗീതം എഴുതുകയും എഴുതിക്കുകയും പാടിക്കുകയുമൊക്കെ ചെയ്യുന്നത്! 'വായില്‍ വെള്ളിക്കരണ്ടിയു'മായി ജനിക്കുന്ന ചിലര്‍ക്കും 'വെള്ളിക്കരണ്ടി' മാത്രം സ്വപ്നം കാണുന്നവര്‍ക്കും ആഗോളീകരണത്തെ പ്രതിരോധിക്കാനാവില്ല. അതിനോടു പടിപ്പുരയ്ക്കു പുറത്തു നില്‍ക്കാനാജ്ഞാപിക്കുന്ന മലയാളിയെ അതിനൊട്ട് ഇരയാക്കാനാകുകയുമില്ല. വള്ളത്തോള്‍ നാരായണമേനോന്‍ കവിതയാലും കഥകളിയാലും കുമാരനാശാന്‍ കവിതയാലും എസ്.എന്‍.ഡി.പി. യോഗത്താലുമാണ് ഒരിക്കല്‍ അതിനെ തളച്ചത്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഇന്നു നാം കാണുന്ന പോയകാല സാഹിത്യനായകന്മാരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ മുന്‍നിരക്കാരായ പല റാവുബഹദൂര്‍സാഹിബുമാരെയും മലയാളി എന്നേ മറന്നുപോയെങ്കിലും അവരുടെയൊക്കെ പിന്‍നിരയില്‍ ഒരു തോര്‍ത്തും തോളിലിട്ടുനില്‍ക്കുന്ന 'ഹതഭാഗ്യനായ ഒരു മനുഷ്യനെ' നാമിന്നും ഓര്‍ക്കുവാന്‍ കാരണം തനിക്കുള്ളതെല്ലാം മലയാളത്തിനു നല്‍കി, ആ ആദിമ ആഗോളവല്‍ക്കരണത്തെ അദ്ദേഹം അന്നു പ്രതിരോധിച്ചതിനാലാണ്. വള്ളത്തോള്‍ നാരായണമേനോന്‍ എന്നാകുന്നു ആ പാവം മനുഷ്യന്റെ പേര്. വള്ളത്തോളിന്റെ ജീവിതത്തിലെ നരകതീര്‍ത്ഥാടനങ്ങളെക്കുറിച്ച് ഗുരുനിത്യചൈതന്യയതി തന്റെ പ്രഭാഷണങ്ങളില്‍ സങ്കടപ്പെടുവാന്‍ കാരണമിതാണ്.

സാഹിത്യകൂട്ടായ്മകള്‍..... കോലായ ചര്‍ച്ചകള്‍....
വടക്കും തെക്കുമുള്ള സാഹിത്യകൂട്ടായ്മകളും കോലായ ചര്‍ച്ചകളും അവസാനിക്കുകയും സാഹിത്യകാരന്‍ ആനുകാലികങ്ങളിലെ സ്വന്തം രചനകളും വിശ്വസാഹിത്യവും മാത്രം വായിച്ച് സ്വന്തം മേടകളില്‍ത്തന്നെ അടച്ചിരിപ്പാകുകയും ചെയ്യുന്ന കാലഘട്ടമാണ് മലയാളസാഹിത്യത്തിലെ ആഗോളീകൃതവിപര്യയം. സ്വന്തം ഇമേജ് ബില്‍ഡിംഗിനായി മാധ്യമസൗഹൃദത്തെ വിലയ്‌ക്കെടുക്കുന്ന സാഹിത്യകാരന്‍ സഹജീവികളുടെ കൃതികള്‍ വായിക്കുവാന്‍ കാരുണ്യം കാട്ടാതാകുകയും മതിലിനപ്പുറം പട്ടിയോ മനുഷ്യനോ പോലും ചത്തുകിടന്നാലും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നു. 'താന്‍ ജോലിസ്ഥലത്താണെന്ന്' ടാറ്റാ ഫോണില്‍ റിക്കാര്‍ഡു ചെയ്തുവയ്ക്കുന്ന സാഹിത്യകാരന്‍ വീടടച്ചിരുന്നെഴുതുകയും സാഹിത്യഅക്കാദമി-ജ്ഞാനപീഠ-നോബേല്‍ പുരസ്‌കാരങ്ങള്‍ക്കായി സെല്‍ഫോണ്‍-സൈബര്‍ കരുനീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു......
മലയാളിയുടെ ആഗോളീകരണ സാമൂഹികാന്തരീക്ഷത്തില്‍ ബഹുഭൂരിപക്ഷവും സ്വാര്‍ഥമതികളും ധര്‍മ്മഭീരുക്കളുമായ നമ്മുടെ സാഹിത്യകാരന്മാരെയും വൈരസൈദ്ധാന്തികസംവാദികളെയുംകൊണ്ട് എന്താണൊരു പ്രയോജനം? വായന മരിക്കുന്നുവെന്ന് സാധാരണക്കാരനോട് പരിതപിക്കുവാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്?



കമല എന്ന സുരയ്യ


അല്ലാഹുവിന്റെ മണവാട്ടിയായി പരിവര്‍ത്തിതയായിട്ടും മനസ്സിലിന്നും രാധയെയും മീരയെയും പരിരംഭണംചെയ്യുന്ന കമലാ സുരയ്യ തന്റെ മതേതരമായ ദിവ്യസ്‌നേഹത്തിന്റെ ആഘോഷങ്ങളാല്‍ തളയ്ക്കുന്നത് ആഗോളീകരണത്തെ തന്നെയാണ്. ഒരേസമയം കമലയായും സുരയ്യയായും അവര്‍ ഉന്മാദനൃത്തം ചെയ്യുമ്പോള്‍ ആഗോളീകരണം ഭയന്നകലുകയാണ്. മിസ്റ്റിക് ആയ കമലാ സുരയ്യയുടെ ആത്മാവിനെ ഒരു ആഗോളീകരണത്തിനും കളങ്കപ്പെടുത്താനാവില്ല. മതേതരമായ ആ സനാതന സ്‌നേഹത്തിന്റെ നൂപുരധ്വനിയെ വെല്ലുവാന്‍ ഈ ആഗോളീകരണശ്വാനന്റെ ഓരിയിടലിനാവില്ല.  
 
പുസ്ത
കഭോജികള്‍....

ആഗോളീകരണം മനസ്സിലാണ് ഉരുവംകൊള്ളുന്നതെന്ന് തിരിച്ചറിയുന്നവര്‍ അതിനെ തപസ്സിനാലും (തപസ്സ് = ഇക്ഷണത്തില്‍ ജീവിക്കുക) സ്വാധ്യായത്താലും (ആത്മനിരീക്ഷണം) ഈശ്വരപ്രണിധാനത്താലും പരാജയപ്പെടുത്തുന്നു. ആധ്യാത്മിക അവബോധമുള്ളവര്‍ സ്വാത്മനിശ്ചയത്താലും സാധനയാലും സത്‌സംഗിനാലുമാണ് (സത്യവുമായുള്ള സംഗം) അതിനെ പ്രതിരോധിക്കുന്നത്. പുസ്തകം മാത്രം ഭുജിച്ചുജീവിക്കുന്ന സൈദ്ധാന്തികനും ബുദ്ധിജീവിയുമോ, യൂറോസെല്‍ട്രിക് ജാര്‍ഗണുകളെ ദഹിക്കാതെ പകര്‍ത്തി യെഴുതി ആഗോളീകരണ പ്രതിരോധം എന്ന വ്യാജേന സംവാദവേദികളിലെ മുന്‍നിരക്കാരായി ലേഖനമെഴുതി ഉദിരംഭരണവും മസ്തിഷ്‌കസ്വയംഭോഗവും നടത്തുന്നു....

No comments: