Monday, December 17, 2012

രതിവിജ്ഞാനം : പുരുഷന്റെ ലൈംഗികാവയവങ്ങള്‍


 പുരുഷന്റെ ലൈംഗികാവയവങ്ങള്‍

ലൈംഗികജീവിതത്തിലേക്കു കടക്കുന്ന ഏതൊരു പുരുഷനും തന്റെ ലൈംഗികാവയവങ്ങളുടെ ഘടനയേയും പ്രവര്‍ത്തനരീതികളെയും കുറിച്ച് സാമാന്യജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്.

ബാഹ്യദൃഷ്ടിയില്‍, ലിംഗവും (Penis) രണ്ടു വൃഷണങ്ങളും (Testis)അടങ്ങിയതാണ് പുരുഷന്റെ ജനനേന്ദ്രിയം. വൃഷ്ണസഞ്ചിയിലാണ് (Scrotum) വൃഷ്ണങ്ങള്‍ സ്ഥിതിചെയ്യുന്നത്. സ്‌പോഞ്ചുപോലുള്ള കോശങ്ങളാല്‍ നിര്‍മ്മിതമാണ് ലിംഗം. ലൈംഗികോത്തേജനമുണ്ടാകുമ്പോള്‍ ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറി ഈ കോശങ്ങള്‍ നിറയുന്നു. അതോടെ ലിംഗം ഉദ്ധരിക്കപ്പെടുന്നു. ശാരീരികവും മാനസികവുമായ നിരവധി പ്രതികരണങ്ങള്‍ ലിംഗോദ്ധാരണ സമയത്ത് സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ പല രാസപദാര്‍ത്ഥങ്ങളും ശരീരത്തില്‍ ഹോര്‍മോണുകളും ഉല്പാദിപ്പിക്കപ്പെടുന്നു. ഉല്പാദിപ്പിക്കപ്പെടുന്നത്. ഓരോ വൃഷണത്തിന്റെയും മുകളില്‍ പിന്‍പുറത്തായി ചുരുണ്ടു കിടക്കുന്ന അധിവൃഷണനാളിയിലാണ് (Epididymus) ബീജങ്ങള്‍ ശേഖരിക്കപ്പെടുന്നത്. ഇതില്‍ ശേഖരിക്കപ്പെടുന്ന ബീജങ്ങള്‍ 70 ദീവസം വരെ കേടുകൂടാതെ നിലനില്‍ക്കുന്നു. അധിവൃഷണനാളിയില്‍ നിന്ന് വേസ്‌ഡെഫറന്‍സ് (Vasdeferens) എന്ന മറ്റൊരു നാളത്തിലൂടെ ബീജങ്ങള്‍ മൂത്രാശയത്തിന്റെ (Bladder) പിന്‍പുറം വഴി പൗരുഷഗ്രന്ഥിയിലേക്ക് (Prostate gland) പ്രവേശിച്ച് മൂത്രനാളത്തില്‍ (Urethra) നിക്ഷേപിക്കപ്പെടുന്നു. അങ്ങനെ അധിവൃഷണനാളിയും മൂത്രനാളവും ബീജങ്ങളുടെ വാസസ്ഥലങ്ങളായി തീരുന്നു. 10 ഇഞ്ചോളം നീളം വരുന്ന മൂത്രനാളത്തിലൂടെയാണ് ശുക്ലവും മൂത്രവും ലിംഗാഗ്രംവരെയെത്തുന്നത്. മൂത്രാശയത്തിന്റെ കവാടമടയുമ്പോള്‍ ശുക്ലവും കവാടം തുറക്കുമ്പോള്‍ മൂത്രവും പുറത്തുവരുന്നു. മൂത്രനാളം മൂത്രാശയവുമായി ചേരുന്നിടത്താണ് പൗരുഷഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

മൂത്രാശയത്തില്‍നിന്ന് മൂത്രത്തെ ലിംഗത്തിലെത്തിക്കുക, ബീജങ്ങളടങ്ങിയ ശുക്ലത്തെ ലിംഗാഗ്രത്തിലേക്കു നയിക്കുക എന്നിങ്ങനെ രണ്ടുധര്‍മ്മങ്ങളാണ് മൂത്രനാളം നിര്‍വ്വഹിക്കുന്നത്. സംഭോഗത്തിനിടയില്‍ മൂത്രാശയത്തില്‍ നിന്ന് മൂത്രം വരുന്ന കവാടം സ്വയം അടഞ്ഞു പോകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ശുക്ലം എന്ന ദ്രവവസ്തുവാണ് ബീജങ്ങള്‍ക്ക് ചലനാത്മകത നല്‍കി അതിനെ സംരക്ഷിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഇരുവശത്തുമായി ശുക്ലവസ്തിനി (Seminal Vesicle) സ്ഥിതി ചെയ്യുന്നു. ലൈംഗികാഭിനിവേശം ഉളവാകുമ്പോള്‍ അവയില്‍ നിന്ന് അല്പം മഞച്ചു കൊഴുത്ത ഒരു ദ്രാവകം പ്രസരിക്കുന്നു.

പൗരുഷഗ്രന്ഥിക്കു താഴെയായി സ്ഥിതിചെയ്യുന്ന കന്ദ-മൂത്രപഥ ഗ്രന്ഥികള്‍ (Cowpers gland), ലിറ്റേഴ്‌സ് ഗ്രന്ഥികള്‍ (Litters gland) എന്നിവ ലൈംഗികകേളിക്കിടയില്‍ ലിംഗത്തിന് വഴുവഴുപ്പുണ്ടാക്കാന്‍ സഹായിക്കുന്ന ദ്രവങ്ങള്‍ സ്രവിപ്പിക്കുന്നു. ഈ സ്രവങ്ങള്‍ മൂത്രത്തിന്റെ അമ്ലത്വത്തെ (Acidity) നിയന്ത്രിക്കുകയും ബീജങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

പുരുഷന്റെ ഉല്പാദനാവയവങ്ങളുടെ ഒരേകദേശ വിവരണമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ലൈംഗികാവയവങ്ങളില്‍ പലതിന്റെയും ഇംഗ്ലീഷ് നാമം ഉപയോഗിക്കുന്നതാണ് ഉചിതമെങ്കിലും മലയാളനാമം കൂടി മനസ്സിലാക്കുന്നതിനാണ് അവയും നല്‍കിയിരിക്കുന്നത്. ഇനി പുരുഷന്റെ ലൈംഗികാവയവങ്ങളുടെ ഘടന വെവ്വേറെ നമുക്ക് പരിശോധിക്കാം.

ലിംഗം (ശിശ്‌നം - Penis)
പുരുഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവമാണ് ലിംഗം. സുരതക്രിയയില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന്‍ തന്റെ ലിംഗത്തിലൂടെയാണ് ലൈംഗികാസ്വാദനവും സംതൃപ്തിയും നിറവേറ്റപ്പെടുന്നത്. പുരുഷന്റെ ശാരീരികാവയവങ്ങളിലെ തന്നെ പ്രഥമഗണനീയവും സങ്കീര്‍ണ്ണവുമായ ഒരവയവമാണ് ഇതെന്നു പറയാം. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ തന്റെ ശാരീരികാവയവങ്ങളില്‍ മഹനീയമായ ഒന്നായി ലിംഗത്തെ വീക്ഷിക്കുന്നു.

രണ്ട് പ്രധാനധര്‍മ്മങ്ങളാണ് ലിംഗം നിര്‍വ്വഹിക്കുന്നത്. പുരുഷന്റെ സംഭോഗാവയവമാണത്. (Copulatory organ) മൂത്രവിസര്‍ജ്ജനത്തിനുള്ള അവയവും പുരുഷനില്‍ ലിംഗമാണ്. ലിംഗത്തില്‍ ഉളവാകുന്ന ഉദ്ദീപനങ്ങളാണ് പുരുഷനെ ലൈംഗികാവേശത്തിലേക്കു നയിക്കുന്നത്. മൈഥുനാസക്തി ഉളവാകുമ്പോള്‍ ഉത്തേജിതമാകുന്ന അവയവും ലിംഗം തന്നെ. അംഗനയെ രസസമ്പൂര്‍ത്തിയിലേക്കു നയിക്കുവാനായി അവളുടെ ഉപസ്ഥത്തില്‍ ഏറ്റവുമധികം ഉദ്ദീപനങ്ങള്‍ ഉളവാക്കുന്നതും ലിംഗമാണ്. ലിംഗത്തെ ബാഹ്യലൈംഗിക അവയവമായാണ് പരിഗണിക്കുന്നതെങ്കിലും അതിന്റെ ഒരു ഭാഗം ശരീരത്തിനുള്ളിലും സ്ഥിതിചെയ്യുന്നുണ്ട്. സന്താനോല്‍പ്പാദനത്തിനായി ബീജത്തെ യോനിയുടെ ആഴങ്ങളില്‍ നിക്ഷേപിക്കുവാനും ലിംഗം സഹായിക്കുന്നു.

മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ലിംഗം. ലിംഗശീര്‍ഷം (ശിശ്‌നമണി-Glans of the penis), ലിംഗതനു (ശിശ്‌നദണ്ഡം-(Shaft of the penis), ലിംഗമൂലം (Root of the penis) എന്നിവയാണവ. ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവ മൂന്നും. മൂന്നു പാളികളായാണ് ലിംഗത്തിലെ ഉദ്ധാരകകലാകോശങ്ങള്‍ ഇതില്‍ രണ്ടു പാളികള്‍ ലിംഗത്തിന്റെ ഇരുവശങ്ങളിലായും ഒന്ന് മധ്യഭാഗത്ത് ചുവട്ടിലായും കാണപ്പെടുന്നു. വശങ്ങളിലുള്ള ഉദ്ധാരകകോശ വ്യൂഹത്തെ കോര്‍പ്പൊറാ കാവര്‍ണോസ (Corpora Cavernosa) എന്നും മധ്യത്തില്‍ താഴെയുള്ള ഉദ്ധാരകകോശങ്ങളുടെ പാളിയെ കോര്‍പ്പസ് സ്‌പോന്‍ജിയോസം (Corpus Spongiosum) എന്നും വിളിക്കുന്നു. ലിംഗമൂലത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ മൂന്നു പാളികളും ശിശ്‌നദണ്ഡത്തില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്നുണ്ട്. കോര്‍പ്പസ് സ്‌പോണ്‍ജിയോസം ശിശനദണ്ഡും കഴിഞ്ഞ് ശിശ്‌നമണിയുടെ നിര്‍മ്മിതിയിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ കോശവ്യഹത്തിന്റെ മധ്യത്തിലൂടെ സഞ്ചരിച്ചാണ് മൂത്രനാളി ലിംഗാഗ്രത്തില്‍ തുറക്കുന്നത്.

ലിംഗമൂലം ശരീരത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശിശ്‌നമണിയും ശിശ്‌നദണ്ഡവും പുറമേ കാണാം. ലിംഗമെന്നു സാധാരണയായി പറയുന്നത് ഈ ബാഹ്യഭാഗങ്ങളെയാണെങ്കിലും ശരീരശാസ്ത്രപരമായി ലിംഗമൂലം കൂടി ചേര്‍ന്നതാണ് പൂര്‍ണ്ണരൂപത്തിലുള്ള ലിംഗം. ശിശ്‌നമണിയും ശിശ്‌നദണ്ഡവും ചര്‍മ്മത്താല്‍ ആവൃതമാണ്. അയഞ്ഞ രീതിയിലുള്ളതാണ് ലിംഗത്തിന്റെ അഗ്രചര്‍മ്മം. ഇലാസ്തികതയും നേര്‍മ്മയേറിയതുമാണിത്. ശിശ്‌നമണിയെ പൊതിയുന്ന ചര്‍മ്മം ഇരട്ടപ്പാളിയുള്ളതാണ്. ശിശ്‌നദണ്ഡവും ശിശ്‌നമണിയുമായി ചേരുന്നിടത്തുവച്ചാണ് ഇത് രണ്ടായി വേര്‍പിരിയുന്നത്. ശിശ്‌നമണിയെ പൊതിയുന്ന ചര്‍മ്മത്തെ അഗ്രചര്‍മ്മം എന്നു വിളിക്കുന്നു. സുന്നത്ത് അനുഷ്ഠിക്കുന്നവര്‍ ഈ അഗ്രചര്‍മ്മത്തെയാണ് മുറിച്ചുമാറ്റുന്നത്.

ഇതര അവയവങ്ങളെ അപേക്ഷിച്ച് ലിംഗം കൂടുതല്‍ സംവേദനാത്മകമാണ്. ലിംഗത്തെ ആവരണം ചെയ്തിരിക്കുന്ന ചര്‍മ്മത്തില്‍ സ്പര്‍ശനവേദികളായ ഒട്ടനേകം നാഡികള്‍ സന്ധിക്കുന്നതിനാലാണിത്. ശിശ്‌നമണിക്കാണ് സംവേദനാത്മക കൂടുതല്‍.

ഉപസ്ഥഭാഗത്ത് വൃഷണസഞ്ചിക്കു മുന്നിലായി തളര്‍ന്നുകിടക്കുന്ന രീതിയിലാണ് ലിംഗത്തിന്റെ സ്വാഭാവികനില. ശിശ്‌നമണിയെ പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയിലായിരിക്കും അഗ്രചര്‍മ്മം. എന്നാല്‍ ലൈംഗികോദ്ദീപനം ആരംഭിക്കുന്നതോടെ ലിംഗത്തിന്റെ വലിപ്പവും ദൃഢതയും വര്‍ദ്ധിച്ചുവരുന്നു. ഉദ്ധ്യതമായ ലിംഗം അല്പം മുകളിലേക്ക് ഉയരുന്നു. ലിംഗത്തിന് വളവുണ്ടെങ്കില്‍ അത് വളഞ്ഞ നിലയില്‍ ഉദ്ധ്യതമാകുന്നു ഉദ്ധാരണമുണ്ടാകുന്നതോടെ അഗ്രചര്‍മ്മം പിന്നോട്ടു വലിയുകയും ശിശ്‌നമണി ദൃഢമാകുകയും ചെയ്യുന്നു. ശിശ്‌നമണി പൂര്‍ണ്ണമായും ദൃഢമായില്ലെങ്കില്‍ ഇലാസ്തികമായ ലിംഗചര്‍മ്മത്തെ വിരല്‍കൊണ്ട് പിന്‍പോട്ട് വലിക്കുന്ന പക്ഷം അത് വ്യക്തമാകുന്നതാണ്. ലിംഗത്തിലെ സ്‌പോഞ്ചുപോലുള്ള ഉദ്ധാരണകലകളാണ് ഉദ്ധാരണം സാധ്യമാക്കുന്നത്.

ശിശ്‌നമണി (ലിംഗശീര്‍ഷം - Glans of the penis)
ലിംഗമൂലവും ശിശ്‌നദണ്ഡവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കോര്‍പ്പസ് സ്‌പോന്‍ജിയോസം ശിശ്‌നദണ്ഡിന്റെ അഗ്രഭാഗത്തായി കോണാകൃതിയിലുള്ള ഒരു പിണ്ഡമായിത്തീരുന്നു. ഇതാണ് ലിംഗശീര്‍ഷം അഥവാ ശിശ്‌നമണി. ലിംഗദണ്ഡിനെയും ലിംഗശീര്‍ഷത്തെയും വേര്‍തിരിക്കുന്ന ചാലുപോലുള്ള ഒരു പന്ഥാവ് ലിംഗത്തെ ചുറ്റി കാണപ്പെടുന്നുണ്ട്. മകുടപരിഖ (Coronal Sulcus) എന്നാണിതിനു പേര്. അഗ്രചര്‍മ്മഗ്രന്ഥികള്‍ (Preputial glands) എന്നു വിളിക്കുന്ന ഒട്ടനവധി ചെറുഗ്രന്ഥികള്‍ ഉള്‍ച്ചേര്‍ന്നതാണ് മകുടപരിഖ. അഗ്രചര്‍മ്മഗ്രന്ഥികള്‍ രോഗാണുനാശന ശക്തിയുള്ള അഗ്രചര്‍മ്മസ്രാവം (Smegma) എന്നറിയപ്പെടുന്ന ഒരു ദ്രവം സ്രവിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേകഗന്ധമുള്ളതാണിത്. എന്നാല്‍ ലിംഗശീര്‍ഷം ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കില്‍ അവിടെ ഈ ദ്രാവകം അടിഞ്ഞുകൂടി ചൊറിച്ചിലും മറ്റും ഉണ്ടാകാനിടയുണ്ട്. മകുടപരിഖയുടെ പശ്ചിമഭാഗത്ത് കോര്‍പ്പൊറാ കാവര്‍ണോസ അവസാനിക്കുന്നു.

അഗ്രചര്‍മ്മത്തിന്റെ ഉള്ളിലെ പാളി ശ്ലേഷ്മസ്തരമാണ്. ഈ സ്തരത്തിന്റെ തുടര്‍ച്ചയായാണ് ശിശ്‌നമണിയെ മൂടുന്ന ചര്‍മ്മം രൂപം കൊണ്ടിരിക്കുന്നത്. ശിശ്‌നമണിയുടെ ചര്‍മ്മം കീഴ്ഭാഗത്ത് മടക്കി തയ്ച്ച രീതിയിലാണ് അഗ്രചര്‍മ്മവുമായി സംയോജിക്കുന്നത്. ഇതിനെ അഗ്രചര്‍മ്മ സീവനി (Frenum of prepuce) എന്നു വിളിക്കുന്നു. മകുടപരിഖയ്ക്കു തൊട്ടു മുന്നിലായി ലിംഗശീര്‍ഷം അല്പം പിന്‍പോട്ട് ഉന്തിനില്‍ക്കുന്നുണ്ട്. മകുടം (Coronal ridge) എന്നാണതിനു പേര്.

വൃഷണസഞ്ചി (വൃഷണകോശം - Scrotum)
പുറമേയ്ക്കു കാണപ്പെടുന്ന മറ്റൊരു പുരുഷ ഉല്‍പ്പാദനാവയവമാണ് വൃഷണസഞ്ചി അഥവാ വൃഷണകോശം. ലിംഗത്തിനടിയില്‍ ലിംഗമൂലവുമായി ബന്ധപ്പെട്ടാണ് വൃഷണസഞ്ചി സ്ഥിതിചെയ്യുന്നത്. വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. നേര്‍ത്ത മാംസപേശികളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചര്‍മ്മസഞ്ചിയാണ് വൃഷണകോശം. മടക്കുകളുള്ള ഘനമാര്‍ന്ന ചര്‍മ്മത്താല്‍ ഇത് ബാഹ്യമായി പൊതിഞ്ഞിരിക്കുന്നു. ഇടതും വലതും രണ്ടറകളായി തിരിക്കപ്പെട്ടിരിക്കുന്ന വൃഷണസഞ്ചിയുടെ ഉള്‍ഭാഗത്ത് ഓരോ സഞ്ചിയിലുമായി വൃഷണം സ്ഥിതി ചെയ്യുന്നു. സങ്കോചവികാസക്ഷമതയാര്‍ന്നതാണ് വൃഷണസഞ്ചി. ഉദാഹരണമായി ശൈത്യകാലത്ത് വൃഷണസഞ്ചി സങ്കോചിക്കുകയും ഉപസ്ഥഭാഗത്തേയ്ക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ഗ്രീഷ്മത്തില്‍ വൃഷണസഞ്ചി അയഞ്ഞ് വൃഷണങ്ങള്‍ താഴ്ന്നിറങ്ങുന്നു. വൃഷണങ്ങള്‍ താങ്ങേണ്ടിവരുന്ന ഊഷ്മാവ് ക്രമീകരിക്കുന്നതിനാണ് പ്രകൃതിയുടെ ഈ സംവിധാനരീതി.

വൃഷണങ്ങള്‍ (Testes)
പുരുഷബീജങ്ങളും പുരുഷാന്തര്‍സ്രാവങ്ങളായ (Male hormone) ടെസ്റ്റോസ്റ്റീറോണും ഉല്‍പ്പാദിപ്പിക്കുന്ന അണ്ഡാകൃതിയാര്‍ന്ന ഒരവയവമാണിത്. അഞ്ചു സെന്റിമീറ്റര്‍ വരെ ദൈര്‍ഘ്യവും രണ്ടര സെന്റിമീറ്റര്‍ ഘനവുമുണ്ട് ഓരോ വൃഷണത്തിനും. വൃഷണത്തിന്റെ വശങ്ങള്‍ അല്പം പരന്നിരിക്കും. സാധാരണയായി ഇടത്തേ വൃഷണംവലത്തേതിനേക്കാള്‍ അല്പം താഴ്ന്നു കിടക്കുന്നു. വൃഷണത്തിന്റെ വലിപ്പത്തില്‍ വ്യക്തിഗതമായ വ്യത്യാസങ്ങള്‍ കണ്ടേക്കാം.

വലപോലുള്ള രണ്ട് ആവരണങ്ങളാല്‍ പൊതിയപ്പെട്ടാണ് വൃഷണങ്ങള്‍ കിടക്കുന്നത്. ഇവയെ വൃഷണ കഞ്ചുകങ്ങള്‍ എന്നു വിളിക്കുന്നു. ബാഹ്യകഞ്ചുകവും (Tunica Vaginalis Propia) ആന്തരകഞ്ചുകവും (Tunica Vaginalis Internus) അടങ്ങുന്നതാണ് വൃഷണ കഞ്ചുകങ്ങള്‍. ആന്തരകഞ്ചുകത്തിനുള്ളില്‍ മറ്റൊരു തന്തുകലയും വൃഷണങ്ങളെ ആവരണം ചെയ്യുന്നുണ്ട്. ഈ ആവരണങ്ങള്‍ വൃഷണ മധ്യത്തിലേക്ക് വ്യാപിച്ച് ഓരോ വൃഷണത്തെയും 250-ഓളം അറകളായി തിരിക്കുന്നു. ഈ അറകളില്‍ ഓരോന്നിലും കാണുന്ന രണ്ടുമുതല്‍ നാലുവരെ എണ്ണം വരുന്ന, കെട്ടുപിണഞ്ഞ നേര്‍ത്ത കുഴലുകളാണ് പുരുഷബീജങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. അവയെ ബീജ ജനനികള്‍ (Seminiferous tubules) എന്നുവിളിക്കുന്നു. വൃഷണത്തിന്റെ മുകള്‍ഭാഗത്ത് കാണുന്ന വൃഷണപുച്ഛത്തിന് (Appendix testis) പ്രത്യേക ധര്‍മ്മമൊന്നും നിര്‍വ്വഹിക്കാനില്ല.

ബീജജനനികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന അധിവൃഷണനാളിയിലേക്കു തുറക്കുന്നു (Epididymis) . അര്‍ദ്ധവിരാമചിഹ്നത്തിന്റെ ആകൃതിയില്‍ വൃഷണത്തിനു മുകളിലായി പറ്റിപ്പിടിച്ചിരിക്കുന്ന ഒരു നാളിയാണിത്. ഇതിനു ശീര്‍ഷം, പുച്ഛം, ശരീരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇവ നിവര്‍ത്തിനോക്കിയാല്‍ 20 അടിയോളം നീളം വരുമത്രേ. വൃഷണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീജങ്ങള്‍ അപ്പോള്‍ത്തന്നെ അധിവൃഷണനാളിയിലെത്തിച്ചേരുന്നു. ഒരാഴ്ചക്കാലം അവിടെ കഴിച്ചുകൂട്ടുന്നതോടെ ബീജങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു.

അധിവൃഷണനാളിയുടെ വാലറ്റം ബീജനാളിയായി മാറുന്നു. തുടര്‍ന്ന് ഇത് ശ്രോണീഗുഹയില്‍ കടന്ന് മൂത്രാശയത്തിനു മുകളിലൂടെ നീങ്ങി പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ എത്തിച്ചേരുന്നു. ബീജനാളി നാഡികളുമായും രക്തക്കുഴലുകളുമായും ചേര്‍ന്ന് ഒരൊറ്റക്കുഴലെന്ന പോലെയാണ് ശ്രോണീ ഗുഹയിലേക്കു പോകുന്നത്. ഒന്നായി പൊതിയപ്പെട്ട ഈ കുഴലിനെ ബീജവാഹിനി (Spermatic cord) എന്നുവിളിക്കുന്നു.

ബീജനാളി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെത്തിച്ചേരുന്നതിനു മുന്‍പ് ശുക്ലപുടികയുമായി സംയോജിക്കുന്നുണ്ട്. തുടര്‍ന്ന് ഈ നാളികള്‍ മധ്യത്തു യോജിച്ച് സ്ഖലനനാളിയായി (Ejaculatory duct) മാറുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ കടന്നുപോകുന്ന ഈ സ്ഖലനനാളി അതിലൂടെ കടന്നുപോകുന്ന മൂത്രനാളിയുമായി ചേരുന്നു. മൂത്രനാളി ശിശ്‌നദണ്ഡത്തിലെ കോര്‍പ്പസ് സ്‌പോന്‍ജിയോസത്തിന്റെ മധ്യത്തിലൂടെ സഞ്ചരിച്ച് ലിംഗാഗ്രത്തില്‍ പുറത്തേക്കു തുറക്കുന്നു.

ശുക്ലപുടിക (Seminal Vesicle)
സഞ്ചിയോടു സമാനമായ, കൃത്യമായ ഒരാകൃതിയില്ലാത്ത അവയവങ്ങളാണ് ശുക്ലപുടികകള്‍. ഓരോ വശത്തും ഓരോ ശുക്ലപുടികയുണ്ട്. അഞ്ചു സെന്റിമീറ്ററോളം നീളം വരുന്ന ഇവ മൂത്രാശയത്തിനു (Urinary Bladder) താഴെയായി ബീജനാളിയുമായി പറ്റിച്ചേര്‍ന്നുകിടക്കുന്നു. ശുക്ലത്തിന്റെ അളവും കൊഴുപ്പും വര്‍ദ്ധിപ്പിക്കാനുതകുന്ന ഒരു ദ്രാവകം ശുക്ലപുടികകള്‍ പുറപ്പെടുവിക്കുന്നു. ഈ ദ്രാവകത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്രക്‌ടോസ് (Fructose) എന്ന ഒരിനം പഞ്ചസാര ബീജങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.പ്രോസ്റ്റേറ്റ് ഗ്രന്ഥി ( പൗരുഷഗ്രന്ഥി - Prostate Gland)
ശുക്ലസ്ഖലനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി അതുകൊണ്ടു തന്നെ പുരുഷന്റെ ലൈംഗികാവയവങ്ങളില്‍ പ്രധാനപ്പെട്ടതത്രേ. മൂത്രവസ്തിക്കു തൊട്ടുതാഴെ, മലാശയത്തിനു മുന്നിലായാണ് ഈ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. മൂത്രനാളി ഈ ഗ്രന്ഥിയിലൂടെയാണ് കടന്നുപോകുന്നത്. പാലുപോലെ നേര്‍ത്ത ക്ഷാരഗുണമുള്ള ഒരു സ്രാവം ഈ ഗ്രന്ഥി ഉല്പാദിപ്പിക്കുന്നുണ്ട്. സ്ഖലനസമയത്ത് ഈ ഗ്രന്ഥി സങ്കോചിക്കുകയും ഈ സ്രാവം ശുക്ലത്തില്‍ കലരുകയും ചെയ്യുന്നു. ഈ സ്രാവം യോനിയില്‍ കണ്ടേക്കാവുന്ന അമ്ലത നശിപ്പിക്കുകയും ബീജങ്ങളും അണ്ഡവുമായി സംയോജിക്കുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഖലനാനന്തരം ശുക്ലത്തെ കൂടുതല്‍ ദ്രാവകരൂപത്തിലാക്കുവാനുതകുന്ന ഘടകങ്ങള്‍ അടങ്ങിയതാണീ ദ്രാവകം.

പ്രത്യുല്പാദനാവയവങ്ങളില്‍ പ്രധാന സ്ഥാനം വഹിക്കുന്നതിനാല്‍ ശാരീരികവും ലൈംഗികവുമായ ആരോഗ്യത്തില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (Prostatitis) മധ്യവയസ്‌കരായ പുരുഷന്മാരില്‍ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധയും മറ്റും മൂത്രതടസ്സത്തിനു കാരണമാകാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ലൈംഗിക ബലഹീനതയ്ക്കും വഴിയൊരുക്കുന്നു. ഇതുമൂലം മലബന്ധവുമുണ്ടാകാം. പ്രോസ്റ്റാറ്റെക്‌റ്റൊമി (Prostatectomy) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാറുണ്ട്.

മൂത്രനാളി (Urethra)
വസ്തി മുതല്‍ ലിംഗാഗ്രം വരെ നീണ്ടുകിടക്കുന്ന കുഴലാണ് മൂത്രനാളി. മൂത്രവിസര്‍ജ്ജനമാണ് ഇതിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ പുരുഷന്മാരില്‍ ഇത് പ്രത്യുല്‍പ്പാദന ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ബീജനാളി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലേക്ക് പ്രവേശിക്കുന്നതോടെ സ്ഖലനനാളിയായി മാറുകയും അത് മൂത്രനാളിയിലേക്ക് അവിടെവച്ചു തന്നെ തുറക്കുകയും ചെയ്യുന്നതായി മുന്‍പ് സൂചിപ്പിച്ചുവല്ലോ. അങ്ങനെ ശുക്ലത്തിന്റെ ഗതി മൂത്രനാളിയിലൂടെ ആയിത്തീരുന്നു.

ലിംഗമൂലഗ്രന്ഥികള്‍ (Cowper’s gland)
ലിംഗമൂലത്തിനു സമീപം സ്ഥിതിചെയ്യുന്ന ചെറുഗ്രന്ഥികളാണിവ. രണ്ടുവശത്തായി സ്ഥിതിചെയ്യുന്ന ഇവയുടെ കുഴലുകള്‍ മൂത്രനാളത്തിലേക്ക് തുറക്കുന്നു. ഒരുതരം സ്രാവം ഇവ ഉല്പാദിപ്പിക്കുന്നുണ്ട്. മൂത്രത്തിന് അമ്ലഗുണമുള്ളതിനാല്‍ മൂത്രനാളിയില്‍ അമ്ലഗുണമുണ്ടായിരിക്കും. ഈ അമ്ലത പുരുഷബീജങ്ങളെ നശിപ്പിക്കുന്നു. മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി ബീജത്തെ സംരക്ഷിക്കുവാന്‍ ലിംഗമൂലഗ്രന്ഥികളുടെ സ്രാവം സഹായിക്കുന്നു. ലിംഗം ഉദ്ധരിക്കുന്നതോടെ ഈ സ്രാവം മൂത്രനാളത്തിലെത്തിച്ചേരുന്നു.