Friday, April 29, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 1

കേട്ടെഴുത്ത്‌
പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള തിലകക്കുറിയും (അവതാരിക) ഏതോ ഒരു കൊടുംബുദ്ധിജീവി പാദസരവും (അനുബന്ധം) അണിയിച്ചു കൊടുത്തിരിക്കുന്ന, എക്‌സ്‌. നക്‌സലൈറ്റായ ഐ.ഗോപിനാഥ്‌ 'കേട്ടെഴുതിയ' നളിനിജമീലയുടെ (51) സങ്കടകരമായ ജീവിതകഥയെ ഇങ്ങനെ സംഗ്രഹിക്കാം:
`തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരിനടുത്ത്‌ കല്ലൂരില്‍ ജനനം. ഒരു ജ്യേഷ്‌ഠനും ഒരനുജനും മൂന്ന്‌ അനുജത്തിമാരും കൂടപ്പിറപ്പുകള്‍. പഠനം മൂന്നാം ക്ലാസ്സുവരെ മാത്രം. മുന്‍പട്ടാളക്കാരനും കമ്യൂണിസ്റ്റും നിരീശ്വരവാദിയും ശ്രീനാരായണ ഗുരുവിന്റെ `അനുയായി' യും സര്‍വ്വോപരി ശുദ്ധ ഹിപ്പോക്രാറ്റുമായിരുന്ന അച്ഛന്റെ പട്ടാളച്ചിട്ടയില്‍ ഞെരിഞ്ഞമര്‍ന്ന ബാല്യ-കൗമാരങ്ങള്‍. പുരുഷമേധാവിത്വത്തിന്റെയും കാപട്യത്തിന്റെയും പിന്തിരിപ്പത്വത്തിന്റെയും ഉടല്‍രൂപമായിരുന്നു അച്ഛന്‍. `കാപട്യം എന്നാല്‍ എന്താണെന്ന്‌ വ്യക്തമായി എന്നതാണ്‌ അച്ഛന്‍ നല്‍കിയ ഏകസമ്പാദ്യം!' അമ്മയെ അടിമയായി കണക്കാക്കിയ ഒരു നികൃഷ്‌ടനായിരുന്നു അച്ഛന്‍. മക്കള്‍ക്കുവേണ്ടി എല്ലാം സഹിച്ച്‌ എരിഞ്ഞടങ്ങിയ അമ്മ. `അച്ഛന്‍ അമ്മയെ ഒരടിമയെപ്പോലെ കണ്ടു. അവിഹിതബന്ധമാരോപിച്ച്‌ സുന്ദരിയായ അവരെ നിരന്തരം മര്‍ദ്ദിച്ചു.' ഒരു പെന്‍സില്‍ പോലും വാങ്ങിത്തരാത്ത അച്ഛന്‍ മകളുടെ പഠിപ്പില്‍ ഒരിക്കലും മനസ്സുവെച്ചില്ല. പെണ്‍കുട്ടികളില്‍ മൂത്തവളായിരുന്നതിനാല്‍ താഴെയുള്ളവരെ പരിപാലിക്കുന്നതിനും അമ്മയെ സഹായിക്കുന്നതിനുമായി നളിനിക്കു പഠിപ്പുനിര്‍ത്തേണ്ടിവന്നു. കുടുംബം പോറ്റുവാന്‍ ഇഷ്‌ടികക്കളങ്ങളില്‍ പണിക്കുപോകുവാന്‍ ചെറുപ്രായത്തിലേ നളിനി നിര്‍ബന്ധിതയായി. കൗമാരകാലത്തു വന്ന വിവാഹാലോചനകള്‍ അച്ഛന്‍ മുടക്കി. അച്ഛനോടുള്ള വൈരാഗ്യം വര്‍ദ്ധിച്ചുവന്നു. അച്ഛന്‍ മാത്രമല്ല, ആ പ്രായത്തില്‍ പരിചമുണ്ടായിരുന്ന മറ്റ്‌ പുരുഷബന്ധുക്കളും മനസ്സില്‍ വെറുപ്പ്‌ തന്നെ ഉളവാക്കി. ചെറുപ്രായത്തില്‍ത്തന്നെ കുടുംബം നോക്കുന്ന വെറുമൊരു യന്ത്രമായി. പണിക്കുപോയ മണ്ണുമടയില്‍ പ്രേമവും കാമവുമൊക്കെ ഒന്നായിരുന്നു. അവിടെവച്ച്‌ ചില്ലറ പ്രണയാനുഭവങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും വിവാഹത്തില്‍ കലാശിച്ചില്ല. ആണുങ്ങളോടുള്ള ദേഷ്യമൊക്കെ ഉരുകിത്തീര്‍ന്നപ്പോള്‍ അവരെ കബളിപ്പിക്കുന്നതിലായി പിന്നീടു താല്‍പ്പര്യം! ആണുങ്ങളുമായി അടുക്കും. സംസാരിക്കും. പ്രണയപ്രതീകമായി മിഠായികള്‍ വാങ്ങിക്കഴിക്കും. എന്നാല്‍ പ്രണയം രൂക്ഷമാകുമ്പോള്‍ ഒന്നുമറിയാത്തതുപോലെ പിന്മാറി കബളിപ്പിക്കും! പലരും തന്നെ നോക്കി പെരുവഴിയില്‍ വെള്ളമിറക്കി നില്‍ക്കുന്നതു കണ്ട്‌ ഉള്ളില്‍ ആനന്ദിച്ചു. ചെറുപ്പത്തിലേ ആളൊരു `ഉണ്ണിയാര്‍ച്ച'ആയിരുന്നു! മാദകസൗന്ദര്യം കണ്ട്‌ മന്മഥപരവശരായണഞ്ഞ പല കവലച്ചട്ടമ്പിമാരേയും നിര്‍ദാക്ഷിണ്യം വാഗ്‌ മുനയല്‍ അരിഞ്ഞുവീഴ്‌ത്തി! അറിയാത്ത മട്ടില്‍ ശരീരത്തില്‍ തട്ടിയവരെപ്പോലും തെറിയഭിഷേകം നടത്തി..........അങ്ങിനെയിരിക്കെ, ചേട്ടന്റെ രജിസ്റ്റര്‍ വിവാഹത്തിന്‌ കൂട്ടുനിന്നതിന്‌ അച്ഛന്‍ പൊതിരെ തല്ലി. ഇനിയൊരിക്കലും അച്ഛന്റെ സംരക്ഷണയില്‍ ജീവിക്കില്ലെന്ന പ്രതിജ്ഞയുമായി വീടുവിട്ടിറങ്ങി. രണ്ടു ഭാര്യമാരുണ്ടായിരുന്ന, കൂലിത്തല്ലുകാരനും ചാരായക്കച്ചവടക്കാരനുമായ, സുബ്രഹ്മണ്യന്റെ വെപ്പാട്ടിയായി. ആഹാരവും വസ്‌ത്രവും നല്‍കിയെങ്കിലും ലൈംഗികസുഖവും സ്‌നേഹവും അയാളില്‍ നിന്നു ലഭിച്ചില്ല. ഭര്‍ത്താവില്‍ നിന്ന്‌ ആദ്യമായി മദ്യം രുചിച്ചു. പിന്നീടതൊരു ശീലമായി. രണ്ടു കുഞ്ഞുങ്ങളെ നല്‍കി, ക്യാന്‍സര്‍ ബാധിതനായ സുബ്രഹ്മണ്യന്‍ ആത്മഹത്യ ചെയ്‌തു.........
നിത്യവൃത്തിക്കു മുട്ടിയപ്പോള്‍ ഒരു കൂട്ടുകാരിയുടെ ഉപദേശപ്രകാരം തൃശ്ശൂര്‍ ടൗണില്‍ വേശ്യാവൃത്തിക്ക്‌ ഹരിശ്രീകുറിച്ചു. ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥനായിരുന്നു ആദ്യത്തെ `ക്ലൈന്റ്‌' . തുടര്‍ന്നങ്ങോട്ട്‌, ` മുഖം മൂടി ധരിച്ചുനടന്നിരുന്ന', രാഷ്‌ട്രീയക്കാര്‍, പൗരപ്രമുഖര്‍, വിപ്ലവകാരികള്‍, സാധാരണക്കാര്‍ എന്നിവരെല്ലാമടങ്ങുന്ന, ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ഒട്ടേറെ പുരുഷന്മാര്‍ക്കു ശരീരം സമ്മാനിച്ചു. (സ്‌മാര്‍ത്ത വിചാരത്തിലെപ്പോലെ കൃത്യമായ എണ്ണവും പേരുകളും വെളിപ്പെടുത്തുന്നില്ല!) സ്വന്തം നിലയിലും 5കമ്പനിവീടുകളിലും ഹോട്ടലുകളിലും പാര്‍ത്ത്‌ നാളിതുവരെ `സെക്‌സ്‌ വര്‍ക്ക്‌' ചെയ്‌തു പോന്നു, `സംഘഭോഗം' ഉള്‍പ്പെടെ `സെക്‌സ്‌ വര്‍ക്കിങ്ങിലെ' ശൈലീഭേദങ്ങളെയെല്ലാം നന്നായി ആസ്വദിച്ചു ! എന്നാല്‍ കമ്പനിവീടുകളിലോ മറ്റെവിടെയെങ്കിലുമോ വച്ച്‌ ഏതെങ്കിലും പുരുഷന്‍ `അപമര്യാദയായി' പെരുമാറിയാല്‍ അയാളെ വിരട്ടുന്ന പ്രകൃതവും കാട്ടി!
തൃശ്ശൂര്‍, കോഴിക്കോട്‌, ഗുരുവായൂര്‍, മംഗലാപുരം എന്നിവിടങ്ങളായിരുന്നു നളിനിജമീലയുടെ വിഹാരഭൂമികള്‍. അതിനിടെ, മംഗലാപുരത്തെ ഒരു കമ്പനിവീട്ടില്‍വെച്ചു പരിചയപ്പെട്ട, രണ്ടു ഭാര്യമാരുണ്ടായിരുന്ന, കോയക്കയെ വിവാഹം കഴിച്ചു. മൂന്നാമത്തെ കുട്ടി സീനത്തിനെ പ്രസവിച്ചു. ഹിന്ദുസ്‌ത്രീയില്‍ പിറന്ന കുഞ്ഞിനെ സ്വന്തമായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ കോയക്കയുടെ സ്‌നേഹം കുറഞ്ഞപ്പോള്‍ അയാളെ ഉപേക്ഷിച്ച്‌ ഒരു ഗുണ്ടയ്‌ക്കൊപ്പം താമസമായി. പിന്നീട്‌ അയാളെയുമുപേക്ഷിച്ച്‌ തൃശ്ശൂരില്‍ വീണ്ടും 'സെക്‌സ്‌ വര്‍ക്കറാ'യി. തുടര്‍ന്ന്‌ തൃശ്ശൂരില്‍വെച്ചു പരിചയപ്പെട്ട നാഗര്‍കോവില്‍ സ്വദേശിയായ ഷാഹുല്‍ഹമീദുമായി പന്ത്രണ്ടുവര്‍ഷത്തെ ദാമ്പത്യം. ഈ ഘട്ടത്തില്‍ പേര്‌ `നളിനിജമീല' എന്നാക്കി മാറ്റി. അഭിപ്രായഭിന്നതയുടെ പേരില്‍ ഷാഹുല്‍ഹമീദിനെയും വിട്ട്‌ 13 വയസ്സായ മകളുമൊത്ത്‌ തെരുവിലിറങ്ങുന്നതോടെയാണ്‌ നളിനിജമീലയുടെ ജീവിതത്തിലെ കരളലിയിക്കുന്ന നരകക്കാഴ്‌ചകള്‍ അരങ്ങേറുന്നത്‌. ഏര്‍വാടി മാനസികാരോഗ്യകേന്ദ്രത്തില്‍ (ഈ കേന്ദ്രം പിന്നീട്‌്‌ അഗ്നിക്കിരയായി) ഒരു സഹായിയായി അവര്‍ അഭയം തേടി. അമിതമദ്യപാനം സമ്മാനിച്ച കാലിലെ ട്യൂമര്‍ ഇതോടെ പൊട്ടിഒഴുകിത്തുടങ്ങിയിരുന്നു. ആറ്റിങ്കര പള്ളി, ബീമാപള്ളി എന്നിവിടങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായി മകളുമൊത്ത്‌ ഭിക്ഷയാചിക്കേണ്ട ദുര്യോഗവും നളിനീജമീലയുടെ ജീവിതത്തിലുണ്ടായി. ഇടക്കാലത്തു വിട്ടുനിന്നുവെങ്കിലും 1998-ല്‍ 46-ാം വയസ്സില്‍ വീണ്ടും പഴയ തൊഴിലിലേക്കു തന്നെ തിരിച്ചുവന്നു. ഇന്നാളിനകം `അസംതൃപ്‌തരായ ഒട്ടേറെ മലയാളി ഭര്‍ത്താക്കന്മാരെ പരിചയപ്പെട്ടതായി നളിനിജമീല തന്റെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നു. അവരില്‍ `ലൈംഗികനിരക്ഷരരും', `വിചിത്രജീവികളും', `സ്‌നേഹാന്വേഷികളും' ഒക്കെ ഉള്‍പ്പെടും. പ്രസവിക്കുന്നത്‌ `ഫെമിനിസ വിരുദ്ധ' മായതിനാല്‍ ഭര്‍ത്താവിന്‌ വേശ്യയെക്കൂട്ടിക്കൊടുക്കുന്ന ഭാര്യയും, ഭാര്യയും മകളും ഉറങ്ങിക്കിടക്കവേ സ്വന്തം കാര്‍ഷെഡ്ഡിന്റെ ഷട്ടര്‍ താഴ്‌ത്തി കാറിനുള്ളില്‍ വേശ്യാഗമനം നടത്തുന്ന `മാന്യനും', ലൈംഗികസന്ദേഹം പരിഹരിക്കാനെത്തുന്ന `സത്യാന്വേഷിയു' മെല്ലാം അത്യന്തം രസകരമായ ഈ ആത്മകഥയില്‍ കടന്നു വരുന്നുണ്ട്‌! കേരളത്തിലെ സാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിയുമായുള്ള സഹശയനാനുഭവത്തെയും അനുസ്‌മരിക്കുന്നുണ്ട്‌! (താനുമായി ബന്ധപ്പെട്ടിട്ടുള്ള സാധാരണക്കാരുടെയൊക്കെ പേരുവിവരങ്ങള്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുള്ള നളിനിജമീല `സാംസ്‌കാരിക നായകന്റെ നാമധേയം മാത്രം ഒളിച്ചുവയ്‌ക്കുന്നത്‌ ഭയംമൂലമല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്‌? അതോ, `സാംസ്‌കാരിക നായകനു' മാത്രമേ മാനമുള്ളുവെന്നാണോ?)
ഒട്ടനേകം കമ്പനിവീടുകള്‍, `സെക്‌സ്‌ വര്‍ക്കിങ്ങ്‌' രംഗത്തെ സുഹൃത്തുക്കളായ, `മുന്നണിപ്പോരാളികള്‍', `സെക്‌സ്‌ വര്‍ക്കേഴ്‌സി'ന്റെ സഹയാത്രികര്‍, `സെക്‌സ്‌ വര്‍ക്കിങ്ങി' നിടയിലെ അപകടമുഹൂര്‍ത്തങ്ങള്‍, `ലൈംഗികത്തൊഴിലാളി'കളുടെ സംഘടനയായ തൃശ്ശൂരിലെ `ജ്വാലാമുഖി' , പോള്‍സണ്‍ റാഫേലിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടു നടന്ന ലൈംഗികത്തൊഴിലാളികളുടെ അവകാശലംഘനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍, സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആന്റ ഡെവലപ്പ്‌മെന്റ്‌ എന്ന 6 എന്‍.ജി.ഒ, `സെക്‌സ്‌ വര്‍ക്കേഴ്‌സ്‌ ' സ്വന്തമായി നടത്തുന്ന ബംഗ്ലാദേശ്‌ കോളനിയിലെ വനിതാ സൊസൈറ്റി, എന്നിങ്ങളെ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സംഭവങ്ങളും ഈ ആത്മകഥയില്‍ ഉപകഥകളായി കടന്നുവരുന്നുണ്ട്‌.
1995ഓടെ, നളിനിജമീല, `ലൈംഗികത്തൊഴിലാളി'കളുടെ അവകാശ സംരക്ഷണപ്പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയും അവര്‍ക്കിടയിലെ `ബുദ്ധിജീവിയും' എന്ന നിലയില്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുമ്പോള്‍ മാത്രം 'സെക്‌സ്‌ വര്‍ക്കി' നു പോകുകയും അല്ലാത്ത ഘട്ടങ്ങളില്‍ `സംഘടനാ പ്രവര്‍ത്തനങ്ങളില്‍ `സജീവമാകുകയും ചെയ്യുകയാണ്‌.'നളിനിജമീലയുടെ ഇപ്പോഴത്തെ രീതി. തായ്‌ലന്റില്‍ ലൈംഗികത്തൊഴിലാളികള്‍ക്കാ'യി നടന്ന മീഡിയാ ആന്റ്‌ സോഷ്യല്‍ വര്‍ക്ക്‌ ഷോപ്പ്‌ സെമിനാര്‍, ബോംബെയിലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറം, ചെന്നൈയിലേയും കൊല്‍ക്കത്തയിലേയും `ലൈംഗികത്തൊഴിലാളി' സമ്മേളനങ്ങള്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈംഗികന്യൂനപക്ഷ സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുത്തതും 2002-ല്‍ തിരുവനന്തപുരത്തു നടന്ന കേരളാ സോഷ്യല്‍ ഫോറം സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചതും നളിനിജമീലയുടെ ജീവിതത്തിലെ അവിസ്‌മരണീയ അനുഭവങ്ങളായി. 2004 അന്ത്യത്തില്‍ 7ലെസ്‌ബിയന്‍സ്‌ 8 ഗേയ്‌സ്‌ എന്നിവര്‍ക്കായി തിരുവനന്തപുരത്തു നടന്ന`പ്രണയിനികളുടെ രാത്രി', 2004 -ലെ ലൈംഗികത്തൊഴിലാളികളുടെ തിരുവനന്തപുരം - എറണാകുളം -തൃശ്ശൂര്‍-കോഴിക്കോട്‌ യോഗങ്ങള്‍ എന്നിവയുടെയെല്ലാം മുഖ്യസംഘാടകരിലൊരാള്‍ നളിനിജമീലയായിരുന്നു. എന്നാല്‍ ഇതില്‍ തായ്‌ലന്റിലേക്കു നടത്തിയ യാത്ര അവരുടെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിത്തീരുകയാണെന്നാണ്‌ ആദ്യം നാം വായിക്കുന്നത്‌. (എന്നാല്‍ അങ്ങിനെ സംഭവിക്കുന്നില്ലെന്ന്‌ നാം പിന്നീട്‌ വ്യസനപൂര്‍വ്വം മനസ്സിലാക്കുന്നു) തായ്‌ലന്റ്‌ മീഡിയാവര്‍ക്ക്‌ഷോപ്പിന്റെ സംഘാടകരായ ദമ്പതിമാര്‍ നളിനിജമീലയ്‌ക്ക്‌ ഒരു വീഡിയോ ക്യാമറ സമ്മാനിക്കുന്നു. തായ്‌ലന്റ്‌ വര്‍ക്ക്‌ഷോപ്പില്‍ നിന്നു ലഭിച്ച അനുഭവജ്ഞാനവുമായി നളിനിജമീല ഡോക്യുമെന്ററി സിനിമാ നിര്‍മ്മാണത്തിലേക്കു തിരിഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ ശരാശരി ജീവിതം ചിത്രീകരിച്ച `ജ്വാലാമുഖികള്‍', �നിശ്ശബ്‌ദരാക്കപ്പെട്ടവരിലേക്ക്‌ ഒരെത്തിനോട്ടം' എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായി. ബോംബെയില്‍ നടന്ന ലൈംഗികന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുവാനും ഭാഗ്യമുണ്ടായി (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച്‌ തൊള്ളായിരം വര്‍ഷത്തെ തിരുവിതാംകൂര്‍ ചരിത്രമുള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ബൃഹദ്‌ ഡോക്യുമെന്ററി എടുത്തിട്ടുള്ള ഈയുള്ളവന്‌ നാളിതുവരെ ഒരു ലോക്കല്‍ വീഡിയോ ഫെസ്റ്റിവലില്‍പോലും പങ്കെടുക്കാനവസരം ലഭിച്ചിട്ടില്ലാത്തതിനാല്‍ നളിനിയേടത്തിയോട്‌ ഒന്നാന്തരം അസൂയ തന്നെയുണ്ട്‌!).......ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ അതിഥിയായി എത്തിയതോടെ ദൃശ്യമാധ്യമങ്ങളിലെ ഒരുജ്ജ്വലതാരമായി നളിനീജമീല മാറുകയായിരുന്നു.........
2004-ല്‍ മകള്‍ സീനത്തിനെ അന്തസ്സും സ്‌നേഹവുമുള്ള ഒരു ചെറുപ്പക്കാരന്‌ നളിനിജമീല വിവാഹം കഴിപ്പിച്ചു കൊടുത്തു.
ഈ ഘട്ടത്തിലാണ്‌ കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ മുന്നേറ്റചരിത്രത്തില്‍ നാടകീയമായ രണ്ടു സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്‌. നേതാവായ പോള്‍സണ്‍ റാഫേല്‍ ലൈംഗികത്തൊഴിലാളികളെ ഉപേക്ഷിച്ച്‌ `മറ്റു മേഖലകളിലേക്ക്‌'പോയതാണ്‌ ആദ്യത്തേത്‌. മൈത്രേയന്‍ `പൊതുജീവിതം' തന്നെ അവസാനിപ്പിച്ചത്‌ രണ്ടാമത്തേതും.
`ജീവിതത്തിന്റെ മുക്കാല്‍ഭാഗവും അവസാനിച്ചു കഴിഞ്ഞെങ്കിലും എനിക്കിനിയും സ്വപ്‌നങ്ങളുണ്ട്‌. എനിക്കു നേരിടേണ്ടിവന്ന തരത്തിലുള്ള ക്ലേശകരമായ ജീവിതയാത്രകള്‍ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്നതാണ്‌ അവയില്‍ പ്രധാനം. കുടുംബത്തിനകത്തായാലും പുറത്തായാലും ഏതു പീഡനത്തെയും അടിമത്തത്തേയും എതിര്‍ക്കാനുള്ള കരുത്ത്‌ സ്‌ത്രീകള്‍ നേടിയെടുക്കണം. അത്തരത്തിലുള്ള ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്‌ ഇനിയുള്ള കാലത്തെ എന്റെ ജീവിതം. അതോടൊപ്പം ഇപ്പോള്‍ ദുര്‍ബ്ബലാവസ്ഥയിലുള്ള സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്‌....... കൊള്ളാവുന്ന ഒരു ഫിലിം മേക്കറായി അറിയപ്പെടണമെന്ന ആഗ്രഹം ബാക്കിയുണ്ട്‌. അതിനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ളപ്പോള്‍ ഇപ്പോഴും `ലൈംഗികത്തൊഴിലിനു' പോകുന്നു. ശരീരം അനുവദിക്കുന്നിടത്തോളം അത്‌ തുടരുകയും ചെയ്യും. കാരണം എന്നെ ഞാനാക്കിയത്‌ ആ `തൊഴിലാ'ണെന്നതുകൊണ്ടു തന്നെ..........'; മാംസനിബദ്ധവും അതീവദാരുണവുമായ തന്റെ ജീവിതകഥ നളിനിജമീല എന്ന അഭിസാരിക ഇവിടെ പറഞ്ഞു നിര്‍ത്തുകയാണ്‌. ലൈംഗികപ്രതിഭയായ ഏതോ `കൊടും ബുദ്ധിജീവി' തയ്യാറാക്കിക്കൊടുത്തതെന്ന്‌ ഏതൊരു കുഞ്ഞിനും മനസ്സിലാകുന്ന, ചോദ്യോത്തരരൂപത്തിലുള്ളതും പാരായണത്തില്‍ ക്ലിഷ്‌ടാല്‍ ക്ലിഷ്‌ടതരവുമായ ഒരുഗ്രന്‍ അനുബന്ധത്തോടെയാണ്‌ ഗ്രന്ഥം അവസാനിക്കുന്നത്‌. 2003 മാര്‍ച്ച്‌ 2,3 തീയതികളില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ``ആനന്ദോത്സവം'' എന്ന പേരില്‍ നടന്ന `ലൈംഗികത്തൊഴിലാളി'കളുടെ ദേശീയ സമ്മേളനത്തില്‍ നളിനി ജമീലയുടെ നേതൃത്വത്തില്‍ സെക്‌സ്‌ വര്‍ക്കേഴ്‌സ്‌ ഫോറം അവതരിപ്പിച്ച ലഘുലേഖയില്‍ നിന്നുള്ള പ്രസക്തഭാഗമാണത്‌.

No comments: