Wednesday, April 27, 2011

ലാല്‍ സലാം!

ഓര്‍മ്മ വെച്ചനാള്‍മുതല്‍ എന്റെ മനസില്‍ കനല്‍ കോരിയിട്ട ഒരു പ്രതിഭാസമായിരുന്നു കമ്യൂണിസം. ശോണിമ വെള്ളിടിവെട്ടി തെളിയുന്നതായിരുന്നു കുഞ്ഞുന്നാളിലെ പ്രഭാതങ്ങള്‍. ചവറ ശങ്കരമംഗലത്തെ അമ്മയുടെ തറവാട്ടുവീട്ടില്‍ ദിനപ്പത്രം തുറക്കുന്ന നിമിഷം മുതല്‍ വലത്‌-ഇടത്‌ വാക്ക്‌പയറ്റ്‌ ആരംഭിക്കും. സര്‍വ്വശക്തിയും ഉപയോഗിച്ച്‌ കമ്മ്യൂണിസ്റ്റ്‌ ആചാര്യനായ ഇ.എം.എസ്സിനെ പിച്ചിച്ചീന്തുന്ന ഒരു യുവ ലോബി വീട്ടില്‍ സജീവമായിരുന്നു. രണ്ട്‌ ജ്യേഷ്‌ഠന്മാരായിരുന്നു അതിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. മറ്റൊരു ജ്യേഷ്‌ഠന്‍ വലതുപക്ഷ ആക്രമണത്തെ എതിര്‍ത്തും മിക്കപ്പോഴും ചോര വാര്‍ന്നും കെട്ടിനകത്തുകൂടി കിതച്ചുകൊണ്ട്‌ നടന്നു. ആ ജ്യേഷ്‌ഠന്റെ കൈയ്യാളും വക്താവും ആയിരുന്നു ഞാന്‍. അന്ന്‌ രണ്ടാം കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭാ കാലമായിരുന്നിരിക്കണം. പത്രങ്ങളില്‍നിന്ന്‌ ലഭിച്ച അറിവില്‍ ഇ.എം.എസ്സിനെയും ചൈനയെയും അനുകൂലിച്ച്‌ സംസാരിച്ച്‌ സംസാരിച്ച്‌ ഞാന്‍ ഒരു പ്രാസംഗികനായി മാറുകയായിരുന്നു. വലതുപക്ഷ ആക്രോശങ്ങളാല്‍ മുറിവേറ്റ്‌ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനായ ഒരു സാത്വികനായി ജ്യേഷ്‌ഠനും വളര്‍ന്നു വന്നു.
....അതിനുമപ്പുറത്തെ ഓര്‍മ്മകളിലൊന്നില്‍ കായംകുളത്തെ വീടിനു മുന്നിലൂടെ ഒരു പടുകൂറ്റന്‍ പ്രകടനം കടന്നുപോകുന്നു. വീട്ടിലേക്ക്‌ പുരുഷാരത്തിനൊപ്പം കയറി വരുന്ന വെള്ള വസ്‌ത്രമണിഞ്ഞ ഒരു സ്‌ത്രീ. കെ.ആര്‍. ഗൗരിഅമ്മ ആയിരുന്നു അത്‌. ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭാ കാലത്ത്‌ ഞാന്‍ ജനിച്ചിട്ടില്ലാത്തതിനാല്‍ 67ലെ സത്യപ്രതിജ്ഞയോടനുബന്ധിച്ചു തന്നെയായിരുന്നിരിക്കണം ആ ശക്തിപ്രകടനം.
...കമ്മ്യൂണിസം വീണ്ടും എന്നിലേക്ക്‌ കടന്നുവന്നത്‌ എം.ആര്‍. ഗോപാലകൃഷ്‌ണനിലൂടെ ആയിരുന്നു. കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന എം.ആര്‍. ഗോപാലകൃഷ്‌ണന്‍ നിരത്തിലൂടെ ആംഗ്യങ്ങള്‍ കാട്ടി പിറുപിറുത്തുകൊണ്ട്‌ നടന്നുപോകുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ കിറുക്കായിരിക്കും എന്നു ഞാന്‍ ആദ്യം കരുതി. പിന്നീട്‌ ശ്രദ്ധിച്ചപ്പോഴാണ്‌ ജല്‍പ്പനങ്ങള്‍ ഒന്നാന്തരം ഇംഗ്ലീഷാണെന്ന്‌ മനസിലായത്‌. സഖാവ്‌ എം.ആര്‍. കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ വരികള്‍ ഉരുവിട്ടുകൊണ്ടായിരുന്നു നടന്നിരുന്നത്‌.
ഒരു വിളിപ്പാടകലെയുള്ള കെ.പി.എ.സി-യില്‍ നിന്ന്‌ മുഴങ്ങിയ വിപ്ലവഗാനങ്ങള്‍....വീട്ടിലെ സന്ദര്‍ശകരായിരുന്ന കെ.പി.എ.സി. പോറ്റി സാറും ഗായകന്‍ കെ.എസ്‌. ജോര്‍ജും.
...സ്‌കൂള്‍ ജീവിതകാലത്തെ അരാഷ്‌ട്രീയ നാളുകള്‍ക്ക്‌ ശേഷം കോളെജില്‍ ചേര്‍ന്നതോടെ ഞാന്‍ ഒരു കമ്യൂണിസ്റ്റ്‌ സഹയാത്രികനായി മാറി. മിക്കവരെയും പോലെ ഞാനും എസ്‌.എഫ്‌.ഐ. അനുഭാവി ആയി. എന്നാല്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌ നടത്തിയിരുന്ന കോളേജിലെ ഇടതുപക്ഷ യുവതുര്‍ക്കികള്‍ക്കൊപ്പം അണിചേരാനായിരുന്നില്ല എന്റെ നിയോഗം. അരാജകത്വത്തിന്റെ ലഹരിപ്പുകയുമായി ക്യാമ്പസുകളില്‍ ചുഴറ്റി അടിച്ച ആധുനിക സാഹിത്യം പലരെയും എന്നപോലെ എന്നെയും ഇരയാക്കി. കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ മാറ്റിവെച്ച്‌ ഞാന്‍ മുകുന്ദനും വിജയനും പഠിക്കാന്‍ തുടങ്ങി. മുകുന്ദന്റെ കഥാപാത്രങ്ങളേക്കാള്‍ മനോഹരമായി കഞ്ചാവും മദ്യവും ഉപയോഗിച്ച ഞാന്‍ വളരെ വേഗം ക്യാമ്പസിലെ ശ്രദ്ധേയനായ പ്രതിനായകനായി മാറി.'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളു'ടെ ഉടപ്പിറന്നോനായ വിജയഭാനു, കഞ്ചാവ്‌ വില്‍പ്പനക്കാരനായ കൊച്ചുചെറുക്കന്‍, ഡ്രഗ്‌ പ്രമോട്ടറും തോണിക്കാരനുമായ കുരിയാച്ചന്‍, ചെത്തുകാരനായ മന്ത്രി എന്നിവരായിരുന്നു അക്കാലത്തെ സ്‌നേഹഭാജനങ്ങള്‍. ഒപ്പം ഓണാട്ടുകരയിലും പരിസരത്തുമുള്ള രാഷ്‌ട്രീയ-അരാഷ്‌ട്രീയ ബുദ്ധിജീവികളും സാമൂഹിക വിരുദ്ധരും.
അക്കാലത്ത്‌ മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായ ആധുനിക സാഹിത്യങ്ങള്‍ ഒന്നൊഴിയാതെ വായിച്ചു തീര്‍ത്തു. ആധുനികത തലയ്‌ക്കുപിടിച്ച ഞാന്‍ അങ്ങനെ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധനായി മാറി. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെക്കുറിച്ച്‌ യുവസൈദ്ധാന്തികനായ സഖാവ്‌ സുനില്‍കൃഷ്‌ണ അഘോരം സംസാരിക്കുമ്പോള്‍ സാര്‍ത്രേയേയും കാഫ്‌കയേയും ആനന്ദിനെയും ഒക്കെ ഉദ്ധരിച്ച്‌ ഞാന്‍ അയാളുടെ വാദഗതികളെ ഖണ്‌ഡിച്ചു. അരാജകത്വത്തെ അംഗീകരിച്ചിരുന്നില്ലെങ്കിലും ലഹരിയോട്‌ തരുണ കമ്യൂണിസ്റ്റുകള്‍ക്ക്‌ വിയോജിപ്പില്ലായിരുന്നു. അക്കാലത്ത്‌ പട്ടഷാപ്പുകളിലെ കമ്യൂണിസ്റ്റ്‌ ബ്രാന്റിംഗ,്‌ കക്ഷത്ത്‌ തിരുകിയ ദേശാഭിമാനിയും ചിന്തയും ദിനേശ്‌ ബീഡിയും ആയിരുന്നു. (കമ്യൂണിസ്റ്റുകാരെന്താ ബീഡിയും വലിച്ച്‌ കട്ടന്‍ചായയും കുടിച്ച്‌ നടക്കുന്നവരാണോ എന്ന്‌ എം.വി. ജയരാജന്‌ ക്ഷോഭം കൊള്ളുവാന്‍ പിന്നീട്‌ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു!) ഷാപ്പില്‍ നിന്ന്‌ പലപ്പോഴും വീട്ടില്‍ എത്തിച്ചേരുവാന്‍ തരുണ കമ്യൂണിസ്റ്റുകളുടെ അരാജകത്വത്തോടുള്ള ഉദാരമനോഭാവം തുണയായി.
...അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ഞാന്‍ വീണ്ടും ചുവന്നു തുടുത്തു. കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലേക്കും തീവ്ര ഇടതുപക്ഷ ലഘുലേഖകളിലേക്കും വായന മാറി. വല്ലാതെ അസ്വസ്ഥനായ ഞാന്‍ കമ്യൂണിസ്റ്റ്‌ വായനകളിലൂടെ അതിന്‌ ഉപശമനം വരുത്താന്‍ ശ്രമിച്ചു. എന്നാല്‍ വിജയന്റെ സന്ദേഹങ്ങള്‍ എന്നെ വീണ്ടും കമ്യൂണിസ്റ്റ്‌ സന്ദിഗ്‌ദ്ധതകളിലെത്തിച്ചു. പമ്മന്റെ വഷളനും സാഹിത്യവാരഫലത്തിനുമൊപ്പം മലയാളനാട്ടില്‍ സീരിയലൈസ്‌ ചെയ്‌തിരുന്ന ഇന്ദ്രപ്രസ്ഥത്തില്‍ നിന്നാണ്‌ സന്ദേഹത്തിന്റെ തേരട്ടകള്‍ ഇഴഞ്ഞെത്തിയത്‌. ആധുനികതയുടെ ചുവന്ന വാലിനെയും മറ്റും കുറിച്ച്‌ സംസാരിച്ച നരേന്ദ്രപ്രസാദ്‌ കമ്യൂണിസത്തിന്റെ സാധ്യതകളെ വീണ്ടും തൊട്ടുണര്‍ത്തിയെങ്കിലും ആധുനികതയുടെ നീക്കിയിരുപ്പായ അരാജകത്വത്തിലേക്ക്‌ പിന്നെയും കൂപ്പ്‌ കുത്താനായിരുന്നു എന്റെ നിയോഗം.
...പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവങ്ങള്‍ പലതുണ്ടായിരുന്ന ഒരു പെറ്റിബൂര്‍ഷ്വാ ഫ്യൂഡല്‍ കുടുംബത്തില്‍ പിറന്ന ഞാന്‍ ജീവിതാപരാഹ്നത്തില്‍ പിന്തിരിഞ്ഞ്‌ നോക്കുമ്പോള്‍ കമ്യൂണിസത്തിന്റെ തരുഛായകളില്‍ തന്നെയാണ്‌ ജനിച്ചതും വളര്‍ന്നതും നിലകൊള്ളുന്നതെന്നും തിരിച്ചറിയുകയാണ്‌. ഇടതുപക്ഷ മന്ത്രിസഭയിലെ ഏറ്റവും വിവാദാത്മകമായ ഒരു വകുപ്പ്‌ അരാജക ജീവിതത്തില്‍ നിന്ന്‌ സുസ്ഥിരമായ ഒരവസ്ഥയിലേക്ക്‌ എന്നെ പറിച്ച്‌ നടുമ്പോള്‍ കമ്യൂണിസം വീണ്ടും എന്നെ കെണിയിലാക്കുകയാണ്‌. എം.എ. ബേബി, കവി. എ. അയ്യപ്പന്‌ അന്‍പതിനായിരം രൂപ ചികിത്സാധനമായി നല്‍കുമ്പോള്‍ കമ്യൂണിസത്തിന്‌ സര്‍ഗാത്മക അരാജകത്വത്തോട്‌ അനുതാപമുണ്ടെന്നാണ്‌ വെളിപ്പെടുന്നത്‌. ബാലനും ടീച്ചറും ഐസക്‌ തോമസുമൊക്കെ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്ന എണ്ണമറ്റ ക്ഷേമ പദ്ധതികളില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തിലും കമ്മ്യൂണിസത്തിന്റെ തിരുശേഷിപ്പായ മാനവികതയാണ്‌ ഞാന്‍ തൊട്ടറിയുന്നത്‌.
തിന്മകള്‍ക്കിടയിലും നന്മകളെയാണ്‌ നാം ഉയര്‍ത്തിക്കാട്ടേണ്ടത്‌. മുഖ്യധാരാ മാധ്യമങ്ങള്‍ ഒരു ഭാഗത്തും ഇടതുപക്ഷം മറുഭാഗത്തുമായി നിലയുറപ്പിച്ചുകൊണ്ടുള്ള രാഷ്‌ട്രീയ സാംസ്‌കാരിക യുദ്ധക്കളമായി കേരളം മാറുമ്പോള്‍ ജി. സുധാകരന്റെയും പ്രഭാവര്‍മ്മയുടെയും വാഗ്‌ധോരണികള്‍ വീണ്ടും എന്നെ ചുമപ്പിലേക്ക്‌ പ്രലോഭിപ്പിക്കുകയാണ്‌. കാരണം, കളവ്‌ പറയുന്നവരുടെ മുഖത്തെ കൗശലമല്ല സുധാകരന്റെയും പ്രഭാവര്‍മ്മയുടെയും മുഖത്ത്‌ നിഴലിക്കുന്നത്‌. കെ.ഇ.എന്‍.നെപ്പോലുള്ളവരുടെ വാക്കുകളിലെ ചില ആര്‍ജവങ്ങള്‍ എന്റെ ഉള്ളു പൊള്ളിക്കുന്നുണ്ട്‌. കാലത്തിന്റെ വിധിനിര്‍ണയത്തിന്‌ എന്നെ നിര്‍ദാക്ഷണ്യം വിട്ട്‌, ചോരവീണുണര്‍ന്ന ഈ മണ്ണിലെ നന്മയുടെ ഏതെങ്കിലുമൊക്കെ തുരുത്തുകളില്‍ കയറിനിന്ന്‌, മണ്‍മറഞ്ഞ രക്തസാക്ഷികള്‍ക്കും ആത്മാര്‍ത്ഥമതികളായ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്മാര്‍ക്കും ആചാര്യ ജീവിതങ്ങള്‍ക്കും `ലാല്‍സലാം' പറയാനെ ഈ സന്ദിഗ്‌ദ്ധകാലത്ത്‌ കഴിയൂ. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', ഒരിക്കല്‍ കൂടി കാണുവാനായി ഏതെങ്കിലും ഒരു രംഗമണഡ്‌പത്തിലേക്ക്‌ ഞാന്‍ ആകാംക്ഷയോടെ നോക്കുകയാണ്‌. ബെല്‍ മുഴങ്ങുമ്പോള്‍ തെളിയുന്ന രംഗപടം ഏതായിരിക്കും?

No comments: