Thursday, April 28, 2011

ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു...

എ. അയ്യപ്പന്‍, ഒരനുഭവം
(With an anticlimax!)
ഒരു ചിപ്പിക്ക്‌ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുന്നു...


മരുതംകുഴി കേരളാശ്രമത്തില്‍ ഒരു പുലര്‍ച്ചെ പത്രത്താളു മറിക്കുമ്പോള്‍ ആദ്യം കണ്ണില്‍ തടഞ്ഞ വാര്‍ത്ത; കവി എ. അയ്യപ്പന്‍ ആസ്‌പത്രിയില്‍. തിരുവനന്തപുരം : കവി എ. അയ്യപ്പനെ ജനറല്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വയോജനവാര്‍ഡില്‍ ചികിത്സയിലാണ്‌ അദ്ദേഹം. തിങ്കളാഴ്‌ച രാത്രി വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അയ്യപ്പനെ അജ്‌ഞാതന്‍ എന്ന നിലയില്‍ പോലീസ്‌ ജനറല്‍ ആശുപത്രിയിലെ ഒന്‍പതാംവാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാവിലെ ചില ഡോക്‌ടര്‍മാരാണ്‌ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ വയോജനവാര്‍ഡിലേക്ക്‌ മാറ്റി...
എന്റെ മനസ്സില്‍ സ്‌നേഹത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും ബൂര്‍ഷ്വാഭയഭീതികളുടെയും കൊള്ളിയാന്‍ മിന്നി. പതിറ്റാണ്ടായി ഞാന്‍ ഭയന്നകറ്റി നിര്‍ത്തിയിരുന്ന ആ അരാജകപ്രതിഭാപ്രതിഭാസം വിധിനിശ്ചമെന്നോണം ഇതാ എന്റെ തൊട്ടടുത്ത്‌ എത്തിയിരിക്കുന്നു. സ്റ്റാച്യുവില്‍, പാളയത്ത്‌, നഗരഹൃദയത്തിലെവിടെയും കുറെക്കാലമായി ഞാന്‍ അയ്യപ്പനില്‍ നിന്ന്‌ ഓടി ഒളിക്കുകയായിരുന്നു. പണ്ട്‌ പഴനിയെ കൊമ്പന്‍ സ്രാവെന്ന പോലെ, ഒരു പെണ്‍കുഞ്ഞിന്റെ അച്‌ഛനായ എന്നെ അയാള്‍ അരാജകത്വത്തിന്റെ നീര്‍ച്ചുഴികളിലേക്ക്‌ വലിച്ചുകൊണ്ടുപോകുമോ എന്ന ഭീതിയായിരുന്നു ആ അകല്‍ച്ചയ്‌ക്ക്‌ കാരണം. അയ്യപ്പന്‌ ആ നൂല്‍പ്പാലത്തിലൂടെ കാണികളെ ഒന്നാകെ രസിപ്പിച്ചുകൊണ്ട്‌ സ്വകീയമായ സര്‍ക്കസ്സുകള്‍ കാട്ടി നടക്കുവാന്‍ ജന്മസിദ്ധമായ കഴിവുണ്ട്‌. എനിക്കതില്ല തന്നെ!
അയ്യപ്പനെ പ്രവേശിപ്പിച്ച ജനറല്‍ ആസ്‌പത്രിയോടു തൊളുരുമ്മികിടക്കുന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എന്റെ സ്ഥാപനത്തിലെ എ. സി മുറിയിലിരുന്നപ്പോള്‍ എന്റെ ഹൃദയം വിങ്ങി... വയോജനവാര്‍ഡിലെ അയ്യപ്പസന്നിധിയിലേക്ക്‌ മനസ്സ്‌ ഓടി...


വയോജന വാര്‍ഡില്‍ അറുപത്‌ കഴിഞ്ഞവര്‍ക്കിടയില്‍ നരകയറിയെങ്കിലും യുവത്വത്തിന്റെ എല്ലാ പ്രസരിപ്പുമായി രണ്ടുപേര്‍ക്ക്‌ കയറാവുന്ന ഷര്‍ട്ട്‌ ധരിച്ച്‌ ആ ചന്ദ്രതാരമായി അയ്യപ്പന്‍ വിളങ്ങുന്നു!
തന്നെ അഡ്‌മിറ്റ്‌ ആക്കിയതിന്റെ പത്രഭാഷ്യമല്ല കവിക്ക്‌ പറയാനുണ്ടായിരുന്നത്‌. "എടേ ഞാന്‍ സ്ഥിരമായി ഇരിക്കാറുള്ള സെക്രട്ടറിയേറ്റിനു മുമ്പിലെ അരമതിലില്ലേ. ഇന്നലെ രാത്രി പത്തരയ്‌ക്ക്‌ അവിടെ ഇരിക്കുമ്പോള്‍ ഒരു പൈന്റ്‌ തടഞ്ഞു. അവിടിരുന്ന്‌ അത്‌ അടിച്ച്‌ കുപ്പി സെക്രട്ടറിയേറ്റിലേക്ക്‌ വലിച്ചെറിഞ്ഞു. അപ്പോള്‍ മുമ്പില്‍ ലവന്മാര്‍ പ്രത്യക്ഷപ്പെട്ടു. യേത്‌? കാക്കി! ഞാന്‍ അണ്‍കോണ്‍ഷ്യസ്‌ അഭിനയിച്ചു. അവന്മാര്‍ പൊക്കിക്കൊണ്ടുവന്ന്‌ ഒമ്പതാംവാര്‍ഡില്‍ ഇട്ടു. ഒമ്പതാംവാര്‍ഡില്‍ കിടിലം സെറ്റപ്പായിരുന്നു. രാവിലെ നമ്മുടെ ഡോ. സന്തോഷ്‌ ഐഡന്റിഫൈ ചെയ്‌ത്‌ ഇവിടാക്കി. ഇവിടെ വി. ഐ.പി ട്രീന്റ്‌മെന്റ്‌ തന്നെ. എടേ നീ എനിക്ക്‌ ഒന്നു രണ്ടു ഐറ്റംസ്‌ വാങ്ങിച്ചു തരണം. ഒരു തോര്‍ത്തും സോപ്പും പിന്നെ ഫ്രൂട്ട്‌സും." "ഫ്രൂട്ട്‌സ്‌ ഏതു വേണം? " "കോസ്റ്റ്‌ലി തന്നെ ആയിക്കോട്ടെ,"; അയ്യപ്പന്‍.
ആപ്പിള്‍ വാങ്ങിക്കണമെങ്കില്‍ വെയിലത്ത്‌ റോഡ്‌ മുറിച്ചു കടക്കണം. അങ്ങനിപ്പോള്‍ അണ്ണന്‍ ആപ്പിള്‍ തിന്നണ്ട. ആസ്‌പത്രി കാന്റീനില്‍ നിന്ന്‌ നാല്‌ ഏത്തപ്പഴവും തോര്‍ത്തും സോപ്പും വാങ്ങി ഞാന്‍ അയ്യപ്പന്‌ നല്‍കി. പ്രസന്നവദനനായ അയ്യപ്പന്‍ പറഞ്ഞു.;" നീ ചെയ്‌ഞ്ച്‌ എന്തെങ്കിലും കൂടി വയ്‌ക്ക്‌." "പിന്നേ, അടിച്ചോണ്ടിരുന്നാമതി." ഞാന്‍ പറഞ്ഞു. അയ്യപ്പനോട്‌ ഗുഡ്‌ബൈ പറഞ്ഞ്‌ ഞാന്‍ ഓഫീസിലേക്ക്‌ മടങ്ങി.
പിന്നീട്‌ ഡോ. സന്തോഷ്‌ പറഞ്ഞു; "ഭീകരമായ ഒരിടമാണ്‌ ഒന്‍പതാംവാര്‍ഡ്‌. മാനസികരോഗികളും യാചകരും ക്രിമിനലുകളുമൊക്കെയുള്ള ഒരിടം. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടത്തെ അന്തേവാസികളെ അയ്യപ്പന്‍ കവിത പാടി രസിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ തിരിച്ചറിഞ്ഞാണ്‌ ജെറിയാട്രിക്‌ വാര്‍ഡിലേക്ക്‌ മാറ്റിയത്‌. ഇനി അണ്ണനെ നമുക്കൊന്ന്‌ മിനുക്കിയെടുക്കണം. ഒരുമാസം ഇവിടെ തങ്ങട്ടെ. എഴുതാന്‍ പേപ്പറും പേനയുമൊക്കെ വാങ്ങി കൊടുത്തിട്ടുണ്ട്‌."
ഗൃഹാതുരമായ ഭയത്തോടെ ഞാന്‍ ഓര്‍ത്തുന്ന ഒരു കാലമാണ്‌ അയ്യപ്പനുമൊത്തുള്ള എന്റെ കൗമാരം. സ്വാദിഷ്‌ടമായ നാടന്‍ ഭക്ഷണങ്ങളും നാടന്‍ ഉള്‍പ്പെടെയുള്ള വിവിധതരം മദ്യങ്ങളും ഞാന്‍ ഏറെ രുചിച്ചിട്ടുള്ളത്‌ അക്കാലത്തായിരുന്നു. അയ്യപ്പന്റെ പെങ്ങള്‍ മണിയക്ക എനിക്ക്‌ സ്വന്തം പെങ്ങളെപ്പോലെയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള അനന്തിരവന്‍ പിച്ചു സ്വന്തം അനന്തിരവനും. കൊള്ളിയാനും പേമാരിയും ഉണ്ടായിരുന്ന ഒരു പാതിരാത്രി മുഴുവന്‍ തന്റെ തുടയിലെ വലിയ ദ്വാരവും കാട്ടി ചേച്ചാ ചേച്ചാ എന്ന്‌ പിച്ചു വിലപിച്ചു കൊണ്ടിരുന്നത്‌ ഇന്നും ഓര്‍ക്കുന്നു. അയ്യപ്പന്റെ ശേഖരത്തില്‍ നിന്ന്‌ കൗമാരത്തിനുമുമ്പുള്ള എന്റെ ഒരു ചിത്രം അടര്‍ന്നുവീണത്‌ അന്നായിരുന്നു. അണ്ണന്‌ എന്നെ അത്ര പ്രിയമായിരുന്നുവെന്ന്‌ മനസ്സിലായതും നേമം സ്റ്റുഡിയോ റോഡിലെ അയ്യപ്പന്റെ തറവാട്‌ വീട്ടില്‍ പാട്ടുംകൂത്തും മദ്യവും ഊഞ്ഞാലാട്ടവുമൊക്കെയായുള്ള ഓണക്കാലങ്ങളും മറക്കാനാവാത്തവയാണ്‌...
വയോജനവാര്‍ഡിലെ അയ്യപ്പസാന്നിധ്യത്തെ ഞാന്‍ മറവിയിലുപേക്ഷിച്ചു. പിന്നീടൊരു ദിവസം പത്രതാളില്‍ വീണ്ടും അയ്യപ്പദര്‍ശനം... വഴിവക്കില്‍ നിന്ന്‌ അജ്‌ഞാതനായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ കവി എ. അയ്യപ്പനെ പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ കൊണ്ടുപോയി. ഗാന്ധിഭവന്‍ പ്രവര്‍ത്തര്‍ക്കൊപ്പം പോകാനിറങ്ങുംമുമ്പ്‌ ആശുപത്രി വാസത്തിനിടെ തുണ്ടുപേപ്പറില്‍ താന്‍ എഴുതിവച്ച കവിതകള്‍ മാത്രം അയ്യപ്പന്‍ മരുന്നുകുറിപ്പുകള്‍ പോലെ ശ്രദ്ധയോടെ മടക്കി എടുത്തു.
തുടര്‍ ദിനങ്ങളില്‍ ചാനലില്‍ കൈശോരകമായ നിഷ്‌കളങ്കതയോടെ ഗാന്ധിഭവനിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം കവിത ചൊല്ലിയും കളിച്ചും ആനന്ദിക്കുന്ന അയ്യപ്പബിംബം.
ആത്‌മസാക്ഷാത്‌കാരം സിദ്ധിച്ചവര്‍ കവികളിലും ഉണ്ടാകുമെന്ന്‌ ആധുനിക കാലത്ത്‌ നാം പലപ്പോഴും തിരിച്ചറിയാറുണ്ട്‌. അയ്യപ്പന്റെയും ദുര്യോഗമതാണ്‌. കവികളിലെ ആത്‌മസാക്ഷാത്‌കാരഭാവത്തെ പൂര്‍ണ്ണസാഫല്യത്തിലെത്താന്‍ പരിസ്ഥിതി പലപ്പോഴും അനുവദിക്കാറില്ല. കവിയും ബോധിസത്വനും ഒരാള്‍ തന്നെയാണെന്നാണ്‌ തിരിച്ചറിയേണ്ട സത്യം. ബുദ്ധനും ആട്ടിന്‍കുട്ടിയും തുടങ്ങിയ അയ്യപ്പന്റെ അദ്ധ്യാത്‌മരചനകള്‍ ഓര്‍ക്കുക. ആത്‌മസാക്ഷാത്‌കാരഭാവത്തിന്‌ ലയിക്കുവാന്‍ ഏതെങ്കിലും ഒരു മാധ്യമം കൂടിയേ തീരൂ. സന്യാസി അതിനെ ബ്രഹ്‌മത്തില്‍ ലയിപ്പിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ജീവന്‍ മുക്തന്‍ ബ്രഹ്‌മമായി തീരുന്നു.
ചില കവികള്‍ (കലാകാരന്‍മാരും) തങ്ങളുടെ ആത്‌മസാക്ഷാത്‌കാരഭാവത്തെ സ്‌നേഹത്തിന്റെ ബഹിസ്‌ഫുരണങ്ങളായ അരാജകത്വത്തിലും മധ്യത്തില്‍ ലയിപ്പിക്കുന്നു. "There is a hole in my body that is alchohol"എന്ന്‌ അയ്യപ്പന്‍ ഇടയ്‌ക്ക്‌ എപ്പോഴോ പറഞ്ഞത്‌ ഇപ്പോള്‍ ഓര്‍ത്തുപോകുകയാണ്‌. ഇങ്ങനെ എഴുതാന്‍ കഴിഞ്ഞാല്‍ തനിക്കും ഒരല്‌പം `രുചിച്ചുനോക്കിയാല്‍' കൊള്ളാമെന്ന്‌ അയ്യപ്പന്റെ `നചികേതസ്‌' എന്ന കവിത വായിച്ചശേഷം ഗുരു നിത്യചൈതന്യയതി പ്രതികരിച്ചു.
അ. ഇ. അപ്പന്‍ എന്നാണ്‌ അയ്യപ്പപദത്തിന്റെ വിശേഷം. `അ' യും `ഇ' യും ഓങ്കാരത്തിലെ അകാരവും ഇകാരവും ആണ്‌. `ഒരിട'ത്തെത്തിയാല്‍ പ്രപഞ്ചത്തിലെ കുരുക്കുകള്‍ ഒന്നാകെ അഴിഞ്ഞുവീഴുമെന്നാണ്‌ മഹത്തുക്കള്‍ പറഞ്ഞിട്ടുള്ളത്‌. അയ്യപ്പന്‍ ഒടുവില്‍ അവിടെ എത്തിച്ചേര്‍ന്നിരിക്കുകയാണ്‌. ആ ആത്‌മസ്ഥലിയെ "ഏകാന്താദ്വയ ശാന്തിഭു' എന്നാണ്‌ കുമാരാശാന്‍ പ്രരോദനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആ ഏകാന്താദ്വയ ശാന്തിഭൂവില്‍ വസ്‌തു ഒന്നേയുള്ളു. രണ്ടില്ല. അശാന്തിയുടെ നിഴല്‍ പോലുമില്ല. അങ്ങനെ ശാന്തിതീരത്ത്‌ അയ്യപ്പനും അണഞ്ഞു.
ഒരു ജന്മത്തില്‍ തന്നെ അനേകം ജന്മകള്‍ കണ്ട അയ്യപ്പന്‌ ഗാന്ധിഭവനിലേത്‌ പുനര്‍ജന്മമാണ്‌. ഇതിലൂടെ കവി തന്റെ ഉന്മാദശല്‍ക്കങ്ങള്‍ ഉരിഞ്ഞെറിഞ്ഞ്‌ ജീവന്‍മുക്തരാകുകയാണ്‌. ഒരു ചിപ്പിക്ക്‌ ഒടുവില്‍ ബുദ്ധന്റെ കണ്ണുനീര്‍ കിട്ടുകയാണ്‌ ...
ആന്റി ക്ലൈമാക്‌സ്‌
....... അങ്ങനെയിരിക്കെ, നിനച്ചിരിക്കാതെ പത്രത്താളില്‍ വീണ്ടും അയ്യപ്പന്‍. മാതൃഭൂമിയില്‍ വാര്‍ത്ത മാത്രം. മനോരമയില്‍ മണിയക്കയ്‌ക്കൊപ്പമുള്ള അയ്യപ്പന്റെ വര്‍ണ്ണചിത്രം. മണിയക്കയുടെ പുതിയ രൂപം പണ്ട്‌, കൂട്ടുകുടുംബകാലത്ത്‌, അച്ഛന്റെ തറവാട്ടില്‍ വീടോടെ നിന്നിരുന്ന സരസമ്മയുടെ ഓര്‍മ്മ എന്നിലുണര്‍ത്തി. മണിയക്ക വല്ലാതായിരിക്കുന്നു. ഒരു പാതിരാത്രിയില്‍ അയ്യപ്പന്റെ വീട്ടില്‍വച്ച്‌ നിര്‍ബന്ധം പിടിച്ചപ്പോള്‍ വറുത്തരച്ച തിരച്ചിക്കറിയും ചോറും കുഴച്ച്‌ മണിയക്ക വായില്‍വച്ചുതന്നത്‌ ഞാനോര്‍ത്തുപോയി. സ്വര്‍ണ്ണപ്പണിക്കാരുടെ കുടുംബത്തില്‍പിറന്ന മണിയക്കയും അയ്യപ്പനുമൊക്കെ ബാല്യകൗമാരങ്ങളില്‍ നന്നായിയ കഴിഞ്ഞുപോന്നിരുന്നവരാണ്‌. അയ്യപ്പന്റെ അച്ഛന്‌ സ്വന്തമായി ഒരു ജൂവലറി പോലും ഉണ്ടായിരുന്നു. സയനൈഡ്‌ ഉള്ളില്‍ച്ചെന്ന്‌ അച്ഛന്‍ മരിച്ചതോടെയാണ്‌ ആ കുടുംബം ഛിന്നഭിന്നമായത്‌. ഒരു ബന്ധു കൊലപ്പെടുത്തിയതാണെന്ന്‌ അയ്യപ്പന്‍ പണ്ടൊക്കെ പറയുമായിരുന്നു.
അയ്യപ്പന്‍ നേമത്തെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു! ഞാന്‍ അയ്യപ്പനെ ഫോണില്‍ വിളിച്ചു. ഫോണെടുത്തത്‌ അനന്തരവന്റെ ഭാര്യ. "മാമന്‍ രാവിലെ പുറത്തുപോയി. എപ്പോള്‍ തിരിച്ചുവരുമെന്നറിയില്ല"ഞാന്‍ മണിയക്കയെ തിരക്കി. "മണിയക്കയ്‌ക്ക്‌ നല്ല സുഖമില്ല, സംസാരിക്കാനൊന്നും കഴിയില്ല". അയ്യപ്പന്റെ ചില അടുപ്പക്കാരോട്‌ (അങ്ങനെയാരെങ്കിലും അയാള്‍ക്കുണ്ടോ?) വിവരങ്ങള്‍ തിരക്കി. ഗാന്ധി ഭവനില്‍ നിന്ന്‌ പെങ്ങളെ കാണണമെന്ന്‌ പറഞ്ഞ്‌ ശാഠ്യം പിടിച്ച്‌ അയ്യപ്പന്‍ തിരിച്ചെത്തിയിരിക്കുകയാണ്‌. ഇനി മടങ്ങിപ്പോക്ക്‌ ചിന്തനീയം!
അടുത്തൊരു ദിവസം, സ്റ്റാച്യുവില്‍ അയ്യപ്പന്റെ പിന്‍വിളി. കാവിയണിഞ്ഞ അണ്ണന്‍! "എടേ വിശക്കുന്നു. ഫുഡും ഡ്രിങ്കും വേണം". "അഞ്ചു പൈസ തരില്ല", ഞാന്‍. അയ്യപ്പനെ വഴിയിലുപേക്ഷിച്ച്‌ ഞാന്‍ 'മുക്കാട'നിലേക്ക്‌ പോയി. മൂന്ന്‌ ലാര്‍ജ്‌ ഷാര്‍ക്ക്‌ ടീത്ത്‌ വോഡ്‌ക ഓര്‍ഡര്‍ ചെയ്‌തു. ഡ്രിങ്കില്‍ നാരങ്ങ പിഴിഞ്ഞ്‌ പച്ചമുളക്‌ പൊട്ടിച്ചിട്ടു. അയ്യപ്പനൊപ്പമുള്ള ഭൂതകാലസ്‌മരണ പോലെ അത്‌ നുരഞ്ഞുപൊങ്ങി.
അയ്യപ്പന്‍ എന്ന ഭൗതികവിഹ്വലത എന്നില്‍ അങ്ങനെ അവസാനിച്ചു.


No comments: