Tuesday, April 26, 2011

ജഡം: ഒരു (സാംസ്‌കാരിക) വില്‍പ്പനച്ചരക്ക്‌...

എ. അയ്യപ്പന്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം
ജഡം: ഒരു (സാംസ്‌കാരിക) വില്‍പ്പനച്ചരക്ക്‌...



"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടീല
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല
തട്ടാപ്പിള്ളേര്‌ തട്ടിപ്പറിച്ചീല
അയ്യപ്പന്‍ തന്ന നെയ്യപ്പം തിന്നു!"
ജീവിതവും അതും പേറി നടക്കുന്ന ശരീരവും ഒരു ഓട്ടപ്പാത്രമായി തീരുമ്പോഴും അസാധരണമായ നര്‍മ്മബോധം പുലര്‍ത്തി എന്നതായിരുന്നു കവിത കഴിഞ്ഞാല്‍ എ. അയ്യപ്പന്റെ ഏറ്റവും വലിയ അനന്യത. തന്റെ ജഡം വിവിധസ്ഥാപിതാല്‍പ്പര്യക്കാരന്‍ ഹൈജാക്ക്‌ ചെയ്യപ്പെട്ട എന്നതു മരണാനന്തരം അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ യോഗമോ ദുര്യോഗമോ. ആത്മാവു സത്യമാണെങ്കില്‍, തന്നെയും പേറി നടന്നിരുന്ന ആ എല്ലിന്‍കൂടിനെ അണ്ണന്‍ മാറിനിന്നു കണ്ടിട്ടുണ്ടെങ്കില്‍, ചാട്ടുളിപോലെ എന്തെങ്കിലുമൊക്കെ തൊടുത്തിരിക്കണം!
അയ്യപ്പന്‍ മോര്‍ച്ചറിയിലും അയാളുടെ ഇരയും, ഭ്രാതാവുമായ ഞാന്‍ വീട്ടിലും ഓഫീസിലുമൊക്കെയായിക്കഴിഞ്ഞ ആ ഒരാഴ്‌ചക്കാലം അസഹനീയമാംവിധം ദുഃസ്സഹമായിരുന്നു. ജഡത്തിനു ചുറ്റും, മാധ്യമങ്ങളിലും, തുടര്‍ന്നരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ തീര്‍ത്തും ജഗുപ്‌സാവഹവും. എന്നാല്‍, അയ്യപ്പന്‍ പാടുന്ന പിശാചായ ഒരവതാരജന്മമായിരുന്നതിനാല്‍ ഇതൊക്കെയും ആ ഗംഭീരജീവിതത്തിനു തിരശ്ശീല വീഴുന്നേരത്തെ അഗ്നിമുഹൂര്‍ത്തത്തിന്റെ അനിവാര്യതകളായി അംഗീകരിക്കേണ്ടിയിരിക്കുന്നു.
അയ്യപ്പന്റെ ജഡം (കപട) ബുദ്ധിജീവികളാലും കവിയശ: പ്രാര്‍ത്ഥികളാലും അതീവരസകരമായിത്തന്നെ ഹൈജാക്കു ചെയ്യപ്പെട്ടു! ശ്രോതാക്കളില്ലാത്തിടത്ത്‌ ചാനല്‍ ക്യാമറകളെ നോക്കിയായിരുന്നു അനുസ്‌മരണ കാവ്യാലാപനങ്ങള്‍ ( ലക്ഷ്യം ചിന്തനീയം!) ജഡത്തെയും മികച്ചൊരു സാംസ്‌കാരിക വില്‍പ്പനച്ചരക്കാക്കാമെന്ന ഉത്തരാധുനിക വിപണനതന്ത്രത്തെ വിവിധ ഗ്രൂപ്പുകള്‍ അതീവ വിദഗ്‌ദ്ധമായിത്തന്നെ ആഘോഷിച്ചു. കണ്ടാല്‍ വലിയുന്നവര്‍, കാല്‍ക്കാശു കൊടുക്കാതിരുന്നവര്‍ മരണാനന്തരം കവിയുമായി ആത്മബന്ധം സ്ഥാപിക്കുവാന്‍ ഇടിച്ചുകയറി. പ്രാണന്‍ നിലച്ചതോടെ കവി അയ്യപ്പന്‍ സര്‍വ്വരുടെയും ആത്മഭാജനമായി. നമ്മുടെ സ്വന്തം അയ്യപ്പാണ്ണന്‍, സ്വന്തം അയ്യപ്പമ്മാമന്‍, തെരുവിന്റെ കവി എ.അയ്യപ്പന്‍! ചേതനയറ്റ അയ്യപ്പനെ ആര്‍ക്കും ഭയക്കേണ്ട കാര്യമേയില്ലല്ലോ!
സാംസ്‌കാരികവകുപ്പിന്റെ `അയ്യപ്പപ്രേമം' കവികള്‍ക്കും അനുശോചന പ്രളയകാര്‍ക്കും നന്നായി സ്‌കോര്‍ചെയ്യാന്‍ അവസരമൊരുക്കി. ഒന്നാന്തരമായി കവിത ചൊല്ലുമായിരുന്നിട്ടും കവിയരങ്ങുകളില്‍ തഴയപ്പെട്ടിരുന്ന അയ്യപ്പന്റെ ശവപേടകത്തിനു ചുറ്റും കവിയരങ്ങുകള്‍ തകര്‍ത്തു. മിക്ക പൊതുവേദികളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന അയ്യപ്പനായി അനുശോചന സമ്മേളന പരമ്പര തന്നെ അരങ്ങേറി.
മരണാനന്തരമുണ്ടായ ചില അയ്യപ്പകാവ്യപഠനങ്ങള്‍ വായിച്ചപ്പോള്‍ പണ്ടൊരു പോസ്റ്റ്‌മോഡേണ്‍ ബുദ്ധിജീവി അഘോരം പ്രസംഗിക്കുന്നതു കേള്‍ക്കേ അയ്യപ്പന്‍ സദസ്സിലിരുന്നു നടത്തിയ പ്രതികരണമാണ്‌ ഓര്‍മ്മ വന്നത്‌.` ഇവനെന്തടേ, പെണ്ണുകെട്ടീട്ടില്ലേ?'. അയ്യപ്പന്റെ പ്രതിപക്ഷ ജീവിതത്തെ കാല്‍പ്പനികവല്‍ക്കരിച്ചും ആദര്‍ശവല്‍ക്കരിച്ചും ചളിപ്പിച്ചവര്‍ അയാളുടെ കവിതകള്‍ ഇനിയെങ്കിലും ഒന്നു മനസ്സിരുത്തി പഠിക്കുവാന്‍ താല്‍പ്പര്യം കാണിക്കണമെന്ന്‌ പ്രാര്‍ത്ഥിക്കുകയേ നിര്‍വ്വാഹമുള്ളൂ.

മേമ്പൊടി;
അയ്യപ്പന്‍ ; ``ഇത്തവണ ഫോറിന്‍ ഫെസ്റ്റിവലുകള്‍ക്കൊന്നും പോയില്ലേ സര്‍?
അടൂര്‍ :`` ഇല്ലയ്യപ്പാ!''
അയ്യപ്പന്‍ : `` `ഫോര്‍ ലേഡീസു'മായി ഒന്നുകറങ്ങി നോക്കാത്തതെന്ത്‌?''

1 comment:

കൊമ്പന്‍ said...

ഒരാള്‍ നല്ലവനാകണ മെങ്കിലും മഹാനാകണം എങ്കിലും ആത്മാവ് ദേഹം വിട്ടു ഒഴിയണം എന്നത് നാട്ടു നടപ്പ് ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല