Wednesday, March 21, 2012

മലയാളിയുടെ ആഗോളീകരണം:അഞ്ച്


20-04-2007

സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.

 

'വിജയിച്ച ബ്രാഹ്മണന്‍.' 

മലയാളിയുടെ ഹൃദയത്തില്‍ രൂഢമൂലമായിരുന്ന മതേതരവും വര്‍ണേതരവുമായ ഭക്തി, സ്‌നേഹം, കാരുണ്യം, ആരാധനാമനോഭാവം, പാരസ്പര്യം എന്നീ മാനുഷികമൂല്യങ്ങളെ കുഴിച്ചുമൂടുവാനുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോആയ ശ്രമങ്ങള്‍ നടത്തുന്നവര്‍ ആഗോളീകരണത്തിന്റെ പ്രാദേശിക ദല്ലാളന്മാരല്ലെങ്കില്‍ പിന്നെ ആരാണ്? മലയാളിസമൂഹത്തിന് ഒട്ടേറെ നന്മകള്‍ നല്‍കിയിട്ടുള്ള ഇ.എം.എസിനെ ബ്രാഹ്മണശബ്ദത്തിന്റെ അര്‍ത്ഥംപോലും അറിയാതെ 'വിജയിച്ച ബ്രാഹ്മണനെ'ന്നു മുദ്രകുത്തുന്ന സൈദ്ധാന്തികര്‍ നവആഗോളീകരണത്താല്‍ ഇരയാക്കപ്പെടുകയാണ്.  മാട്ടിറച്ചി ഭുജിക്കാത്തത്, ലക്ഷോപലക്ഷം സാധാരണക്കാര്‍ ഇന്നും ഹൃദയത്തില്‍ വച്ചാരാധിക്കുന്ന ആ കമ്യൂണിസ്റ്റാചാര്യന്റെ ഏറ്റവും വലിയ സവര്‍ണപാതകമായി ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അമൂര്‍ത്തമായ ആഗോളീകരണത്തിനുപോലും ചിരിച്ചുമണ്ണുകപ്പാതിരിക്കാനാകുമോ? ഹൃദയസംബന്ധമോ, മാട്ടിറച്ചി കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മറ്റേതെങ്കിലുമോ ഗുരുതരമായ രോഗബാധ അദ്ദേഹത്തിനുണ്ടാകാതെ കഴിച്ചുകൂട്ടുവാനായി എന്ന് സമാശ്വസിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്? മാട്ടിറച്ചി കഴിക്കുന്നതാണ് ദളിതരുമായി ഐക്യപ്പെടേണ്ടതിന്റെ മാനദണ്ഡമെന്നു വിധിയെഴുതുന്നവര്‍ സാംസ്‌കാരിക ആഗോളീകരണത്തിന് തങ്ങളറിയാതെ തന്നെ കീഴ്‌പ്പെടുകയാണ്.

വര്‍ണവിദേ്വഷം.


കാഞ്ചാ ഏലയ്യയെപ്പോലുള്ള ധിഷണാശാലികളായ ദളിതസൈദ്ധാന്തികരെ വര്‍ണവിദേ്വഷത്താല്‍ ഇരയാക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ തന്ത്രം.
ദേശവിധ്വംസകമായ വ്യാജപ്രത്യയശാസ്ത്രങ്ങളാല്‍ ആഗോളീകരണം 'അവര്‍ണനെ'യും 'സവര്‍ണ'നെയും തമ്മില്‍ അകറ്റുന്നു. ഒരു ദേശത്തിന്റെ അവബോധത്തെയും സ്വത്വത്തെയും
അങ്ങനെ അത് കലുഷിതമാക്കുന്നു. ഭൂതകാലങ്ങളില്‍ സവര്‍ണര്‍ അവര്‍ണരോടു ചെയ്ത പാതകങ്ങളെ അവര്‍ണര്‍ ക്ഷമിക്കണമെന്നും തങ്ങളുടെ പാതകങ്ങളില്‍ സവര്‍ണര്‍ ഇക്കാലത്തും അപകര്‍ഷതാബോധം അനുഭവിക്കരുതെന്നും ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ അയാളെ സവര്‍ണഫാസിസ്റ്റെന്നും സംഘപരിവാറുകാരനെന്നും മുദ്രകുത്തി അത് തമസ്‌കരിക്കുന്നു.
സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും സ്ഥാനത്ത് പകയെയും വിദേ്വഷത്തെയും പ്രതിഷ്ഠിക്കുകയാണ് പ്രാദേശിക നവ ആഗോളീകരണത്തിന്റെ ഉപജാപതന്ത്രം.

വിശ്വാസം Vs യുക്തിവാദം.


ദൈവമുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും സന്ദേഹമുണ്ടെന്ന് തന്റെ മുത്തശ്ശിപത്രകോളത്തില്‍ പണ്ടൊരിക്കല്‍ എം. മുകുന്ദന്‍ എഴുതിയിരുന്നു. ദൈവം സ്‌നേഹമാണെന്ന് തന്റെ ഉത്തരതാരുണ്യസായാഹ്നത്തിലെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് മുകുന്ദനെപ്പോലുള്ളവരുടെ ആഗോളീകൃത ദുരന്തം. ഒരല്‍പ്പം യുക്തിവാദവും ആള്‍ദൈവ വിമര്‍ശനവും തെല്ല് ഇടതുപക്ഷചായ്‌വും ഉത്തരാധുനികകാലത്തെ മികച്ച സേഫ്റ്റി മെഷേഴ്‌സ് ആണ്. സംഘപരിവാര്‍ എന്ന് ആരും മുദ്രകുത്തുകയില്ല എന്നതാണ് അതിലെ സുരക്ഷിതത്വം. എന്നാല്‍, പ്രേമവും ഭക്തിയും പുലരുന്നിടത്ത് ആഗോളീകരണത്തിന് അതിന്റെ വില്ലന്‍ റോള്‍ കളിക്കാനാവില്ലെന്നതാണു സത്യം. മനുഷ്യരെയും ജന്തുജാലങ്ങളെയും
പ്രപഞ്ചത്തെ ആകെത്തന്നെയും ആരാധിക്കുന്നിടത്ത് മൂല്യച്യുതി സംഭവിക്കുകയില്ലെന്ന് ഉറപ്പാണ്. പ്രാണനെ തൊട്ടുകാണിക്കാനാകാത്തതുപോലെ സ്‌നേഹം തന്നെയായ ദൈവത്തെയും തൊട്ടുകാണിക്കാനാവില്ല. സ്‌നേഹം തന്നെയായ ദൈവത്തെ നിഷേധിക്കുന്നവര്‍ സ്‌നേഹത്തെത്തന്നെയാണ് നിഷേധിക്കുന്നത്. ജന്മം കൊണ്ടു ഹിന്ദുക്കളായ ചില പ്രമുഖ യുക്തിവാദികള്‍ക്ക് തങ്ങളുടെ അന്ത്യകാലത്ത് സംഭവിച്ചതുപോലെ ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തേണ്ടിവരുമെന്നതാണ് ഇതിലെ ഫലശ്രുതി!
ദൈവവിശ്വാസത്തിനുമേല്‍ യുക്തിവാദത്തെ പ്രതിഷ്ഠക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം.

No comments: