Friday, March 16, 2012

മലയാളിയുടെ ആഗോളീകരണം: മൂന്ന്

                               20-04-2007
                     സ്‌നേഹസംവാദം
തുടരുന്നു....

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.





                    സഫേദ് മുസ്ലി എന്ന നിലപ്പന.

കറ്റാര്‍വാഴയും മഞ്ഞളും കാന്‍സറിനെ പ്രതിരോധിക്കുമെന്ന അറിവ് മറച്ചുവയ്ക്കുന്നതാണ് ആരോഗ്യരംഗത്തെ ആഗോളീകരണതന്ത്രം. സഫേദ് മുസ്ലി എന്ന ഉത്തേജകൗഷധമായി പുന:രവതരിച്ചിരിക്കുന്നത് 'സനാതനനായ' നമ്മുടെ സ്വന്തം നിലപ്പനയാണെന്ന് മലയാളി തിരിച്ചറിയാതെ പോകുന്നു. ഏതൊരു ധ്വജഭംഗത്തെയും വെട്ടിനിരത്തുവാന്‍ പ്രാപ്തമായ നമ്മുടെ പാവം ശിലാജിത്തിനെയും, അശ്വഗന്ധത്തെയും അമുക്കുരത്തെയുമെല്ലാം 'ആഗോളീകരണം' എന്നേ കടല്‍ കടത്തിയിരിക്കുന്നു! നമ്മുടെ വയോവൃദ്ധന്മാര്‍ക്ക് വയാഗ്രയും ലാവിട്രയും മാത്രം 'കൊടി'യുയര്‍ത്തുവാന്‍ ഇന്നു ശരണം!
കരുപ്പെട്ടിക്കു പകരം നമ്മുടെ നാവുകളിലേക്ക് വെള്ള വിഷമായ പഞ്ചസാര (14 രാസപ്രക്രിയകളിലൂടെ കടന്നുപോകുന്ന പഞ്ചസാര ഗന്ധകപ്പുരയിലാണ് സൂക്ഷിക്കേണ്ടതെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്) വെച്ചുതരുന്നതും കല്ലുപ്പിനുപകരം അയഡൈസ്ഡ് സോള്‍ട്ട് നല്‍കുന്നതുമാണ് നവ ആഗോളീകരണത്തിന്റെ ഉപഭോഗതന്ത്രങ്ങള്‍. ഒരു ജനതയുടെ ഭക്ഷണപാരമ്പര്യത്തെയാണ് അത് അട്ടിമറിക്കുന്നത്.
പ്രകൃതിജീവനം ആഗോളീകരണത്തെ ചെറുക്കുവാന്‍ മികച്ചൊരു സമരായുധമാണെന്നു പറയുവാന്‍ കാരണമിതാണ്. കേരളപ്രകൃതിജീവനസമിതിയുടെ ജീവാത്മാവായിരുന്ന സി.ആര്‍.ആര്‍. വര്‍മ്മ ആഗോളീകരണ പ്രതിരോധത്തിലെ മുന്നണിപ്പോരാളികളിലൊരാളായിരുന്നുവെന്നും.

ബയോസ്ഫിയറും സൈബര്‍സ്ഫിയറും.
ഒരു ദേശത്തിന്റെ സാഹിത്യത്തിന് അതിന്റെ മണ്ണിന്റെ മണമില്ലാതാക്കിയും ഒരു ദേശത്തിന്റെ സംസ്‌കൃതിയില്‍ വിള്ളലുകള്‍ വീഴ്ത്തിയുമാണ് ആഗോളീകരണവും സാമ്രാജ്യത്വവും അതിന്റെ ഇരകളെ കീഴടക്കുന്നത്. പാരാസെറ്റമോള്‍ നമുക്കു നല്‍കി, പനിയുടെയും കഫക്കെട്ടിന്റെയും സിദ്ധൗഷധമായ തുളസിച്ചെടിയെ കവര്‍ന്നെടുത്തിരിക്കുന്നതുപോലെ. വേപ്പിനും മഞ്ഞളിനും ബ്രഹ്മിക്കുമൊക്കെ നാം പേറ്റന്റ് കൊടുക്കാന്‍ പോകുന്നതുപോലെ. സനാതനമായ നമ്മുടെ കറ്റാര്‍വാഴയെ കടല്‍കടത്തി കഴുത്തറുപ്പന്‍ വിലയുള്ള കാന്‍സര്‍മരുന്നായി തിരികെത്തരുന്നതുപോലെ. ആര്‍.സി.സി.യിലെ
വിദഗ്ധനായ ഒരു ഭിഷഗ്വരന്‍ ഇരയാക്കപ്പെടുന്നതുപോലെ.....
ബയോസ്ഫിയറിനെ സൈബര്‍സ്ഫിയര്‍ വിഴുങ്ങിക്കഴിയുന്നതോടെയാണ് പ്രാദേശിക ആഗോളീകരണം പൂര്‍ണമാകുന്നത്. അമിത സെല്‍ഫോണ്‍ ഉപയോഗത്തില്‍ സംഭവിക്കുന്ന ഇ.എം.ആര്‍. (ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍) അകാലവാര്‍ധക്യവും, മാനസികവിഭ്രാന്തികളും സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് അതിനെതിരായ ഉത്തമപ്രതിരോധം. കമ്പിത്തപാലിനെ ഇ-മെയില്‍ വിഴുങ്ങുന്നതാണ് ദേശീയ ആഗോളീകരണം. പ്രണയലേഖനത്തിനുമേല്‍ എസ്.എം.എസ്. അധീശത്വം നേടുന്നതാണത്....

അഭിനവദാസനും ചന്ദ്രികയും.
.....പുഴകളും തീരങ്ങളും അനുരാഗങ്ങളും ഒടുങ്ങുന്നതാണ് ആഗോളീകരണത്തിന്റെ അശുഭലക്ഷണങ്ങള്‍. പരീക്കുട്ടിയും കറുത്തമ്മയും ദാസനും ചന്ദ്രികയുമൊക്കെ എന്നേ വംശനാശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! അഥവാ തിരുശേഷിപ്പുകളായി ഏതെങ്കിലും ദാസനും ചന്ദ്രികയും ഇന്നുമുണ്ടെങ്കില്‍ അവര്‍ക്കു സംഗമിക്കുവാന്‍ പുഴയുടെ തീരങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാള്‍സെന്ററില്‍നിന്ന് ഉത്തരാധുനിക ചന്ദ്രിക ഇറങ്ങിവരുന്നതും കാത്ത് ഉത്തരാധുനിക ദാസന്‍ ഹയര്‍പര്‍ച്ചേസില്‍ വാങ്ങിയ ന്യൂ ജനറേഷന്‍ ഇരുചക്ര ശകടവും ചാരി കാര്യവട്ടത്തെയോ മറ്റോ അക്കേഷ്യാമരത്തണലില്‍ കാത്തുനില്‍ക്കുകയാണ്. ഫാസ്റ്റ്ഫുഡ് ഷോപ്പ് തുറന്നിട്ടുവേണം പെറോട്ടയും ബീഫ് ചില്ലിയും ബ്രേക്ഫാസ്റ്റിനു പാഴ്‌സലായി
വാങ്ങിക്കുവാന്‍!
മൃതിയുടെ തീരങ്ങളിലെങ്കിലും അനുരാഗികള്‍ തുമ്പികളായി പറന്നണയുന്ന വെള്ളിയാങ്കല്ലുകള്‍ ഇന്നില്ല. അവ ഇടിച്ചു നിരച്ചുനിരത്തിയാണ് ഇവര്‍ ഈ സ്മാര്‍ട്ട് സിറ്റി കെട്ടിപ്പൊക്കികൊണ്ടിരിക്കുന്നത്. ഉത്തരാധുനിക കുറുമ്പിയമ്മ ഇന്ന് ലെസ്ലീ സായ്‌വിനോട് തിരികെയാണ് ഒരു നുള്ളി 'പൊടി' കടം ചോദിക്കുന്നത്. കുറുമ്പിയമ്മയില്‍പ്പോലും ഒരു കണ്ണുള്ളവനാണ് ഈ ആഗോളീകൃത ധ്വര!

'ആദര്‍ശപൈങ്കിളികള്‍', സാംസ്‌കാരിക ആഗോളീകരണം
കേസരി ബാലകൃഷ്ണപിള്ളയുടെ ദാരിദ്ര്യപീഡയാല്‍ അകാലമ്യത്യുവിന് ഇരയായ പുത്രിയെ ഓര്‍ത്ത് ഈ ഉത്തരാധുനിക സന്ധ്യയില്‍ ആരെങ്കിലും വ്യസനംകൊണ്ടാല്‍ മലയാളിയായ ന്യൂ
ജനറേഷന്‍ ബുദ്ധിജീവി അയാളെ ‘Sentimental Rubbish’ (ആദര്‍ശ പൈങ്കിളി) എന്നു പരിഹസിക്കും.
സത്യവും സ്‌നേഹവും ധര്‍മവും കേവലം സിദ്ധാന്തങ്ങളാണെന്ന് പ്രസ്താവിക്കുന്നതാണ് സംസ്‌കാരത്തിലെ പ്രാദേശിക ആഗോളീകരണം. അല്ലെന്നു പറയുന്നവരെ പരിഹസിക്കുന്നതാണ് അതിന്റെ ശൈലീതന്ത്രം.
നവ ആഗോളീകരണകാലത്ത് സ്വന്തം ജനതയുടെ ഭാഷ സംസാരിക്കേണ്ട എഴുത്തുകാരന്‍ വിദേശിയുടെ ഭാഷ കടംകൊള്ളും. ഹൃദയത്തിന്റെ സ്ഥാനത്ത് മസ്തിഷ്‌കത്തെ പ്രതിഷ്ഠിക്കും. ഭൂരിപക്ഷ സര്‍ഗ്ഗാത്മകതയെ ന്യൂനപക്ഷ സര്‍ഗ്ഗാത്മകത വിഴുങ്ങും. 'മനസാസ്മരാമി'യെ 'ലൈംഗികത്തൊഴില്‍ഗ്രന്ഥങ്ങള്‍' നിഷ്പ്രഭമാക്കും. മൗലിക സംഗീതത്തെ ഫ്യൂഷന്‍ ജാര്‍ഗണുകള്‍ തമസ്‌കരിക്കും. സംസ്‌കാരത്തെ ഭിന്നിപ്പിച്ചു ഭരിക്കും. സാഹിത്യത്തിനും സംഗിതത്തിനും ഉപരിപ്ലവ വര്‍ണവ്യവച്ഛേദനങ്ങള്‍ കല്‍പ്പിക്കപ്പെടും. സംവരണ ആനുകൂല്യത്താല്‍ ഉദേ്യാഗം നേടിയവര്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ കവിതയെഴുതും!

No comments: