Friday, May 4, 2012

മലയാളിയുടെ ആഗോളീകരണം:ആറ~

  സ്‌നേഹസംവാദം തുടരുന്നു.........
 
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും'.



വിശ്വാസവും ചുംബനവും.

കുമാരീ പീഡനക്കേസില്‍ ആരോപണവിധേയനായ രാഷ്ട്രീയനേതാവിനെ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ക്ഷണിതാവാക്കുകവഴിയാണ് മലയാളിസനാതനഹിന്ദുസംഘടനകള്‍ പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെടുന്നത്. ചുംബനം അഹൈന്ദവവും അനിസ്ലാമികവുമാണെന്ന് മതപണ്ഡിതന്മാര്‍ പ്രഖ്യാപിക്കുന്നതാണത്. ചട്ടമ്പിസ്വാമികള്‍ക്കും
മന്നത്തുപത്മനാഭനുംമേല്‍ പി.കെ. നാരായണപ്പണിക്കരെയും നാരായണഗുരുവിനുമേല്‍ വെള്ളാപ്പള്ളിനടേശനെയും സെയ്ന്റ് തോമസിനും പരുമലതിരുമേനിക്കുംമേല്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന ബിഷപ്പുമാരെയും പ്രതിഷ്ഠിച്ചാണ് അത് സാമുദായിക-മതസ്വത്വങ്ങളെ പങ്കിലമാക്കുന്നത്. മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുടെ വന്‍മതിലുകള്‍ തീര്‍ത്ത്, മത-സാമുദായിക സ്വത്വങ്ങളെ സംഘടനാ-സഭാ-രാഷ്ട്രീയവോട്ടുബാങ്കുകളാക്കി മാറ്റുകയാണ് അതിന്റെ ഹിഡന്‍ അജന്‍ഡ.

വയലാറും ദേവരാജനും
'സവര്‍ണ'നായ വയലാറിന്റെ വരികള്‍ക്ക് 'അവര്‍ണ'നായ ദേവരാജന്‍ സംഗീതം പകരുകയും ഒരു ജനത ഒന്നായി അത് മതേതരമായി ആഘോഷിക്കുകയും ചെയ്തിരുന്ന കാലത്ത്
ആഗോളീകരണം മലയാളിയുടെ പടിപ്പുരയ്ക്കു പുറത്തായിരുന്നു. ജാസി ഗിഫ്റ്റ് തന്റെ മാറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായപ്പോള്‍ അദ്ദേഹത്തെ 'അവര്‍ണന്‍' എന്നു മുദ്രകുത്തിയതോടെ അത് മലയാളിയുടെ സംഗീത അവബോധത്തിലും ക്ഷുദ്രമായ വര്‍ണ്ണവിദേ്വഷം നിറയ്ക്കുകയായിരുന്നു.....

'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍!'
'ഞാന്‍ നിന്റെ മൊബൈല്‍ ആയെങ്കില്‍' എന്നു പാടുന്നതാണ് ആഗോളീകൃത സംഗീത ചിത്തഭ്രമം. കുഞ്ഞുങ്ങള്‍ നാടന്‍പാട്ടുകളും പ്രണയിതാക്കള്‍ ഗൃഹാതുരഗാനങ്ങളും മറക്കും. വയലാറും ദക്ഷിണാമൂര്‍ത്തിസ്വാമികളും സവര്‍ണസംഗീതശില്പികളായി മുദ്രകുത്തപ്പെടും.
ഉമ്പായിക്കും ദക്ഷിണാമൂര്‍ത്തിസ്വാമിക്കും പി. ലീലയ്ക്കും മേല്‍ മൈക്കിള്‍ജാക്‌സണെയും സാമന്താഫോക്‌സിനെയും റിമിടോമിയേയുമൊക്കെ പ്രതിഷ്ഠിക്കുകയാണതിന്റെ ഉപജാപ തന്ത്രങ്ങള്‍.
ബാലാമണിയമ്മയുടെ സ്ഥാനത്ത് 'ഹതഭാഗ്യവതികളായ സഹോദരി'മാരെ കയറ്റിയിരുത്തുന്നതാണ് സാംസ്‌കാരിക നവ ആഗോളീകരണം. മീരാ ജാസ്മിനും നവ്യാനായര്‍ക്കുമൊപ്പം 'ഹതഭാഗ്യവതികളായ സഹോദരി'മാര്‍ക്കും വനിതാ മാസികകള്‍ പോലും സ്ഥാനം നല്‍കുന്നതാണത്. പ്രാദേശിക ആഗോളീകരണം വഴി ഇരയാക്കപ്പെട്ട 'ഹത
ഭാഗ്യവതികളായ സഹോദരി'മാര്‍ വഴി ഏറ്റവും ഒടുവില്‍ പാവം വായനക്കാരന്‍ ഇരയാക്കപ്പെടുന്നതും.

കവിതയും ഫിക്ഷനും
അസ്തിത്വദു:ഖകാലത്തെ കുമാരന്മാരായ സാഹിത്യാരാധകരെ കവിതയില്‍നിന്ന് അകറ്റിയതില്‍ ആഗോളീകരണത്തിന്റെ ആദ്യകാല രക്തസാക്ഷികളായ അസ്തിത്വദുഖ സാഹിത്യകാരന്മാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഒളപ്പമണ്ണയുടെ 'ശോകനാശിനി'യില്‍നിന്നും ഇടശ്ശേരിയുടെ 'ബിംബിസാരന്റെ ഇടയനി'ല്‍നിന്നും വൈലോപ്പിള്ളിയുടെ 'ലില്ലിപ്പൂക്കളി'ല്‍നിന്നും അവര്‍ അബോധപൂര്‍വ്വം അകറ്റപ്പെടുകയായിരുന്നു....
കവിതയ്ക്കും സംഗീതത്തിനും മേല്‍ ഫിക്ഷനെ പ്രതിഷ്ഠിക്കുന്നതാണ് എക്കാലത്തെയും സാഹിത്യ ആഗോളീകരണതന്ത്രം.
ബാലാമണിയമ്മയ്ക്കും പി. ലിലയ്ക്കും കീഴില്‍ത്തന്നെയാണ് മുകുന്ദന്റെയോ കാക്കനാടന്റെയോ ഒക്കെ സ്ഥാനം. സാമൂഹികപരിഷ്‌കര്‍ത്താവായ അംബേദ്ക്‌റുടെ മഹത്വം അംഗീകരിക്കുന്നതോടൊപ്പം തന്നെ ഗുരുവായ നാരായണഗുരുവിന് സമശീര്‍ഷനല്ല ഗുരുവല്ലാത്ത അദ്ദേഹമെന്ന് പറയുവാന്‍ കാരണമിതാണ്. ആധുനികനോ ഉത്തരാധുനികനോ ആയ ഏതൊരു ഫിക്ഷന്‍ രചയിതാവിന്റെയും സ്ഥാനം കവിക്ക് താഴെയേ വരുകയുള്ളൂവെന്നും.
കവിതയ്ക്ക് വായനക്കാര്‍ ഇല്ലാതാവുന്നതും അത് പലപ്പോഴും ദുസ്സഹമാകുകയും ചെയ്യുന്നതാണ് ആഗോളീകരണത്തിന്റെ സൗന്ദര്യശാസ്ത്രവിപര്യയം.
കുഞ്ഞിരാമന്‍നായരെ ഇന്ന് ശതാബ്ദിക്കപ്പുറം തമസ്‌കരിക്കുന്നവരുടെ വ്യാവഹാരികപ്രതിരൂപങ്ങളാണ് പുഴകളില്‍ മണലൂറ്റുന്ന പ്രാദേശിക ആഗോളീകരണശക്തികള്‍. ക്ലിന്റന്റെയോ ബുഷിന്റെയോ ബില്‍ഗേറ്റ്‌സിന്റെയോ ഏതെങ്കിലും ഏജന്റുമാരാണോ ഭാരതപ്പുഴയില്‍ മണലൂറ്റുന്നത്?

നമ്പ്യാരും നാണ്വാരും
കലക്കത്ത് കുഞ്ചന്‍നമ്പ്യാരും വടക്കേക്കൂട്ടാല നാണ്വാരുമാണ് (വി.കെ.എന്‍) പ്രാദേശിക ആഗോളീകരണത്തിനെതിരെ മലയാളസാഹിത്യത്തില്‍ മുഴങ്ങിയ ശക്തമായ രണ്ടു സ്വരങ്ങള്‍. 'പയ്യേ നിനക്കും പക്കത്താണോ ഊണ്?' എന്നു ചോദിച്ചാണ് നമ്പ്യാര്‍ അതിനെ കശക്കിയത്! 'നൈനം ദഹതി പാവക:' എന്ന ഗീതാവാക്യത്തെ 'നൈനാനെപ്പോലും ഒരു ചുക്കും
ചെയ്യുവാനാകില്ലെന്ന്' പ്രതിവ്യാഖ്യാനം ചെയ്ത വി.കെ.എന്‍. എത്ര നിഷ്പ്രയാസമാണ് അത് സാധിച്ചെടുത്തത്! ഒരു 'നൈനാനെ'യും ഇക്കാലത്ത് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കേരളം ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ!
....എന്തെന്നാല്‍, ഇന്നും ആഗോളീകരണത്തിന്റെ പ്രാദേശിക ഏജന്റന്മാരാകുന്നു വി.കെ.എന്‍. വധിച്ച നാനാമതത്തിലും പെടുന്ന ഈ 'നൈനാന്മാര്‍'. പൊതുമേഖലയിലെയും കൂടുതലായി
സ്വകാര്യമേഖലയിലെയും ഈ 'നൈനാന്മാരാല്‍' ആഗോളീകരണകാലത്ത് നിര്‍ദ്ദാക്ഷിണ്യം ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മലയാളിജീവനക്കാരായ സ്ത്രീയും പുരുഷനും ഒന്നുപോല്‍. പുരുഷജീവനക്കാരന്റെ ആത്മാഭിമാനത്തെയാണ് 'നൈനാന്മാര്‍' അപമതിക്കുന്നത്. സ്ത്രീയുടെ ആത്മാഭിമാനത്തെയും തരംകിട്ടുമ്പോള്‍ ശരീരത്തെയും.