Wednesday, February 20, 2013

രതിവിജ്ഞാനം ;അധ്യായം 5 കൗമാരകാലം


ബാല്യത്തിനും യൗവ്വനത്തിനുമിടയ്ക്കുള്ള ഒരന്തരാളഘട്ടമത്രേ കൗമാരകാലം (Adolscence). അഡോളസന്‍സ് എന്ന ഇംഗ്ലീഷ് വാക്ക് ലാറ്റിന്‍ പദമായ ‘അഡോളിസര്‍’ (Adolscere) എന്നതില്‍നിന്നും രൂപപ്പെട്ടതാണ്. അഡോളിസറിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വളര്‍ച്ച എന്നാകുന്നു. നാമിതിനെ കൗമാരകാലമെന്നു പറയുന്നു. ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ തലങ്ങളില്‍ സമഗ്രമായ വളര്‍ച്ചയും ഒപ്പം മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണഭാവിയെ കരുപിടിപ്പിക്കുന്നത് കൗമാരകാലമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
ശൈശവം തൊട്ട് വാര്‍ദ്ധക്യംവരെയുള്ള കാലഘട്ടത്തില്‍ മനുഷ്യന് ശാരീരികവും വികാരപരവും ബുദ്ധിപരവുമായ അനേകം വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ നാലു ഘട്ടങ്ങളായിട്ടാണ് മനുഷ്യജീവിതത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിനും അതിന്റേതായ പ്രാധാന്യവും പ്രത്യേകതയുമുണ്ട്. ശരീരശാസ്ത്രപരമായി ഒരു വ്യക്തി കൗമാര ദശയിലേക്ക് പ്രവേശിക്കുന്നത് യൗവ്വനാരംഭ (Puberty)ത്തോടെയാണ്. ഇത് എത്ര വയസ്സിലാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പത്ത് വയസ്സിനും പതിനേഴ് വയസ്സിനുമിടയ്ക്കായിരിക്കുമെന്ന് പൊതുവെ പറയാം. മനുഷ്യന്‍ പ്രത്യുല്പാദന പ്രക്രിയയ്ക്ക് കഴിവുള്ളവനായി തീരുമ്പോള്‍ ആ പക്വാവസ്ഥയില്‍ അവനെ കുമാരന്‍ അഥവാ അഡോളിസെന്റ് എന്ന് പറയുന്നു. തന്റെ സംസ്‌കാരത്തിനനുസൃതമായി പക്വതയോടുകൂടി സമൂഹത്തില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കാന്‍ പ്രാപ്തി ഉണ്ടാകുമ്പോള്‍ കൗമാരകാലം അവസാനിക്കുന്നു.

ആദിമ സംസ്‌കാരങ്ങളില്‍ പ്രജനനശേഷി കൈവരുന്നതോടെ ഒരു വ്യക്തിയെ പക്വതയുള്ളവനായി പരിഗണിച്ചിരുന്നു. ലൈംഗിക പക്വതയാണല്ലോ യൗവ്വനാരംഭത്തെ കുറിക്കുന്നത്. എന്നാല്‍ ഇന്ന് ശാരീരിക വികസനം മാത്രമല്ല പരിഗണിക്കുന്നത്. മാനസികം, വൈകാരികം, സാമൂഹികം, ആദ്ധ്യാത്മികം മുതലായ മണ്ഡലങ്ങളും വ്യക്തിജീവിതത്തിന്റെ പക്വതയുടെ അളവുകോലാകുന്നു. അതുകൊണ്ടാണ് കൗമാരത്തിന്റെ ആരംഭം ശാരീരികാടിസ്ഥാനത്തിലും അതിന്റെ കാലാവധിയും പരിസമാപ്തിയും മാനസികാടിസ്ഥാനത്തിലും നിര്‍വചിക്കണമെന്നു പറയുന്നത്.

നമ്മുടെ രാജ്യത്ത് നിയമപ്രകാരം പതിനെട്ട് വയസ്സാണ് ഒരൂ പുരുഷന് പ്രായപൂര്‍ത്തിയാകുവാന്‍ വേണ്ട പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വയസ്സിലും ഭൂരിഭാഗത്തിനും മാനസിക പക്വത ലഭിക്കുന്നില്ല. ചിലര്‍ ഈ വയസ്സില്‍ പക്വമതികളാകാറുണ്ടെങ്കില്‍ മറ്റുചിലര്‍ ഒരിക്കലും മാനസികമായി വളര്‍ച്ച പ്രാപിക്കുന്നില്ലെന്ന് കാണാം. പ്രായോഗികമായി നോക്കുമ്പോള്‍ കൗമാരാന്ത്യത്തെ നിര്‍ണ്ണയിക്കുന്നത് സമൂഹത്തിലെ സാംസ്‌കാരികാചാരങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ മുതിര്‍ന്നവരുടെ ചുമതലകള്‍ വഹിക്കാന്‍ പ്രേരിതരാകുന്നവരുടെ കൗമാരകാലം വൈരസ്യമാര്‍ന്ന് വളരെവേഗം കഴിഞ്ഞുപോകുന്നു. എന്നാല്‍ ദീര്‍ഘനാള്‍ ചുമതലകളില്‍ നിന്ന് ഒഴിവായും രക്ഷിതാക്കളാല്‍ സംരക്ഷിക്കപ്പെട്ടും കഴിയുന്നവരുടെ കൗമാരകാലം ആഹ്ലാദകരമായിരിക്കും.

കൗമാരഘട്ടത്തില്‍ ശാരീരികമായി പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ നേരത്തേ ലൈംഗികമായ വളര്‍ച്ച നേടുന്നത്. ആണ്‍കുട്ടികള്‍ പൊതുവേ 13-ാം വയസ്സില്‍ ഈ ഘട്ടത്തിലേക്ക് കടക്കുകയും 19-ാം വയസ്സില്‍ ഈ ഘട്ടം അവസാനിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളാകട്ടെ 11-ാം വയസ്സില്‍ കൗമാരഘട്ടത്തില്‍ കടക്കുകയും 17-ാം വയസ്സില്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 13 വയസ്സിനും 21 വയസ്സിനുമിടയ്ക്കാണ് കൗമാരകാലം. 15-നും 21-നുമിടയ്ക്കാണ് ആണ്‍കുട്ടികളുടെ കൗമാരകാലഘട്ടം. ഈ തരംതിരിവ് കൃത്യമായതല്ല. വ്യക്തിവികാസം പലപ്പോഴും അനുഭവപ്പെടും. എങ്കിലും പൊതുവെ ഇന്ന് 11 വയസ്സിനും 19 വയസ്സിനും ഇടയ്ക്കുള്ള കാലഘട്ടത്തെ കൗമാരഘട്ടമായി അംഗീകരിച്ചിരിക്കുന്നു.

കൗമാരകാലത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ തലങ്ങള്‍

ശാരീരികവികസനവും മാറ്റങ്ങളും (Physical Development and Changes)
വ്യക്തമായി ദര്‍ശിക്കാവുന്ന പല മാറ്റങ്ങളും കൗമാരത്തോടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. കക്ഷങ്ങളിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ വളര്‍ന്നുവരികയും പെണ്‍കുട്ടികളുടെ വക്ഷസ്സില്‍ സ്തനങ്ങള്‍ വികസിച്ചുവരികയും നിതംബഭാഗം തടിച്ച് ഘനമുള്ളതായിത്തീരുകയും ചെയ്യുന്നു. പെണ്‍കുട്ടിയുടെ യൗവ്വനാരംഭത്തെ കുറിക്കുന്ന നീരിക്ഷണവിധേയമായ ലക്ഷണം, പ്രഥമരജോദര്‍ശനം (Menarche) ആണ.് ആണ്‍കുട്ടികളുടെ യൗവ്വനാരംഭത്തെ കുറിക്കുന്നത് പ്രഥമരേതസ്ഖലനം (Ejaculation)ആണ്. ആണ്‍കുട്ടികളുടെ ശബ്ദത്തിന് പരുപരുപ്പും പുരുഷത്വവും ലഭിക്കുന്നു. കൃകാടിക (Adam’s apple) മുഴച്ചുവരുന്നത് പ്രകടമാകുന്നു.

പ്രഥമരജോദര്‍ശനാനന്തരം പെണ്‍കുട്ടികള്‍ക്ക് മാസത്തിലൊരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നു. ഇതുപോലെ നിദ്രയില്‍ ശുക്ലസ്ഖലനം ആണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നു. ഇതേരീതിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശരീരപരമായി പൂര്‍ണ്ണമായ പുരുഷത്വവും സ്ത്രീത്വവും കൗമാരകാലത്ത് കൈവരിക്കുന്നു


അന്തഃസ്രാവി ഗ്രന്ഥി

കൗമാരകാലത്തിലെ വളര്‍ച്ചയില്‍ പ്രത്യേക സ്വാധീനമുള്ള അന്തഃസ്രാവികള്‍ ജനനഗ്രന്ഥി (Gonad), പിയൂഷ ഗ്രന്ഥി (Pituitary gland), അഡ്രിനാല്‍ ഗ്രന്ഥി (Adrenal gland), പീനിയല്‍ ഓര്‍ഗന്‍ (Pineal Organ)എന്നിവയാണ്. യൗവ്വനാരംഭവുമായി ഇവയെല്ലാം ഓരോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അസ്ഥികളും പേശികളും പരമാവധി വളര്‍ച്ച പ്രാപിക്കുന്നതും ഈ ഘട്ടത്തിലാണ്. ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളും പരിപൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് എല്ലാ ഗ്രന്ഥികളുടെയും സജീവമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.

ഉയരവും തൂക്കവും


പൊതുവെ പറഞ്ഞാല്‍ യൗവ്വനാരംഭത്തിനു മുന്‍പ് ആണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികളേക്കാള്‍ ഉയരവും തൂക്കവും കൂടിയിരിക്കും. യൗവ്വനാരംഭത്തില്‍ പെണ്‍കുട്ടികളുടെ വളര്‍ച്ച വേഗത്തിലാണെങ്കിലും അതിനുശേഷം ആണ്‍കുട്ടികള്‍ വീണ്ടും മുന്‍പന്തിയിലെത്തുന്നു. എന്തു തന്നെയായാലും മനുഷ്യ ശരീരത്തിന് അതിന്റെ അന്തിമരൂപം സംസിദ്ധമാകുന്ന കാലമാണിത്. ഉയരം, വലിപ്പം, തൂക്കം എന്നിവയില്‍ എന്തുമാത്രം വളര്‍ച്ചയുണ്ടാകാമോ അതുമുഴുവന്‍ കൗമാരകാലത്ത് സംഭവിക്കുന്നു.

വൈകാരികവികാസങ്ങളും മാറ്റങ്ങളും (Emotional Development and Changes)


വൈകാരികവികാസം പരമകാഷ്ഠയിലെത്തുന്നത് കൗമാരഘട്ടത്തിലാണ്. ഉത്കണ്ഠ, സ്‌നേഹം, കോപം തുടങ്ങിയ വികാരങ്ങളുടെ ബാഹ്യപ്രകടന രീതി തീവ്രമായി കൗമാരഘട്ടത്തില്‍ അനുഭവപ്പെടും. അതോടൊപ്പം വൈകാരികമായ അസ്ഥിരതയുടെയും കാലമാണിത്. വൈകാരികമായ ചഞ്ചലത്വവും ഈ കാലഘട്ടത്തില്‍ അനുഭപ്പെടും. തീവ്രമായ രീതിയിലുള്ള വൈകാരികപ്രകടനങ്ങള്‍ കുമാരികുമാരന്‍മാരില്‍ ദര്‍ശിക്കാം. വൈകാരികമായ അസ്വസ്ഥതകളുടെ കാലമാണിത്. മറ്റേതൊരു ഘട്ടത്തിലും ഇത്ര തീവ്രമായ വൈകാരിക അസ്വസ്ഥത അനുഭവപ്പെടുന്നില്ല. വൈകാരിക വ്യവഹാരങ്ങളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യതയുടെ കാലഘട്ടമാണ് കൗമാരം. തീവ്രമായ വൈകാരികാവസ്ഥയുടെ പ്രകടനത്തെ തടഞ്ഞുനിര്‍ത്തുക പ്രയാസമായി കാണുന്നു. സെന്റിമെന്റുകളുടെ അടിവേരുകള്‍ വളരാന്‍ തുടങ്ങുന്നതും അപ്പോഴാണ്. ആത്മബോധം, സ്വയം ബഹുമാനം തുടങ്ങിയവ കൗമാരകാലത്ത് ഉണ്ടാകുന്നു. സംഘത്തിന് വഴങ്ങുന്ന സ്വാഭാവിക കാര്യങ്ങളും ഈ ഘട്ടത്തില്‍ വികസിക്കുന്നു. മനസ്സില്‍ പതിയുന്നവയും പ്രതികരണങ്ങളും ഒക്കെ വളരെ ശക്തമായിട്ടായിരിക്കും സംഭവിക്കുക.


No comments: