Friday, June 10, 2011

സൂര്യനെല്ലി-കിളിരൂര്‍ - വിതുര


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 15

`സൂര്യനെല്ലി'യിലേയും കിളിരൂരിലെയുമൊക്കെ പെണ്‍കുട്ടികളെക്കുറിച്ച്‌ ആത്മകഥയില്‍ മുതലക്കണ്ണീരൊഴുക്കുന്ന നളിനിജമീല 'സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' മുഖ്യകണ്ണികളായ സെക്‌സ്‌ റാക്കറ്റുകളാണ്‌ അവരെ കെണിയില്‍ കുടുക്കിയതെന്നും എന്നാല്‍, അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധം മനസിലാക്കിയ അവര്‍ ഒടുവില്‍ വീടുകളില്‍ത്തന്നെ തിരിച്ചെത്തിയെന്നുമൊക്കെയുളള സത്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു!
`സെക്‌സ്‌ വര്‍ക്കേഴ്‌സിനെ'പുനഃരധിവസിപ്പിക്കുകയല്ല `സെക്‌സ്‌ വര്‍ക്കിനു' നിയമസാധുത നല്‍കുകയാണു വേണ്ടതെന്ന ഈ ഗ്രന്ഥത്തിന്റെ പൊതുനിലപാടിലെ ആദ്യഖണ്‌ഡത്തെ ഒരര്‍ത്ഥത്തില്‍ നമുക്കംഗീകരിക്കാം. പുനരധിവസിപ്പിക്കുകയല്ല, `ഇറങ്ങിേപ്പാകാതിരിക്കുകയും `ഇറങ്ങിപ്പോകാതെ നോക്കുകയു' മാണ്‌ വേണ്ടത്‌! മുന്‍ചൊന്ന സെക്‌സ്‌ റാക്കറ്റുകളില്‍ അപക്വമതികളായ പീഡിതകുമാരിമാര്‍ കുടുങ്ങിപ്പോകുകയാണുണ്ടായതെങ്കില്‍ നളിനിജമീല തന്നിഷ്‌ടപ്രകാരമാണ്‌ 'വേശ്യാവൃത്തി'ക്കിറങ്ങിത്തിരിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ അന്നും ഇന്നും ഒട്ടേറെ മാന്യമായ തൊഴിലവസരങ്ങളുള്ള ഒരു നാട്ടില്‍, അതിനൊന്നും തുനിയാതെ, ഏതൊരു മനുഷ്യനും ജന്മസിദ്ധമായ വിവേകത്തെയും വിവേചനശേഷിയേയും ബാഹ്യപ്രേരണകളൊന്നുമില്ലാതെ തന്നെ ദുരുപയോഗം ചെയ്‌ത നളിനിയേടത്തി, എന്നാല്‍, `ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആത്മാഭിമാനം പണയം വയ്‌ക്കാത്ത' ഒരാളാണ്‌ താനെന്ന്‌ ഒരിടത്ത്‌ വീമ്പിളക്കുന്നുണ്ട്‌! ഒരു സിനിമയുടെ പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലാണ്‌ അവര്‍ കോംപ്രമൈസിനു തയ്യാറാകാത്തത്‌! രണ്ടാമത്തെ ചിത്രത്തിന്റെ ചര്‍ച്ചയില്‍ `സെക്‌സ്‌ വര്‍ക്ക്‌' പ്രമേയമായി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം വന്നതിനെയാണ്‌ അവര്‍ എതിര്‍ത്തത്‌! `സെക്‌സ്‌ വര്‍ക്കിനെ' ആത്മകഥയിലുടനീളം ആദര്‍ശവല്‍ക്കരിക്കുന്ന നളിനിയേടത്തി പല ഘട്ടങ്ങളിലും, `സെക്‌സ്‌ വര്‍ക്കര്‍' എന്ന തന്റെ സ്വത്വത്തെ പ്രതിരോധിക്കുന്നതും കാണാം! `സെക്‌സ്‌ വര്‍ക്കറായ' ചലച്ചിത്രകാരിയെന്ന വിശേഷണം തനിക്കിഷ്‌ടമല്ലെന്ന്‌ ഒന്നുരണ്ടിടത്ത്‌ അവര്‍ സൂചിപ്പിക്കുന്നു!
ആത്മാവു പോലെ ദിവ്യമായ ഒരു പ്രതിഭാസമാണ്‌ ശരീരവുമെന്ന തിരിച്ചറിവില്ലാതെ പോയതാണ്‌ ഈ `ആത്മകഥയെ' മാംസകഥയാക്കി മാറ്റിയതെന്ന്‌ ഇതിലുടനീളം നമുക്കു വായിക്കാം. പെണ്ണായി നിന്നുപൊരുതാനുള്ള കരുത്ത്‌ ഒരിക്കല്‍പ്പോലും നളിനിജമീല കാണിക്കുന്നില്ല. മറിച്ച്‌, `മാംസ വിപണിയി' ലെ ത്രാസ്സില്‍ സ്വയം തൂങ്ങിക്കൊടുത്തായിരുന്നു അവര്‍ പുരുഷവിദ്വേഷം തീര്‍ത്തത്‌! ഒരച്ഛനെ തോല്‍പ്പിക്കാനായി അവര്‍ തന്റെ കോമളശരീരം ഒരായിരം പുരുഷന്മാര്‍ക്ക്‌ ചില്ലിക്കാശിനു വിറ്റു!
പുരുഷന്റെ ഉപഭോഗവസ്‌തുവാണ്‌ സ്‌ത്രീ എന്ന സങ്കല്‌പം പ്രബലമായ ഒരു സമൂഹത്തില്‍, പുരുഷമേധാവിത്വത്തിനെതിരെ ഒരു സ്‌ത്രീ നടത്തിയ മെസോക്കിസ്റ്റ്‌ പ്രതിരോധമാണ്‌ നളിനിജമീലയുടെ ജീവിതം. തന്നോടു തുലനം ചെയ്യാനായി അവര്‍ കൂട്ടുവിളിക്കുന്നതോ മേധാപടേക്കറേയും അരുന്ധതീറോയിയേയും മറ്റും! കേരളത്തിലെ വിനയയേയും പി.ഇ. ഉഷയേയും എല്ലാം അവര്‍ വെറുതെ വിടുന്നില്ല. എന്നാല്‍ നളിനിയേടത്തി ഒരു `സെക്‌സ്‌വര്‍ക്കറാ'യിപ്പോയതല്ല അവരെ മേധാപടേക്കറോടും മറ്റും തുലനം ചെയ്യുന്നതിനെ അപഹാസ്യമാക്കുന്നത്‌. മേധാ പടേക്കറും അരുന്ധതി റോയിയും മറ്റും പെണ്ണായി നിന്നാണ്‌ പൊരുതുന്നത്‌. നളിനിയേടത്തിയപ്പോലെ സദാ പുരുഷന്‌ ഉപഭോഗവസ്‌തുവായി കിടന്നു കൊടുത്തു കൊണ്ടല്ല. തങ്ങളുടേതും ഒരു ജനകീയ പോരാട്ടമാണെന്ന ധ്വനി `ലൈംഗിക തൊഴിലാളി' യുടെ ഈ ആത്മകഥയിലുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന ജനകീയ പോരാട്ടങ്ങളെക്കുറിച്ച്‌ ഊറ്റം കൊള്ളുവാന്‍ നളിനിയേടത്തിക്ക്‌ ധാര്‍മ്മികാവകാശം ഇല്ലെന്നതാണ്‌ സത്യം. എന്തിന്‌ വിനയയോ, പി.ഇ. ഉഷയോ പ്രദര്‍ശിപ്പിച്ച സ്‌ത്രീത്വത്തിന്റെ ചങ്കുറപ്പോ ധൈര്യമോ നളിനിയേടത്തി സ്വജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണിക്കുന്നില്ല. ചില തെരുവുഗുണ്ടകളേയും പോലീസുകാരെയുമൊക്കെ വിരട്ടിയതും തെറിവിളിച്ചതുമാണ്‌ പുരുഷമേധാവിത്വത്തിനെതിരെ അവര്‍ ചെയ്‌ത വീരകൃത്യങ്ങള്‍. സമീപകാലത്ത്‌ ലൈംഗിക പീഡനത്തിനിരയായി ജീവിതവും ജീവനും പോലും പോയ പെണ്‍കുട്ടികളോട്‌ സഹതാപം പ്രദര്‍ശിപ്പിച്ച്‌ അവരുമായി സാത്മ്യപ്പെടാനും നളിനിയേടത്തി ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ സൂര്യനെല്ലിയിലെയോ, വിതുരയിലെയോ പെണ്‍കുട്ടികള്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ആത്മധൈര്യത്തോടും കരുത്തിനോടും നളിനിയേടത്തിയുടെ വീരകൃത്യങ്ങളെ ഒരിക്കലും തുലനം ചെയ്യാനാവില്ല. അഭിസാരികയിലും കാമശമനം വരാത്ത ചില നരാധമന്‍മാരാണ്‌ മകളുടെ പ്രായം വരുന്ന ആ പെണ്‍കുട്ടികളില്‍ ലൈംഗികാതിക്രമം കാട്ടിയതെന്ന്‌ അവര്‍ ചിന്തിക്കുന്നതേയില്ല. ഏകപത്‌നീവ്രതം പുരുഷനില്‍ വൈരസ്യം ഉണര്‍ത്തുന്നതിനാല്‍ വല്ലപ്പോഴും ഒരു ചെയ്‌ഞ്ച്‌ ആവശ്യമാണെന്ന്‌ ആത്മകഥയില്‍ ഉദ്ധരിക്കപ്പെട്ട സിവിക്‌ ചന്ദ്രന്റെ തത്വവചനം തന്നെയാണ്‌ വിതുര കുമാരീ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട `ഹാസ്യതാരം', തന്നെ ഒന്നും ചെയ്യരുതെന്ന്‌ യാചിച്ച ആ പെണ്‍കുട്ടിയോട്‌ പറഞ്ഞതായി ആ കുട്ടി വെളിപ്പെടുത്തിയിട്ടുള്ള വാചകങ്ങളില്‍ തെളിയുന്നത്‌. ``എന്നും ഒരേ പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനാകുമോ കുട്ടീ''(!)

No comments: