Saturday, September 24, 2016

രതിവിജ്ഞാനം, അധ്യായം-6 : ആര്‍ത്തവവും ലൈംഗികജീവിതവും (തുടർച്ച )

                                                           
       

ആര്‍ത്തവ രക്തത്തിനു ദിവ്യത്വം കല്‍പ്പിച്ചിരുന്ന ആചാരങ്ങള്‍ വിരളമായെങ്കിലും നമ്മുടെ നാട്ടിലും കാണപ്പെടുന്നുണ്ട്. കേരളത്തിലെ ചില ദേവീക്ഷേത്രങ്ങളില്‍ ദേവി പുറത്തായിരിക്കുന്ന ദിവസങ്ങളില്‍ പ്രത്യേക പൂജകളും മറ്റും നടത്തുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലും തോറ്റം പാട്ടുകളിലും ഋതുമതിയായ ദേവിയെ വര്‍ണ്ണിച്ചിരിക്കുന്നതു കാണാം. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ദേവി രജസ്വലയാകുമെന്നും ദേവിയുടെ രക്തം പുരണ്ട വസ്ത്രം വീടുകളില്‍ സൂക്ഷിക്കുന്നത് ശ്രേയസ്‌കരമാണെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവവതിയായ സ്ത്രീ കുളിക്കരുതെന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തുന്നവരെ ഇക്കാലത്തും കാണാം.

ദേവിയുടെ ആര്‍ത്തവരക്തമാണ് ഗന്ധകവും അഭ്രവുമായിത്തീര്‍ന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ടാണത്രേ അവയ്ക്ക് ഔഷധഗുണമുണ്ടായത്. ആര്‍ത്തവരക്തത്തിന് അതിഭൗതിക ശക്തിയുണ്ടെന്ന വിശ്വാസത്താല്‍ ആഭിചാരക്രിയകളിലും മന്ത്രതന്ത്രങ്ങളിലും മറ്റും അത് ഉപയോഗിച്ചുപോന്നു. സ്ത്രീബീജം തന്നെയാണ് ആര്‍ത്തവരക്തമെന്ന വിശ്വാസവും നിലനിന്നിരുന്നു. ഈ രക്തം ശുക്ലവുമായി ചേര്‍ന്നാണ് ശിശു ജനിക്കുന്നതെന്ന വിശ്വാസം മൂലമാണ് സ്ത്രീബീജത്തെ പ്രാചീനകാലത്ത് രജസ്, രക്തം എന്നിങ്ങനെ വിളിച്ചുപോന്നത്. 

എന്താണ് ആര്‍ത്തവം ?


പ്രത്യുല്പാദനക്ഷമയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്നും പ്രതിമാസമെന്നോണം യോനീമുഖേന നിര്‍ഗമിക്കുന്ന രക്തസ്രാവത്തെയാണ് ആര്‍ത്തവം എന്നുവിളിക്കുന്നത്. ഒരു സ്ത്രീയില്‍ ഗര്‍ഭധാരണം നടക്കുന്ന ഏകദേശ കാലയളവായ പന്ത്രണ്ടുമുതല്‍ നാല്‍പ്പത്തിയെട്ടു വയസ്സുവരെ ഈ ശാരീരികപ്രതിഭാസം കാണപ്പെടുന്നു. തീണ്ടാരി, പുറത്താകുക, മാസക്കുളി, മാസമുറ, വയസ്സറിയിക്കുക എന്നിങ്ങനെ പല ഗ്രാമ്യപദങ്ങളാലും ഇത് അറിയപ്പെടുന്നു. സാഹിത്യഭാഷയില്‍ രജസ്വല, പുഷ്പിണി, ഋതുമതി എന്നൊക്കെയാണ് ആര്‍ത്തവതിയായ സ്ത്രിയെ വിശേഷിപ്പിക്കുന്നത്. , സ്ത്രീയുടെ പ്രതിമാസ ശാരീരിക ചക്രത്തിലെ പ്രത്യുല്പാദനക്ഷമമായ കാലമായതിനാലാണ് ആര്‍ത്തവതിയായ സ്ത്രീയെ പുഷ്പിണി എന്നും ഋതുമതി എന്നും വിളിക്കുവാന്‍ കാരണം. ഇംഗ്ലീഷില്‍ പീരിഡ് (Period) , മെന്‍സസ്(Menses)  , മന്തിലീസ് (The Monthlies), ദി കഴ്‌സ (The Curse), മെന്‍സ്ട്രുവേഷന്‍ (Menstruation), , എന്നൊക്കെയാണ് ആര്‍ത്തവത്തെ വിശേഷിപ്പിക്കുന്നത്. 

                                                           

                                                               

കൗമാരപ്രായത്തോടെ ഒരു പെണ്‍കുട്ടി ഋതുമതിയായിത്തീരുന്നുവെങ്കിലും ക്ലിപ്തമായി ഏത് 

വയസ്സിലാണ് അത് സംഭവിക്കുന്നതെന്ന് പറയാനാവില്ല. പ്രഥമാര്‍ത്തവം യൗവ്വനയുക്തയായിത്തീരുന്നതിന്റെ ആദ്യലക്ഷണമാണ്. അത് എത്രാമത്തെ വയസ്സില്‍ സംഭവിക്കുമെന്നത് പെണ്‍കുട്ടിയുടെ ശാരീരികമായ പ്രത്യേകതകളെ ആശ്രയിച്ചിരിക്കുന്നു. പത്തുവയസ്സിനും പതിനാലുവയസ്സിനും മധ്യേ പെണ്‍കുട്ടികള്‍ രജസ്വലയാകുന്നതായാണ് പരക്കേ കണ്ടുവരുന്ന പ്രവണത. എങ്കിലും ആറുവയസ്സിനും പതിനെട്ടു വയസ്സിനും ഇടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു പെണ്‍കുട്ടി ഋതുമതിയാകാം. ഇക്കാലത്ത് കൊഴുപ്പും ഊര്‍ജ്ജവും കലര്‍ന്ന ഭക്ഷണം അധികമായി കഴിക്കുന്നതിനാലാവാം കുട്ടികള്‍ നേരത്തേതന്നെ പുഷ്പിണികളാകുന്നത്. 

കുട്ടികള്‍ നേരത്തേ പുഷ്പിണികളാകുന്നതുപോലെ പുഷ്പിണികളാകാന്‍ വൈകുന്നതും മാതാപിതാക്കളെ പരിഭ്രാന്തരാക്കാറുണ്ട്. ആര്‍ത്തവം വൈകുകയാണെങ്കില്‍ ഒരു ഡോക്ടറെക്കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് ആര്‍ത്തവ വിളംബമുണ്ടാകുന്നതെങ്കില്‍ ഹോര്‍മോണ്‍ ചികിത്സ ആവശ്യമായി വരാം. മുറിവൈദ്യം ആര്‍ത്തവകാല താമസത്തിന്റെ കാര്യത്തിലും അപകടകരമാണെന്ന വസ്തുത രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ത്രീ ശരീരത്തില്‍ ചാക്രികമായി അരങ്ങേറുന്ന ഒട്ടേറെ സങ്കീര്‍ണ്ണ പ്രക്രിയകളുടെ പരിസമാപ്തി കുറിക്കുന്നതാണ് ആര്‍ത്തവം എന്ന പ്രതിഭാസം. ശരീരശാസ്ത്രജ്ഞന്മാരെ ആധുനികകാലത്തും ഇത് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ മാസവും സ്ത്രീശരീരം ആര്‍ത്തവാനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുകയും അതിനെ പുനരവലോകനം ചെയ്യുകയും ചെയ്യുന്നു. ആര്‍ത്തവത്തെ ലളിതമായി വിശദീകരിക്കുന്നതിന് സ്ത്രീയുടെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം മുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. 

പുരുഷന്റെ വൃഷണങ്ങള്‍ക്കു സമാനമായ അവയവമാണ് സ്ത്രീയുടെ അണ്ഡാശയങ്ങള്‍ (Ovaries).  ബാലിക ആയിരിക്കുമ്പോള്‍ അവ നിഷ്‌ക്രിയമായിരിക്കും. എന്നാല്‍ കൗമാരദശയില്‍ അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. മനുഷ്യനിര്‍മ്മിതമായ

ഏതൊരു ഫാക്ടറിയേയും വെല്ലുന്ന ദ്രുതകര്‍മ്മങ്ങളാണ് അവിടെ നടക്കുന്നത്. അങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ സ്ത്രീയുടെ പ്രത്യുല്പാദനവ്യവസ്ഥയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. ഈ ഹോര്‍മോണുകളാണ് ഒരു പെണ്‍കുട്ടിയെ യൗവ്വനയുക്തയാക്കുന്നത്. ഇവയുടെ പ്രവര്‍ത്തനഫലമായി കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അരക്കെട്ട് വികസിക്കുകയും സ്തനങ്ങള്‍ക്ക് മുഴുപ്പുണ്ടാകുകയും ചെയ്യുന്നു. ഗര്‍ഭാശയം വളരുകയും അണ്ഡാശയങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നതും ഇവയുടെ പ്രവര്‍ത്തനഫലമായാണ്. വളര്‍ച്ചയുടെ ഈ ഘട്ടത്തിലാണ് ഒരു പെണ്‍കുട്ടി പുഷ്പിണിയായിത്തീരുന്നത്.

                                                   
(തുടരും )
       

No comments: