രതിവിജ്ഞാനം :പരമ്പര ആരംഭിക്കുന്നു
അധ്യായം-1
രതിയുടെ ഉദാത്തഭാവങ്ങള്‍...........
എന്തിലും നടുനില (Neutrality) ദീക്ഷിക്കുകയെന്നത് ക്രാന്തദര്‍ശികളായ ആചാര്യന്മാര്‍ നമുക്കു നല്‍കിയിട്ടുള്ള ഉപദേശസാരങ്ങളില്‍ അമൂല്യവത്തായ ഒന്നാണ്. ജീവിതസംബന്ധിയായ ഏത് കാര്യത്തിലും സൗമ്യതയും, സംയമനവും പാലിച്ചാല്‍ ശ്രേയസ്സും പ്രേയസ്സും നമ്മെ നിസ്സംശയം തേടിയെത്തും. ഭൗതികസുഖങ്ങള്‍ ആസ്വദിക്കുമ്പോള്‍ തന്നെ അതിലൊക്കെയും അനാസക്തിയും (Dispassion) നിര്‍മമത്വവും പുലര്‍ത്തുന്ന ഒരുവനെ സമബുദ്ധി എന്നാണ് പറയുക. സമബുദ്ധിയും വിവേകിയുമായ ഒരാള്‍ ലൗകികസുഖങ്ങള്‍ക്കു പിന്നാലെ അത്യാവേശത്തോടെയും കാമാതുരനായും പരക്കംപായുന്നില്ല. ഉണ്ടും ഉറങ്ങിയും തൊട്ടും മണത്തും സുഖിച്ചു കഴിഞ്ഞാലും സദാ ആത്മതത്വത്തിലും ദൈവികതയിലുമായിരിക്കും അയാളുടെ അന്തരംഗം. താമരയിലയില്‍ നീര്‍ത്തുള്ളിയെന്നപോലെയായിരിക്കും സമബുദ്ധിയായ ഒരാള്‍ ലൈംഗികസുഖങ്ങളില്‍ അഭിരമിക്കുക. സത്വത്തിനും രജസ്സിനും ഒരേപോലെ ഒളിയിടങ്ങളുള്ള, മനുഷ്യന്റെ വൈകാരിക വ്യവഹാരങ്ങളിലെ ഏറ്റവും സര്‍ഗ്ഗാത്മകവും ഒപ്പം വിസ്‌ഫോടനാത്മകവുമായ ഒരു ശക്തിസ്രോതസ്സായ ലൈംഗികതയുടെ കാര്യത്തിലും സമഭാവന എന്ന തത്വം ദീക്ഷിക്കേണ്ടത് ജീവിതപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതൊക്കെയും യോഗിവര്യന്മാര്‍ക്കും മഹര്‍ഷീശ്വരന്മാര്‍ക്കും മറ്റും സാധിക്കുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമുക്ക് ഇത് അപ്രാപ്യമാണെന്നും നാം ധരിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ലൈംഗികത ഉള്‍പ്പെടെയുള്ള സുഖാനുഭവങ്ങളില്‍ ആത്മതത്വം മറന്നു നമ്മളില്‍ പലരും പുളച്ചുതിമിര്‍ക്കുകയും ചെയ്യുന്നു. ആത്മഭാവത്തെ ഉപേക്ഷിക്കാതെ തന്നെ പ്രകൃതി നല്‍കുന്ന നൈസര്‍ഗ്ഗിക സുഖാനുഭവങ്ങള്‍ യഥാവിധി ആസ്വദിക്കുവാന്‍ നമ്മില്‍ പലര്‍ക്കും പലപ്പോഴും കഴിയുന്നില്ല.
സുഖം എന്നത് ഒരു പറുദീസപോലെയാണ്. ഇപ്പോള്‍ വേണ്ടെന്നോ തല്‍ക്കാലം മതിയെന്നോ പറയുവാന്‍ നമ്മില്‍ പലര്‍ക്കുമാകുന്നില്ല. എപ്പോള്‍ എവിടെവച്ച് വേണമെന്നു നിശ്ചയിക്കാനും. സുഖം നിരസിച്ചാല്‍ ബലാല്‍ക്കാരേണ അതു പിടിച്ചുവാങ്ങാനാകും വ്യഗ്രത. ഒരു സദ്യയില്‍ പാല്‍പ്പായസം മതിയാവോളം കുടിച്ചാലും മറ്റു പായസങ്ങള്‍ കൂടി ചെലുത്തുവാന്‍ നമ്മില്‍ ചിലര്‍ കൊതിക്കും. അമിതഭക്ഷണം ആലസ്യവും അജീര്‍ണ്ണവുമാകും സമ്മാനിക്കുക. ലൈംഗികതയുടെ കാര്യവും വ്യത്യസ്തമല്ല. അമിതമായ ഭോഗപരത നാഡീഞരമ്പുകളെ പരിക്ഷീണിതമാക്കുകയും സദാ അസംതൃപ്തമായ ഒരു മനോനില സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ അമിതഭക്ഷണംപോലെ അപകടകരമാണ് പട്ടിണികിടക്കുന്നതും. ഒരു വിഭാഗം അമിതഭക്ഷണം സമ്മാനിക്കുന്ന ഗുരുതര രോഗങ്ങളാല്‍ മരിക്കുന്നു. മറ്റൊരു വിഭാഗം അപോഷണത്താലും മുഴുപ്പട്ടിണിയാലും. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ലൈംഗികതയുടെ കാര്യത്തിലും ലോകമെങ്ങും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഒറ്റപ്പെട്ടവയല്ലാതായി തീരുകയും, എയിഡ്‌സ് പോലുള്ള ലൈംഗികരോഗങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയും, കുമാരീകുമാരന്മാര്‍ക്കിടയില്‍ സൈബര്‍ സെക്‌സും മറ്റ് ലൈംഗികാരാജകത്വങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കലുഷിതമായ ഒരു കാലഘട്ടമാണ് ഇത്തരമൊരു ഗ്രന്ഥത്തിന്റെ ആവശ്യകത ഞങ്ങളിലുണര്‍ത്തിയത്. സര്‍ഗ്ഗാത്മകതയുടെയും സാത്വികതയുടെയും അഭാവത്തിലാണ് ലൈംഗികത അക്രമാസക്തമോ അരാജകത്വപൂര്‍ണ്ണമോ ആയിത്തീരുന്നത്. പ്രേമവും ഭക്തിയും പാരസ്പര്യവും പുലരുന്നിടത്ത് ലൈംഗികത ക്രൗര്യമായിത്തീരുന്നില്ല.
രതി എന്നാല്‍ ഏകപക്ഷീയമായ സുഖാസ്വാദനമോ കീഴ്‌പ്പെടുത്തലോ അല്ല. ആത്മാവും ശരീരവും ഒന്നായലിഞ്ഞ് സമഞ്ജസഭാവം കൈവരിക്കുകയും പ്രേമവും ഭക്തിയും ഉദാത്തവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു ധ്യാനാവസ്ഥയാണത്. ധ്യാനത്തില്‍ ദൈ്വതഭാവങ്ങള്‍ വെടിഞ്ഞ് മനസ്സ് ആത്മതത്വത്തില്‍ നിമീലിതമാകുമ്പോലെ മൈഥുനത്തിലും രജസ്സും തമസ്സുമൊഴിഞ്ഞ്, സുഖവും ദുഃഖവും മറന്ന് അത് ആനന്ദത്തിന്റെ നിര്‍മ്മലവിഹായസ്സിലേക്കുയരുന്നു. ശാരീരിക സംവേദനങ്ങളായി അനുഭവപ്പെടുന്ന ലൈംഗികചോദനകള്‍ ഉത്തേജിതാവസ്ഥയില്‍ ആദ്യം ഹൃദയത്തിലേക്കും അവിടവും കടന്ന് മനസ്സിലേക്കും മനസ്സും കടന്ന് ആത്മാവിലേക്കും ആത്മാവും കടന്ന് ആദൈ്വതാനുഭൂതിയുടെ മഹാകാശത്തിലേക്കും മൗനപ്പൂന്തേനൊഴുക്കായ് നിറയുന്നു. ‘അഹം ബഹ്മാസ്മി’, ‘അനല്‍ഹഖ്’, ‘ഹാലേലുയ’ എന്നിങ്ങനെ വിവിധ മതങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുള്ള
അനുഭൂതിവിശേഷം തന്നെയായാണ് രതിമൂര്‍ച്ഛയിലും സ്ഥിരപ്രജ്ഞനായ ഒരാള്‍ക്ക് അനുഭവവേദ്യമാകുന്നത്. പാശ്ചാത്യവും പൗരസ്ത്യവുമായ മതഗ്രന്ഥങ്ങളൊന്നും തന്നെ ലൈംഗികത പാപമാണെന്നു വിധിച്ചിട്ടില്ലെന്നതും മറ്റൊരു സത്യം. ഇതെല്ലാം മനീഷികളായ പലരും രേഖപ്പെടുത്തിയിട്ടുള്ള നിത്യസത്യങ്ങളാണ്. എന്നാല്‍ ഓരോ മതത്തിന്റെ രംഗപ്രവേശനത്തിലും പ്രവാചകന്മാരും തത്വജ്ഞാനികളും പുരോഹിതന്മാരും ആവിര്‍ഭവിക്കാറുണ്ട്. മതപ്രഘോഷകന്മാരാണ് പ്രവാചകന്മാര്‍. തത്വജ്ഞാനികള്‍ അതിന്റെ വ്യാഖ്യാതക്കളും. പുരോഹിതന്മാരാകട്ടെ മതത്തിന്റെയും ജനത്തിന്റെയും ഇടനിലക്കാരും. അങ്ങനെ മത്തിന്റെ ലൈംഗികപ്രബോധനങ്ങള്‍ കാലാന്തരത്തില്‍ പുരോഹിതന്മാരുടെ നിയന്ത്രണത്തിലായി. മതഗ്രന്ഥങ്ങളിലെ ലൈംഗികദര്‍ശനത്തില്‍ പില്‍ക്കാല വ്യാഖ്യാതാക്കള്‍ മായം ചേര്‍ക്കുകയും ലൈംഗികത പാപമാണെന്ന ചിന്ത വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എത്രത്തോളം ദൈവികവിരുദ്ധമാണ് ലൈംഗികതയെന്ന് പൗരോഹിത്യം കല്പിച്ചുവോ അത്രത്തോളം പിരിമുറുക്കങ്ങളും വൈകൃതങ്ങളും അതില്‍ ആവിര്‍ഭവിക്കുകയും ചെയ്തു. ഒരു വികാരത്തെ നാം എത്രത്തോളം പ്രതിരോധിക്കുന്നുവോ അത്രത്തോളം അത് പ്രബലമായിത്തീരുമെന്ന്ത് ലൈംഗികതയുടെ കാര്യത്തിലു#െ യാഥാര്‍ത്ഥ്യമത്രേ. അതുകൊണ്ട് ലൈംഗികതയെ അടിച്ചമര്‍ത്തുന്നതല്ല (Supress) അധഃകരിക്കുന്നതാണ് (Sublimate) ആരോഗ്യകരമായ ജീവിതത്തിന് അനുപേഷണീയം. ലൈംഗികതയില്‍ നിന്നു ജനിക്കുന്ന നാം അതിനെ യഥാകാലത്തും യഥാവിധിയിലും ആസ്വദിച്ച് ലൈംഗികാധഃകരണത്തിലൂടെ ജന്മസാഫല്യം കൈവരിക്കുന്നു. ഭാരതീയദര്‍ശനങ്ങള്‍ പരമപുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായി രതിക്കു സ്ഥാനം കല്‍പ്പിക്കുകയും ചതുര്‍വര്‍ണ്ണങ്ങളില്‍ ഒന്നായ ഗാര്‍ഹസ്ഥ്യത്തില്‍ അത് വിവേകബുദ്ധിയോടെ അനുഭവിക്കാന്‍ അനുശാസിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യമനസ്സിന്റെ ചഞ്ചലഭാവത്തെ സൂക്ഷ്മമായി ഗ്രഹിച്ചിരുന്ന മതാചാര്യന്മാര്‍ അവനിലെ സുഖാനുഭവങ്ങളില്‍ ഏറ്റവും തീക്ഷണശോഭയാര്‍ന്ന ലൈംഗികതയെ കയറൂരിവിടുന്നതിലെ അപകടം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ മതത്തിന്റെ ധര്‍മ്മസംഹിതകളില്‍ സദാചാരത്തിനും അവര്‍ പരമപ്രാധാന്യം നല്‍കി. എന്നാല്‍ സദാചാരം എന്ന തീര്‍ത്തും അനിര്‍വചനീയമായ ഈ സമസ്യയുടെ കടിഞ്ഞാണ്‍ കാലാകാലങ്ങളില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാരും ഭരണകൂടങ്ങളുമെല്ലാം അതിന് വ്യക്തിനിഷ്ഠമായ നിര്‍വ്വചനങ്ങളും നിയന്ത്രണങ്ങളും നല്‍കിക്കൊണ്ടിരുന്നു. കാലാനുസൃതമായി അതിനെ പരിഷ്‌കരിക്കുവാന്‍ പലരും തയ്യാറായില്ല. ഫലമോ സദാചാരസംഹിതകളുടെ പിടിമുറുക്കം ശക്തമായത് ലൈംഗികപിരിമുറുക്കത്തില്‍ മനുഷ്യനെ കൊണ്ടെത്തിക്കുകയും അതിന്റെ ഫലമായി ലൈംഗികഅരാജകത്വം ഉടലെടുക്കുകയും ചെയ്തു. ലൈംഗികഅരാജകത്വം എയിഡ്‌സ് തുടങ്ങിയ ആഗോളഭീഷണികളില്‍ വരെ ഇന്നെത്തിനില്‍ക്കുന്നു. പാശ്ചാത്യനാടുകളില്‍ അമിതമായ വിഷയാസക്തി ഏറ്റവും പവിത്രമായ ദാമ്പത്യം എന്ന സദാചാര വ്യവസ്ഥയെയാണ് തകിടംമറിച്ചിരിക്കുന്നത്. പല പാശ്ചാത്യരാജ്യങ്ങളിലും വസ്ത്രം മാറുമ്പോലെയാണ് ജീവിതസഹയാത്രികരെ മാറുന്നത്. ഉത്തേജക ഔഷധങ്ങളുടെയും ഉത്തേജകോപകരണങ്ങളുടെയും അതിപ്രസരവും അന്നാടുകളില്‍ ദൃശ്യമാണ്. ഉത്തേജകൗഷധങ്ങളുടെ അമിതമായ ഉപയോഗം നാഡീ ഞരമ്പുകളെയും ലൈംഗികാവയവങ്ങളെയും ക്ഷീണിപ്പിക്കുന്നു. ലൈംഗികാനുഭവങ്ങളുടെ കിട്ടാക്കനികള്‍ക്കായി മനുഷ്യന്‍ കാട്ടുന്ന പേക്കൂത്തുകള്‍ അവനെ മൃഗീയഭാവത്തിലേക്ക് അധഃപതിപ്പിക്കുന്നു. ഋതുഭേദങ്ങള്‍ക്കനുസൃതമായി ഇണചേരുന്ന പല മൃഗങ്ങളും പലപ്പോഴും മനുഷ്യനേക്കാള്‍ ലൈംഗികവിവേകം പ്രദര്‍ശിപ്പിക്കുന്നു.
ലൈംഗികകളിക്കോപ്പുകള്‍ (Sexual Toys) എന്നറിയപ്പെടുന്ന കൃത്രിമ ലൈംഗികോപകരണങ്ങള്‍ ഇന്നു സ്ത്രീപുരുഷ ബന്ധത്തിലെ നൈസര്‍ഗ്ഗിക ലാവണ്യത്തെ പാടേ ചോര്‍ത്തിക്കളഞ്ഞിരിക്കുകയാണ്. കൃത്രിമലിംഗങ്ങളും വൈബ്രറ്ററുകളും കൃത്രിമ യോനിയും ഉപയോഗിച്ച് ഏതൊരു സ്ത്രീക്കും പുരുഷനും രതിമൂര്‍ച്ഛയും സ്ഖലനവും ഇന്ന് സാധ്യമാകുന്നു.
സ്ത്രീയും പുരുഷനും പരസ്പരം സ്‌നേഹവും ആദരവും ആനന്ദവും പങ്കുവയ്ക്കുന്ന അത്യുദാത്തമായ ആത്മീയാനുഭവമാണ് രതി. യോഗത്തില്‍ ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്ന കൈവല്യാവസ്ഥയാണത്. അതിന്റെ ഏറ്റവും പ്രാഥമിക പടിയാകട്ടെ സ്ത്രീപുരുഷ ശരീരങ്ങളും.
പ്ലാസ്റ്റിക്കില്‍ തീര്‍ത്ത യോനിയും ലിംഗവുമെല്ലാമുള്ള കൃത്രിമ ഇണകളെപ്പോലും ഇന്ന് സെക്‌സ് ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടുന്നു. ലൈംഗിക പിരിമുറുക്കത്തെ ഇവയൊക്കെയും തെല്ലു കുറയ്ക്കുമെന്നതു സത്യമാണെങ്കിലും ഇവയുടെ അനിയന്ത്രിതോപയോഗം തത്വദീക്ഷയില്ലാത്ത സംഭോഗംപോലെ അപകടകരമാണ്. ആനന്ദാനുഭൂതികളുടെ അക്ഷയഖനിയായ സ്ത്രീപുരുഷശരീരങ്ങളെ മൈഥുനത്തില്‍ നിന്നൊഴിവാക്കുന്നതിലൂടെ ലൈംഗികാനുഭവമെന്നത് തീര്‍ത്തും യാന്ത്രിമായിത്തീരുന്നു. സൈബര്‍ സെക്‌സ് എന്ന അസുരന്‍ പതിമൂന്നു ലക്ഷം അശ്ലീല പോര്‍ട്ടലുകളുമായി പ്രായപൂര്‍ത്തിയാകാത്തവരെപ്പോലും കെണിയില്‍ വീഴ്ത്തുവാനായി വലയൊരുക്കി കാത്തിരിക്കുന്നു. ലൈംഗിക അധോലോകത്തെ പിമ്പിന്റെ സ്ഥാനം സൈബര്‍ സെക്‌സ് പ്രൊവൈഡര്‍മാര്‍ എന്ന വിഭാഗം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ സാന്മാര്‍ഗ്ഗികബോധത്തെയും സാമ്പത്തികനിലയെയും ഒന്നുപോലെ ഊറ്റിയെടുക്കുന്ന ഒന്നായി ഇന്ന് സൈബര്‍സെക്‌സ് മാറിക്കഴിഞ്ഞിരിക്കുകയാണ്.
ലൈംഗികപിരിമുറുക്കം നന്നായുള്ള ഒരു സമൂഹമാണ് കേരളമെന്നത് ഇവിടെ നടക്കുന്ന ലൈംഗികാതിക്രമണങ്ങളുടെ കഥകള്‍ സൂചിപ്പിക്കുന്നുണ്ട്. സെക്‌സ് റാക്കറ്റുകളില്‍പ്പെട്ടു ജീവിതം ഹോമിക്കപ്പെടുന്ന പെണ്‍കുട്ടികളും പീഢനക്കേസുകളില്‍ പ്രതികളായി അപമാനിതരായിത്തീരുന്ന ഗൃഹനാഥന്മാരും കുറവല്ല. ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ എന്തെങ്കിലും കോലാഹലങ്ങളുണ്ടാകുന്നതല്ലാതെ ശാശ്വത പരിഹാരത്തെക്കുറിച്ച് ഭരണസാരഥികളും സാംസ്‌കാരിക നായകന്മാരും കാര്യമായി ചിന്തിക്കുന്നില്ല. ഒരു മൗസ് ക്ലിക്കിലൂടെ രതിസാമ്രാജ്യത്തിലേക്ക് പ്രായപൂര്‍ത്തിയാകുംമുന്‍പേ കുടുക്കപ്പെടുന്ന കുട്ടികളും അവരെ രക്ഷിക്കുന്നതെങ്ങനെയെന്നറിയാതെ കുഴങ്ങുന്ന മാതാപിതാക്കളും ഈ കാലഘട്ടത്തിന്‌റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളാണ്. അല്പം സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്ന ഏതൊരു പെണ്‍കുട്ടിയുടെയും ഭാവി അപകടത്തിലാക്കുന്നു ഇത്തരം സെക്‌സ് മാഫിയകള്‍. അപ്പോഴും കേവലം കോണ്ടം വിതരണത്തിലൂടെ മാത്രം എല്ലാ ലൈംഗികപ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഭരണകൂടം വ്യാമോഹിച്ചുകൊണ്ടിരിക്കുന്നു. അതെ, ലൈംഗികസംബന്ധിയായ ഒട്ടേറെ ഊരാക്കുടുക്കുകളാല്‍ വരിഞ്ഞു കെട്ടപ്പെട്ടിരിക്കുകയാണ് മലയാളിയുടെ അവബോധം.
സൃഷ്ട്യുന്മുഖതയുടെയും സംഹാരാത്മകതയുടെയും നാഡ്യാഗ്രങ്ങള്‍ സന്ധിക്കുന്നതാണ് മനുഷ്‌ന്റെ ലൈംഗികകോശങ്ങള്‍. ഗുണപരതയ്ക്കും നിഷേധാത്മകതയ്ക്കും ഒന്നുപോലെ അതിലിടമുണ്ട്. ജന്തുജാലങ്ങള്‍ക്കെല്ലാം പ്രകൃതി സ്വാതന്ത്ര്യം നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും മനുഷ്യനു മാത്രമേ വിവേകം നല്‍കിയിട്ടുള്ളൂ. ഈ വിവേകമാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ ലൈംഗികതയുടെ കാര്യത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഒരു തുളസിക്കതിരിന്റെ നൈര്‍മ്മല്യമുള്ള രത്യാനുഭൂതിയെ ഒരു ശവന്നാറിപ്പൂവാക്കാന്‍ മനുഷ്യന്റെ അവിവേകത്തിന് നിമിഷങ്ങള്‍ കൊണ്ട് കഴിയും. സ്‌നേഹം പോലെ ദിവ്യമായ ഒരനുഭൂതിയാണ് ലൈംഗികതയും. ഒരര്‍ത്ഥത്തില്‍ സ്‌നേഹം തന്നെയാണതെന്നു പറയാം. അവിവേകിക്കു മുന്നില്‍ തുറക്കുന്ന രതിസാമ്രാജ്യം പന്നിക്കു മുത്തുമണികള്‍ കിട്ടുന്നതിനു തുല്യമാണ്.
പൗരാണിക ലൈംഹികശാസ്തിര ഗ്രന്ഥങ്ങലെലാലാംതന്നെ മൈഥുനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം ഉറപ്പിച്ചു പറയു#്‌നുണ്ട്. ലൈംഗിക ശരീരഘടനയിലും ലൈംഗികപ്രക്രിയയിലും ലൈംഗികാനന്ദചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും അതിന്റെ ആത്യന്തിക സാഫല്യം സ്ത്രീയിലും പുരുഷനിലും ഒന്നാണ്; രതിമൂര്‍ച്ഛ. ആത്മസാക്ഷാത്കാരമെന്നതുപോലെ രതിമൂര്‍ച്ഛയും ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ് (Birth Right). ഇണകളില്‍ ഏതെങ്കിലുമൊരാള്‍ക്ക് അത് നിഷേധിക്കപ്പെടുന്നത് അധാര്‍മ്മികതയാണ്.
രതിക്രീഡയിലെ സ്ത്രീപുരുഷ സമത്വത്തെ വേദങ്ങള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭാര്യയെ പ്രാപിക്കുന്നതിനു മുന്‍പായി അവളെ സ്തുതിക്കണമെന്നാണ് ഋഗ്വേദം അനുശാസിക്കുന്നത്. സംഭോഗകര്‍മ്മത്തെ ഒരു യജ്ഞമായാണ് ഉപനിഷത്ത് ഉദാത്തീകരിക്കുന്നത്.
‘യോഷാവാ അഗ്നിര്‍ ഗൗതമഃ തസ്യാഉപസ്ഥമേവ സമിത്,-
- ലോമാനി ധൂമഃ യോനിരര്‍ച്ചിഃ,
യദന്തഃ കരോതി തേƒംഗാരാഃ, അഭിനന്ദാ, വിസ്ഫുലിംഗാഃ
- തസ്മിന്നേത സ്മിന്നഗ്നൗ
ദേവാ രേതോ ജുഹ്വതിഃ തസ്യാ ആഹുതൈ്യ പുരുഷഃ സംഭവതിഃ
- സ ജീവതി യാവജ്ജീവതി’
(സ്ത്രീ തന്നെയാണ് അഗ്നി. അവളുടെ ഉപസ്ഥം തന്നെയാണ് ചമത. രോമം ധൂമമാണ്. യോനിയാണ് ജ്വാല. ഉള്ളില്‍ ചെയ്യുന്നത് (സംയോഗം) തീക്കട്ടയാണ്. അതില്‍ നിന്നുള്ള ആനന്ദം തീപ്പൊരികളാണ്. ഈ അഗ്നിയില്‍ ദേവന്മാര്‍ രേതസ്സിനെ ഹോമിക്കുന്നു. ആ ആഹുതിയില്‍ നിന്നു പുരുഷന്മാര്‍ ജനിക്കുന്നു. കര്‍മ്മശേഷിയുള്ളതുവരെ അവന്‍ ജീവിച്ചിരിക്കുന്നു. അനന്തരം മരിക്കുന്നു: ബൃഹദാരണ്യകോപനിഷത്ത്)
രതിക്രീഡയുടെ നിഗൂഢരഹസ്യം മന്ത്രങ്ങളില്‍ ആവാഹിക്കുവാന്‍ ഉപനിഷത്ത് ഋഷിക്ക് ശങ്കയില്ലായിരുന്നുവെങ്കിലും ഇതിന്റെ വ്യാഖ്യാതാക്കളായ പല പണ്ഡിതന്മാരും ഈ ഭാഗം ഒഴിവാക്കാനാണ് ശ്രമിച്ചത്. ബൃഹദാരണ്യകോപനിഷത്തിലെ ഖിലകാണ്ഡത്തില്‍ വരുന്ന ഈ മന്ത്രം ചില പാശ്ചാത്യ പണ്ഡിതന്മാര്‍ അവരുടെ ഇംഗ്ലീഷ് തര്‍ജ്ജമകളില്‍ ചിലതില്‍ ലത്തീന്‍ ഭാഷയിലാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. എന്നാല്‍ ശുദ്ധവേദാന്തിയായ ശ്രീ ശങ്കരാചാര്യര്‍ ഈ മന്ത്രത്തെ അര്‍ത്ഥശങ്കയില്ലാത്തവണ്ണം വിശദീകരിക്കുകതന്നെ ചെയ്തു.
പ്രാണാപന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്ന പദം സൂചിപ്പിക്കുന്നത്. ആഹാരത്തെ വായില്‍ നിന്ന് ദഹനേന്ദ്രിയത്തിലേക്ക് കൊണ്ടുപോകുന്നത് പ്രാണനാണ്. ദഹനാനന്തരം വരുന്ന മലമൂത്രാദികള്‍ പിന്തള്ളുന്നത് അപാനനാണ്. പുരുഷന്റെ ശുക്ലവും ലിംഗത്തില്‍ നിന്ന് അപാനനാലാണ് വിസര്‍ജിക്കപ്പെടുന്നത്. സ്ത്രീയുടെ യോനിയിലിരിക്കുന്ന പ്രാണന്‍ അതിനെ സ്വീകരിച്ച് ഗര്‍ഭപാത്രത്തില്‍ എത്തിക്കുന്നു.
മൈഥുനത്തെ യജ്ഞമായി പരിഗണിക്കുന്ന ഉപനിഷത്ത് ഋഷിയുടെ സഹജാവബോധം അത്യുജ്വലമാണ്. ഇക്ഷണത്തില്‍ ജീവിക്കുന്നതാണ് തപസ്. രണ്ടോ അതിലധികംപേരോ ചേര്‍ന്ന് തപസ്സുചെയ്യുന്നതാണ് യജ്ഞം. ആത്മസംയോഗത്തിലൂടെ സുഖദുഃഖാദി ദൈ്വതങ്ങള്‍ക്കതീതരായി നിര്‍വ്വാണാനുഭൂതി കരഗതമാകുന്നതാണ് യജ്ഞത്തിന്റെ ഫലസിദ്ധി. യോനിയെ ജ്വാലയായും മൈഥുനത്തെ തീക്കട്ടയായും വിശേഷിപ്പിക്കുന്ന ഋഷി രതിക്രീഡ വീര്യാദികളെ ശമിപ്പിക്കുന്നതിനു കാരണമാകുന്നതായി പറഞ്ഞിരിക്കുന്നു. സംഭോഗവേളയില്‍ സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍ ഒട്ടേറെ വൈദ്യുത രാസതരംഗങ്ങളുണ്ടാകുന്നുവെന്ന ആധുനിക ലൈംഗികശാസ്ത്രത്തിന്റെ വെളിപാടുകള്‍ ഉപനിഷത്തിന്റെ ഗൂഢാവബോധത്തെ അടിവരയിടുന്നു. സ്ത്രീയുടെ യോനിയെ യജ്ഞകുണ്ഡമായി കരുതിയ ഋഷി, സ്ത്രീയുടെ ലൈംഗീകാനുഭവത്തെയും സൂക്ഷ്മാനുസന്ധാനം ചെയ്തിരുന്നതായി കാണാം. പുരുഷന്റെ ലൈംഗികപ്രക്രിയ ഒരു നദീപ്രവാഹത്തിനു തുല്യമാണെങ്കില്‍ സ്ത്രീയുടേത് ചുഴിയും മലരും പോലെയാണ്. അത് നിമ്‌ന്നോന്നതഭാവം പ്രദര്‍ശിപ്പിക്കുന്നതാണ്. രതിക്രീഢയില്‍ സ്ത്രീയും പുരുഷനും മാനസികമായും ശാരീരികമായും പരസ്പരമറിഞ്ഞ് സാമ്യഭാവം പൂകേണ്ടതെങ്ങനെയെന്ന് ഈ ഗ്രന്ഥം സമഗ്രമായി തന്നെ വിശദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
മിഥുനങ്ങളുടെ സംയോഗമാണ് മൈഥുനം. ജീവജാലങ്ങള്‍ക്കെല്ലാം ഊര്‍ജ്ജമേകുന്ന സൂര്യദേവന്റെ തേജസ്സിനെ ധ്യാനിച്ചുകൊണ്ടാണ് ഉപനിഷത്ത് മിഥുനങ്ങള്‍ മൈഥുനത്തിനു തയ്യാറെടുക്കുന്നത്. ഉപനിഷത്ത് സംയോഗത്തിന്റെ തയ്യാറെടുപ്പിനായി നിര്‍ദ്ദേശിക്കുന്ന മന്ത്രത്തിലെ ഓരോ സൂചനയും മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുന്നതാണ്. സൂര്യന്റെ ആ രൂപം ശ്രേഷ്ഠമാകുന്നു. കാറ്റ് മധുരമായി വീശുന്നു. പുഴകള്‍ മനോഹരമായി ഒഴുകുന്നു. ഈ ഔഷധികള്‍ നമുക്ക് മധുരങ്ങളാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ മിഥുനങ്ങള്‍ ക്രീഡാഗേഹത്തിലേക്ക് കടക്കുന്നു. ദാമ്പത്യരഹസ്യത്തെ മധുരിമമായാണ് ഋഷി വെളിവാക്കുന്നത്. ആത്മസംബന്ധിയാണ് മധു. സുഖദുഃഖങ്ങള്‍ ഒഴിഞ്ഞിരിക്കുമ്പോഴാണ് ജീവിതം മധുരതരമാകുന്നത്. മാധുര്യത്തിനൊപ്പം ബുദ്ധിയും ആര്‍ദ്രതയും ഓജസ്സും രതിക്രീഡയില്‍ സമഞ്ജസിക്കുന്നതായി ഉപനിഷത്ത് അഭിവ്യഞ്ജിപ്പിക്കുന്നു.
യാഗം ചെയ്യുന്നവന്‍ ഏതെല്ലാം ലോകങ്ങള്‍ പ്രാപിക്കുന്നുവോ അതെല്ലാം സൂക്ഷ്മമായി അറിഞ്ഞ് മൈഥുനം ചെയ്യുന്നവനും ലഭ്യമാകുമെന്ന് ശങ്കരാചാര്യര്‍ പറയുന്നു. അറിഞ്ഞാണ് മൈഥുനം ചെയ്യേണ്ടത്., അജ്ഞാനിയായല്ല. സംഭോഗം ചെയ്യുമ്പോള്‍ സോമരസത്തെ പിഴിഞ്ഞെടുക്കുന്നതുപോലെ പുരുഷന്റെ വൃഷണത്തില്‍ നിന്നും സ്ത്രീയോനിയുടെ രണ്ടുവശത്തുമുള്ള മാംസളഭാഗം ശക്തമായ സമ്മര്‍ദ്ദം ശിശ്‌നികയിലുണ്ടാക്കുകയാല്‍ സോമരസംപോലെ പുരുഷന്റെ രേതസ്സ് സ്ത്രീയോനിയിലേക്കു നിര്‍ഗ്ഗമിക്കുന്നു. കാമാര്‍ത്തയായ സ്ത്രീക്ക് പുരുഷനേക്കാള്‍ രത്യാവേശം ഏറിയിരിക്കുമെങ്കിലും അവളെ തന്റെ സന്താനോല്‍പ്പാദനത്തിനുള്ള യജ്ഞവേദിയായികരുതി, സൃഷ്ട്യുന്മുഖമായ ഇച്ഛയോടുകൂടി വേണം സുരതക്രിയ നിര്‍വഹിക്കാനെന്നും ഉപനിഷത്ത് അനുശാസിക്കുന്നു. സൃഷ്ടിയും സൗന്ദര്യവും ആനന്ദവും സമ്മേളിക്കുന്നതാണ് സുരതക്രിയയെന്നായിരുന്നു ആചാര്യന്മാരുടെ കാഴ്ചപ്പാട്. മൈഥുനത്തെ സ്തുതിക്കുന്നതും അതിന്റെ വിധിപ്രയോഗങ്ങള്‍ വിശദമാക്കുന്നതും അതിലെ കാമാതുരതയെ നിര്‍ണ്ണയിക്കുന്നതുമായ നിരവധി മന്ത്രങ്ങളാല്‍ സമ്പന്നമാണ് വേദം. മൈഥുനത്തെ കേവലം വിനോദമായല്ല (നേരമ്പോക്ക്) ഭാരതീയാചാര്യന്മാര്‍ പരിഗണിച്ചിരുന്നത്. ഒരു പുരുഷനില്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജീവാംശങ്ങളായി എന്തെല്ലാമിരിക്കുന്നുവോ, അതിനെയെല്ലാം ആവാഹിച്ച് ശുക്ലത്തിലേക്ക് കൊണ്ടുവന്നാണ് അവന്‍ അതിനെ സ്ത്രീയോനിയില്‍ നിക്ഷേപിക്കുന്നത്. അതുപോലെ തന്നെ സ്ത്രീയിലും ജന്മാന്തരങ്ങളായി അവള്‍ സ്വാംശീകരിച്ചിട്ടുള്ള സകല സുകൃതങ്ങളുടെയും സാരാംശത്തെയാണ് അവള്‍ തന്റെ അണ്ഡത്തില്‍ ആവാഹിച്ചു വയ്ക്കുന്നത്. രേതസ്സും രക്തവും കലരുന്ന സുരതക്രിയയില്‍ സ്ത്രീ സംക്ഷേപിച്ചുവച്ചിരിക്കുന്ന സര്‍വ്വസുകൃതങ്ങളെയുമാണ് പുരുഷന്‍ അവന്റെ ജനനേന്ദ്രിയത്തിലേക്കു സ്വീകരിക്കുന്നത്.
മൈഥുനത്തെ ശാസ്ത്രയുക്തമായാണ് പൂര്‍വ്വികര്‍ അഭ്യസിച്ചിരുന്നത്. സംയോഗത്തിന് ഏര്‍പ്പെടുന്നതിന് എത്രയോ മുമ്പുതന്നെ, സമാനമായ പരിശീലനമെന്നോണം ശുദ്ധമായ പാലിനെയും, എള്ളെണ്ണയെയും ജനനേന്ദ്രിയത്താല്‍ വലിച്ചെടുക്കുന്നതിനും മറ്റും താന്ത്രികന്മാര്‍ പരിശീലിച്ചിരുന്നു. മൈഥുനത്തിന് ആര്‍ജ്ജവമേകുവാനായി ആസനങ്ങളും ബന്ധങ്ങളും മുദ്രകളും പുരുഷനും സ്ത്രീയും അഭ്യസിച്ചിരുന്നു. ഇതൊന്നുമറിയാതെ സംഭോഗം ചെയ്യുന്നവന്‍ ദ്രുതസ്ഖലിതനും ക്ഷീണിതനുമാകുകയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ശാസ്ത്രവിധി പ്രകാരമല്ലാതെ മൈഥുനം ചെയ്താലുള്ള അപകടങ്ങളെക്കുറിച്ച് ഉപനിഷത്ത് താക്കീത് നല്‍കുന്നുണ്ട്. ‘മരണധര്‍മ്മത്തോടുകൂടിയവരും നാമംകൊണ്ടുമാത്രം ബ്രാഹ്മണരും ആയി അനേകംപേരുണ്ട്. മൈഥുനവിജ്ഞാനത്തെക്കുറിച്ച് അറിയാതെതന്നെ അവര്‍ മൈഥുനകര്‍മ്മത്തില്‍ ആസക്തിപൂര്‍വ്വം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ പരലോകത്തില്‍ നിന്നും ഭ്രഷ്ടരായിപ്പോകുന്നു’ (ബൃഹദാരണ്യകോപനിഷത്ത്). തത്വദീക്ഷയില്ലാതെ കാമാതുരരായി സംഭോഗം ചെയ്യുന്നതിന്റെ ദോഷമാണിവിടെ സൂചിപ്പിക്കപ്പെടുന്നത്. സംഭോഗം മനുഷ്യന്റെ ആനന്ദാനുഭവങ്ങളില്‍ അദ്വിതീയം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും മൈഥുനവിജ്ഞാനത്തെപ്പറ്റി ഒന്നുമറിയാത്തവന്‍ അതിലേര്‍പ്പെട്ടാല്‍ അവന്‍ വീര്യം നഷ്ടപ്പെട്ട് അകാലമരണത്തെ പ്രാപിക്കുകയാണു ചെയ്യുന്നത്.
പഞ്ചേന്ദ്രിയങ്ങളെയും അന്തഃകരണത്തെയും യോഗയുക്തമാക്കി അനുഷ്ഠിക്കേണ്ട് അതീവ ദിവ്യമായ ഒരു യജ്ഞമായ മൈഥുനത്തെ ക്ഷണികമാത്ര സുഖദായകമായ ഒരു നേരമ്പോക്കാക്കി അധഃപതിപ്പിക്കരുതെന്നാണ് പൂര്‍വ്വസൂരികള്‍ നമുക്കു നല്‍കുന്ന താക്കീത്. പാവകനെപ്പോലെ ഒരേസമയം എന്തിനെയും ഭസ്മീകരിക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന വിസ്‌ഫോടനാത്മക ശക്തിയാര്‍ന്ന ഒരു പ്രതിഭാസമാണ് ലൈംഗികത. ആണവോര്‍ജ്ജം പോലെ നന്മയ്ക്കായും തിന്മയ്ക്കായും അത് ഉപയുക്തമാക്കാം. ധര്‍മ്മനിഷ്ഠമായ രതി ആനന്ദവും അനുഭൂതിയുമുളവാക്കുമെങ്കിലും അധാര്‍മ്മികതരതി ആത്മനാശത്തിലേക്കാകും നിപതിപ്പിക്കുക.
ഏതൊരു സത്കര്‍മ്മത്തിലുമെന്നപോലെ ജ്ഞാനവും വിജ്ഞാനവും ലൈംഗികതയിലുണ്ട്. ജ്ഞാനമെന്നാല്‍ തത്വം. വിജ്ഞാനമെന്നാല്‍ അനുഷ്ഠാനം. നിര്‍മ്മലചേതസ്സായി സാധനചെയ്താല്‍ രതിവിദ്യ ഏതൊരു പഠിതാവിനും വഴങ്ങിക്കിട്ടും. അത്തരമൊരു സാധനാഗ്രന്ഥമാണിത്. ലൈംഗികതയുടെ സിദ്ധാന്തവും പ്രയോഗവും പരിശീലിപ്പിക്കുന്ന ഒന്ന്. പ്രാചീനവും അത്യാധുനികവുമായ ലൈംഗികദര്‍ശനങ്ങളെ ഈ ഗ്രന്ഥം അനുസന്ധാനം ചെയ്യുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിക്കും സ്വഗൃഹത്തില്‍ സൂക്ഷിക്കുവാനും, പ്രായപൂര്‍ത്തിയിലെത്തുന്ന അനന്തര തലമുറയ്ക്കായി സമ്മാനിക്കുവാനും കഴിയുന്ന ഈ വൈജ്ഞാനിക സദ്ഗ്രന്ഥം നിങ്ങളുടെ ജീവിതത്തില്‍ ആനന്ദത്തിന്റെയും സ്‌നേഹത്തിന്റെയും ശാന്തിയുടെയും സഹസ്രസൂര്യപ്രഭ ചൊരിയട്ടെ.
No comments:
Post a Comment