Sunday, December 2, 2012

മലയാളിയുടെ ആഗോളീകരണം---14

എന്നാല്‍ ഗുരുവിനും അദ്ദേഹത്തിന്റെ കൃതികള്‍ക്കും നിസംശയം കഴിയും.
ഗുരുവിനും ഗാന്ധിജിക്കും മേല്‍ അംബേദ്കറെയും കാഞ്ചാ ഏലയ്യയെയും പ്രതിഷ്ഠിക്കുവാന്‍ ഇന്നു ശ്രമിക്കുന്നത് ആഗോളീകരണത്താല്‍ ഇരയാക്കപ്പെട്ടവര്‍തന്നെയാണ്. സംസ്‌കൃതിയെ ഭിന്നിപ്പിക്കുക എന്ന അതിന്റെ തന്ത്രമാണിവിടെ സഫലമാകുന്നത്. 'യാദവകുലം', ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന വ്യാജപ്രത്യയശാസ്ത്ര ദര്‍ഭമുനകളാല്‍ തല്ലിയൊടുങ്ങുമ്പോള്‍ മാനിറമുള്ള നാരിമാരില്‍ കൊതിപൂണ്ടിരിക്കുന്നവര്‍ വാഗണുകളിലും പുഷ്പകവിമാനങ്ങളിലുമായി യദുകുലകന്യകമാരെ റാഞ്ചിക്കൊണ്ടുപോകാന്‍ വരുമെന്നു ഭയക്കുന്നവരെ ലളിതചിന്താഗതിക്കാരെന്നു പരിഹസിക്കുന്നവര്‍ ലോകത്തിന്റെ അധിനിവേശചരിത്രം ഒന്നു സദയം പരിശോധിക്കുന്നതു നന്നായിരിക്കും. മാട്ടിറച്ചി അച്ചാറുകൂടി വിപണിയിലിറങ്ങിയിട്ടുള്ള നാട്ടില്‍ ഇനി 'ഹ്യൂമണ്‍ടേസ്റ്റ് ബഡുകള്‍' കൂടി ഇറങ്ങില്ലെന്നതിന് എന്താണുറപ്പ്? പാര്‍ത്തിനീയം അട്ടപ്പാടിയുടെ മാത്രം പ്രശ്‌നമെന്നു കരുതി സമാ
ശ്വസിച്ചിരിക്കുന്നതില്‍പ്പത്തമാരു മൗഢ്യം വേറെന്തുണ്ട്? കുമാരി പീഡനക്കേസില്‍ ആരോപണവിധേയനായ വ്യക്തിയെ കേന്ദ്രമന്ത്രിവരെയാക്കിയ കേരളം 'ദൈവത്തിന്റെ സ്വന്തം നാടാണെ'ന്നു പറയുവാന്‍ നമ്മുടെ നാവുകള്‍ക്ക് നാണമാകുന്നില്ലേ?

സ്‌നേഹത്തിന്റെ രാഷ്ട്രീയം
അക്കമഹാദേവിയില്‍നിന്നും ഖദീജയില്‍നിന്നും കമലാ സുരയ്യയിലേക്കും പ്രിയ എ.എസിലേക്കും ഇന്ദുമേനോനിലേക്കുമൊക്കെ ഒഴുകുന്ന നിരുപാധികസ്‌നേഹത്തിന്റെ തടയണകളിലൂടെയാകണം മലയാളിയുടെ മൂല്യബോധം ആഗോളീകരണത്തെ പ്രതിരോധിക്കേണ്ടത്. മാംസത്തിന്റെയോ ചോരയുടേയോ വിദേ്വഷത്തിന്റെയോ ഏതെങ്കിലും ചരിതങ്ങളിലൂടെയല്ല. 'ഇരയും വേട്ടക്കാരനും' എന്ന സമകാലിക ക്ലീഷേ ഫോര്‍മുലയ്ക്ക് അപ്പുറമുള്ള സ്‌നേഹത്തിന്റെ രാഷ്ട്രീയമാണത്. ശരീരങ്ങളുടെ ആഘോഷമല്ല. ആത്മാവുകളുടെ സ്‌നേഹവിളംബരമാണത്. സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിന് ആരെയും വെട്ടിനിരത്താനാവില്ല. നട്ടുവളര്‍ത്തലിന്റെ ഉത്സവമാണത്!
....പണ്ടൊരിക്കല്‍ വയലാര്‍ പുരസ്‌കാരസ്വീകരണവേളയില്‍ കമലാ സുരയ്യ, തനിക്ക് ആട്ടം മടുത്തിരിക്കുന്നു എന്നും ഇനി റോസ് മേരി ആടിക്കോളൂ എന്നുംപറഞ്ഞ് കവയിത്രി റോസ് മേരിക്ക് എറിഞ്ഞുകൊടുത്ത ആ 'ചിലങ്ക'യില്‍ നമുക്ക് ഈ സ്‌നേഹത്തിന്റെ രാഷ്ട്രീയം കാണാം. (അവര്‍ അത് ഇപ്പോഴും സൂക്ഷിച്ചുവച്ചിരിപ്പുണ്ടോ എന്ന് ആ ജ്യോഷ്ഠത്തിയെ കാണുമ്പോഴെല്ലാം ഞാന്‍ ആരായാറുമുണ്ട്!)

പൗരസ്ത്യപ്രതിരോധങ്ങള്‍
പടിഞ്ഞാറു നിന്നടിച്ചുകയറുന്ന ഒരു ചുഴലിക്കൊടുങ്കാറ്റിനെയും പടിഞ്ഞാറിന്റെ രീതീശാസ്ത്രങ്ങളുപയോഗിച്ച് തടുക്കാനാവില്ല. ചര്‍ക്കയാലും കല്ലുപ്പിനാലുമാണ് ഗാന്ധിജി ആദിമ ആഗോളീകരണത്തെ തളച്ചത്. 'സത്‌സംഗ'ങ്ങളില്‍നിന്നാണ് അദ്ദേഹത്തിന് അതിനുള്ള ഊര്‍ജം ലഭിച്ചത്.
മതേതരവും പൗരസ്ത്യവുമായ ആധ്യാത്മികതയ്ക്ക് ആഗോളീകരണത്തെ നിസംശയം ചെറുക്കുവാനാകും. പത്തിയെടുത്തുനില്‍ക്കുന്ന രാജവെമ്പാലയുടെ മൂര്‍ദ്ധാവില്‍ ഒരു ബുദ്ധഭിക്ഷുകി ചുംബിക്കുന്ന സ്‌തോഭക്കാഴ്ചയിലൂടെ ജോസഫ് കാംപ്‌വെല്‍ സൂചിപ്പിക്കുന്നത് അതാണ്.*
യോഗം (Unity), പ്രാണായാമം ഇവകളാലും Passivism ത്താലും ആഗോളീകരണത്തെ നിസ്സംശയം പ്രതിരോധിക്കാനാകും. ദിവസം രണ്ടുനേരം പ്രാണായാമം ചെയ്യുന്ന ഒരുവനെ ഒരു രോഗവും ഗ്രസിക്കില്ലെന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കെ, ഒരു ജനത ഒന്നാകെ പ്രാണനെ യമനം ചെയ്താല്‍ ഉണ്ടാകുന്ന കരുത്ത് ഊഹിക്കാവുന്നതേയുള്ളൂ. 'അനല്‍ഹഖിനും' 'അഹംബ്രഹ്മാസ്മിക്കും' മുന്നില്‍ ആഗോളീകരണത്തിനു പിടിച്ചുനില്‍ക്കാനാകില്ല. തന്റെ നേരെ വാളോങ്ങിനിന്ന ക്രുദ്ധനായ അലക്‌സാണ്ടര്‍ചക്രവര്‍ത്തിയോട് സൂര്യവെളിച്ചം മറയാതെ സദയം ഒന്നു മാറിനില്‍ക്കാമോ എന്ന് നിര്‍മന്ദഹാസം തൂകിയ ഋഷിയുടെ നിശ്ചയദാര്‍ഢ്യമാണത്....

മയിലമ്മ....., 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോള്‍'.....
ഈ ആഗോളീകരണ ഭീകരനെ തളയ്ക്കുവാന്‍ ആക്ടിവിസ്റ്റുകളായ സാറാജോസഫിനോ അജിതയ്ക്കുപോലുമോ ആയെന്നിരിക്കില്ല. എന്നാല്‍ 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളു'ടെയും ചോറ്റാനിക്കര അമ്മയുടെയും ജാകരിതസ്വത്വമായ 'മയിലമ്മയ്ക്കാകുമായിരുന്നു. (മയിലമ്മയുടെ ജീവിതാന്ത്യത്തിലും അസംബന്ധനാടകങ്ങള്‍ തീര്‍ക്കുവാന്‍ ആഗോളീകരണത്തിന്റെ പ്രാദേശികരാഷ്ട്രീയ ദല്ലാളന്മാര്‍ ശ്രമിക്കാതിരുന്നില്ല.) സി.കെ. ജാനുവിനും മുകളിലാണ് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളു'ടെയും മയിലമ്മയുടെയുമൊക്കെ സ്വത്വം. കോള കുടിച്ചു മയങ്ങിക്കിടക്കുന്ന ഈ മധുരാപുരികളെരിച്ചുകളയുവാന്‍ മയിലമ്മയുടെ തമിഴുകലര്‍ന്ന മലയാളപ്പേച്ചിനാകുമായിരുന്നുവെങ്കിലും ഒരര്‍ത്ഥവിരാമമായി ഒടുങ്ങാനായിരുന്നു അവര്‍ക്കും വിധി.
ആദിപ്പുലയിയുടെ (പുലയുടെ-പാടത്തിന്റെ-അധിപയുടെ) സ്ഥാനത്ത് 'ലൈംഗികത്തൊഴിലാളി നേതാവി'നെ പ്രതിഷ്ഠിക്കുന്നതാണ് ആഗോളീകരണത്തിന്റെ പ്രാദേശികതന്ത്രം. മലയാളിയുടെ ആദിമസ്ത്രീസ്വത്വത്തെ, കവി പാടിയ ആ 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ', തങ്ങളുടെ അവബോധത്തിലേക്കു പ്രത്യാനയിക്കുകവഴി മലയാളിക്ക് ആഗോളീകരണത്തെ ചെറുക്കാനാകും. മതേതരവും സാമുദായികേതരവുമായ കേരളീയസ്ത്രീസ്വത്വത്തിന്റെ യഥാര്‍ത്ഥപ്രതിനിധിയാണ് ഈ 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോള്'. സുബ്രഹ്മണ്യന്റെ മടിത്തട്ടിലിരിക്കുന്ന കാര്‍ത്ത്യായനി എന്ന സങ്കല്പകന്യകയും കൊടുങ്ങല്ലൂരിലും ചോറ്റാനിക്കരയിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഭഗവതിയും വള്ളിക്കാവില്‍ അമ്മയായി അവതരിച്ചിരിക്കുന്നതും അവളാണ്. കന്യാമറിയത്തില്‍നിന്ന് അല്‍ഫോണ്‍സാമ്മയിലേക്കും ഖദീജയില്‍നിന്നു കമലാസുരയ്യയിലേക്കുമൊക്കെ ഒഴുകുന്ന ചിരന്തന സ്‌നേഹമാകുന്ന 'പ്രകൃതി' എന്ന അറിവാണത്. ജോണ്‍ അബ്രഹാം 'അമ്മ അറിയാനിലും' കടമ്മനിട്ട 'കുറത്തിയിലും' ഈ സ്ത്രീബിംബത്തെയാണ് ആഘോഷിക്കാനും പ്രത്യാനയിക്കാനും ശ്രമിച്ചത്. 'ജനനീ നവരത്‌നമഞ്ജരി'യിലും 'മണ്ണന്തലദേവീസ്തവ'ത്തിലും 'കാളീനാടകത്തിലു'മൊക്കെ ഈ ജഗദംബയുടെ അഭൗമലാവണ്യമാണ് നാരായണഗുരു പ്രകീര്‍ത്തിച്ചത്.....
ഉള്ള വറ്റ് പുലക്കള്ളികള്‍ക്കും പുലച്ചെറുക്കന്മാര്‍ക്കും തലപ്പുലയനും നല്‍കി, കാടി ഊതിക്കുടിച്ച്, തന്റെ പുലമാടത്തില്‍നിന്ന് നന്നേ പുലര്‍ച്ചേ വടക്കും തെക്കുമുള്ള മലയാളത്തിലെ കൊയ്ത്തുപാടങ്ങളിലിറങ്ങി അവള്‍ പാടിയ നാടന്‍പാട്ടുകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു വരി എഴുതുവാന്‍ ഫെമിനിസ്റ്റുകളോ കരിയറിസ്റ്റുകളോ ആയ ഇന്നത്തെ ഏതെങ്കിലും ഒരു തരുണകവയിത്രിക്കാകുമോ? ആ നാടന്‍പാട്ടുകള്‍ക്കൊപ്പം നില്‍ക്കാന്‍ വൃന്ദാ കാരാട്ടു നയിക്കുന്ന ഉത്തരാധുനിക വനിതാകമ്യൂണിസ്റ്റ് ഫ്യൂഷന്‍ മ്യൂസിക്കിനുമാകില്ല. വൃന്ദയെ പോളിറ്റ് ബ്യൂറോയിലെത്തിച്ചതും ഗൗരിയമ്മയെ ദീര്‍ഘകാലമന്ത്രിണിയാക്കി നിലനിര്‍ത്തിയതും അവളാണ്. (നാമെല്ലാം എന്നേ മറന്നുകഴിഞ്ഞ 'ഹതഭാഗ്യയായ നമ്മുടെ ആ സഹോദരി'ക്ക് ഇക്കാലത്ത് നാണം മറയ്ക്കാന്‍ ഒരു റൗക്ക തയ്ച്ചുകൊടുക്കുവാനാണ് മാനുഷികപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകവഴി വി.എസ്. അച്യുതാനന്ദന്‍ ശ്രമിച്ചത്. ഇന്നത്തെ കമ്യൂണിസ്റ്റുകാരും മലയാളികള്‍ ആകെത്തന്നെയും അദ്ദേഹത്തെ അതിനനുവദിക്കുന്നില്ലെന്നുമാത്രം) ക്യാപ്പിറ്റല്‍ കൈവശമുള്ളവനെയേ, അപ്പക്കഷണങ്ങള്‍ കൈക്കലാക്കുവാനും സില്‍ബന്ധികള്‍ക്ക് വീതം വെച്ചുകൊടുക്കുവാനും മിടുക്കുകാട്ടുന്നവനെയേ, നാട്ടിലും വീട്ടിലും പാര്‍ട്ടിയിലും മലയാളി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യൂ. അല്ലാത്തവന്‍ നാട്ടിലും തറവാട്ടിലും പാര്‍ട്ടിയിലും ഒരുപോലെ ബഹിഷ്‌കൃതനാകും!
അവാര്‍ഡുനിശയില്‍ മീരാജാസ്മിനായി നിന്ന് പൊട്ടിക്കരയുന്നത് ഈ ആദിമസ്ത്രീസ്വത്വമാണെന്ന് മലയാളി ബുദ്ധിജീവി തിരിച്ചറിയുന്നില്ല. സൂര്യനെല്ലിയിലും കിളിരൂരിലും വിതുരയിലും സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഗാന്ധിനഗര്‍ സെന്ററിലും ഈ കുലദേവതയുടെ ആത്മാവിലും ശരീരത്തിലുമാണ് എന്തും കാട്ടുവാന്‍ ഭരണകൂടങ്ങളും നീതിപീഠങ്ങളും ലൈസന്‍സു നല്‍കിയിരിക്കുന്ന ധനമാഫിയാകള്‍ നഖമുനകളാഴ്ത്തിയത്.....
സ്ത്രീത്വം നിരന്തരം അവമതിക്കപ്പെടുകയും സാക്ഷികളും വാദിയുംപോലും പണംവാങ്ങി കൂറുമാറുകയും ചെയ്യുന്ന അസംബന്ധ നാടകങ്ങളാണ് പ്രാദേശിക ആഗോളീകരണത്തിന്റെ വിപര്യയങ്ങള്‍. നിഷ്‌കളങ്കതയെ കെണിയില്‍ കുടുക്കുന്ന വിടപ്രഭുത്വത്തിന്റെ ഭോഗാസക്തിയാണത്.
'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ'ന്ന് കവി പ്രകീര്‍ത്തിച്ച സുബ്രാഹ്മണകന്യകയായ കാര്‍ത്ത്യായനി ഇന്ന് പുത്തരിക്കണ്ടത്തെയോ മുതലക്കുളത്തെയോ സുവിശേഷസമ്മേളനപ്പന്തലില്‍ നിന്ന് ‘Praise the Lord’ എന്ന് അര്‍ത്ഥമറിയാതെ ഏറ്റുപറയുകയാണ്.... പാര്‍ട്ടിയിലോ ഭരണത്തിലോ ഇടമില്ലാത്ത അവളെ അത്ഭുതരോഗശാന്തിയെന്ന ആഗോളീകൃത തട്ടിപ്പിന് ഇരയാക്കുന്നത് ആരാണ്?
പൗരോഹിത്യത്താല്‍ ഇരയാക്കപ്പെട്ട് മഠങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുന്ന 'ഹതഭാഗ്യവതികളായ നമ്മുടെ സഹോദരി'മാരെക്കുറിച്ച് നമ്മുടെ ലൈംഗിക ആക്ടിവിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഇനിയും സംസാരിക്കാത്തത്? കേരളത്തില്‍ ഇന്നില്ലാത്ത ദേവദാസിസമ്പ്രദായത്തെക്കുറിച്ച് ഇവരെന്തിനാണ് ഇങ്ങനെ 'മുതലക്കണ്ണീര്‍' ഒഴുക്കുന്നത്?!

No comments: