Sunday, December 2, 2012

മലയാളിയുടെ ആഗോളീകരണം --13

മലയാളിയുടെ ആഗോളീകരണം -- 13


മസ്തിഷ്‌കസ്വയംഭോഗികള്‍ക്ക് ആഗോളീകരണത്തെ ചെറുക്കാനാവില്ല. സന്മനസ്സുള്ളവര്‍ക്ക് കഴിയും.
മതേതരമായ ഗുരുത്വം (ഗു= ഇരുട്ട്, രു= രോദനം, ഗുരു= One Who expels darkness) പകര്‍ന്നേകുന്ന ആധ്യാത്മിക അവബോധത്താലാണ് മലയാളി ആഗോളീകരണത്തെ പ്രതിരോധിക്കേണ്ടത്. 'വേട്ട'ക്കാരനെ നേരിടാന്‍ അവന്റെ ഉച്ഛിഷ്ടമായ ഏതെങ്കിലും ടെക്സ്റ്റ് കൊണ്ട് ശ്രമിക്കുന്നത് വീണ്ടും വീണ്ടും ഇരയാക്കപ്പെടാനേ ഉപകരിക്കൂ.
ഭാരതത്തിലെ ഒരു പ്രാചീനഗ്രന്ഥമായ 'വിജ്ഞാനഭൈരവ'ത്തില്‍ വിശദമാക്കുന്ന 145 മനോനിയന്ത്രണോപാധികളിലേതെങ്കിലും ഒന്നുകൊണ്ടെങ്കിലും ഭോഗാലസതയും
വിദേ്വഷവും മത്സരബുദ്ധിയും കുമിഞ്ഞുകൂടിയിരിക്കുന്ന തന്റെ മനസ്സ് മലയാളിക്ക് ശുദ്ധീകരിക്കാവുന്നതേയുള്ളൂ. ചിത്തവിക്ഷോഭങ്ങള്‍ അടങ്ങിയ മനസ്സിന്റെ ആഴക്കടലിനെ ആഗോളീകരണ സുനാമിക്ക് തരിമ്പും ഉലയ്ക്കാനാവില്ല... അഷ്ടാവക്രന്റെ ജ്ഞാനത്താലും ജനകന്റെ അകളങ്കിതമായ ഭരണനൈപുണ്യത്താലും നമുക്കെന്തുകൊണ്ട് ആഗോളീകരണത്തെ പ്രതിരോധിച്ചുകൂട? പൗരാണികമായതെല്ലാം ഹൈന്ദവഫാസിസവും സവര്‍ണ്ണവുമാണെന്നുണ്ടോ?

കൂട്ടഓട്ടങ്ങള്‍...
വിദേശയൂണിവേഴ്‌സിറ്റികളില്‍ വിദേശപ്പണംപറ്റി അധ്യാപകവൃത്തി ചെയ്യുന്ന മലയാളി ബുദ്ധിജീവിയും മള്‍ട്ടിനാഷണലുകളിലെ പ്രൊഫഷണലിനുതന്നെ മകളെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ആണ്ടില്‍ രണ്ടു വിദേശയാത്രയെങ്കിലും തരമാക്കുന്ന മലയാളി സൈദ്ധാന്തികനും ആധ്യാത്മികാചാര്യന്മാരെ വിദേശപ്പണം പറ്റുന്നവരെന്നു വിമര്‍ശിക്കുന്നതാണ് ആഗോളികരണ സംവാദങ്ങളിലെ ഫലിതോക്തികള്‍. വിദേശപ്രത്യയശാസ്ത്രങ്ങള്‍ അജീര്‍ണ്ണപ്രായമെങ്കിലും സ്വീകാര്യം, എന്നാല്‍ വിദേശപ്പണം വര്‍ജ്യം എന്ന ഇരട്ടത്താപ്പാണ് അതിലെ നപുംസകത്വം. പണത്തെ വിദേശമെന്നും സ്വദേശമെന്നും വേര്‍തിരിക്കുന്നതില്‍പ്പരമൊരു വങ്കത്തം മറ്റെന്തുണ്ട്?
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കീരവിത്തു പോലും കുത്തിവെച്ചിട്ടില്ലാത്തവരാണ് വിത്ത് നിയമത്തിനെതിരെ കൂട്ടഓട്ടം നടത്തുന്നത്!
'താറും കുറ്റിച്ചൂലിനോ' കത്തിച്ച കോലങ്ങള്‍ക്കോ ഗതാഗതം മുടക്കുന്ന മനുഷ്യചങ്ങലകള്‍ക്കോ കൂട്ട ഓട്ടങ്ങള്‍ക്കോ ആഗോളീകരണത്തെ തളയ്ക്കാനാകില്ല. എന്നാല്‍ സത്യഗ്രഹത്തിനാകും. കൂട്ടഓട്ടങ്ങള്‍ക്കോ കോണ്‍ടത്തിനോ എയ്ഡ്‌സിനെ പൂര്‍ണ്ണമായി പ്രതിരോധിക്കാനാകില്ല. എന്നാല്‍ ധാര്‍മിക-സദാചാര മൂല്യങ്ങള്‍ക്കാകും.
എന്തിനും ആഗോളികരണത്തെ പഴിചാരിയാണ് മലയാളി അവന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. സ്‌നേഹരാഹിത്യവും സ്വാര്‍ത്ഥതയും സൃഷ്ടിക്കുന്ന ഉപഭോഗസംസ്‌കൃതിക്കെതിരെ സ്‌നേഹത്തിന്റെയും സ്വാര്‍ത്ഥരാഹിത്യത്തിന്റെയും മനുഷ്യചങ്ങലകളാണ് മലയാളി ശരിക്കും തീര്‍ക്കേണ്ടത്.....

സാംസ്‌കാരികസ്വാതന്ത്ര്യം
മലയാളിത്തം കൊണ്ടാകണം മലയാളിയുടെ ആഗോളീകരണപ്രതിരോധം. മനസില്‍നിന്നു ജീന്‍സും ബര്‍മുഡയും അഴിച്ചുമാറ്റി സ്വന്തം സ്വത്വത്തിന്റെ മുണ്ട് അലക്കിയുടുക്കുന്ന സാംസ്‌കാരികസ്വാതന്ത്ര്യപ്രഖ്യാപനമാണത്.

 ചിരിയുടെ വാള്‍മുനകൊണ്ട് പണ്ട് വി.കെ.എന്‍. 'കാവി'യെ വെട്ടിനിരത്തിയപ്പോള്‍ കടപുഴകിയത് നവ ആഗോളീകരണവ്യാമോഹത്തിന്റെ വിഷവൃക്ഷങ്ങളാണ്. ശരവ്യയരാകുന്നവര്‍ക്ക് ദഹിക്കില്ലെന്നതാണ് വി.കെ.എന്‍. നര്‍മത്തിന്റെ ഉദാത്തത. 'കാവി'യുടെ ധ്വനികള്‍ വിന്ധ്യനിപ്പുറവും അപ്പുറവുമുള്ള സംഘപരിവാറുകാരന് മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവന്‍ അടങ്ങിയിരിക്കുമായിരുന്നോ? (വി.കെ.എന്‍.നോട് സംഘപരിവാറുകാരന്റെ കളിയൊന്നും നടക്കില്ലെന്നത് വേറെ കാര്യം!) എന്നാല്‍ ഗ്രന്ഥങ്ങള്‍ കൊണ്ടുമാത്രം ആഗോളീകരണത്തെ തടുക്കാനാവില്ല. കര്‍മ്മംകൊണ്ടു കൂടിയേ കഴിയൂ. സത്കര്‍മ്മങ്ങള്‍ക്ക് പ്രേരണേയകുന്നതാകണം പ്രത്യയശാസ്ത്രന്ഥ്രങ്ങള്‍. വര്‍ഗ്ഗ-വര്‍ണ്ണവിദേ്വഷങ്ങള്‍ സൃഷ്ടിക്കുന്നതാകരുത്. പാരായണസുഖം നല്‍കുകയല്ലാതെ ഒരു ഗുന്തര്‍ഗ്രാസിന് മലയാളിയെ ആഗോളികരണഗ്രസനത്തില്‍നിന്നു മോചിപ്പിക്കാനായെന്നിരിക്കില്ല.

No comments: