Saturday, December 8, 2012

രതിവിജ്ഞാനം--- അധ്യായം -2


കാമസൂത്രവും ഭാരതീയ ലൈംഗിക ദര്‍ശനവും

ലൈംഗികശാസ്ത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രാമാണികവും ആധികാരികവും ശാസ്ത്രീയവുമായ ഗ്രന്ഥമാണ് വാത്സ്യായന വിരചിതമായ കാമസൂത്രം. ഭാരതീയര്‍ ലൈംഗികതയ്ക്ക് എത്രത്തോളം ഔന്നത്യവും ദിവ്യത്വവും കല്‍പ്പിച്ചിരുന്നുവെന്ന് വിളിച്ചോതുന്നതാണ് ഈ ഉല്‍ക്കൃഷ്ഠ ഗ്രന്ഥം. ആധുനിക ശരീരശാസ്ത്രവും മനഃശാസ്ത്രവും ഉരുത്തിരിയുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കപ്പുറമാണ് കാമസൂത്രം രചിക്കപ്പെട്ടതെന്നത് ആരെയും അത്ഭുതപരതന്ത്രരാക്കും. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന അത്യാധുനികനായ ഒരു മനഃശാസ്ത്രവിശാരദനുപോലും കാമസൂത്രത്തെക്കുറിച്ച് പരാമര്‍ശിക്കാതെ കടന്നുപോകാനാവില്ല. ഫ്രോയിഡും ഹാവ്‌ലോക്ക് എല്ലിസും കിന്‍സിയും മാസ്റ്റേഴ്‌സും ജോണ്‍സണുമൊക്കെ ആധുനികശാസ്ത്രത്തിനു മുമ്പാകെ ഉദ്‌ഘോഷണം ചെയ്ത രതിയുടെ നിഗൂഢമായ അര്‍ത്ഥതലങ്ങള്‍ ധ്യാനമനനങ്ങളിലൂടെ പ്രാചീന ഋഷി ‘കാമസൂത്ര ’മെന്ന അനര്‍ഘരത്‌നമായി ലോകത്തിനു സമ്മാനിച്ചിരിക്കുന്നു. ആധുനികമനുഷ്യന്‍ ഇന്നും വൈക്ലബ്യത്തോടെയും വൈമനസ്യത്തോടെയും പ്രവര്‍ത്തിക്കുകയോ പറയുകയോ പോലും ചെയ്യുന്ന രതിക്രീഡകളും രതിരഹസ്യങ്ങളും കല്പനാസുഭഗമായും ഇതിഹാസതുല്യമായ മനീഷിത്വത്തോടെയും വാത്സ്യായനന്‍ വിളംബരം ചെയ്യുന്നു.
വിഷയവൈവിധ്യത്തിലും സൂക്ഷ്മതയിലും മനഃശാസ്ത്രത്തിനും സാമൂഹികശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുപോലും അനന്യസംഭാവനയേകിയ ഗ്രന്ഥമാണ് കാമസൂത്രം. വിഷയേച്ഛുക്കള്‍ക്കൊപ്പം ശാസ്ത്രീയാന്വേഷികള്‍ക്കും എക്കാലവും മുതല്‍ക്കൂട്ടാണത്. വസ്തുനിഷ്ഠമായ ശാസ്ത്രീയ നിരീക്ഷണത്താല്‍ പ്രോജ്വലങ്ങളാണ് അതിലെ ഓരോ സൂത്രവും. മൈഥുനതന്ത്രങ്ങള്‍ക്കൊപ്പം കുടുംബജീവിതം ആനന്ദതുന്ദിലമാക്കാനുതകുന്ന മനഃശാസ്ത്ര സാധനകളെല്ലാം തന്നെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കുടുംബസംവിധാനം, ഗൃഹപരിപാലനം, സാമൂഹികാചാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കിയിരിക്കുന്നു.

വാത്സ്യായനുശേഷമുണ്ടായ ഒട്ടേറെ കവികള്‍ക്കും കലാകാരന്മാര്‍ക്കും കാമസൂത്രം മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നിട്ടുണ്ട്. കാളിദാസന്‍, ബാണന്‍, ജയദേവന്‍, വിദ്യാപതി തുടങ്ങി ഒട്ടേറെ കവികള്‍ക്ക് ആചാര്യന്‍ പ്രചോദനമേകി. വാത്സ്യയനന്‍ നിര്‍ദ്ദേശിച്ച ആലിംഗന-ചുംബന മൈഥുന വിധികള്‍ അവരുടെ കൃതികളിലെ രതിവര്‍ണ്ണനകള്‍ക്ക് പരഭാഗശോഭയേകി. അജന്ത, ഖജുരാഹോ, കൊണാര്‍ക്ക് തുടങ്ങിയ പ്രാചീനക്ഷേത്രങ്ങളിലെ രതിശില്പങ്ങള്‍ ആചാര്യകല്പനകള്‍ കലാകാരന്മാരെ എത്ര ആഴത്തില്‍ സ്വാധീനിച്ചുവെന്നതിന്റെ മകുടോദാഹരണങ്ങളത്രേ. ആസ്തികര്‍ക്കും നാസ്തികര്‍ക്കുപോലും ആചാര്യന്‍ അഭീഷ്ടനായി.

ബ്രഹ്മാവ് മനുഷ്യസൃഷ്ടിയെ തുടര്‍ന്ന് അവര്‍ക്കായി ജീവിതചര്യാ നിബന്ധനകളടങ്ങിയ ഒരു ഗ്രന്ഥം ഒരു ലക്ഷം അധ്യായങ്ങളിലായി വിരചിച്ചുവത്രേ. സ്വായംഭൂവമനു അതില്‍നിന്ന് തന്റെ ധര്‍മ്മശാസ്ത്രത്തിനുതകുന്ന ആശയങ്ങള്‍ സ്വാംശീകരിച്ചു. ബൃഹസ്പതിയാകട്ടെ ‘അര്‍ത്ഥശാസ്ത്രത്തിനു’ വേണ്ടകാര്യങ്ങള്‍ വേര്‍തിരിച്ച് പ്രത്യേക ഗ്രന്ഥമാക്കി. ശിവനും പാര്‍വ്വതിയും മധുവിധു ആഘോഷിക്കുമ്പോള്‍ ദ്വാരപാലകനായ നന്ദി ബ്രഹ്മവിരചിതമായ ഗ്രന്ഥത്തില്‍ നിന്നു അനുയോജ്യമായതു സ്വീകരിച്ച് ആയിരം അധ്യായങ്ങളുള്ള കാമസൂത്രം രചിച്ചു. പിന്നീട് നന്ദിയുടെ ഗ്രന്ഥത്തെ ഉദ്ദലകി അഞ്ഞൂറ് അധ്യായങ്ങളാക്കി സംശോധന ചെയ്തു. ബ്രാഭ്രവ്യന്‍, ദത്തകന്‍, ചാരായണന്‍, സുവര്‍ണ്ണനാഭന്‍, കുചുമാരന്‍, ഗോനര്‍ദ്ദീയന്‍, ഘോടകമുഖന്‍ എന്നീ ആചാര്യന്മാര്‍ കാമശാസ്ത്ര വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കൊക്കോകനും, കല്യാണമല്ലനും മറ്റും വാത്സ്യയനന്റെ പിന്‍ഗാമികളായെത്തി ഈ രംഗത്ത് ഗണ്യമായ സംഭാവന നല്‍കിയവരാണ്. ദാമോദരഗുപ്തന്റെ ‘കുട്ടിനീമതം’ എട്ടാം നൂറ്റാണ്ടില്‍ പ്രചാരമാര്‍ജിച്ചിരുന്ന ഒരു പ്രാമാണിക ലൈംഗികശാസ്ത്ര ഗ്രന്ഥമാണ്. ക്ഷേമേന്ദ്രന്റെ ‘കലാവിലാസം’ 11-ാം നൂറ്റാണ്ടിലും, കൊക്കോകന്റെ ‘രതിരഹസ്യം’ 13-ാം നൂറ്റാണ്ടിലും രചിക്കപ്പെട്ടവയാണെന്നു വിശ്വസിക്കപ്പെടുന്നു. കല്യാണമല്ലന്റെ ‘അനംഗരംഗം’, വീരഭദ്രന്റെ ‘കന്ദര്‍പ്പ ചൂഢാമണി, ജയദേവന്റെ ‘രതിമഞ്ജരി’ , ദേവരാജന്റെ ‘രതിരത്‌നപ്രദീപിക’, പത്മശ്രീയുടെ ‘നാഗരസാരസ്വം’, അലി അക്ബര്‍ഷായുടെ ‘ശൃംഗാരമഞ്ജരി’, പണ്ഡിറ്റ് മധുരാപ്രസാദിന്റെ ‘രതികേളികുതൂഹലം’എന്നിങ്ങനെ പ്രഖ്യാതങ്ങളായ പല ലൈംഗികശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്തിനിടയ്ക്ക് രചിക്കപ്പെട്ടിട്ടുണ്ട്. ജയദേവവിരചിതമായ ഗീതാഗോവിന്ദത്തില്‍ പൂര്‍വ്വസൂരികളുടെ രതികല്പനകള്‍ അതിന്റെ പ്രഭുല്ലകാന്തിയോടെ വിരിഞ്ഞുനില്‍ക്കുന്നതു കാണാം.

ബി.സി.നാലാം നൂറ്റാണ്ടിനുശേഷമാകണം കാമസൂത്രം രചിക്കപ്പെട്ടതെന്നാണു പണ്ഡിതമതം. ശ്യാമശാസ്ത്രിയുടെ അഭിപ്രായത്തില്‍ എ.ഡി.രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലായിരിക്കണം വാത്സ്യയനന്‍ ജീവിച്ചിരുന്നത്. എ.ഡി.നാലാം നൂറ്റാണ്ടിനു മുന്‍പ് എഴുതപ്പെട്ടതാണ് കാമസൂത്രമെന്നാണ് കെയ്ത്ത് എന്ന പണ്ഡിതന്റെ അഭിപ്രായം. കാമസൂത്രത്തില്‍ ആഭീരന്മാരുടെയും മറ്റും പരാമര്‍ശമുള്ളതുകൊണ്ട് എ.ഡി.രണ്ടാം നൂറ്റാണ്ടിനുശേഷമായിരിക്കണം ഈ ഗ്രന്ഥം രചിക്കപ്പെട്ടതെന്ന വാദത്തിന് പ്രാമാണികതയേറുന്നു.

കാമസൂത്രത്തില്‍ കാലത്തെകുറിച്ചെന്നപോലെ തന്നെ അതിന്റെ കര്‍ത്താവിനെകുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്. അര്‍ത്ഥശാസ്ത്ര കര്‍ത്താവായ കൗടില്യനും വാത്സ്യായനനും ഒരേ വ്യക്തിതന്നെയാണെന്നു ചിലര്‍ വിശ്വസിക്കുന്നു. പ്രാചീനചരിത്രകോശത്തില്‍ ചിത്രവശാസ്ത്രി പറയുന്നത് കാമസൂത്രം രചിച്ചത് പഞ്ചകര്‍ണ്ണവാത്സ്യായനനാണെന്നാണ്. ഭോജനാകട്ടെ കാമസൂത്രത്തിന്റെ കര്‍തൃത്വം കാര്‍ത്ത്യായന് നല്‍കിയിരിക്കുന്നു. ആചാര്യ സൂര്യനാരായണദാസിന്റെ അഭിപ്രായം ന്യായഭാഷ്യാകര്‍ത്താവായ വാത്സ്യായനനും കാമസൂത്രകര്‍ത്താവായ വാത്സ്യായനനും ഒരാള്‍ തന്നെയാണെന്നാണ്.

No comments: