Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, January 4, 2012

മുകുന്ദന്റെ ആത്മവിചാരങ്ങള്‍.......…

(ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണ പരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രസംഗം)

                          ഓര്‍ത്തെഴുതിയത് :
ഇക്കൊല്ലത്തെ സൂര്യാ പ്രഭാഷണപരമ്പരയില്‍ എം. മുകുന്ദന്‍ നടത്തിയ പ്രഭാഷണം ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും നിറഞ്ഞതായിരുന്നു. ഒരു പുഴയോരത്തിരുന്ന് അസ്തമയസൂര്യന്റെ ശോണിമയില്‍ സംസാരിക്കുവാനായി ശ്രോതാക്കളെ മുകുന്ദന്‍ ക്ഷണിച്ചു. തന്റേത് ഒരു ചെറിയ ജീവിതമാണെങ്കിലും ഒട്ടനവധി വലിയജീവിതങ്ങള്‍ തനിക്ക് നേരില്‍ കാണുവാനും അനുഭവിക്കാനുമായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടാണ് മയ്യഴി പുഴയുടെ കഥാകാരന്‍ തന്റെ ആത്മവിചാരം തുടങ്ങിയത്. തന്നെ അന്നുമിന്നും സൈദ്ധാന്തികമായി ഏറെ സ്വാധീനിച്ചത് മാര്‍ക്‌സ്മുത്തച്ഛനായിരുന്നു. ആ മുത്തച്ഛന്‍ സ്വപ്നംകണ്ട പുതിയലോകം പുലരുവാനായി ജീവിതം ഹോമിച്ച ഒട്ടേറെ സുകൃതജന്‍മങ്ങള്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സില്‍പോയി പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടുകയും നാസിസത്തിനെതിരെ ജര്‍മ്മനിയില്‍ പൊരുതിയതിന് തുറുങ്കിലേറ്റപ്പെടുകയും ചെയ്ത മിച്ചിലോട്ട് മാധവന്‍ അത്തരത്തില്‍ ഒരാളായിരുന്നു. ഒരുപക്ഷെ ചരിത്രം കൃത്യമായി രേഖപ്പെടുത്താതെ പോയ എത്രയോ മഹദ്ജീവിതങ്ങള്‍ തന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ വികാരാധീനനായി ഓര്‍ത്തു. അവര്‍ കൊളുത്തിത്തന്ന നക്ഷത്രവെളിച്ചത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ ഇക്കാര്യം നാം പലപ്പോഴും ഓര്‍ക്കാതെപോകുന്നു. മൂട്ടവിളക്കിന്റെ വെട്ടത്തിലായിരുന്നു കുട്ടിക്കാലത്ത് താന്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നത്. വായിച്ച് വായിച്ച് മൂട്ടവിളക്ക് കെട്ട്‌പോയ എത്രയോ രാത്രികള്‍…….. തന്റെ കുട്ടിക്കാലത്ത് മണ്ണെണ്ണ അവശ്യസാധനങ്ങളുടെ നിരയില്‍ മുന്‍പന്തിയിലായിരുന്നു. 1963-ല്‍ താന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അവിടം ഗോതമ്പ്പാടങ്ങളും കോളിഫ്‌ളവര്‍തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. കേരളത്തെപ്പോലെ ഇന്ന് ഡല്‍ഹിയും പാടേ മാറിപ്പോയിരിക്കുന്നു. ലോകത്തെ ഏത് ഉത്പന്നവും ലഭിക്കുന്ന ഷോപ്പിംങ് മാളുകള്‍, രമ്യഹര്‍മ്യങ്ങള്‍…… ഒപ്പം ചേരികളില്‍ കൊടുംശൈത്യത്തില്‍ കീറപ്പുതപ്പുപോലുമില്ലാതെ വിറച്ചു കഴിയുന്ന പാവങ്ങളും. വികസനത്തില്‍ നാം പലരെയും അനുകരിക്കുകയായിരുന്നു. പഴയ സോവിയറ്റ് റഷ്യയെ ആദ്യം അനുകരിച്ച നാം അവിടത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നപ്പോള്‍ അമേരിക്കന്‍വികസനത്തെ മാതൃകയാക്കി. ഇന്ന് യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയും തകര്‍ന്നുതരിപ്പണമായിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ഇന്ന് മനുഷ്യര്‍ക്ക് വീടുകളില്ല. ഒറ്റമുറികളിലാണ് പലരും കഴിയുന്നത്. ദുര്‍വ്യയത്തിന്റെ സാമ്പത്തികശാസ്ത്രം വേള്‍ഡ് ട്രേയ്ഡ്‌സെന്റര്‍ പോലെ മൂക്കുകുത്തിയിരിക്കുന്നു. പണ്ട് ഫ്രാന്‍സില്‍ പോകുമ്പോള്‍ അവിടത്തെ സുഹൃത്തുകള്‍ മുന്തിയ ഹോട്ടലുകളില്‍ കൊണ്ടുപോയി നിശാസല്‍ക്കാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അത്തരം ധൂര്‍ത്തുകള്‍ അവസാനിച്ചിരിക്കുന്നു. എഴുത്തിന്റെ ആദ്യകാലത്ത്, തന്നെ അരാഷ്ട്രീയവാദിയെന്ന് പലരും മുദ്രകുത്തി. സ്വതേ ദുര്‍ബലനായ തനിക്ക് അന്നതിനെ എതിര്‍ക്കാന്‍ ഭയമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭയം മാറി. രാഷ്ട്രീയക്കാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ അരാഷ്ട്രീയ വാദികളെന്ന് താന്‍പറയും. നമ്മുടെ വികസനത്തെ പിന്നെയും പിന്നെയും പിന്നാക്കം കൊണ്ടുപോകുന്നത് രാഷ്ട്രീയക്കാരാണ.് ഇവരില്‍ ചിലര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയും ബലക്ഷയവും തൊട്ടുപരിശോധിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഒരു അണക്കെട്ടിന്റെ ശക്തി പരിശോധിക്കാന്‍ ഇവര്‍ക്ക് എന്ത് ശാസ്ത്രീയ അവബോധമാണുള്ളത്?
സ്ത്രീകളുടെജീവിതത്തിലുണ്ടായ ഉയര്‍ച്ച കേരളത്തിലെ ആശാവഹമായ മാറ്റങ്ങളിലൊന്നാണ്. സ്വന്തമായി ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് കരുത്ത് നേടിക്കഴിഞ്ഞു. ഒരിക്കല്‍ ഒരു അമേരിക്കന്‍സന്ദര്‍ശനവേളയില്‍ മലയാളിയായ ആതിഥേയന്റെ അനുജത്തി ഒന്നരയുംമുണ്ടുമുടുത്ത് പൂജാമുറിയില്‍ പറശിനികടവ് മുത്തപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന രംഗം കണ്ടു. എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടിയെ ജീന്‍സുംടോപ്പുമണിഞ്ഞ് ലാപ്‌ടോപ്പും കൈയ്യിലേന്തിയാണ് കണ്ടത്. ഏറെ ദൂരെയുള്ള ഒരു നഗരത്തിലെ തന്റെ ഓഫീസിലെക്ക് പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാന്‍ കാറില്‍ കയറാന്‍ തയ്യാറെടുക്കുകയായിരുന്നു അവള്‍. കാറില്‍ എയര്‍പോര്‍ട്ടിലെത്തും. പിന്നീട്, ഫ്‌ളൈയിറ്റില്‍ ജോലിസ്ഥലത്തേക്ക്. വൈകിട്ട് തിരികെ ഫ്‌ളൈയിറ്റില്‍ താമസിക്കുന്ന നഗരത്തിലെക്ക്. അവിടെ നിന്നും സന്ധ്യയ്ക്ക് കാറില്‍ വീട്ടിലേക്ക്. നോക്കു, മലയാളി സ്ത്രീ എത്ര മാറിപ്പോയിരിക്കുന്നു! എന്നാല്‍ നമ്മുടെ പല ടിവി പരമ്പരകളിലും മലയാളിസ്ത്രീ ഇന്നും ദുര്‍ബലയാണ്. തൊട്ടാല്‍ പൊട്ടുന്ന കണ്ണീര്‍കുടങ്ങള്‍. അവയിലെ സ്ത്രീകഥാപാത്രങ്ങള്‍ ഒരു ചോദ്യമെങ്കിലും എതിര്‍ത്ത് ചോദിച്ചിരിന്നുവെങ്കിലെന്ന് താന്‍ ആശിച്ചുപോയിട്ടുണ്ട്.
നാം മലയാളികള്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്നു. മുന്തിയ കാറുകള്‍ വാങ്ങുന്നു. എന്നാല്‍ തനിക്കിന്നും ആ പഴയ ചാണകംമെഴുകിയ നിലത്ത് കിടന്നുറങ്ങുന്നതാണിഷ്ടം. ഘൗഃന്റെ ജീവിതശൈലി നമുക്കിനിയെങ്കിലും അവസാനിപ്പിക്കാം. നമുക്ക് ചില്ലകളും പഴങ്ങളുമെല്ലാം അന്യര്‍ക്ക് നല്‍കുന്ന ഒലീവ്മരങ്ങളായിത്തീരാം…; ഏതോ പുഴയോരത്തിരുന്നുള്ള തന്റെ ആത്മവിചാരങ്ങള്‍ മുകുന്ദന്‍ പറഞ്ഞവസാനിപ്പിച്ചു. കേരളത്തിലെ നാല്പ്പത്തി നാലു പുഴകളും മലീമസമായത്തിന്റെ ആത്മ ദു:ഖവുമായി.

Wednesday, October 26, 2011

പെയ്‌തൊഴിയാത്ത അതിജീവനത്വം.....

കുറിപ്പ്‌: എ.അയ്യപ്പന്‍ (21.10.2011)

നാടെങ്ങും അയ്യപ്പസ്‌മരണകള്‍ പെയ്‌തുതോര്‍ന്നു. സ്‌മരണ, അയ്യപ്പന്റേതായതിനാല്‍ പെയ്‌തുതീര്‍ന്നെന്ന്‌ ഒരിക്കലും പറയാനാവില്ല. മഴതോര്‍ന്നാലും മരംപെയ്യുമെന്ന ചൊല്ല്‌ അയ്യപ്പനെ സംബന്ധിച്ചേടത്തോളം ഏറ്റവും സംഗതമാകുകയാണ്‌ എന്തെന്നാല്‍, ഇത്രത്തോളം പ്രചണ്‌ഡപൂര്‍ണ്ണവും വിധ്വംസകവുമായി പകര്‍ന്നാടിയ ഒരു കവിജന്മം മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. രചനയില്‍ 'മഹാകവി'യെന്നും സാമൂഹിക ജീവിതത്തില്‍ 'മഹാകപി'യെന്നും എ.അയ്യപ്പനെ വിശേഷിപ്പിച്ചാല്‍ അതില്‍ ആദരവിന്റെയും സത്യദര്‍ശനത്തിന്റെയും ഭാഷ്യങ്ങള്‍ മാത്രമേ ആരും വായിച്ചെടുക്കൂ. കാരണം, ജീവിതത്തിലും കവിതയിലും അകറ്റിനിര്‍ത്തിയവര്‍ക്കുപോലും അവ രണ്ടിലും 'അവതാരം' തന്നെയായിരുന്ന അയ്യപ്പനെ ഇന്ന്‌ അംഗീകരിക്കാതെ വഴിയില്ലാതാകുകയാണ്‌.

അവസാനകാലത്ത്‌, വീട്ടില്‍ വിളിക്കുമ്പോള്‍ "Great Poet A. Ayyappan Speaking.......' എന്ന്‌ സ്വയം വിശേഷിപ്പിച്ചായിരുന്നു അയ്യപ്പന്‍ ഫോണ്‍ എടുത്തിരുന്നത്‌ കവിയുടെ സ്വതസിദ്ധമായ സര്‍ക്കാസത്തിനപ്പുറവും ഇതില്‍ അര്‍ത്ഥവ്യാപ്‌തിയുടെ ചില മഷിപ്പകര്‍ച്ചകളുണ്ട്‌. നമ്മുടെ നിരന്തര പുരസ്‌കാരലബ്‌ധരായ പല സമകാലിക മഹാകവികളും അയ്യപ്പനോളം ബലക്കുന്ന ഒറ്റവരിപോലും എഴുതിയിട്ടില്ലെന്നതാണ്‌ ഇതിലെ മുഴച്ചുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം.

പബ്ലിക്‌ ലൈബ്രറിയിലെ 'അയ്യപ്പന്‍കല്ലില്‍' 'അയ്യപ്പനോര്‍മ്മ' പെയ്‌തുതോര്‍ന്ന ഒക്‌ടോബര്‍ 20-ന്റെ സന്ധ്യ. കല്ലിന്‌ കുടചൂടുന്ന ഞാറമരത്തില്‍ നിന്നും ഫ്‌ളക്‌സ്‌ അഴിച്ചെടുക്കാന്‍ സഹായിച്ച സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ബാലനോട്‌ ഇതാരാണെന്ന്‌ അറിയാമോ എന്ന്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി, 'മഹാകവി അയ്യപ്പന്‍' എന്നായിരുന്നു. അയ്യപ്പന്റെ കവിതകള്‍ വായിച്ചിട്ടില്ലാത്ത പൊതുസമൂഹം പോലും കവിയുടെ അനാര്‍ക്കിസത്തെ മരണാനന്തരം ബിംബവല്‍ക്കരിച്ചുവെന്നതാണ്‌ ആ ജീവിതം തൊട്ടുണര്‍ത്തുന്ന ആശാസ്യമോ അനാശാസ്യമോ ആയ മറ്റൊരു മഹിമ. മരണാനന്തരം അയ്യപ്പന്റെ മദ്യപാനാസക്തിയെ എസ്‌.എം.എസുകള്‍ ആഘോഷിച്ചതോര്‍ക്കുക....



പ്രണയം, കമ്യൂണിസം, കവിത
വ്യവസ്ഥാപിത മലയാളകവിതയില്‍ നടത്തിയ പൊള്ളിക്കുന്ന ഇടപെടലുകള്‍ തന്നെ, സാഹിത്യകാരനും ആരാധകനും ഇതൊന്നുമല്ലാത്തവനുമായ സാധാരണമലയാളിയുടെ യാഥാസ്ഥിതിക സാമൂഹിക ജീവിതത്തിലും അയ്യപ്പന്‍ നടത്തി. കുടുംബം, തൊഴിലിടങ്ങള്‍, സാംസ്‌കാരികഭൂമിക എന്നീ വ്യവസ്ഥകളില്‍ ഒരു തലവേദന എന്നതിനപ്പുറവും അയാള്‍ പ്രശ്‌നസ്രഷ്‌ടാവായി. മലയാളിയുടെ മനസ്സിന്റെ ടൈല്‍സ്‌ പാകിയ തറകളിലാണ്‌ മൂന്ന്‌പതിറ്റാണ്ടോളം കാലം കവി ഉറഞ്ഞു തുള്ളിയത്‌.

പ്രണയം, കമ്യൂണിയം, കവിത എന്ന ത്രിത്വത്തില്‍ നിന്നാണ്‌ തന്റെ അരാജകജീവിതം നുരഞ്ഞു പൊന്തിയതെന്ന്‌ കവി പലപ്പോഴായി നടത്തിയിട്ടുള്ള ആത്മഭാഷണങ്ങള്‍ വെളിവാക്കുന്നു. ആര്‍. സുഗതനും കെ. ബാലകൃഷ്‌ണനും ആയിരുന്നു അയ്യപ്പന്റെ താരുണ്യപൂര്‍വ്വകാലത്തെ ഏറ്റവും വലിയ വിഗ്രഹങ്ങള്‍. കമ്യൂണിസത്തില്‍ സുഗതന്‍ സാറും പ്രണയത്തിലും എഴുത്തിവും കെ. ബാലകൃഷ്‌ണനും കവിക്ക്‌ ദീക്ഷ നല്‍കി. കാമുകിയുമായുള്ള സാമൂഹികാസമത്വവും ആരാധ്യപുരുഷനായ കെ. ബാലകൃഷ്‌ണനെക്കുറിച്ച്‌ അവരുടെ അച്ഛന്‍ നിന്ദാപൂര്‍വ്വം സംസാരിച്ചതുമാണ്‌ പ്രണയത്തിന്റെ പട്ടുനൂല്‍ സ്വയം അറുത്തുമാറ്റുവാന്‍ കവിയെ പ്രേരിപ്പിച്ചത്‌.

'ഞങ്ങളുടെ പ്രണയം അവളുടെ വീട്ടില്‍ അറിഞ്ഞു അവളുടെ അച്ഛനെ ബോധിപ്പിക്കാന്‍ ഒരു ദിവസം ഞാന്‍ കെ. ബാലകൃഷ്‌ണനെയും കൊണ്ട്‌ അവളുടെ വീട്ടില്‍ ചെന്നു. പഴയ എം.പിയും സി. കേശവന്റെ മകനും ഒക്കെയാണല്ലോ ബാലണ്ണന്‍. പിറ്റേ ദിവസം ഞാന്‍ നാട്ടിലെ കുളത്തില്‍ കുളി കഴിഞ്ഞു മടങ്ങുന്നു. ലുങ്കിയും പഴയതോര്‍ത്തും വേഷം. ആ വേഷത്തില്‍ അവളുടെ അച്ഛന്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി. വെല്‍ഡ്രെസ്‌ഡ്‌ ഓള്‍ഡ്‌ സ്‌പൈസ്‌ കാമുകന്റെ യഥാര്‍ഥ മുഖം കാമുകി കണ്ടു. ഞാന്‍ ഉളുപ്പില്ലാതെ അവളുടെ മുന്നില്‍ ഇരിന്നു. അയാള്‍ പറഞ്ഞു; അയ്യപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ടെന്നറിയാം. എന്നാലും ഇതുപോലുള്ള തെണ്ടികളെ വിളിച്ചുകൊണ്ടു വരരുത്‌. തെണ്ടിത്തരം പറയുന്നത്‌ ആരാണെന്ന്‌ ഞാന്‍ പറയുന്നില്ല, ഞാന്‍ മറുപടി നല്‍കി. (അയ്യപ്പന്റെ ആത്മകഥാപരമായ ഒരു കുറുപ്പില്‍ നിന്ന്‌.)

'ജീവിതമാണ്‌ മനുഷ്യന്‌ വേണ്ടത്‌' റൊമാന്റിക്‌ഡെത്ത്‌ അല്ല', എന്നുപറഞ്ഞാണ്‌ കൂടെവരാന്‍ താല്‌പര്യമുണ്ടായിരുന്ന പ്രണയിനിയെ കവി പിന്‍തിരിപ്പിച്ചത്‌.

പ്രണയം കഴിഞ്ഞാല്‍ അയ്യപ്പന്റെ ഏറ്റവും വലിയ ഇച്ഛാഭംഗം കമ്യൂണിസമായിരുന്നു. നവയുഗത്തിന്റെ മനേജറായിരുന്നകാലവും ആര്‍.സുഗതനുമായുണ്ടായിരുന്ന പാരസ്‌പര്യവും സുബോധത്തോടെയും അബോധത്തോടെയും പല സ്വകാര്യഭാഷണങ്ങളിലും കവി ഓര്‍ക്കുമായിരുന്നു. ആര്‍. സുഗതന്‌ പാര്‍ട്ടിയിലും ജീവിതത്തിലും അവസാനകാലത്ത്‌ സംഭവിച്ച അനാഥത്വത്തെ ക്കുറിച്ച്‌ അയ്യപ്പന്‍ പലപ്പോഴും ക്ഷോഭംകൊണ്ടിരുന്നു.

'ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്‌. ഇപ്പോഴും ഞാന്‍ ഫോണില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കും. ഡയലിങ്‌ കമ്യൂണിസ്റ്റ്‌വിശ്വാസം എനിക്ക്‌ ഇപ്പോഴുമുണ്ട്‌. പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ ഇല്ല. പലരും പറയുന്നത്‌ ഞാന്‍ അനാര്‍ക്കിസ്റ്റാണ്‌ എന്നാണ്‌. വേണ്ടിടത്ത്‌ പോകാതിരിക്കുകയും വേണ്ടാത്തിടത്ത്‌ പോകുകയും ചെയ്യുന്നതു കൊണ്ടാണ്‌ അങ്ങനെ പറയുന്നത.്‌ എന്റെ സ്വപ്‌നം തകര്‍ത്തത്‌ കമ്യൂണിസമാണ്‌. എന്റെ ഭാവിയും കമ്യൂണിസമാണ്‌', അയ്യപ്പനെഴുതി.

അരാജകത്വമെന്നാല്‍ മദ്യപാനമാണെന്ന തെറ്റിദ്ധാരണയാണ്‌ അരാജകവാദിയായി മാത്രം അയ്യപ്പന്‍ ബ്രാന്റ്‌ ചെയ്യപ്പെടാന്‍ കാരണം. തെരുവു ജീവിതം സ്വയം തെരെഞ്ഞെടുക്കുകയുംസമൂഹത്തിലെയുംസാഹിത്യത്തിലെയും വ്യവസ്ഥാപിത മൂല്യങ്ങളോട്‌ തെറ്റിപ്പിരിയുകയും ചെയ്‌ത അതിജീവനവാദിയായ ഒരു നിഷേധവ്യക്തിത്വം കൂടിയായിരുന്നു അയ്യപ്പന്‍. പരാജിതനോ ദു:ഖിതനോ ആയ ഒരു ആധുനിക റൊമാന്റിക്‌ ആയിരുന്നില്ല ഒരിക്കലുമദ്ദേഹം. പ്രചണ്‌ഡതയും പ്രചുരിമയും ബുദ്ധികൂര്‍മ്മതയുമായിരുന്നു ഭൗതിക ജീവിതത്തില്‍ അയ്യപ്പന്റെ മുഖമുദ്രകള്‍. ജീവിതത്തിലും കവിതയിലും വിജയിച്ച അയ്യപ്പന്റെ അരാജകജീവിതത്തില്‍ അതിജീവനത്വത്തിന്റെ കലയുണ്ടായിരുന്നുവെന്നതാണ്‌ അതിലെ ഏറ്റവും വലിയ തിരുശേഷിപ്പും വിലോഭനീയതയും.

കൊത്തുകെന്‍ ആത്മാവിങ്കല്‍
തത്തുകെന്‍ ഹൃദന്തത്തില്‍
ഉത്തുംഗ ഫണാഗ്രത്തില്‍ എന്നെയും വഹിച്ചാലും, എന്ന ജി.യുടെ പ്രിയപ്പെട്ട വരികള്‍ കെ.എസ്‌. ജോര്‍ജ്ജിനു തുല്യമായ ഘനഗംഭീര സ്വരത്തില്‍ നക്ഷത്രലോകത്തെവിടെയോ നിന്ന്‌ അയ്യപ്പന്‍ പാടുകയാണ്‌.

                                                             .-----------------.