Wednesday, October 26, 2011

പെയ്‌തൊഴിയാത്ത അതിജീവനത്വം.....

കുറിപ്പ്‌: എ.അയ്യപ്പന്‍ (21.10.2011)

നാടെങ്ങും അയ്യപ്പസ്‌മരണകള്‍ പെയ്‌തുതോര്‍ന്നു. സ്‌മരണ, അയ്യപ്പന്റേതായതിനാല്‍ പെയ്‌തുതീര്‍ന്നെന്ന്‌ ഒരിക്കലും പറയാനാവില്ല. മഴതോര്‍ന്നാലും മരംപെയ്യുമെന്ന ചൊല്ല്‌ അയ്യപ്പനെ സംബന്ധിച്ചേടത്തോളം ഏറ്റവും സംഗതമാകുകയാണ്‌ എന്തെന്നാല്‍, ഇത്രത്തോളം പ്രചണ്‌ഡപൂര്‍ണ്ണവും വിധ്വംസകവുമായി പകര്‍ന്നാടിയ ഒരു കവിജന്മം മലയാളത്തില്‍ വേറെ ഇല്ലെന്നു തന്നെ പറയാം. രചനയില്‍ 'മഹാകവി'യെന്നും സാമൂഹിക ജീവിതത്തില്‍ 'മഹാകപി'യെന്നും എ.അയ്യപ്പനെ വിശേഷിപ്പിച്ചാല്‍ അതില്‍ ആദരവിന്റെയും സത്യദര്‍ശനത്തിന്റെയും ഭാഷ്യങ്ങള്‍ മാത്രമേ ആരും വായിച്ചെടുക്കൂ. കാരണം, ജീവിതത്തിലും കവിതയിലും അകറ്റിനിര്‍ത്തിയവര്‍ക്കുപോലും അവ രണ്ടിലും 'അവതാരം' തന്നെയായിരുന്ന അയ്യപ്പനെ ഇന്ന്‌ അംഗീകരിക്കാതെ വഴിയില്ലാതാകുകയാണ്‌.

അവസാനകാലത്ത്‌, വീട്ടില്‍ വിളിക്കുമ്പോള്‍ "Great Poet A. Ayyappan Speaking.......' എന്ന്‌ സ്വയം വിശേഷിപ്പിച്ചായിരുന്നു അയ്യപ്പന്‍ ഫോണ്‍ എടുത്തിരുന്നത്‌ കവിയുടെ സ്വതസിദ്ധമായ സര്‍ക്കാസത്തിനപ്പുറവും ഇതില്‍ അര്‍ത്ഥവ്യാപ്‌തിയുടെ ചില മഷിപ്പകര്‍ച്ചകളുണ്ട്‌. നമ്മുടെ നിരന്തര പുരസ്‌കാരലബ്‌ധരായ പല സമകാലിക മഹാകവികളും അയ്യപ്പനോളം ബലക്കുന്ന ഒറ്റവരിപോലും എഴുതിയിട്ടില്ലെന്നതാണ്‌ ഇതിലെ മുഴച്ചുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം.

പബ്ലിക്‌ ലൈബ്രറിയിലെ 'അയ്യപ്പന്‍കല്ലില്‍' 'അയ്യപ്പനോര്‍മ്മ' പെയ്‌തുതോര്‍ന്ന ഒക്‌ടോബര്‍ 20-ന്റെ സന്ധ്യ. കല്ലിന്‌ കുടചൂടുന്ന ഞാറമരത്തില്‍ നിന്നും ഫ്‌ളക്‌സ്‌ അഴിച്ചെടുക്കാന്‍ സഹായിച്ച സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ബാലനോട്‌ ഇതാരാണെന്ന്‌ അറിയാമോ എന്ന്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി, 'മഹാകവി അയ്യപ്പന്‍' എന്നായിരുന്നു. അയ്യപ്പന്റെ കവിതകള്‍ വായിച്ചിട്ടില്ലാത്ത പൊതുസമൂഹം പോലും കവിയുടെ അനാര്‍ക്കിസത്തെ മരണാനന്തരം ബിംബവല്‍ക്കരിച്ചുവെന്നതാണ്‌ ആ ജീവിതം തൊട്ടുണര്‍ത്തുന്ന ആശാസ്യമോ അനാശാസ്യമോ ആയ മറ്റൊരു മഹിമ. മരണാനന്തരം അയ്യപ്പന്റെ മദ്യപാനാസക്തിയെ എസ്‌.എം.എസുകള്‍ ആഘോഷിച്ചതോര്‍ക്കുക....



പ്രണയം, കമ്യൂണിസം, കവിത
വ്യവസ്ഥാപിത മലയാളകവിതയില്‍ നടത്തിയ പൊള്ളിക്കുന്ന ഇടപെടലുകള്‍ തന്നെ, സാഹിത്യകാരനും ആരാധകനും ഇതൊന്നുമല്ലാത്തവനുമായ സാധാരണമലയാളിയുടെ യാഥാസ്ഥിതിക സാമൂഹിക ജീവിതത്തിലും അയ്യപ്പന്‍ നടത്തി. കുടുംബം, തൊഴിലിടങ്ങള്‍, സാംസ്‌കാരികഭൂമിക എന്നീ വ്യവസ്ഥകളില്‍ ഒരു തലവേദന എന്നതിനപ്പുറവും അയാള്‍ പ്രശ്‌നസ്രഷ്‌ടാവായി. മലയാളിയുടെ മനസ്സിന്റെ ടൈല്‍സ്‌ പാകിയ തറകളിലാണ്‌ മൂന്ന്‌പതിറ്റാണ്ടോളം കാലം കവി ഉറഞ്ഞു തുള്ളിയത്‌.

പ്രണയം, കമ്യൂണിയം, കവിത എന്ന ത്രിത്വത്തില്‍ നിന്നാണ്‌ തന്റെ അരാജകജീവിതം നുരഞ്ഞു പൊന്തിയതെന്ന്‌ കവി പലപ്പോഴായി നടത്തിയിട്ടുള്ള ആത്മഭാഷണങ്ങള്‍ വെളിവാക്കുന്നു. ആര്‍. സുഗതനും കെ. ബാലകൃഷ്‌ണനും ആയിരുന്നു അയ്യപ്പന്റെ താരുണ്യപൂര്‍വ്വകാലത്തെ ഏറ്റവും വലിയ വിഗ്രഹങ്ങള്‍. കമ്യൂണിസത്തില്‍ സുഗതന്‍ സാറും പ്രണയത്തിലും എഴുത്തിവും കെ. ബാലകൃഷ്‌ണനും കവിക്ക്‌ ദീക്ഷ നല്‍കി. കാമുകിയുമായുള്ള സാമൂഹികാസമത്വവും ആരാധ്യപുരുഷനായ കെ. ബാലകൃഷ്‌ണനെക്കുറിച്ച്‌ അവരുടെ അച്ഛന്‍ നിന്ദാപൂര്‍വ്വം സംസാരിച്ചതുമാണ്‌ പ്രണയത്തിന്റെ പട്ടുനൂല്‍ സ്വയം അറുത്തുമാറ്റുവാന്‍ കവിയെ പ്രേരിപ്പിച്ചത്‌.

'ഞങ്ങളുടെ പ്രണയം അവളുടെ വീട്ടില്‍ അറിഞ്ഞു അവളുടെ അച്ഛനെ ബോധിപ്പിക്കാന്‍ ഒരു ദിവസം ഞാന്‍ കെ. ബാലകൃഷ്‌ണനെയും കൊണ്ട്‌ അവളുടെ വീട്ടില്‍ ചെന്നു. പഴയ എം.പിയും സി. കേശവന്റെ മകനും ഒക്കെയാണല്ലോ ബാലണ്ണന്‍. പിറ്റേ ദിവസം ഞാന്‍ നാട്ടിലെ കുളത്തില്‍ കുളി കഴിഞ്ഞു മടങ്ങുന്നു. ലുങ്കിയും പഴയതോര്‍ത്തും വേഷം. ആ വേഷത്തില്‍ അവളുടെ അച്ഛന്‍ എന്നെ വീട്ടില്‍ കൊണ്ടുപോയി. വെല്‍ഡ്രെസ്‌ഡ്‌ ഓള്‍ഡ്‌ സ്‌പൈസ്‌ കാമുകന്റെ യഥാര്‍ഥ മുഖം കാമുകി കണ്ടു. ഞാന്‍ ഉളുപ്പില്ലാതെ അവളുടെ മുന്നില്‍ ഇരിന്നു. അയാള്‍ പറഞ്ഞു; അയ്യപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ടെന്നറിയാം. എന്നാലും ഇതുപോലുള്ള തെണ്ടികളെ വിളിച്ചുകൊണ്ടു വരരുത്‌. തെണ്ടിത്തരം പറയുന്നത്‌ ആരാണെന്ന്‌ ഞാന്‍ പറയുന്നില്ല, ഞാന്‍ മറുപടി നല്‍കി. (അയ്യപ്പന്റെ ആത്മകഥാപരമായ ഒരു കുറുപ്പില്‍ നിന്ന്‌.)

'ജീവിതമാണ്‌ മനുഷ്യന്‌ വേണ്ടത്‌' റൊമാന്റിക്‌ഡെത്ത്‌ അല്ല', എന്നുപറഞ്ഞാണ്‌ കൂടെവരാന്‍ താല്‌പര്യമുണ്ടായിരുന്ന പ്രണയിനിയെ കവി പിന്‍തിരിപ്പിച്ചത്‌.

പ്രണയം കഴിഞ്ഞാല്‍ അയ്യപ്പന്റെ ഏറ്റവും വലിയ ഇച്ഛാഭംഗം കമ്യൂണിസമായിരുന്നു. നവയുഗത്തിന്റെ മനേജറായിരുന്നകാലവും ആര്‍.സുഗതനുമായുണ്ടായിരുന്ന പാരസ്‌പര്യവും സുബോധത്തോടെയും അബോധത്തോടെയും പല സ്വകാര്യഭാഷണങ്ങളിലും കവി ഓര്‍ക്കുമായിരുന്നു. ആര്‍. സുഗതന്‌ പാര്‍ട്ടിയിലും ജീവിതത്തിലും അവസാനകാലത്ത്‌ സംഭവിച്ച അനാഥത്വത്തെ ക്കുറിച്ച്‌ അയ്യപ്പന്‍ പലപ്പോഴും ക്ഷോഭംകൊണ്ടിരുന്നു.

'ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്‌. ഇപ്പോഴും ഞാന്‍ ഫോണില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കും. ഡയലിങ്‌ കമ്യൂണിസ്റ്റ്‌വിശ്വാസം എനിക്ക്‌ ഇപ്പോഴുമുണ്ട്‌. പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ ഇല്ല. പലരും പറയുന്നത്‌ ഞാന്‍ അനാര്‍ക്കിസ്റ്റാണ്‌ എന്നാണ്‌. വേണ്ടിടത്ത്‌ പോകാതിരിക്കുകയും വേണ്ടാത്തിടത്ത്‌ പോകുകയും ചെയ്യുന്നതു കൊണ്ടാണ്‌ അങ്ങനെ പറയുന്നത.്‌ എന്റെ സ്വപ്‌നം തകര്‍ത്തത്‌ കമ്യൂണിസമാണ്‌. എന്റെ ഭാവിയും കമ്യൂണിസമാണ്‌', അയ്യപ്പനെഴുതി.

അരാജകത്വമെന്നാല്‍ മദ്യപാനമാണെന്ന തെറ്റിദ്ധാരണയാണ്‌ അരാജകവാദിയായി മാത്രം അയ്യപ്പന്‍ ബ്രാന്റ്‌ ചെയ്യപ്പെടാന്‍ കാരണം. തെരുവു ജീവിതം സ്വയം തെരെഞ്ഞെടുക്കുകയുംസമൂഹത്തിലെയുംസാഹിത്യത്തിലെയും വ്യവസ്ഥാപിത മൂല്യങ്ങളോട്‌ തെറ്റിപ്പിരിയുകയും ചെയ്‌ത അതിജീവനവാദിയായ ഒരു നിഷേധവ്യക്തിത്വം കൂടിയായിരുന്നു അയ്യപ്പന്‍. പരാജിതനോ ദു:ഖിതനോ ആയ ഒരു ആധുനിക റൊമാന്റിക്‌ ആയിരുന്നില്ല ഒരിക്കലുമദ്ദേഹം. പ്രചണ്‌ഡതയും പ്രചുരിമയും ബുദ്ധികൂര്‍മ്മതയുമായിരുന്നു ഭൗതിക ജീവിതത്തില്‍ അയ്യപ്പന്റെ മുഖമുദ്രകള്‍. ജീവിതത്തിലും കവിതയിലും വിജയിച്ച അയ്യപ്പന്റെ അരാജകജീവിതത്തില്‍ അതിജീവനത്വത്തിന്റെ കലയുണ്ടായിരുന്നുവെന്നതാണ്‌ അതിലെ ഏറ്റവും വലിയ തിരുശേഷിപ്പും വിലോഭനീയതയും.

കൊത്തുകെന്‍ ആത്മാവിങ്കല്‍
തത്തുകെന്‍ ഹൃദന്തത്തില്‍
ഉത്തുംഗ ഫണാഗ്രത്തില്‍ എന്നെയും വഹിച്ചാലും, എന്ന ജി.യുടെ പ്രിയപ്പെട്ട വരികള്‍ കെ.എസ്‌. ജോര്‍ജ്ജിനു തുല്യമായ ഘനഗംഭീര സ്വരത്തില്‍ നക്ഷത്രലോകത്തെവിടെയോ നിന്ന്‌ അയ്യപ്പന്‍ പാടുകയാണ്‌.

                                                             .-----------------.


1 comment:

Anonymous said...

ഒരു പാട് നാളുകള്‍ക്കു ശേഷം ശുദ്ധമായ മലയാളം വായിക്കുന്നു. വായന കൂടുതലും ഇംഗ്ലീഷില്‍ ആയതിനാല്‍ വായിക്കാന്‍ നല്ല ശ്രമം വേണം