Saturday, December 22, 2012

രതിവിജ്ഞാനംതുടര്‍ച്ച:ലിംഗവൈകല്യങ്ങള്‍


ലിംഗവക്രതയ്ക്കു സമാനമായ മറ്റൊരു വൈകല്യമാണ് ചാപലിംഗത്വം. എന്നാല്‍ ഉദ്ധൃതലിംഗത്തിന്റെ കോണിലല്ല, ലിംഗത്തിനു തന്നെയാണ് ഇവിടെ വളവ്. ഉദ്ധൃതലിംഗം നേര്‍വരയില്‍ നില്‍ക്കുന്നതിനു പകരം അല്പം വളഞ്ഞുനില്‍ക്കുന്നു. മുമ്പോട്ടോ വശങ്ങളിലേക്കോ ഈ വളവ് സംഭവിക്കാം. ലിംഗത്തിലെ ആന്തരകലകളുടെയോ, സ്‌നായുക്കളുടെയോ (Ligaments) വൈകല്യം മൂലമാണ് ഈ വക്രത ഉണ്ടാകുന്നത്. ജന്മനാ ഉള്ള ഈ വൈകല്യം ഔഷധം കൊണ്ട് ചികിത്സിക്കാനാവില്ല. എന്നാല്‍ വിദഗ്ധനായ ഒരു പ്ലാസ്റ്റിക് സര്‍ജന് സര്‍ജറിയിലൂടെ ഈ അവസ്ഥ ഭേദമാക്കാനാവും. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നീളക്കുറവുള്ള സ്‌നായുവിന് നീളം കൂട്ടിയും മറ്റും ചാപലിംഗത്വം പരിഹരിക്കാനാകും.

ലിംഗം ഒരല്പം വളഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തിന് വിഘ്‌നം സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല അതിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. നേര്‍വരയില്‍ നില്‍ക്കുന്ന ലിംഗത്തേക്കാള്‍ യോനിയില്‍ കൂടുതല്‍ ഉദ്ദീപനങ്ങള്‍ ഉളവാക്കുവാന്‍ അല്പം വളഞ്ഞ ലിംഗത്തിന് സാധിക്കുന്നു. എന്നാല്‍ അല്പം വക്രമായ ലിംഗമുള്ള പലരും അതിനെ ഒരു ലൈംഗികന്യൂനതയായി കണ്ട് അടിസ്ഥാനരഹിതമായ ആകാംക്ഷയില്‍ മുഴുകി കഴിയുന്നതായാണ് കാണപ്പെടാറുള്ളത്. ഏതൊരുതരം ലൈംഗിക ഉത്ക്കണ്ഠയെപ്പോലെയും (Sexual fear) അനാവശ്യമായ ഒന്നാണിത്. വക്രലിംഗത്തെയും ചാപലിംഗത്തെയും ഒരു വലിയ പ്രശ്‌നമായി കരുതി ലൈംഗികബന്ധത്തില്‍ നിന്നും വിവാഹജീവിതത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരുണ്ട്. ലിംഗത്തിന് ഒരല്പം വളവുണ്ടാകുന്നത് ലൈംഗികവേഴ്ചയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ ഉദ്ധ്യതലിംഗത്തിന്റെ കോണും വളവും സാധാരണയിലും കടന്നുള്ളതാണെങ്കില്‍ വിദഗ്ധനായ ഒരു സര്‍ജന്റെ ഉപദേശം തേടേണ്ടതാണ്. ഇക്കാര്യത്തില്‍ സ്വയം ഒരു നിഗമനത്തിലെത്തുന്നതിലും നന്ന് സംഭോഗത്തെ ഈ അവസ്ഥ ഏതെങ്കിലും രീതിയില്‍ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കുകയാണ്. നല്ലൊരു സര്‍ജന് ലിംഗത്തിന്റെ വളവ് ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

സ്വയംഭോഗവും ലിംഗത്തിന്റെ വക്രതയുമായി ബന്ധപ്പെടുത്തി ചില തെറ്റിദ്ധാരണകളും നമ്മുടെ നാട്ടില്‍ പരന്നിട്ടുണ്ട്. അശാസ്ത്രീയ ഗ്രന്ഥങ്ങളുടെ പാരായണമാണ് ഇതിനു കാരണം. സ്വയംഭോഗം മൂലം ലിംഗത്തിന് ഒരുതരത്തിലുള്ള വളവും സംഭവിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ലിംഗശീര്‍ഷത്തെ ആവരണം ചെയ്തിരിക്കുന്ന അഗ്രചര്‍മ്മം കൗമാരപ്രായമെത്തുന്നതോടെ സ്വാഭാവികമായിത്തന്നെ പിന്നോട്ടു മാറുവാന്‍ കഴിവുള്ളതായിത്തീരുന്നു. സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നതിലൂടെ തങ്ങളുടെ ലിംഗത്തിന്റെ അഗ്രചര്‍മ്മത്തിനുള്ള ഈ കഴിവ് മിക്ക കുമാരന്മാരും മനസ്സിലാക്കിയിരിക്കും. മറ്റു ചിലരാകട്ടെ തങ്ങളുടെ സുഹൃത്തുക്കളുടെയും മുതിര്‍ന്നവരുടെയും അനാവൃത ലിംഗാഗ്രം നേരില്‍ കാണുന്നതിലൂടെ ഇത്തരമൊരു കഴിവിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കും. എന്നാല്‍ ചില പുരുഷന്മാരില്‍ പ്രായപൂര്‍ത്തിയായതിനുശേഷവും ലിംഗചര്‍മ്മം പിന്നോട്ടുമാറാത്ത അവസ്ഥ കാണപ്പെടുന്നുണ്ട്. ഫൈമോസിസ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഇതിനുപേര്. അഗ്രചര്‍മ്മത്തിന് നീളം അധികമുണ്ടായിരിക്കുക, അഗ്രചര്‍മ്മത്തിന്റെ അഗ്രത്തില്‍ ഉള്ള സുഷിരം തീരെ ചെറുതായിരിക്കുക എന്നിവയാണ് ഈ അവസ്ഥയ്ക്കു കാരണം. സംഭോഗത്തെ ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുന്നില്ലെങ്കിലും അഗ്രചര്‍മ്മത്തിനും ലിംഗശീര്‍ഷത്തിനും ഇടയില്‍ ലിംഗസ്രാവങ്ങള്‍ കെട്ടിനിന്ന് രോഗാണുബാധയ്ക്ക് വഴിതെളിച്ചേക്കാം. അഗ്രചര്‍മ്മം നീക്കം ചെയ്യുകയാണ് (ചേലാകര്‍മ്മം -Circumcision) ഇതിനു പരിഹാരം. ചില കുട്ടികള്‍ക്ക് അഗ്രചര്‍മ്മത്തിന്റെ വീക്കംമൂലം മൂത്രവിസര്‍ജ്ജനത്തിനുപോലും തടസ്സം ഉണ്ടാകാം. എന്നാല്‍ മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ ചേലാകര്‍മ്മം ചെയ്യുവാന്‍ പാടുള്ളതല്ല. ശിശു ജനിച്ചാല്‍ എട്ടാം ദിവസം തന്നെ ചേലാകര്‍മ്മം അനുഷ്ഠിക്കണമെന്നാണ് ബൈബിളിലെ പഴയനിയമത്തില്‍ അനുശാസിക്കുന്നത്.

ലൈംഗികശാസ്ത്രപരമായ മറ്റേതൊരു പ്രശ്‌നത്തെപ്പോലെ തന്നെയും അഗ്രചര്‍മ്മം പിന്നോട്ടുമാറാത്തതും സ്വയം ചികിത്സയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കരുത്. അഗ്രചര്‍മ്മം പിന്നോട്ട് മാറാത്തവര്‍ അത് ബലം പ്രയോഗിച്ച് പിന്നോട്ട് മാറ്റാന്‍ ഒരിക്കലും ശ്രമിക്കരുത്. ആ ശ്രമം കൂടുതല്‍ വേദനയുളവാക്കുമെന്നു മാത്രമല്ല ഉദ്ധൃതാവസ്ഥയില്‍ അഗ്രചര്‍മ്മം പിന്നോട്ടുമാറാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. അഗ്രചര്‍മ്മം ബലംപ്രയോഗിച്ച് പിന്നോട്ടു നീക്കുന്നതുവഴി മറ്റൊരു ദുരന്തവും സംഭവിക്കാം. ഉദ്ധൃതമായ ലിംഗത്തിന്റെ അഗ്രചര്‍മ്മം ശക്തമായി പിന്നോക്കം കൊണ്ടുപോയാല്‍ അത് പൂര്‍വ്വസ്ഥിതി പ്രാപിക്കാതെ ലിംഗശീര്‍ഷത്തിന് പിന്നില്‍ ഇറുകിപ്പോയെന്നിരിക്കും. ഇതുമൂലം ലിംഗശീര്‍ഷത്തിലേക്കും അവിടെനിന്ന് തിരികെയുമുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുകയും ലിംഗശീര്‍ഷത്തിനുതന്നെ നാശം സംഭവിക്കുകയും ചെയ്‌തെന്നിരിക്കാം. ലിംഗശീര്‍ഷത്തിലെ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് അവയുടെ നാശത്തിന് വഴിവയ്ക്കുന്നു. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ സങ്കോചമൊന്നും കൂടാതെ തന്നെ അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്. ഈ അവസ്ഥ പുറത്തറിയിക്കാതെ വച്ചുകൊണ്ടിരുന്നാല്‍ ലിംഗശീര്‍ഷത്തിലെ കോശങ്ങള്‍ മരിച്ചുപോകുകയും തുടര്‍ന്ന് ലിംഗശീര്‍ഷം അഴുകിത്തുടങ്ങുകയും ചെയ്യും. പാരാഫൈമോസിസ് (Paraphimosis) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദഗ്ധനായ ഒരു സര്‍ജന് ശ്‌സ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.

സാധാരണ ഒരു വ്യക്തിയില്‍ മൂത്രനാളി ലിംഗതനുവിലൂടെ സഞ്ചരിച്ച് ലിംഗാഗ്രത്തിലായിരിക്കും തുറക്കുക. എന്നാല്‍ മൂത്രനാളി ഇപ്രകാരം തുറക്കേണ്ടിടംവരെ പോകാതെ ഇടയ്ക്ക് വച്ച് തുറക്കുന്ന ഒരവസ്ഥ ചിലരില്‍ കണ്ടുവരാറുണ്ട്. രണ്ടു രീതിയില്‍ ഈ വൈകല്യം കണ്ടുവരുന്നുണ്ട്. മൂത്രനാളി ചിലപ്പോള്‍ പകുതി വഴിക്കുവച്ച് ലിംഗത്തിന്റെ മുകളിലേക്കും ചിലപ്പോള്‍ താഴേക്കും തുറക്കാം. ലിംഗത്തിനു മുകളിലേക്ക് മൂത്രനാളി തുറക്കുന്ന അവസ്ഥയ്ക്ക് എപ്പിസ്പാഡിയാസ് (Epispadias) എന്നും താഴേക്ക് തുറക്കുന്നതിന് ഹൈപ്പോസ് പാഡിയാസ് (Hypospadias) എന്നും പറയുന്നു.

മൂത്രനാളിക്ക് പൂര്‍ണ്ണദൈര്‍ഘ്യമുണ്ടായിരിക്കെത്തന്നെ മേല്‍ഭാഗം മൂടപ്പെടാതെ ഓട പോലെയും പകുതി മൂടപ്പെട്ടും പകുതി തുറന്നുമിരിക്കാം. മൂത്രനാളി പോകേണ്ടിടംവരെ പോയി തുറക്കാത്ത ഈ വൈകല്യം ജന്മനാല്‍ ഉണ്ടാകുന്ന ഒന്നാണ്. ഈ വൈകല്യമുള്ളവര്‍ മൂത്രമൊഴിച്ചാല്‍ സാധാരണ വ്യക്തികളെപ്പോലെ മൂത്രനാളിയിലൂടെ അത് ശരിക്കും പോകുകയില്ല. ലിംഗമൂലത്തിനു (Root of the penis) സമീപമാണ് മൂത്രനാളി തുറക്കുന്നതെങ്കില്‍ സ്ഖലനം യോനിക്കുള്ളിലേക്കായിരിക്കുകയില്ല. മൂത്രനാളി ലിംഗതനുവിനു (Shaft of the penis) മധ്യത്തില്‍വച്ചാണ് തുറക്കുന്നതെങ്കില്‍ ഉദ്ധാരണഭംഗം ഉണ്ടാകും.

മൂത്രനാളിയില്‍ കണ്ടുവരുന്ന ഈ രണ്ടു വൈകല്യങ്ങളെയും ശസ്ത്രക്രിയയിലൂടെ ദുരീകരിക്കാവുന്നതാണ്. എന്നാല്‍ കൗമാരപ്രായമെത്തുന്നതിനു മുന്‍പ് തന്നെ ഈ ശസ്ത്രക്രിയകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പേ ഈ ശസ്ത്രക്രിയകള്‍ ചെയ്തില്ലെങ്കില്‍ മൂത്രവിസര്‍ജനത്തിലെയും സ്ഖലനത്തിലേയും വൈഷമ്യങ്ങള്‍ വ്യക്തിയില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഒരു പുരുഷന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നും ലൈംഗികാവയവങ്ങളില്‍ പരമപ്രധാനവുമായ അവയവമാണ് ലിംഗമെന്നതിനാല്‍ അതിലുണ്ടാകുന്ന ഏതൊരു വൈകല്യവും അവനില്‍ മാനസിക വൈഷമ്യം ഉളവാക്കുന്നതാണ്. ലിംഗത്തിലെ മാംസവളര്‍ച്ചകളായ അരിമ്പാറകള്‍ അത്തരത്തിലുള്ള ഒരു ശാരീരിക പ്രതിഭാസമാണ്. വേദനയുളവാക്കുന്നതും അല്ലാത്തതുമായ അരിമ്പാറകളുണ്ട്.

കോളിഫ്‌ളവറിന്റെ അല്ലിയോട് രൂപസാദൃശ്യമുള്ള ചെറിയ അരിമ്പാറക്കൂട്ടങ്ങളെ ആലരിമ്പാറ എന്നു വിളിക്കുന്നു. വേദനയുളവാക്കാത്ത ഇവ അഗ്രചര്‍മ്മത്തിനടിയിലായാണ് കാണപ്പെടുക. എന്നാല്‍ യഥാസമയം ചികിത്സിക്കാത്തപക്ഷം ഇവ ജീര്‍ണ്ണിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം അരിമ്പാറകള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുവാന്‍ വൈകരുത്.

കോളിഫ്‌ളവര്‍ അല്ലിപോലെ തന്നെ തോന്നിക്കുന്ന മറ്റൊരുതരം ചെറിയ അരിമ്പാറകളാണ് ബാലനൈറ്റിസ് (Balanitis). ഇറുകിപ്പിടിച്ച അഗ്രചര്‍മ്മമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വേദനയുളവാക്കുന്നവയാണ് ഈ അരിമ്പാറകള്‍. ചേലാകര്‍മ്മം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ലിംഗശീര്‍ഷത്തിലായി ഈ അരിമ്പാറകള്‍ കാണപ്പെടാം. ലിംഗവ്രണങ്ങളായി പരിഗണിച്ചുവരാറുള്ള ഇവയെ ഗുഹ്യരോഗമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇത് മൂത്രനാളിയെ ബാധിക്കുകയുമില്ല. രോഗം കണ്ടുകഴിഞ്ഞാല്‍ സംഭോഗത്തിലേര്‍പ്പെടരുത്. ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതുമാണ്.

ലിംഗത്തിന്റെ ശുചിത്വക്കുറവാണ് പലപ്പോഴും ബാലനൈറ്റിസിന് വഴി ഒരുക്കുന്നത്. ലിംഗശീര്‍ഷത്തിനും അഗ്രചര്‍മ്മത്തിനുമിടയില്‍ ലിംഗസ്രവങ്ങളും മറ്റും കെട്ടിനില്‍ക്കാനനുവദിക്കാതിരുന്നാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം. രാവിലെയും വൈകിട്ടും ലിംഗാഗ്രചര്‍മ്മം മാറ്റി ലിംഗശീര്‍ഷം കഴുകി വൃത്തിയാക്കണം. ഇറുകിയ അഗ്രചര്‍മ്മമുള്ളവരില്‍ ലിംഗശീര്‍ഷ ശുചീകരണം കാര്യമായി നടക്കാത്തതിനാല്‍ ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്.

No comments: