Saturday, July 9, 2011

`ഹിമഗിരിവിഹാര'വും `ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യും


`ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' വായിച്ചുണ്ടായ Frustration അതേക്കുറിച്ചെഴുതി Sublimate ചെയ്യുന്നതിനും മുമ്പൊരു ദിനം എന്റെ സാഹിത്യ ഗുരുകൂടിയായ മലയാളത്തിലെ അനുഗൃഹീതനായ ഒരു പ്രമുഖകവിയെ ഞാന്‍ ഫോണില്‍ വിളിച്ചു, നാട്ടില്‍ ഒരു `യക്ഷി' ഇറങ്ങിയിട്ടുണ്ടെന്നും, `തളയ്‌ക്കാന്‍', പിന്തുണവേണമെന്നും പറഞ്ഞായിരുന്നു അത്‌. ഞാനിപ്പോള്‍ വിവാദവിഷയങ്ങളിലൊന്നും ഇടപെടാറില്ല. കടലും നിലാവുമൊക്കെ ആസ്വദിക്കുകയാണ്‌. എന്റെ കവിതയിലും ഗുണപരമായ അത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഈ `ഫയറും', ചാനലുമൊന്നും ഞാന്‍ കാണാറില്ല. `ഹിമഗിരി വിഹാരം' വായിക്കൂ. അല്ലെങ്കില്‍ `മല്ലികാര്‍ജ്ജുന മന്‍സൂറിന്റെ ആത്മകഥ വായിക്കു. അദ്ദേഹം പറഞ്ഞു. നിശ്ചയമായും വായിക്കാമെന്നുറപ്പു നല്‍കിയശേഷം നളിനിയേടത്തീ സംബന്ധിയായി ഒന്നു രണ്ടു വാക്കുകള്‍കൂടി പറയുവാന്‍ അനുമതി തേടിയപ്പോള്‍, `ഞാന്‍ യാത്ര കഴിഞ്ഞ്‌ ഇപ്പോള്‍ വന്നതേയുള്ളു', എന്നു പറഞ്ഞ്‌ അദ്ദേഹം ഫോണ്‍ താഴെവെച്ചു. എനിക്കൊരു `ജ്യേഷ്‌ഠന്‍ കൂടി' യായ എന്റെയാസാഹിത്യഗുരുവിന്റെ `വഴുതിമാറല്‍' എന്നെ ചെറുതായൊന്ന്‌ അസ്വസ്ഥനാക്കിയെങ്കിലും അതിലെ `സോദ്ദ്യേശ്യകത' ഞാന്‍ നന്നായി ആസ്വദിച്ചു! എന്റെ ഗുരോ, `മൗനമാണ്‌ ഏറ്റവും വലിയ കവിതയെന്ന്‌' എന്നിലെ കൗമാരക്കാരന്റെ ഹൃദയത്തില്‍ മന്ത്രിച്ചുതന്ന അങ്ങയോട്‌, മൗനം നിരുത്തരവാദപരമാണെങ്കില്‍ അത്‌ കുറ്റകരമല്ലേ എന്ന്‌ ഈ `സത്‌ശിഷ്യന്‍' വിനയപുരസ്സരം ചോദിച്ചുപോകുകയാണ്‌. കൗമാരസാഹിത്യനാളുകളില്‍ എപ്പോള്‍ വീട്ടില്‍ ചെന്നാലും കവിത ചൊല്ലിയും ജ്ഞാനം പറഞ്ഞും ആനന്ദിപ്പിക്കാറുണ്ടായിരുന്ന അങ്ങ്‌, ഇപ്പോള്‍ വീട്ടിലേക്ക്‌, എന്നെ മാത്രമല്ല, ആരെയുമേ അടുപ്പിക്കാറില്ലല്ലോ?! ഇത്രത്തോളം ആധ്യാത്മികാവബോധമുള്ളു കവിതയെ മന്ത്രത്തോടടുപ്പിക്കുന്ന, അങ്ങ്‌, എന്താണ്‌ ആരെയും വീട്ടിലേക്കടുപ്പിക്കാത്തത്‌? ആദ്ധ്യാത്മികത, സാമൂഹികതയ്‌ക്കെതിരാണെന്നുണ്ടോ? എന്നോടൊപ്പം ബാംഗ്ലൂര്‍ വരെ ഒന്നു യാത്ര ചെയ്‌താല്‍, ആധ്യാത്മികതയിലെ എന്റെ ജ്യേഷ്‌ഠസഹോദരനും നടരാജഗൂരുവിന്റെ ശിഷ്യനുമായ സ്വാമി വിനയചൈതന്യയെ ഞാന്‍ അങ്ങേയ്‌ക്കു പരിചയപ്പെടുത്തിത്തരാം. അദ്ദേഹത്തിന്റെ `ഗുരുകുല' ത്തിന്‌ മതിലുകളും വാതിലുകളും പോലുമില്ല. പുത്രകളത്രാദികള്‍ക്കും പതിതഗ്രാമീണര്‍ക്കുമൊപ്പം സര്‍പ്പമാര്‍ജ്ജാരശ്വാനന്മാരോടു സഹവസിച്ചുമാണ്‌ അദ്ദേഹം കഴിയുന്നത്‌. ഒന്നാന്തരം കരിമുര്‍ഖന്മാര്‍ പോലും സ്വാമിവിനയചൈതന്യയുടെ ലൈബ്രറി-കം-വിശ്രമമുറിയില്‍, അദ്ദേഹത്തിനു ചാരേ,നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും കൃതികള്‍ക്കു മേല്‍ തലചായ്‌ച്ചുറങ്ങുന്നത്‌ ഞാന്‍ നേരിട്ടു കാട്ടിത്തരാം. എന്റെ ഗുരുനാഥന്‍ എല്ലാ `സജ്ജനങ്ങള്‍' ക്കുമായി തന്റെ വീടിന്റെ വാതായനങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന നാളുകള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌!
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ ; തരുണബുദ്ധിജീവികള്‍
പാശ്ചാത്യസാഹിത്യത്തിലും ദര്‍ശനത്തിലുമൊക്കെ നിങ്ങള്‍ക്കുള്ള അവഗാഹം, എന്നെപ്പോലെ, കൂടുതലും പൗരസ്‌ത്യതയില്‍ ജീവിക്കുന്ന `സാധു' ക്കളില്‍ അസൂയ ഉണര്‍ത്തും വിധം ശ്ലാഘനീയമാണെങ്കിലും, ഭാരതീയ ചിന്തയെക്കൂടി ഉള്‍ക്കൊണ്ട്‌, സമ്യക്കായ ഒരു പ്രപഞ്ചദര്‍ശനം സമാര്‍ജ്ജിക്കുവാന്‍ തരുണബുദ്ധിജീവികള്‍ ശ്രദ്ധിക്കണമെന്ന്‌ അപേക്ഷിക്കട്ടെ. Buy locally and think Globally എന്നതാകണം ദര്‍ശനസംബന്ധിയായ മുദ്രാവാക്യം! നാം ഒരിടത്തു തന്നെ കുടുങ്ങിപ്പോയാല്‍ സി.രാധാകൃഷ്‌ണന്റെ നോവല്‍ ശീര്‍ഷകത്തിന്റെ ഗതിയാകും: `ഇടുക്കുതൊഴുത്ത്‌' മറിച്ച്‌ ഭാരതീയം മാത്രമേ പഠിക്കൂ എന്നു ശഠിക്കുന്നവര്‍ക്കും ഇതേ ഗതികേടുതന്നെയാകും! ഡി.സി. ബുക്‌സിലിരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വായിച്ചുവെന്നതു കൊണ്ടുമാത്രം അറിവു'ണ്ടാകില്ല. ഒരല്‍പ്പം `സാധനയും', 'സത്‌സംഗ'വും (സത്യവുമായുള്ള സംഗം) സ്വാധ്യായവും (ആത്മനിരീക്ഷണം) കൂടി വേണം. ഇത്‌ ഞാന്‍ പറയുന്നതൊന്നുമല്ല. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു ഡോക്‌ടറേറ്റ്‌ നേടി വന്ന നടരാജ ഗുരുവിനോട്‌ നാരായണഗുരു സൂചിപ്പിച്ചിട്ടുള്ളതാണ്‌. ഒരിക്കല്‍ പരിണാമസിദ്ധാത്തെക്കുറിച്ചു വാചാലനായ ഡോ.നടരാജനോട്‌ നാരായണഗുരു ചോദിച്ചു.`അപ്പോള്‍ തമ്പീ, ചിത്തോ ജഡമോ' ഏതാണാദ്യം പരിണിച്ചത്‌(?!) ഗുരുവിന്റെ കാല്‍തൊട്ടുവണങ്ങുകയാണ്‌ ഡോ.നടരാജന്‍.എം.എ, എം.ഫില്‍, ഡി.ലിറ്റ്‌(ഓക്‌സ്‌ഫോര്‍ഡ്‌) ചെയ്‌തത്‌! ധ്യാനത്തില്‍ കണ്ട കാര്യങ്ങള്‍ പിന്നീട്‌ ഗ്രന്ഥങ്ങളിലും കണ്ടു എന്നാണ്‌ നാരായണഗുരു മൊഴിഞ്ഞത്‌. `ശൂന്യതയില്‍' നിന്നും ചിലപ്പോള്‍ ജ്ഞാനമുണ്ടാകാം! മനുഷ്യനു മനസ്സിലാകാത്തതു മാത്രമേ സാഹിത്യമാകൂ എന്ന ധാരണ `പച്ചക്കുതിര', `മാധ്യമം' തുടങ്ങിയ ആനുകാലികങ്ങളുടെ തരുണപത്രാധിപന്മാര്‍ തിരുത്തണം. മനുഷ്യനു മനസ്സിലാകുന്നതും സാഹിത്യമാകാം! `കഞ്ചാവു'കച്ചവടക്കാര്‍ക്കും `ഒഴിപ്പുകാരികള്‍ക്കും' ഭാര്യയുടെ തലയറുത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടു ചെന്നു വെച്ചവര്‍ക്കും മാത്രമല്ല `മയിലമ്മയ്‌ക്കും' 'കര്‍ഷകത്തൊഴിലാളിക്കും', `കുടുംബിനി' ക്കും സ്വത്വോന്മുഖമായി ആത്മകഥ പറയാനറിയാമെന്നും അവര്‍ സദയം മനസ്സിലാക്കണം. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ പ്രതിഭാധനനനാണെങ്കിലും, മൗലിക ചിന്തയില്‍ പലപ്പോഴും പാശ്ചാത്യമാസിക- ഇന്റര്‍നെറ്റോന്മുഖമായിപ്പോകാറുള്ള മേതില്‍ രാധാകൃഷ്‌ണന്റെ `മൂന്നു ദര്‍ശനങ്ങളും, ചില ഗ്രാഫിക്ക്‌ കഥോപനിഷത്തുക്കളും എഴുതുന്നവരും പത്രാധിപന്മാരും മാത്രമേ വായിക്കുന്നുള്ളുമെന്ന്‌ ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ തിരിച്ചറിയണം.`പ്രൈവറ്റ്‌ സെക്രട്ടറിയെ'ക്കൊണ്ട്‌ സാഹിത്യം പരിശോധിപ്പിക്കുന്ന പ്രവണതയും, അവസാനിപ്പിക്കണം.
ആത്മഹത്യചെയ്‌ത പ്രതിഭാനനനായ ചിത്രകാരന്റെ ജീവിതം ബൗദ്ധികമായി പൈങ്കിളിവല്‍ക്കരിച്ച്‌ ഫീച്ചറെഴുതുന്ന യൂവാക്കളും അത്‌ പ്രസിദ്ധീകരിക്കുന്ന യുവപത്രാധിപന്മാരും ഭീമാബദ്ധങ്ങളാണ്‌ തങ്ങള്‍ ചെയ്‌തുകൂട്ടുന്നതെന്ന്‌ സദയം മനസിലാക്കണം. വായനയ്‌ക്കും അപനിര്‍മ്മാണത്തിനും തുല്യമായ പ്രാധാന്യം ധ്യാന-മനന-നിധിധ്യാസനങ്ങള്‍ക്കുമുണ്ടെന്ന്‌ ദയവായി അറിയണം.
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകളില്‍ ചിലര്‍ വൃഥാ ഗൗരവവും, മസിലുപിടുത്തവുമൊക്കെ മാറ്റിവെച്ച്‌ സദുദ്ദേശ്യവുമായെത്തുന്ന യുവകവികളെ മുതല്‍ മഹാകവികളെവരെ, സമയോചിതമായി സ്വീകരിച്ചിരുത്തി, കെ.ബാലകൃഷ്‌ണനെപ്പോലെ സംഭാഷണം നടത്തണം!
വായനയ്‌ക്കുള്ളത്ര മാഹാത്മ്യം ശ്രൌണത്തില്‍ (ശ്രതി- a priori) വരുന്ന ശ്രവണത്തിനുമുണ്ട്‌. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ശ്രുതിയില്‍ വരുന്ന ഉപനിഷത്തു പഠിക്കുവാന്‍ മാക്‌സ്‌മുള്ളര്‍ ഒരു വ്യാഴവട്ടത്തിലേറെ നീക്കിവെയ്‌ക്കില്ലായിരുന്നുവല്ലോ. മഹാനായ അംബേദ്‌ക്കറെ കാഞ്ചാഏലയ്യവഴി നിരന്തരം പഠിക്കുന്നവര്‍ മഹാനായ നാരായണ ഗുരുവിനെക്കൂടി പഠിക്കണം. ഗുരുവിനെ പഠിക്കാതിരുന്നാല്‍ ഗുന്തര്‍ഗ്രാസിനെ എത്ര പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല! സായ്‌പിനെ കാണുമ്പോള്‍ കവാത്തു മറന്നുപോയാല്‍ സാംസ്‌ക്കാരിക കൊളോണിയലിസത്തിനു കീഴടങ്ങുകയാകും ഫലം. സായ്‌വ്‌ പറയുന്നതെല്ലാം കേമമാണെന്നു കരുതരുത്‌. വിവരമുള്ള സായ്‌പന്മാര്‍ പൗരസ്‌തോന്മുഖരാകുമ്പോള്‍ നാം പാശ്ചാത്യോന്മുകര്‍ മാത്രമായിപ്പോകുന്നത്‌ നെറികേടാണ്‌. സായ്‌വിന്റെ `ങലവേീറീഹീഴ്യ' ഉപയോഗിച്ച്‌ നാരായണ ഗുരുവിനെ പഠിക്കുന്നവര്‍ സായ്‌വിന്റെ കൊക്കിലൊതുങ്ങുന്നതല്ല `ഗുരുദര്‍ശന'മെന്ന്‌ സദയം മനസ്സിലാക്കണം. ലൈംഗികന്യൂനപക്ഷത്തെപ്പോലെ നിങ്ങളും ഒരു ന്യൂനപക്ഷമാണെന്നും യഥാര്‍ത്ഥ ജ്ഞാനത്തിലും ഭക്തിയിലുമൊക്കെ ജീവിക്കുന്ന പരസഹസ്രം ജനങ്ങള്‍ ഭൂമിമലയാളത്തിലുണ്ടെന്നും സദയം ഓര്‍മ്മിക്കണം. സാഹിത്യം ജനകീയമാകുന്നതിന്‌ ഏറ്റവും വലിയ ഉദാഹരണം എഴുത്തച്ഛനാണെന്നും അറിയണം. നിഷേധാത്മകമായ വക്രതകളെക്കുറിച്ചു കൂടുതലും പാടിക്കൊണ്ടിരിക്കാതെ എഴുത്തച്ഛനെപ്പോലെ വല്ലപ്പോഴുമെങ്കിലും ഉദാത്തമായി പാടാന്‍ ഉത്തരാധുനിക തരുണന്മാര്‍ ശ്രദ്ധിക്കണം. കവിക്ക്‌ അര്‍ശനുണ്ടായിരുന്നോ എന്ന്‌ പാശ്ചാത്യരീതിശാസ്‌ത്രങ്ങളുപയോഗിച്ചു പരിശോധിക്കുന്നതിനൊപ്പം അരബിന്ദോയേയും ആനന്ദകുമാരസ്വാമിയേയുമൊക്കെ ഇടയ്‌ക്കെങ്കിലും പരിശോധിക്കണം! വിക്രമാദിത്യന്‍ കഥകളറിയാതെ ഹാരീപോട്ടര്‍ മാത്രം വായിക്കുന്ന കുട്ടിയുടെ ഗതികേട്‌ നിങ്ങള്‍ക്കുണ്ടാകരുത്‌!

2 comments:

ഏപ്രില്‍ ലില്ലി. said...

ഹരി ചേട്ടാ ..ഞാന്‍ ജോസ് ..പ്രേമ്ജിത്തിന്റെ സുഹൃത്ത്‌.. രാവിലെ ചേട്ടനോട് ഫോണില്‍ സംസാരിച്ചു. ഇതിലെ ലിങ്കിലൂടെ എന്റെ ബ്ലോഗില്‍ പോകാം

അശോക് കർത്താ said...

http://www.facebook.com/ashokkartha/posts/165005226900849?notif_t=like