Thursday, July 14, 2011

പ്രൊഫ.എം.കൃഷ്‌ണന്‍ നായരും എ.അയ്യപ്പനും മറിയംബീയും പിന്നെ ഞാനും....


പ്രൊഫ.എം.കൃഷ്‌ണന്‍ നായര്‍ മലയാള സാഹിത്യത്തില്‍ ധീരമായ പല ഇടപെടലുകളും അനുബന്ധ പ്രസ്‌താവനകളും നടത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം കുറിച്ച ഏറ്റവും ധീരമായ വാക്കുകള്‍ തന്റെ പിതാവ്‌ ഒരു വിടനായിരുന്നുവെന്ന്‌ 'സാഹിത്യവാരഫല'ത്തില്‍ തുറന്നെഴുതിയതാണെന്നാണ്‌ എന്റെ വിശ്വാസം. തന്റെ ബാല്യകാലത്ത്‌ സ്വന്തം പിതാവ്‌ സൃഷ്‌ടിച്ച മുറിപ്പാടുകള്‍ ജീവിത സായാഹ്നത്തിലും അദ്ദേഹത്തെ വേട്ടയാടുന്നതിനാലും സത്യത്തോടുള്ള പ്രതിബദ്ധതയാലുമാകാം അദ്ദേഹം അത്‌ വെളിപ്പെടുത്തിയത്‌. വ്യക്തിയെന്ന നിലയില്‍ മാനഹാനി ക്ഷണിച്ചുവരുത്തുകയല്ലാതെ, തന്റെ സാഹിത്യജീവിതത്തിന്റെ യശസ്സിനും ശ്രേയസ്സിനും അദ്ദേഹത്തിന്റെ ആ പ്രസ്‌താവന പ്രത്യേകിച്ചൊരു സംഭാവന നല്‍കുന്നില്ല. എന്നാല്‍, തന്റെ അമ്മ വേശ്യയായിരുന്നു, താന്‍ സ്വവര്‍ഗ്ഗസംഭോഗിയായിരുന്നു, എന്നൊക്കെ സ്ഥിരമായി ഇന്റര്‍വ്യൂകളില്‍ വിളിച്ചു പറയുന്ന കവികളുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടിവരികയാണ്‌! തന്റെ അമ്മ അസന്മാര്‍ഗ്ഗിയായിരുന്നവെന്ന്‌ മാലോകരോട്‌ വിളിച്ചുപറയാന്‍ ഒരു കവിയ്‌ക്ക്‌ അവകാശമുണ്ടെങ്കിലും അതിനെ സദാ ആവര്‍ത്തിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നത്‌ രാത്രി കിടന്നു മുളളിയശേഷം രാവിലെ മാലോകരോട്‌ അക്കാര്യം വിളിച്ചു പറയുന്നതിനു തുല്യമത്രേ. എന്നാല്‍ നമ്മുടെ നാട്ടിലെ ചില ന്യൂജനറേഷന്‍ ജേണലിസ്റ്റുകള്‍ക്ക്‌ ഇത്തരം `സ്വകാര്യ മ്ലേച്ഛത' കളാണ്‌ ഇന്നു സാഹിത്യ മാനദണ്‌ഡങ്ങള്‍!
എന്റെ താരുണ്യപൂര്‍വ്വകാലത്തെ ഏറ്റവും വലിയ മുതിര്‍ന്ന കളിത്തോഴനായിരുന്നു പ്രതിഭാധനനായ കവി എ.അയ്യപ്പന്‍. മദ്യലഹരിയില്‍, അക്കാലത്ത്‌ `ഉത്തരയൗവ്വനയായിരുന്ന' (നളിനിയേടത്തിയുടെ പ്രായം!) മറിയംബീ എന്ന മേദിനീവെണ്ണിലാവിനെക്കുറിച്ച്‌ നിരന്തരം പറഞ്ഞ്‌ കവി എന്നെ ഉത്തേജിപ്പിച്ചും പ്രലോഭിപ്പിച്ചും കൊണ്ടിരുന്നു! ആ അഭിസാരികയുടെ മാത്രമല്ല വളര്‍ന്നുവരുന്ന അവരുടെ പെണ്‍മക്കളുടെ കൂടി അവയവപുഷ്‌ടിയെക്കുറിച്ച്‌ മാദകത്വമാര്‍ന്ന `ഗദ്യകവിതകള്‍' ചമച്ച്‌ എന്നിലെ കൗമാരക്കാരനെ അയ്യപ്പന്‍ കൊതിപിടിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ സഹികെട്ട്‌, എനിക്ക്‌ മറിയംബീവിയെ ഇപ്പക്കാണണമെന്ന്‌ ഞാന്‍ വാശിപിടിക്കുമ്പോള്‍ `നിനക്കു വെള്ളം വെച്ചിട്ടില്ലെടേ' എന്നു പറഞ്ഞ്‌ എന്നെ അടിച്ചിരുത്തുകയായിരുന്നു കവിയുടെ ശൈലി! ന്യൂജനറേഷന്‍ ലൈംഗിക ബുദ്ധിജീവികളില്‍പ്പെട്ട ആരോ പിന്നീട്‌ മറിയംബിയെ ഇന്റര്‍വ്യൂചെയ്‌തതും വായിക്കാനിടയായി. എന്നാല്‍ പിന്നീട്‌ വര്‍ഷങ്ങള്‍ക്കുശേഷം, അയ്യപ്പനെ 'മനസാക്ഷിക്കു നിരക്കുംവിധം' ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാന്‍ നടത്തിയ ഒരു വിഫലശ്രമത്തിനിടയില്‍ ആ പോയകാലഗണികയെക്കുറിച്ചാരാഞ്ഞപ്പോള്‍ 'പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സ്‌ ഒന്നും ചോദിക്കാതെടേ', എന്നു പറഞ്ഞ്‌ കവി തടിതപ്പുകയും ചെയ്‌തു! തന്റെ സ്വകാര്യതയെ കവിക്കു ഭയമാണ്‌. അതേ സമയം പെറ്റമ്മ ഒരല്‍പ്പം ദുര്‍ന്നടത്തക്കാരിയാണെന്ന്‌ മാലോകരോടു വിളിച്ചു പറഞ്ഞ്‌ ടുലരശമഹ മേേലിശേീി പിടിച്ചു പറ്റാന്‍ ഒരു മടിയുമില്ല താനും!
മറിയംബീയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സിലേക്ക്‌ തിരതള്ളിവരുന്ന സച്ചിദാനന്ദന്റെ ഈ വരികള്‍ ഭാവിയില്‍ എന്റെ നളിനിയേടത്തിക്ക്‌ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന:
`ജാനകി ഒരു വരണ്ട പുഴയാണ്‌
അവളുടെ തീരത്ത്‌ ഇണകള്‍ ഇപ്പോള്‍
കാറ്റുകൊള്ളാന്‍ വരാറില്ല.
കാക്കകള്‍ മാത്രം അവസാനത്തെ മീന്‍ കുഞ്ഞുങ്ങള്‍ക്കായി ചേറില്‍ പരതുന്നു.
ജാനകി ഒരുണങ്ങിയ മരമാണ്‌
തത്തകളും കുയിലുകളും അവളെയിപ്പോള്‍
തിരിഞ്ഞു നോക്കാറില്ല.
വസന്തം വറ്റിപ്പോയ പൊത്തില്‍ നിന്ന്‌
പകയുടെ ഒറ്റക്കൂമന്‍ മാത്രം മൂളിക്കൊണ്ടിരുന്നു.......
.....................................................................
.......................................................................
.......................................................................
ഭൂമി പുറത്തേക്കു തുപ്പിയെറിഞ്ഞവള്‍.
പാതയുടെ ഒറ്റക്കൊമ്പിലിരുന്നു ജാനകി വിരുന്നു വിളിക്കുന്നു.
ഒരു ശവം വളവു തിരിഞ്ഞു വരുന്നു -
കറുത്ത തുണിയില്‍ പൊതിഞ്ഞ ഒരു നിശാസമ്മാനം
(സഹപാഠികള്‍: സച്ചിദാനന്ദന്റെ കവിതകള്‍ - 1965 -85)

No comments: