Friday, July 15, 2011

`ബാജി'യും, `ചാനല്‍ പ്രമുഖനും' പിന്നെ സെബാസ്റ്റ്യനും


നളിനിജമീലയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരുന്ന നാളുകളിലാണ്‌ പൊഴിയൂരില്‍ രണ്ടുവയസ്സുള്ള ഒരു പെണ്‍കുഞ്ഞ്‌ ലൈംഗിക പീഡനത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്‌. കെ.പി.മോഹനന്റെ ചാനലില്‍ത്തന്നെ ദാരുണമായ ആ സംഭവത്തെക്കുറിച്ച്‌ അതിലും `ദാരുണമായ' ഒരു `ദൃശ്യവിരുന്ന്‌' കാണുവാനുള്ള `ഭാഗ്യ'വും മലയാളികള്‍ക്കുണ്ടായി! ശിശുഹത്യയെ `ബൗദ്ധികമായി' പൈങ്കിളിവല്‍ക്കരിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ `ഫയര്‍' പരിപാടിയില്‍ കൊലപാതകിയായ സെബാസ്റ്റ്യന്‍ ഈ ഭൂലോകത്തിലെ ഏറ്റവും `നീചനായ' `പിശാചായി' മുദ്രകുത്തപ്പെട്ടു. കുമാരിമാരെ ലൈംഗിക പീഡനത്തിനിരയാക്കി വിഷം കൊടുത്തു കൊല്ലുന്ന നരാധമന്മാരും, കൂമാരീ പീഡനക്കേസുകളിലെ പ്രതികളായ വി.വി.ഐ.പികളും സ്വച്ഛന്ദം വിഹരിക്കുന്ന കേരളത്തില്‍, സെബാസ്റ്റ്യന്റെ മനോനിലയെങ്കിലും വിശദമാക്കുകയെന്ന സാമാന്യ മര്യാദയെങ്കിലും പ്രസ്‌തുത ചാനല്‍ കാണിക്കേണ്ടതായിരന്നു. രാഷ്‌ട്രീയ-ധനസ്വാധീനത്തിന്റെ ഹുങ്കില്‍ പൂര്‍ണ്ണബോധത്തോടെയാണ്‌ `മുയല്‍ക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊല്ലുന്ന' ലാഘവത്തോടെ, അവര്‍ പെണ്‍കുഞ്ഞുങ്ങളെ കശാപ്പു ചെയ്‌തതെന്നത്‌ സെബാസ്റ്റ്യനെ `ഈദിഅമീനാ'ക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌.`ശിശുകാമം' (Paedophilia) എന്ന ലൈംഗികവൈകല്യമാണ്‌ സെബാസ്റ്റ്യനെന്ന്‌ ചാനല്‍കാര്‍ സൂചിപ്പിച്ചതേയില്ല. ലൈംഗികവ്യതിയാനങ്ങളില്‍ വെച്ച്‌ ഏറ്റവും ഗുരുതരമായ ഒന്നാണിത്‌. ബാല്യകാലത്തുണ്ടായ ലൈംഗികാനുഭവസ്‌മരണകളോ, രതിമോഹങ്ങളോ ഒരു വ്യക്തിയെ ശിശുകാമിയാക്കാം. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള രതിനിഷേധിക്കപ്പെടുമ്പോഴോ അതിനെ ഭയക്കുമ്പോഴോ ഒരു വ്യക്തി ശിശു കാമത്തിലേക്കു തിരിയാം. അതീവ സങ്കീര്‍ണ്ണമായ ഈ മാനസിക രോഗം പലപ്പോഴും ചികിത്സയ്‌ക്കുപോലും വഴങ്ങിയെന്നിരിക്കില്ല. ശിശുകാമിയായ സെബാസ്റ്റ്യന്‍ കഞ്ചാവിന്റെ ലഹരിയില്‍, അബോധാവസ്ഥയിലാണ്‌ ആ ക്രൂരകൃത്യം ചെയ്‌തത്‌. സൂര്യനെല്ലിയിലെ പെണ്‍കുട്ടി തന്റെ കോടതി മൊഴിയില്‍ വെളിപ്പെടുത്തിയ വി.ഐ.പിമാരായ ബാജിയും ശാരീ എസ്‌. നായര്‍ തന്റെ മരണമൊഴിയില്‍ വെളിപ്പെടുത്തിയ `ചാനല്‍പ്രമുഖനും' വിതുരയിലെ പെണ്‍കുട്ടി വെളിപ്പെടുത്തിയ `ഹാസ്യതാരവു'മോ? അപ്പോള്‍ പിന്നെ ആരാണ്‌ ഈദി അമീന്‍ ദൃശ്യമാധ്യമപ്രവര്‍ത്തകാ, `ബാജിയോ, 'ചാനല്‍ പ്രമുഖനോ സെബാസ്റ്റ്യനോ?'

No comments: