Monday, June 13, 2011

മാംസനിബദ്ധമല്ലോ രാഗം!


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 18
രാത്രികാലങ്ങളില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉറങ്ങുന്ന തക്കം നോക്കി തന്നെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാര്‍ഷെഡ്ഡിന്റെ ഷട്ടര്‍ താഴ്‌ത്തി രതിസുഖം അനുഭവിക്കുന്ന ഒരു `മാന്യനെ' നളിനിയേടത്തി ആത്മകഥയില്‍ അനുസ്‌മരിക്കുന്നുണ്ട്‌. എന്നാല്‍ അയാളെ ഒരിക്കല്‍പ്പോലും ഭാര്യയെ കരുതി പിന്‍തിരിപ്പിക്കാത്ത നളിനിയേടത്തി ഭാര്യയെ കുറ്റം പറഞ്ഞതിന്റെ പേരില്‍, ഒരു ക്ലൈന്റിനെ, അയാളെ കൊണ്ടുതന്നെ മദ്യം വാങ്ങിപ്പിച്ച്‌ കുടിച്ച്‌ തെറി പറയുന്നുണ്ട്‌! എങ്ങനെയുണ്ട്‌ ഈ ലൈംഗിക തൊഴിലാളി നേതാവിന്റെ ധാര്‍മ്മികതയും ലൈംഗിക ഇരട്ടത്താപ്പും?!
മലയാളിപുരുഷന്റെ ലൈംഗികപിരിമുറുക്കം കുറയ്‌ക്കാനെന്ന വ്യാജേന സംഘടിച്ച്‌ ശക്തരാകുകയും ദാമ്പത്യം എന്ന ചിരന്തനവും പരിപാവനവുമായ ലൈംഗിക വ്യവസ്ഥയെ അട്ടിമറിക്കുകയുമാണ്‌ തങ്ങളുടെ മാനിഫെസ്റ്റോ എന്ന്‌ ഈ കൃതി ഗുപ്‌തമായി വിളിച്ചോതുന്നുണ്ട്‌. ഭുരിപക്ഷ ലൈംഗികതയ്‌ക്കു നേരെ ന്യൂനപക്ഷ, ലൈംഗികത നടത്തുന്ന കുതിരകയറ്റം ന്യൂനപക്ഷവര്‍ഗ്ഗീയത പോലെ തന്നെ അത്യാപല്‍ക്കരമാണ്‌. സെക്‌സ്‌ വര്‍ക്കേഴ്‌സ്‌ സംഘടനയിലെ പടല പിണക്കങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ കൃതി, ഭാവിയില്‍ ഈര്‍ക്കില്‍ പാര്‍ട്ടികളെപ്പോലെ തങ്ങളും ഗ്രൂപ്പുകളായി പൊട്ടിപ്പിളരുന്ന സാദ്ധ്യതയും സൂചിപ്പിക്കുന്നുണ്ട്‌!
സുഖലോലുപതയിലായിരിക്കും സദാ ഒരു അഭിസാരികയുടെ കണ്ണെന്ന്‌ ഉച്ചത്തില്‍ വിളിച്ചോതുന്ന ഒട്ടേറെ ഉപകഥകളാല്‍ സമ്പന്നമാണ്‌ ഈ ആത്മകഥ. കൊല്‍ക്കത്താ സമ്മേളനകാലത്തും (കല്‍ക്കട്ട കോണ്‍ഗ്രസ്സ്‌!) മദിരാശിയില്‍ ഡോക്യുമെന്ററി അഭിനയത്തിനായി നടി ലക്ഷ്‌മിയുടെ അതിഥിയായി താമസിച്ചപ്പോഴും എ.സി മുറികളില്‍ കിടന്നുറങ്ങിയതിനെക്കുറിച്ച്‌ ആത്മനിര്‍വൃതിയോടെയാണ്‌ ഗ്രന്ഥകാരി ഓര്‍മ്മിക്കുന്നത്‌. തായ്‌ല്‌ന്റ യാത്രയില്‍ ഫ്‌ളൈറ്റില്‍ വച്ച്‌ സ്‌കോച്ച്‌ നുണഞ്ഞതിനെക്കുറിച്ചും (തിരുവനന്തപുരം ജവഹര്‍ ബാലഭവന്‌ മുന്നില്‍ വച്ചിരിക്കുന്ന ഡെക്കോട്ട പ്ലെയിന്‍ മോഡലില്ലാതെ ഒരു യഥാര്‍ത്ഥ പ്ലെയിനില്‍ തനിയ്‌ക്ക്‌ ഇതുവരെയും കയറാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നാണ്‌ എന്റെ ഭാര്യ ഇത്തരുണത്തില്‍ പരിതപിച്ചത്‌!)
മലയാളി വീട്ടമ്മമാരെല്ലാം സ്‌നേഹശൂന്യരും ലൈംഗികജഡത, ബാധിച്ചവരുമാണെന്ന്‌ തന്റെ ആത്മകഥയില്‍ പലേടത്തായി പഴിചാരുന്ന നളിനിയേടത്തി ലൈംഗിക പ്രതികരണത്തില്‍ വേശ്യ എവിടെ നില്‍ക്കുന്നുവെന്ന്‌ ഒരിക്കല്‍പ്പോലും, പര്യാലോചിക്കുന്നില്ല. സദാ ഭരണപക്ഷത്തെ അധിഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ പ്പോലെയാണ്‌ ഈ `ജ്വാലാമുഖി' യുടെ പല വിമര്‍ശനങ്ങളും!
മലയാളി പുരുഷന്‌ പത്‌നിമാരില്‍ നിന്ന്‌ ലഭിക്കാത്ത രതിസുഖം യഥേഷ്‌ടം നല്‍കുന്ന തങ്ങള്‍ അവരുടെ കുടുംബാന്തരീക്ഷത്തിന്‌ ഒരിക്കലും ഭീഷണി ആകുന്നില്ലെന്ന്‌ പറയുന്ന നളിനിയേടത്തി രതിയെ കേവലം ലിംഗസംവേശനം മാത്രമായി തരം താഴ്‌ത്തുകയാണ്‌ പുരുഷനെക്കാളേറേ സത്രീയുടെ ലൈംഗികതയില്‍ പ്രണയം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന മനശാസ്‌ത്രസത്യം അവര്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയാണ്‌. സ്‌നേഹിക്കാനും മുണ്ടും ഷര്‍ട്ടും തിരുമ്മിക്കൊടുക്കാനും താനും ഭോഗിക്കാന്‍ മറ്റൊരുവളും എന്ന ലൈംഗിക ഇരട്ടത്താപ്പ്‌ ഒരു മലയള വീട്ടമ്മയും സമ്മതിച്ചുകൊടുക്കുമെന്ന്‌ തോന്നുന്നില്ല. `സെക്‌സ്‌ വര്‌ക്കറുടെ' വക്രദൃഷ്‌ടിയിലൂടെ മാത്രം സ്‌ത്രീത്വത്തെ നോക്കിക്കാണുന്ന ഈ സൈ്‌ക്രബ്‌ഡ്‌ ആത്മകഥ ഭൂരിപക്ഷ സ്‌ത്രീ-ലൈംഗികതയെ ഒരിക്കലും തിരിച്ചറിയില്ലെന്നതാണ്‌ ഇതിലെ ഏറ്റവും പലിയ പാഴ്‌ശ്രുതി.
കുടുബിനിയുടെ സ്വത്വത്തിനു മേല്‍ സെകസ്‌വര്‍ക്കറുടെ സ്വത്വത്തെ പ്രതിഷ്‌ഠിക്കുവാനുള്ള പരാജിതമായ ഒരു നിഗൂഢ ശ്രമമാണ്‌ ഈ ആത്മകഥ.

No comments: