Saturday, June 11, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 16

കപടബുദ്ധിജീവികള്‍
പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്‌ത്‌ കൊന്നവനെ വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നും മുപ്പതിലേറെപ്പേരുടെ പ്രാണന്‍ അപഹരിച്ച ബോംബ്‌ സ്‌ഫോടനക്കേസ്സിലെ പ്രതിയെ വെറുതെ വിടണമെന്നും ഒക്കെ വാദിക്കുന്ന ചില ന്യൂനപക്ഷ ബുദ്ധിജീവികളും, ധര്‍മ്മ ഭീരുക്കളും അസത്യപരായണന്‍മാരുമായ ചില ന്യൂ ജനറേഷന്‍ ജേര്‍ണലിസ്റ്റുകളും എന്തും എഴുതുവാന്‍ സ്വന്തമായി ആനുകാലികങ്ങളുള്ളതിന്റെ ഹുങ്കു കാട്ടുന്ന കേരളീയ സാംസ്‌ക്കാരികാന്തരീക്ഷത്തില്‍ വേശ്യയെ `സെക്‌സ്‌ വര്‍ക്കറായി' ഉദാത്തീകരിക്കുന്നതും മറ്റാരുമല്ല. അന്തസ്സായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന ഭര്‍ത്തൃമതികളായ കേരളത്തിലെ ഭൂരിപക്ഷം സ്‌ത്രീകള്‍ക്കും നേരെ `ലൈംഗികതൊഴിലാളി' കളെ മുന്‍നിര്‍ത്തി ഇവര്‍ നടത്തുന്ന കുതിരകയറ്റം ഭരണകൂടവും നീതിപീഠങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ഒട്ടും ശരിയല്ല. അല്ലെങ്കിലെന്തിന്‌, രാഷ്‌ട്രീയ വിടപ്രഭുക്കളെ സംരക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കും, സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന്‌ വിധി കല്‍പ്പിക്കുന്ന കോടതികള്‍ക്കുമുണ്ടോ അതിനൊക്കെയും നേരം!? ഇപ്പോള്‍ തന്നെ പുളിച്ച്‌ പഴംചോറായിക്കഴിഞ്ഞിരിക്കുന്ന കേരളീയ ജീവിതത്തില്‍ വീണ്ടും വീണ്ടും ബ്രൂവേഴ്‌സ്‌ ഈസ്റ്റ്‌ ചേര്‍ക്കുകയാണ്‌ എഴുതുന്നവര്‍ മാത്രം വായിക്കുന്ന ചില കാപട്യമാധ്യമങ്ങളും പത്രാധിപതരുണന്‍മാരും ലൈംഗിക ബുദ്ധി ജീവികളും ചേര്‍ന്ന്‌. `കുരുക്കഴിക്കുവാനല്ല ' `അഴിയാക്കുരുക്കുകള്‍' പിന്നെയും ഇടുവാനാണ്‌ അവര്‍ക്കു കൗതുകം!
സവര്‍ണ്ണന്‍ എന്നും അവര്‍ണ്ണന്‍ എന്നും ഇക്കാലത്തും മനുഷ്യനെ വേര്‍തിരിക്കുന്നതിന്‌ തുല്യമാണ്‌ സ്‌ത്രീയെ `സെക്‌സ്‌ വര്‍ക്കറെന്നും' - `സെക്‌സ്‌ വര്‍ക്കറല്ലാത്തവളെന്നും' വ്യവഛേദിക്കുന്നത്‌. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മ്ലേച്ഛമാണ്‌ അവളുടെ ലൈംഗിക-പ്രണയ വീരവാദങ്ങളും. മലയാളി പുരുഷന്മാര്‍ക്ക്‌ പതിവ്രതകളായ ധര്‍മ്മ പത്‌നികളില്‍ നിന്ന്‌ ലഭിക്കാതെ പോകുന്ന ശയനസുഖവും സ്‌നേഹവും സൗഹാര്‍ദ്ദവുമെല്ലാം നിര്‍ദ്ദിഷ്‌ട റേറ്റില്‍ തങ്ങള്‍ നല്‍കിക്കൊള്ളാമെന്ന സെക്‌സ്‌ വര്‍ക്കേഴ്‌സിന്റെ മാനിഫെസ്റ്റോയെ മലയാളി വീട്ടമ്മമാര്‍ പിച്ചിച്ചീന്തേണ്ടതാണ്‌. `പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായിക്കഴിയുന്നവര്‍, വിവാഹമോചനം നേടിയവര്‍, വിധവകള്‍, വിഭാര്യന്മാര്‍, ഭാര്യയോ ഭര്‍ത്താവോ ദൂരസ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വാര്‌ദ്ധക്യത്തിലേക്ക്‌ പ്രവേശിക്കുന്നവര്‍ എന്നിങ്ങനെ നിരവധി വിഭാഗക്കാര്‍. ഇവരുടെ ലൈംഗിക ആഗ്രഹങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടും?' നളിനിയേടത്തിയുടെ `ലൈംഗിക ഉദാരവല്‍ക്കരണ ചിന്തകള്‍' പലപ്പോഴും ചിരിച്ചു മണ്ണു കപ്പുവാന്‍ പോലും വക നല്‍കുന്നുണ്ട്‌!

No comments: