Tuesday, June 14, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 19

ആത്മശൂന്യത
ആത്മശൂന്യതയും അവബോധ രാഹിത്യവുമാണ്‌ നളിനിജമീലയുടെ ജീവിതത്തെ ഒരഴുക്കു ചാലാക്കി മാററിയത്‌. നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കുപോലും നാം തന്നെയാണ്‌ ഉത്തരവാദികള്‍ എന്ന 'സനാതന സത്യം' ബുദ്ധിജീവിയുടെ മേലങ്കി അണിയേണ്ടിവരുന്ന ഈ പാവം `സെ്‌ക്‌സ്‌ വര്‍ക്കര്‍' ഒരിക്കലും തിരിച്ചറിയുന്നതേയില്ല. ശാരീരിക ചോദനകള്‍ക്കൊപ്പം മനസ്സിനും അന്തരാത്മാവിനും മനുഷ്യന്റെ ഏറ്റവും ദിവ്യമായ വൈകാരിക വ്യവഹാരമായ മൈഥുനത്തില്‍ സുപ്രധാനസ്ഥാനമുണ്ടെന്ന്‌ അവര്‍ തിരിച്ചറിയാതെ പോകുന്നു. രതിക്രീഡാവേളയിലും മിഥുനങ്ങളുടെ അന്തരാത്മാവില്‍ പ്രസ്‌ഫുരിക്കുന്നത്‌ ദൈവീകമായ ദിവ്യപ്രേമമാണെന്ന്‌ നളിനിയേടത്തി ഗ്രഹിക്കുന്നതേയില്ല. വാസവദത്തയ്‌ക്ക്‌ അന്ത്യനിമിഷങ്ങളിലെങ്കിലും ഉദിച്ച ആ വിവേകബുദ്ധി ഈ സ്‌ത്രീയില്‍ വൈകിപ്പോലും, സംഭവിക്കുന്നില്ല. ആത്മഹന്താവായ ഈ അഭിസാരിക, ഉപനിഷത്തിലും മറ്റും പറയുന്ന കൂരിരുട്ടാല്‍ ആവൃതമായ ആസുര ലോകത്തിലേക്ക്‌ ജീവിച്ചിരിക്കുമ്പാള്‍ തന്നെ മൃതയായിപ്പോവുകയാണ്‌. വേശ്യയെ `സെക്‌സ്‌ വര്‍ക്കര്‍' മേലങ്കിയണിയിച്ച്‌ അവര്‍ക്ക്‌ സംഘടനാശക്തിയും ലൈംഗികസൈദ്ധാന്തികതയുമേകിയ ബുദ്ധിജീവി നേതൃത്വം അവരെ പെരുവഴിയിലുപേക്ഷിച്ച്‌ പൊതുജീവിതം പോലും അവസാനിപ്പിച്ച്‌ പിന്‍മാറുന്ന ആന്റി ക്ലൈമാക്‌സിലാണ്‌ ഈ ആത്മകഥ സമാപിക്കുന്നത്‌. മൈത്രേയന്‍ സെക്‌സ്‌ വര്‍ക്കേഴ്‌സുമായുള്ള ബന്ധം മാത്രമല്ല `പൊതുജീവിതം' തന്നെയും അവസാനിപ്പിക്കുന്നു. പോള്‍സണ്‍ റാഫേല്‍ അവരെ ഉപേക്ഷിച്ച്‌ `മറ്റു മേഖലകളിലേയ്‌ക്ക്‌' പോകുന്നു. സിവിക്‌ ചന്ദ്രനിലും, പവനനിലുമാണ്‌ ഇനി നേതൃത്വപ്രതീക്ഷയെന്നാണ്‌ ആത്മകഥയുടെ സൂചന.
കേരളത്തിലെ ഒട്ടനവധി താരുണ്യങ്ങള്‍ അയഥാര്‍ത്ഥമായ വിപ്ലവവ്യാമോഹങ്ങളില്‍ ഹോമിക്കപ്പെടാന്‍ കാരണക്കാരായവരില്‍ പ്രമുഖനായ സിവിക്‌ ചന്ദ്രനെപ്പോലുള്ളവര്‍, ഭ്രാന്ത്‌ പിടിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയും ഒക്കെ ചെയ്‌ത ആ ചെറുപ്പക്കാരുടെ പെറ്റമ്മമാരുടെ കണ്ണുനീര്‍ ഇപ്പോഴും ഉണങ്ങാതിരിക്കെയാണ്‌ മറ്റൊരു ആത്മാവിവേകത്തിന്‌ കോപ്പു കൂട്ടുന്നത്‌.
സിവിക്‌ ചന്ദ്രന്‍ പറയുന്ന വിപ്ലവകരമായ ലൈംഗിക സ്വാതന്ത്ര്യവും ലൈംഗികവൈചിത്ര്യവും കാംക്ഷിക്കുന്ന പുരുഷകേസരിമാരെ വാഴ്‌ത്തി പാവം പൂന്താനം എത്രയോ മുമ്പേ പാടിയിട്ടുണ്ട്‌:
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു
കുഞ്ചിരാമനായിടുന്നിതു ചിലര്‍
അമ്മയ്‌ക്കും പുനരച്ഛനും ഭാര്യയ്‌ക്കും
ഉണ്‍മാന്‍ പോലും കൊടുക്കുന്നില്ല ചിലര്‍
അഗ്നിസാക്ഷിയായൊരു പത്‌നിയെ
സ്വപ്‌നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍....

No comments: