നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 14
മനുഷ്യകാലത്തോളം പഴക്കമുള്ള കുലീനമായ `ഒരാദിമ വൃത്തിയാണു' സെക്‌സ് വര്‍ക്ക് എന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഉത്തരാധുനികലൈംഗിക സൈദ്ധാന്തികന്‍ ലൈംഗിക രോഗങ്ങളുടെ ചരിത്രം പഠിക്കാതെയാണ് അപ്രകാരം പുലമ്പുന്നത്. വ്യഭിചാരത്തിന്റെ ഉപോല്‍പ്പന്നമായ ഗുഹ്യരോഗങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഭൂമുഖത്ത് പൊട്ടിമുളച്ചതൊന്നുമല്ല. എല്ലാ നാഗരിക ചരിത്രങ്ങളിലും അവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലിംഗത്തില്‍ പഴുപ്പുള്ളവന്‍ അശുദ്ധനാണെന്നാണു ബൈബിള്‍ പറയുന്നത്. ഈജിപ്‌തില്‍ നിന്നു കണ്ടെത്തിയ 35 പാപ്പിറസുകളില്‍ ലൈംഗിക രോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആയൂര്‍വ്വേദത്തിലും സിഫിലിസ് തുടങ്ങിയ ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. 15-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഭാമിശ്രനാണ് സിഫിലിസിന്റെ സംസ്‌കൃതമായ 'ഫിരംഗം' എന്ന പദം ആദ്യമായി പ്രയോഗിച്ചത്. `ദുഷ്‌ടമായ സ്‌ത്രീയോനിയില്‍ ' സംഭോഗം ചെയ്യുന്നതു മൂലമാണ് ഗുഹ്യരോഗം ബാധിക്കുന്നതെന്ന് സുശ്രുതനും പറയുന്നു. ഗൊണോറിയായ്‌ക്ക് `പൂയമേഹം' എന്നും സിഫിലിസിന് `ഫിരംഗം' എന്നും 36 ഷാങ്കരോയിഡിനു' ഷാങ്കരാഭ എന്നുമാണു സംസ്‌കൃതതര്‍ജ്ജുമകള്‍..
എയ്‌ഡ്‌സ് പടര്‍ന്നു പിടിക്കുവാന്‍ `ലൈംഗികത്തൊഴിലാളിക'ളല്ല പുരുഷന്മാരാണ് കാരണക്കാരെന്നാണ് നളിനിജമീലയെ `മറയാക്കി' ലൈംഗിക ബുദ്ധിജീവി നടത്തുന്ന മറ്റൊരു പ്രസ്‌താവന! പുരുഷന് എച്ച്.ഐ.വി. രോഗാണു വരദാനം കിട്ടിയതാണെന്നാണ് ഇതു വായിച്ചാല്‍ തോന്നുക! എയ്‌ഡ്‌സ്‌ബാധിതരായി വീട്ടുകാരാലും നാട്ടുകാരാലും പരിത്യക്തരായ യുവതികള്‍ക്കായി മൈസൂറില്‍ `ജീവധാര' എന്നൊരു `അഭയകേന്ദ്രം' നടത്തുന്ന റവ.ഫാദര്‍. ജോസഫ് ചിറ്റൂരിനോടു ചോദിച്ചാല്‍ താന്‍ സംരക്ഷിക്കുന്ന ഭര്‍ത്തൃമതികള്‍ക്ക് ആ രോഗം ബാധിച്ചത് ആരില്‍ നിന്നാണെന്നും അവര്‍ക്ക് ആ രോഗം ലഭിച്ചത് എവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു തരും. 25 വയസ്സില്‍ താഴെയുള്ളവരെയാണു ലോകമാസകലം ഇന്നു എച്ച്. ഐ.വി. രോഗാണു ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. എയ്‌ഡ്‌സ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുഞ്ഞുങ്ങളുടെ ദീനരോദനം ലോകമനസാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചിരിക്കെ, ആ സത്യങ്ങളൊന്നും കാണുവാന്‍ നളിനിജമീല എന്ന സ്‌ത്രീയെ ലൈംഗികബുദ്ധിജീവികള്‍ അനുവദിക്കുന്നതേയില്ല!
പട്ടിണിയും `പഴകിയ ഭക്ഷണവും'
മലയാളിക്ക് ഒട്ടും പരിചയമില്ലാത്ത `ഒരഭിജാത ലൈംഗിക വര്‍ഗ്ഗത്തെക്കൂടി' ഈ ആത്മകഥ പരിചയപ്പെടുത്തുന്നുണ്ട്. Gigolos (പുരുഷവേശ്യകള്‍) ആണവര്‍. ഗേയും (Gay), M.S.M (Men having sex with men) ഒക്കെ നമ്മള്‍ സാധാരണക്കാരായ മലയാളികളുടെ `പരിമിതമായ' അറിവില്‍ വന്നുപെട്ടിട്ടുണ്ട്. എന്നാല്‍ ഈ `പുരുഷകേസരികള്‍' അക്കൂട്ടത്തില്‍പ്പെട്ടവരൊന്നുമല്ല. സ്‌ത്രീകള്‍ക്കായുള്ള `പുരുഷ സെക്‌സ്‌വര്‍ക്കേഴ്‌സ്' ആണിവര്‍. പുരുഷപ്രജകള്‍ക്കൊപ്പം സ്‌ത്രീജനങ്ങള്‍ക്കും കേരളത്തില്‍ ലൈംഗിക പിരിമുറുക്കമുണ്ടെന്ന് ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തുകാട്ടി സാമാന്യവല്‍ക്കരിക്കുന്ന ആത്മകഥാകാരി ആ അഭിനവതൊഴിലിനും കേരളത്തില്‍ അനന്തസാധ്യതകളുണ്ടെന്നാണു സൂചിപ്പിക്കുന്നത്! ഹാ! അങ്ങനെ പുരുഷന്‍ `സെക്‌സ് വര്‍ക്കറായും' സ്‌ത്രീകള്‍ `ഗിഗളോകളെയും' തേടിയിറങ്ങുന്നതായിരിക്കും മലയാളിയുടെ ഉത്തരാധുനിക ലൈംഗികസായാഹ്നങ്ങള്‍!
-പട്ടിണികിടക്കുന്നവനു പഴകിയ ഭക്ഷണം കൊടുക്കുന്നതിന് തുല്യമാണ് `ലൈംഗിക ദാരിദ്ര്യ' ത്തിനു വേശ്യാഗമനം പരിഹാരമാര്‍ഗ്ഗമാകുന്നത്! അതും വിലയീടാക്കിക്കൊണ്ടും!!
No comments:
Post a Comment