Wednesday, May 25, 2011

ദേവദാസിയും `സെക്‌സ്‌ വര്‍ക്കറും'

 നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 7
വേശ്യാവൃത്തി ചിരന്തനമാണെന്നും അന്നത്തെ ദേവദാസിയാണ്‌ ഇന്നത്തെ `സെക്‌സ്‌ വര്‍ക്കര്‍' എന്നുമുള്ള വാദഗതികള്‍ക്ക്‌ എത്രത്തോളം സാംഗത്യമുണ്ടെന്ന്‌ ഒന്നു പരിശോധിക്കാം:
ഭാരതത്തില്‍ പരക്കെയും കേരളത്തില്‍ സാമാന്യേനയും അത്രയൊന്നും പഴക്കം ചെല്ലാത്ത കാലം വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു `ദേവദാസിത്വം'. (താന്‍ പൗരോഹിത്യം വഹിച്ചിരുന്ന തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തോടനുബന്ധിച്ച്‌ സമീപഭൂതകാലം വരെ ദേവദാസീ സമ്പ്രദായം നിലനിന്നിരുന്നതായി കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരി ഈ ലേഖകനോടു വെളിപ്പെടുത്തിയിട്ടുള്ളതാണ്‌) പുരാതനഭാരതത്തിലെ ദേവദാസീ സമ്പ്രദായം ഒരു തൊഴിലെന്നതിലുപരി ഒരു കുലമായിരുന്നു. ആ കുലത്തില്‍ പിറന്നവരെല്ലാം ആ `തൊഴില്‍' ചെയ്‌തു പോന്നു. `തൊഴിലാണോ' `കുലമാണോ' ആദ്യമുണ്ടായതെന്നു പരിശോധിക്കുന്നത്‌ അണ്ടിയാണോ മാങ്ങയാണോ ആദ്യമുണ്ടായതെന്ന്‌ അന്വേഷിക്കുന്നതിന്‌ തുല്യമാകും! ഇനി അന്നത്തെ ദേവദാസിയെയും ഇന്നത്തെ `സെക്‌സ്‌ വര്‍ക്കറി'നെയും ഒന്നു താരതമ്യം ചെയ്‌തു നോക്കാം. സൗന്ദര്യ ധാമങ്ങളായിരുന്ന അന്നത്തെ `സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' വിദുഷികളും 64 കലകളിലും സര്‍വ്വോപരി കാമകലയിലും നിഷ്‌ണാതരായിരുന്നു.
(ഇവിടെ, 65-ാമതൊരെണ്ണം സാക്ഷാല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന്‌ ചില രസികശിരോമണികള്‍ പറഞ്ഞിട്ടുള്ളകാര്യം ഓര്‍ക്കാതെ പോകുവാന്‍ വയ്യ!) പ്രൗഢകളായ ആ തന്വംഗിമാരുടെ നൂപുര ധ്വനികളിലാണ്‌ തെന്നിന്ത്യന്‍ സംഗീതവും സാഹിത്യവും കലകളുമൊക്കെ ഏറെക്കുറെ തഴച്ചു വളര്‍ന്നത്‌. ഭക്തോത്തമകളും മന്മഥപ്രവീണരുമായിരുന്നു അന്നത്തെ `സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' `വൈശിക തന്ത്രം', കുട്ടിനീ മതം തുടങ്ങിയ പ്രവൃത്തിപരിചയഗ്രന്ഥങ്ങളായ (work experience books) വേശ്യോപനിഷത്തുകള്‍ തങ്ങളുടെ `വൃത്തിയില്‍' ദേവദാസികള്‍ എത്രത്തോളം വിദഗ്‌ധരായിരുന്നുവെന്ന്‌ വിളിച്ചോതുന്നുണ്ട്‌.
മണിപ്രവാള കൃതികളില്‍ ഏറ്റവും പ്രാചീനമായ `വൈശിക തന്ത്രം' അനംഗസേന എന്ന ഗണികയ്‌ക്ക്‌ പെറ്റമ്മ നല്‍കുന്ന ഉപദേശമാണ്‌. എട്ടാം ശതകത്തില്‍ രചിക്കപ്പെട്ട `കുട്ടിനീമത' ത്തോട്‌ `വൈശിക തന്ത്ര' ത്തിന്‌ പലപ്രകാരത്തിലും കടപ്പാടുണ്ട്‌. 12 ഉം 13 ഉം നൂറ്റാണ്ടുകളില്‍ കന്നടയിലും ഇത്തരം കൃതികള്‍ സാധാരണമായിരുന്നു. നേമിചന്ദ്രന്റെ `ലീലാവതി', കവിമന്നന്റെ `സ്‌തനനഷ്‌ടം' ജന്നന്റെ `സമര തന്ത്രം'. അണ്‌ഡയ്യയുടെ `മദന വിജയം' എന്നിവ പ്രസിദ്ധങ്ങളായ കന്നട ഗണികാഗ്രന്ഥങ്ങളാണ്‌. എന്നാല്‍ ബ്രാഹ്മണര്‍ക്കും നാടുവാഴികള്‍ക്കും ദേവദാസികള്‍ക്കും മാത്രമായി രചിക്കപ്പെട്ട ഈ കൃതികളുമായി സാധാരണക്കാര്‍ക്ക്‌ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ദേവദാസികളുമായെന്നതു പോലെ തന്നെ. ദേവദാസീ സമ്പ്രദായം സമ്പന്ന ന്യൂനപക്ഷത്തിന്റെ മാത്രം ഒരു നേരമ്പോക്കുപാധിയായിരുന്നു. ന്യൂനപക്ഷ ലൈംഗികാസക്തിയെ മാത്രമായിരുന്നു `ദേവദാസിത്വം' ശമിപ്പിച്ചിരുന്നതെങ്കിലും ഒരു ദേവദാസിയാകുകയെന്നത്‌ `മനോവാസനാത്യാഗം' പോലെ ക്ഷിപ്രസാധ്യമല്ലാത്ത ഒരു കര്‍മ്മമായിരുന്നുവെന്ന്‌ `വൈശിക തന്ത്രം' അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നു. നൂലിന്മേല്‍ നടക്കുന്നതിനെക്കാള്‍ നൂറുമടങ്ങ്‌ പ്രയാസമാണ്‌ `വേശ്യാത്തൊഴില്‍' അഭ്യസിക്കാനെന്ന മുഖവുരയോടെയാണ്‌ കാവ്യം ആരംഭിക്കുന്നതുതന്നെ. അമ്മ `സെക്‌സ്‌ വര്‍ക്കര്‍' മകളോട്‌ താന്‍ ഏര്‍പ്പെടാന്‍ പോകുന്ന `തൊഴിലിന്റെ' മഹത്വം വ്യക്തമാക്കുന്നു.
'എന്നാലുഴക്കെ മകളേ പലനാളിവണ്ണം
അഭ്യാസയോഗബലമാനയെടുക്കുമല്ലോ'
(ഉഴക്കുക = പരിശീലിക്കുക, ബുദ്ധിമുട്ടുക)
`കല്ലിനെ പെരിയ കായലാക്കലാം.
കായലെ പെരിയ കല്ലുമാക്കലാം.
വല്ലവാമ പലനാളുഴയ്‌ക്കിലും
വല്ലുവാനരിയ തൊന്റ്‌ വൈശികം'
`വേശ്യത്തൊഴില്‍' അഭ്യസിക്കാനുള്ള വിഷമം ഇതില്‍ കൂടുതല്‍ ഭംഗിയായി വ്യക്തമാക്കുവാന്‍ കഴിയുമോ? ആര്‍ക്കും ചാടിക്കയറി ഏര്‍പ്പെടാവുന്ന ഒരു `വൃത്തി' ആയിരുന്നില്ല അന്നത്തെ `ഗണികാ വൃത്തി'. 64 കലകളിലും സര്‍വ്വോപരി കാമകലയിലും നിഷ്‌ണാതരായിരുന്നു അന്നത്തെ ഒരു `സെക്‌സ്‌ വര്‍ക്കര്‍' എന്നതു തന്നെ തന്റെ `തൊഴിലില്‍' അവള്‍ എത്രത്തോളം വിദഗ്‌ദ്ധയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നുണ്ടല്ലോ.
കേരളത്തിലെ ഗണികകളില്‍ നല്ലൊരു വിഭാഗം സാഹിത്യപ്രണയികളായിരുന്നുവെന്ന്‌ ഭാഷാ ചരിത്രം വായിച്ചാല്‍ ആര്‍ക്കും വ്യക്തമാകും. അതിനാലാണ്‌ മണിപ്രവാളകവികള്‍ അവരെ പുകഴ്‌ത്തി കാവ്യങ്ങള്‍ രചിച്ചത്‌. `ഉണ്ണുനീലി സന്ദേശവും' ഒരര്‍ത്ഥത്തില്‍ ഒരു വാരനാരിക്കുള്ള മംഗളപത്രമാണ്‌. ഉത്തരേന്ത്യയില്‍ അസ്‌തമിക്കാന്‍ തുടങ്ങുന്ന സംസ്‌കാരങ്ങളാണ്‌ വിന്ധ്യനിപ്പുറം വെളിച്ചം വിതറിയതെന്ന പരമാര്‍ത്ഥം വിളിച്ചോതുന്നതവയാണ്‌ ശൃംഗാരപ്രധാനങ്ങളായ `അച്ചീചരിതങ്ങളും', `സന്ദേശകാവ്യങ്ങളും', പദ്യരത്‌നവുമെല്ലാം. കേരളത്തില്‍ 12-14 നൂറ്റാണ്ടുകളില്‍ ബ്രാഹ്മണരും സമ്പന്നരായ നാടുവാഴികളും മാത്രം `കളിച്ച കളി' യാണ്‌ അവയ്‌ക്ക്‌ ഉന്മത്തഗന്ധമേകുന്നത്‌. ഇതാകട്ടെ ക്രിസ്‌ത്വാബ്‌ധാരംഭത്തിന്‌ തൊട്ടുമുമ്പും പിമ്പുമുള്ള നൂറ്റാണ്ടുകളില്‍ ഉത്തരേന്ത്യയിലെ ഗണികാഗൃഹങ്ങളില്‍ ആടിത്തിമിര്‍ത്തിരുന്നവയും!
തന്റെ `കാമസൂത്രത്തി' ലെ ഒരു 20 അധികരണം തന്നെ വേശ്യത്വത്തിനായാണ്‌ (വേശ്യയെ സംബന്ധിച്ച കാര്യങ്ങള്‍) ആചാര്യ വാത്സ്യായനന്‍ നീക്കിവെച്ചിരിക്കുന്നത്‌. `വൈശികാധികരണ' ത്തിലെ സൂത്രം 17-ല്‍ 21 അഭിഗമനത്തിനു പൂര്‍വ്വികാചാര്യന്മാര്‍ പറഞ്ഞ കാരണങ്ങള്‍ അനുരാഗം, ഭയം, ധനത്തിനോടുള്ള ആഗ്രഹം, എതിര്‍പ്പ്‌, പ്രതികാരം, കേവലമായ ജിജ്ഞാസ, പക്ഷപാതിത്തം, വ്യസനം, മതപരമായ കര്‍ത്തവ്യം, പ്രശസ്‌തി, സഹതാപം, സൗഹൃദപൂര്‍വ്വമായ ഉപദേശം, പരിചയം, സദ്‌ബന്ധം, വികാരാസക്തി, സമവയസ്‌ക്കത, സജാതീയത്വം, അയല്‍വാസിത്തം, നിരന്തരം സമ്പര്‍ക്കം, അന്തസ്സ്‌ എന്നിവയാണെന്ന്‌ ആചാര്യന്‍ വ്യക്തമാക്കുന്നുണ്ട്‌. (ഇതില്‍ എതിര്‍പ്പും, പ്രതികാരവും ധനത്തോടുള്ള ആഗ്രഹവും വികാരാസക്തിയുമാണ്‌ നളിനിയേടത്തിയുടെ അഭിഗമനത്തിനുള്ള കാരണങ്ങള്‍!) സാമ്പത്തിക ലബ്‌ധി, അപകടമുക്തി, സ്‌നേഹം എന്നിങ്ങനെ മൂന്നു മുഖ്യകാരണങ്ങളാണ്‌ വേശത്തത്തിന്‌ കാരണമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. അനുരാഗം, പക്ഷപാതിത്തം, സഹതാപം, വ്യസനം, പരിചയം, സദ്‌ബന്ധം, സമവയസ്സ്‌്‌, സജാതീയത്വം, നിരന്തരസമ്പര്‍ക്കം, അന്തസ്സ്‌ തുടങ്ങിയവ സ്‌നേഹവുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങളാണെന്നും എതിര്‍പ്പ്‌, പ്രതികാരം, മതപരമായ കര്‍ത്തവ്യം തുടങ്ങിയവ അപകടമുക്തിപ്രദങ്ങളാണെന്നുമാണ്‌ വാത്സ്യായനന്റെ അഭിപ്രായം. എന്നാല്‍ ഇതിലെല്ലാമുപരിയായി, വൈശികത്വത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ, അദ്ദേഹം സുപ്രധാനമായ ഒരു വ്‌സ്‌തുത അടിവരയിട്ടു പറയുന്നുണ്ട്‌.
കാമസൂത്രം: വൈശികാധികരണം: സൂത്രം 13,14
നായികാ ഗുണങ്ങള്‍: `സൗന്ദര്യം, യൗവ്വനം, ഭാഗ്യലക്ഷണങ്ങള്‍, മധുരമായ സംസാരം, നായകഗുണങ്ങളില്‍ താല്‍പ്പര്യം,നായകന്റെ ധനത്തില്‍ താല്‍പ്പര്യമില്ലായ്‌മ, രതിസംഭോഗശീലത്വം, സ്ഥിരമതിത്വം, സമജാതിത്വം, ഉത്‌ക്കര്‍ഷേച്ഛ, പദവിയില്‍ താണുപ്രവര്‍ത്തിക്കാത്ത അവസ്ഥ. കലാപാടവം എന്നിവയുള്ളവളായിരിക്കണം `നായിക' (സൂ. 13)
`നായികയ്‌ക്ക്‌ ബുദ്ധിശക്തി, വ്യക്തിത്വം, നല്ല പെരുമാറ്റം, സത്യസന്ധത, നന്ദി, ക്രാന്തദര്‍ശിത്വം, വാക്കുപാലിക്കല്‍, ദേശകാലജ്ഞാനം, നാഗരികത എന്നിവയും യാചന, പൊട്ടിച്ചിരി, പരദൂഷണം മറ്റുള്ളവരുടെ കുറ്റം കാണല്‍, കോപം, അത്യാഗ്രഹം എന്നിവയില്ലായ്‌മയും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കായ്‌ക, മുന്നിട്ടറങ്ങി സംസാരിക്കായ്‌ക, കാമശാസ്‌ത്രവിജ്ഞാനം, കലാവിജ്ഞാനം എന്നീ സാധാരണ ഗുണങ്ങളുമുണ്ടായിരിക്കണം.(സൂ. 14)

No comments: