വ്യവഹാരത്തിലും (Transactional), ആദ്ധ്യാത്മികതയിലും (Transcendental) സമബുദ്ധി പുലര്‍ത്തിയ മനീഷിയായിരുന്നു നിത്യചൈതന്യ യതി. `അദ്ധ്യാരോപദര്‍ശനം' പറയുന്നതിനിടയ്‌ക്ക് ഒരു നിമിഷം കണ്ണുതുറന്ന് കോയമ്പത്തൂരില്‍ നിന്ന് ലൈബ്രറിയില്‍ പാകാനുള്ള ടൈല്‍സ് വരാന്‍ വൈകുന്നതെന്തെന്ന് ഒരു ലൗകികനെപ്പോലെ അദ്ദേഹം ആകാംക്ഷ പൂണ്ടു. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ ചെയ്‌ത് അത്ഭുതസന്യാസിയായി. നടരാജഗുരുവില്‍നിന്നാണ് വ്യവഹാരത്തെയും ആത്മവിദ്യയെയും ഇണക്കുന്ന ഈ രാസവിദ്യ താന്‍ പഠിച്ചതെന്നാണ് ഒരിക്കല്‍ പറഞ്ഞത്. ഒരേസമയം ഒരുവനെ കോപാക്രാന്തനായി ഭര്‍ത്സിക്കുമ്പോള്‍ തന്നെ മറ്റൊരുവനെ സ്‌നേഹവചസ്സുകളാല്‍ പരിലാളിക്കുവാനും നടരാജഗുരുവിന് കഴിയുമായിരുന്നുവത്രേ!
ജീവിതവിദ്യയുടെ ചെമ്മഞ്ഞിച്ചാറ് `അധികാരികളായ ഓരോരുത്തര്‍ക്കും യഥാവിധി പകര്‍ന്നു നല്‍കുന്നതില്‍ നിത്യചൈതന്യയതിയോളം വിജയിച്ച സന്യാസിവര്യന്മാര്‍ ഇല്ലെന്നുവേണം പറയുവാന്‍.
ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു യതിയുടെ പ്രമാണം. പ്രണയപരവശനായ തരുണനൊപ്പം സുന്ദരിയായ തരുണിയെത്തന്നെ ഒരിക്കലദ്ദേഹം നഗരക്കാഴ്‌ചയ്‌ക്കയച്ചു. വനമാലിയില്‍ അലിഞ്ഞ യദുകുലകന്യകയുടെ വിപ്രലംഭം ഗീതഗോവിന്ദവ്യാഖ്യാനമായ `പ്രേമവും ഭക്തി'യിലൂടെ തൊട്ടറിഞ്ഞ അദ്ദേഹത്തിന് കാമുകഹൃദയങ്ങളറിയുവാന്‍ തെല്ലും പ്രയാസമുണ്ടായിരുന്നില്ല.
ശരണാര്‍ത്ഥികളില്‍ ഒരുവനെപ്പോലും ഒഴിവാക്കാതെ സ്വധര്‍മ്മത്തില്‍ പ്രതിഷ്‌ഠിക്കുക എന്നതായിരുന്നു യതിയുടെ കര്‍മ്മസാഫല്യം. എന്നാല്‍ പന്നിയുടെ കൈകളില്‍ മുത്തുമണികള്‍ എത്തിപ്പെടാതിരിക്കാന്‍ സാധനാപാഠങ്ങള്‍ക്കിടയില്‍ അദ്ദേഹം നിരാന്ത ജാഗ്രത പുലര്‍ത്തി. സ്വധര്‍മ്മത്തെക്കുറിച്ചുള്ള ഗീതാവാക്യമായിരുന്നു ആത്മതാരകം. സ്വാത്മനിശ്ചയത്തില്‍ മൃദുവായി മൃദുവായി അമരുവാന്‍ അദ്ദേഹം ഏവരേയും പ്രേരിപ്പിച്ചു.
Suppression ന്റെ (അടിച്ചമര്‍ത്തല്‍) ഗുരുവായിരുന്നില്ല യതി. Sublimation ന്റെ (ഉത്ഥാപനം) Back Piper ആയിരുന്നു. എലിക്കുഞ്ഞുങ്ങളെപ്പോലെ തനിക്കു ചുറ്റും കൂടിയവരില്‍ ഏവരെയും അവിദ്യയുടെ ചെളിക്കുണ്ടുകളില്‍നിന്ന് അദ്ദേഹം കരകടത്തിവിട്ടു.
'Atleast you could have rape some of the beautiful girls here', തന്റെ ചാരത്ത് അര്‍ജുനവിഷാദയോഗികളായി വന്നിരിക്കാറുണ്ടായിരുന്ന ചെറുപ്പക്കാരെ ഒരിക്കലദ്ദേഹം കളിയാക്കി. `പണ്ടേതോ വിഡ്‌ഢി പറഞ്ഞു. കണ്ണടച്ചിരുന്നാല്‍ മോക്ഷം കിട്ടുമെന്ന്. കണ്ണു തുറന്നു കാണണം. കൈമുറുകെ പിടിച്ച് അദ്ധ്വാനിക്കണം', സര്‍ഗ്ഗാത്മകമായ അദ്ധ്വാനത്തില്‍ തനുവും മനവും മറന്ന് അദ്ദേഹം സായൂജ്യം കണ്ടെത്തി. വിരലുകള്‍ നീരുവന്ന് വിങ്ങുവോളം കംപ്യൂട്ടറില്‍ പണി ചെയ്‌ത് അദ്ധ്വാനോപനിഷത്തിനു മാതൃകയായി.
മന്ദഹാസത്തെയും സൗന്ദര്യത്തെയും യതി സംരക്ഷിച്ചു. ഒപ്പം നിഷേധാത്മകതയ്‌ക്കും ഉദാഹരണമായി. കൊടിയ തിന്മയെപ്പോലും കൂടെ നിര്‍ത്തി. എണ്ണമറ്റ വിഭൂതികളുടെ ലീലാപാടങ്ങള്‍ നിവര്‍ത്തി ഒരു നട്ടുവനെപ്പോലെ കലാകാരനായും കാമുകനായും യോഗിയായും ലൗകികനായും വര്‍ണ്ണമേലാപ്പുകള്‍ മാറിമാറി അദ്ദേഹം ആടിത്തിമിര്‍ത്തു. ഞൊടി നേരത്തേയ്‌ക്ക് പൂര്‍വാശ്രമത്തിലെ ജയചന്ദ്രപണിക്കരായിപ്പോലും ചിലപ്പോള്‍ ഭാവദര്‍ശനം കാട്ടി. മണി ഓര്‍ഡര്‍ വരാതിരുന്നപ്പോള്‍ ഒരു സംസാരിയെപ്പോലെ ഖിന്നനായി. വന്നപ്പോഴാകട്ടെ തൊട്ടുപുറകേ വന്ന നിര്‍ധനന്റെ പൊക്കണത്തിലേക്ക് അതു പ്രസാദമായി നല്‍കി.
ബ്രഹ്മാണ്‌ഡത്തിലെ വൃദ്ധിക്ഷയങ്ങള്‍പോലെയാണ് പിണ്‌ഡാണ്‌ഡത്തിലെ സുഖദുഃഖങ്ങളെന്ന് അദ്ദേഹം അരികിലണഞ്ഞവരോടോതി. ഏതിലും നടുനിലദീക്ഷിക്കുവാനും വിവേകവും ക്രമവും ജീവിതത്തില്‍ അനുവര്‍ത്തിക്കുവാനും അവരെ പ്രേരിപ്പിച്ചു. അച്ചടക്കമാര്‍ന്ന സാധനങ്ങളുടെയോ, ഇന്ദ്രിയനിഗ്രഹത്തിന്റെയോ വക്താവായില്ല. (തങ്ങള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നും, ആശ്രമത്തില്‍ അത് അനുവദനീയമാണോ എന്നും ഒരു വിദേശദമ്പതികള്‍ ഒരിക്കല്‍ യതിയോട് ആരാഞ്ഞു. 'Why not? go and have it'. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. കണ്ണിലൂടെ കണ്ണീരു വരുന്നു. മൂക്കിലൂടെ മൂക്കട്ട, ത്വക്കിലൂടെ വിയര്‍പ്പ്. ലൈംഗികാവയവത്തിലൂടെയുള്ള സ്‌ഖലനത്തിനു താന്‍ അതിലുപരിയായി ഒരു പ്രാധാന്യവും കല്‌പിക്കുന്നില്ലെന്ന് ചുറ്റും കൂടിയിരുന്ന മലായാളി പൗരന്മാര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. മറ്റൊരിക്കല്‍ ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും എന്ന ധ്യാനഖണ്‌ഡം dictate ചെയ്യവേ ജീവന്റെ രസം ഉപ്പാണെന്നു പറയുന്നതിനിടയ്‌ക്ക് തല്‌പരരായ ചെറുപ്പക്കാര്‍ക്ക് അത് രുചിച്ചു നോക്കാവുന്നതാണെന്നാണ് പറഞ്ഞത്.
നന്മയെയും തിന്മയെയും സ്‌നേഹത്തെയും ദ്വേഷത്തെയും അഹന്തയെയും വിനയത്തെയും കാരുണ്യത്തെയും സ്വാര്‍ത്ഥതയെയും കൃഷ്‌ണപക്ഷത്തെയും ശുക്ലപക്ഷത്തെയും പാപത്തെയും പുണ്യത്തെയും ദ്വന്ദ്വങ്ങളെയെല്ലാം ഒരു മഹാമേരുവിനെപ്പോലെ യതി പരിരംഭണം ചെയ്‌തു. പീഡിതര്‍ക്കും പാപികള്‍ക്കും അഭയമേകി. `മഗ്‌ദലനയ്‌ക്കല്ലേ യേശുവിനെ ആവശ്യം? പിലാത്തോസില്ലാതെ ക്രിസ്‌തുവുണ്ടോ?' സന്ദേഹത്തിന്റെ വാള്‍മുനകളെ അദ്ദേഹം പലപ്പോഴും ഒടിച്ചു. തന്നെ ദൈവപുത്രനാക്കുവാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ പച്ച മനുഷ്യന്റെ വിക്രിയകള്‍ കാട്ടി. ഒപ്പമുള്ള കുമാരിമാരില്‍നിന്ന് തന്നിലേക്ക് ഊര്‍ജ്ജപ്രസരണം സംഭവിക്കാറുണ്ടെന്ന് പറഞ്ഞ് നല്ല നടപ്പുകാരായ മലയാളിഭക്തന്മാരെ ഞെട്ടിച്ചു. (മറ്റൊരിക്കല്‍ തന്നെ വന്നു കെട്ടിപ്പുണര്‍ന്ന മാനസപുത്രി, `എങ്ങനെയുണ്ട് ഗുരു? എന്നു ചോദിച്ചതിന്, ചേര ഇഴയുമ്പോലെയുണ്ട് മോളെ' എന്നായിരുന്നു മറുപടി.
ദസ്‌തയോവിസ്‌കിയെയും വാന്‍ഗോക്കിനെയും ബിഥോവനെയും പ്രണയിച്ചവന് ഭഗവാന്‍ രമണന്റെ മാര്‍ഗം ഉപദേശിക്കുവാനും കഴിഞ്ഞു. (മൂന്നു കഴുവേറികള്‍ എന്നായിരുന്നു അദ്ദേഹം അവര്‍ക്കു നല്‍കിയ ഓമനപ്പേര്). ഖലീല്‍ ജിബ്രാന്റെ നരകതീര്‍ത്ഥാടനങ്ങളെക്കുറിച്ചും വാന്‍ഗോക്കിന്റെ ഉന്മാദദിനങ്ങളെക്കുറിച്ചും വള്ളത്തോളിന്റെ ദരിദ്രകാലത്തെക്കുറിച്ചുമോര്‍ത്ത് അദ്ദേഹം ചകിതനായി. ഇങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ തനിക്കും അല്‌പം കള്ള് കുടിച്ചു നോക്കിയാല്‍ കൊള്ളാമെന്നായിരുന്നു എ. അയ്യപ്പനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്!
കണ്ണിമാങ്ങാ അച്ചാറില്‍നിന്ന് കാള്‍സാഗനിലേക്കും കാക്‌റ്റസുകളില്‍നിന്നു സാമവേദത്തിലേക്കും യതി മാനസസഞ്ചാരം നടത്തി. (മുള്‍മുനകള്‍ ഉണ്ടെങ്കിലും നവോഢകളെപ്പോലെ സൂനഗാത്രികളായ കാക്‌റ്റസുകളെ എന്റെ താമരക്കണ്ണീ, എന്റെ മത്തങ്ങാക്കണ്ണീ എന്ന് യതി വിളിക്കുമ്പോള്‍ ഏതോ കാമുകന്‍ ഏതോ കാമുകിയുടെ കാതുകളില്‍ എന്റെ പൊന്നേ എന്ന് മന്ത്രിക്കുംപോലെ തോന്നും!)
ദൈവം സ്‌നേഹമാകുന്നു എന്നതിന്റെ മഹനീയദൃഷ്‌ടാന്തമായിരുന്നു നിത്യചൈതന്യയതിയുടെ ജീവിതം. കാലില്‍ ചെളിപുരളാതെ, ക്രൂശിതരാകാതെ ഭൂമിയില്‍ പിച്ചവയ്‌ക്കേണ്ടതെങ്ങനെയെന്നാണ് സഹചരരെ അദ്ദേഹം പഠിപ്പിച്ചത്.
ബോധശാസ്‌ത്രമായിരുന്നു ഏറെ പ്രിയങ്കരം. അറിവിന്റെ പൂന്തോപ്പുകള്‍തോറും ഉന്മത്തനായി പറന്നു നടക്കുകയായിരുന്നല്ലോ എന്നും. മൂന്ന് ബൃഹത് വാല്യങ്ങളിലായി ബൃഹദാരണ്യകം എഴുതി തീര്‍ന്നപ്പോള്‍ പറഞ്ഞു; ഒരായുഷ്‌ക്കാലം കൊണ്ടാര്‍ജ്ജിച്ച അറിവിന്റെ ക്രോഡീകരണം. എന്നാല്‍ അറിവ് പടര്‍വള്ളികളായി വന്ന് വാക്കിംഗ് സ്റ്റിക്കില്‍ ചുറ്റി. മനനകാണ്‌ഡങ്ങളിലോരോന്നിലും ദൈവദൂതരെന്നപോലെ പൂര്‍വസൂരികളുടെ വാങ്‌മയങ്ങള്‍ ഗ്രന്ഥങ്ങളായി തേടിയെത്തി. അറിവിന്റെ ഖബറാണെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച പുസ്‌തകങ്ങള്‍ തന്നെ, എന്നെ എടുക്ക്, എന്നെ എടുക്ക് എന്ന് അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു.
താന്‍ കണ്ട സ്വപ്‌നങ്ങള്‍ ദിവസേന എഴുതിവയ്‌ക്കുന്ന ശീലമുണ്ടായിരുന്നു യതിക്ക്. ആ സ്വപ്‌നങ്ങള്‍ തന്നെ മതി ബൃഹത്തായ എത്രയോ ഗ്രന്ഥങ്ങള്‍ക്ക്. ശ്രീനാരായണനും രമണമഹര്‍ഷിയും, ഉമയെന്ന പൂച്ചക്കുഞ്ഞും, കാള്‍മാര്‍ക്‌സും, ഷെഗാളുമെല്ലാം അവയില്‍ നിരന്നു. ഒരിക്കല്‍ കണ്ടത് വര്‍ക്കല റെയില്‍വേസ്റ്റേഷനില്‍നിന്ന് ബോബ്‌ഡില്ലന്‍ പാടുന്നതായിരുന്നു; 'How many miles a man must walk before you call him a man?'പാതിരാവില്‍ ടെലിഫോണ്‍ മുഴങ്ങുമ്പോള്‍ കണ്ടുകൊണ്ടിരുന്ന സ്വപ്‌നം പാതിവഴിക്ക് നിര്‍ത്തി റിസീവര്‍ എടുക്കും. ശേഷനിദ്രയില്‍ സ്വപ്‌നത്തിന്റെ തുടര്‍ഭാഗം.
സഹചരന്മാരുടെ ജീവിതം എങ്ങനെ മധുരോദാരമാക്കാമെന്നതായിരുന്നു യതിയുടെ മനനവിഷയങ്ങളില്‍ മുഖ്യം. ധ്യാനസുന്ദരമായ ജീവിതം, കാവ്യപുഷ്‌ക്കലമായ മനസ്സ്, മനോ-വാക്-കായ സാമഞ്‌ജസ്യം, ആത്മബോധവും ഭൂതഭൗതികതയും, സരളമാര്‍ഗ്ഗം..എന്നിങ്ങനെ പ്രഭാഷണവിഷയങ്ങളിലോരോന്നിലും ആനന്ദചിത്തത തുളുമ്പി. അറിവ് ദുഃഖമില്ലാതെ ജീവിക്കുവാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്.
ഹെന്‍ട്രി ബര്‍ഗ്‌സണും ഷോഡിങ്കറും ഇമ്മാനുവല്‍ കാന്റും റൂസോയും റൂമിയും മാറ്റീസും ഹൃദയത്തിലെ ആരാധനാസൗഭഗങ്ങളായി. എഡാവാക്കറും ആന്റീലാര്‍ക്കിനും വില്യംറിക്കറ്റും ഹാരീഡേവിസും അനന്തരാത്മാവിലെ സ്‌നേഹസല്ലാപികളായി.
ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. സയന്‍സായിരുന്നു മതം. ശാസ്‌ത്രീയമായ അറിവിന്റെ വെളിച്ചത്തില്‍ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കുമായിരുന്നുള്ളൂ. ഗീതാസ്വാധ്വായത്തില്‍നിന്ന് ബൃഹദാരണ്യകത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ശാസ്‌ത്രദൃഷ്‌ടി അത്ഭുതകരമാംവണ്ണം ഗഹനമായി. ഗ്രന്ഥഭാഷ്യങ്ങള്‍ മാനുഷികതയുടെ മുന്‍കുതിപ്പുകളായിരുന്നു. ജീവിതോന്മുഖമല്ലാത്ത വ്യാഖ്യാനങ്ങളെ പുറംകൈകൊണ്ട് തട്ടിമാറ്റി..ആത്മതാരകമായിരുന്ന നാരായണഗുരുപോലും തന്റെ അനേകം പൂവാടികളിലൊന്നായിരുന്നുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്.
സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുക എന്നതായിരുന്നു യതിയുടെ സന്ന്യാസമാര്‍ഗ്ഗം. ധനത്തിലും സ്‌നേഹത്തിലും മറ്റാരേക്കാളും അദ്ദേഹം ധൂര്‍ത്തനായി. തന്റെ വിലപ്പെട്ട വസ്‌തുക്കള്‍ മോഷ്‌ടിച്ചുകൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി.
ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യയതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്‌ഠിക്കാത്ത തത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാര്‍ത്ഥനയും സംഗീതവും പൂന്തോട്ടനിര്‍മ്മാണവുമെല്ലാം വെറും ടൈം പാസ്സ് ആണെനനും ആത്യന്തികമായ ലക്ഷ്യം ആത്മതത്വത്തില്‍ ഉറയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ധമൂലമധശാഖിയായിരുന്ന ഒരു മഹാശ്വത്ഥമായിരുന്നു നിത്യചൈതന്യയതി. കണ്ണിലും കാതിലും കര്‍പ്പൂരമഴ പകര്‍ന്നിരുന്ന ഒരു വിശ്വാസതാരകം.
3 comments:
Excellent
very good. its really inspiring
hari it is green! love - regards:)
Post a Comment