നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 2
അത്യാപല്‍ക്കരം
ലൈംഗിക പിരിമുറുക്കവും കപടസദാചാരബോധവും കുമാരീ-ശിശുപീഡനങ്ങളിലും അനുബന്ധമായ മൃഗീയലൈംഗികതകളിലും വരെ എത്തിനില്‍ക്കുന്ന കേരളീയ സന്ദര്‍ഭത്തില്‍, നമ്മെ വീണ്ടും വീണ്ടും ഇരുള്‍ക്കുഴികളിലേക്കു തള്ളിവീഴ്‌ത്തുന്ന വിധ്വംസക ലൈംഗിക ചിന്തകളാണ് ഒരു `അഭിസാരികയുടെ ആത്മകഥ' എന്ന വ്യാജേന ന്യൂനപക്ഷ ലൈംഗിക ബുദ്ധിജീവികള്‍ അവതരിപ്പിക്കുന്നതെന്നതാണ് ഈ ഗ്രന്ഥം ദയാരഹിതമായി ആക്രമിക്കപ്പെടേണ്ടതിന്റെ പ്രധാന കാരണം. മലയാളി വീട്ടമ്മമാര്‍ക്കൊന്നും സ്‌നേഹിക്കാനും മൈഥുനസുഖം നല്‍കാനും അറിയില്ലെന്നും ഞങ്ങളിതാ ഇവ രണ്ടും നൂറു മുതല്‍ ആയിരവും അതിനുമീതെയും തുകകള്‍ക്ക് യഥേഷ്‌ടം നല്‍കുവാന്‍ സന്നദ്ധരായി ഒരുങ്ങി നില്‍ക്കുന്നുവെന്ന് ഒരഭിനവ ആമ്രാപാലികയെക്കൊണ്ട് പ്രഘോഷിപ്പിക്കുന്നതാണ് ഈ ആത്മകഥ. മറ്റൊരര്‍ത്ഥത്തില്‍, ഒരല്‍പ്പം സൗന്ദര്യവും അവയവപുഷ്‌ടിയുമുള്ള ഏതൊരു പെണ്‍കുട്ടിയുടെയും ശരീരത്തെ പിച്ചിച്ചീന്താന്‍ 18 വയസ്സു മുതല്‍ 70ഉം 80ഉം വയസ്സുവരെയുള്ള കാമാന്ധര്‍ കറങ്ങിനടക്കുന്ന കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ മനസ്സിനെകൂടി റാഞ്ചാന്‍ ഒരു സംഘം ന്യൂനപക്ഷലൈംഗിക ബുദ്ധിജീവികള്‍ നടത്തുന്ന പാഴ്‌ശ്രമമാണിത്. ലൈംഗികദാരിദ്ര്യത്തിനും ലൈംഗികപിരിമുറുക്കത്തിനും ശാശ്വത പരിഹാരം വേശ്യാഗമനമാണെന്നാണ് ഇത് മുന്നോട്ടു വെയ്‌ക്കുന്ന വിശാലലൈംഗിക വീക്ഷണം! കേരളമെങ്ങും `ഉല്ലാസഗേഹങ്ങള്‍' (കമ്പനിവീടുകള്‍) തഴച്ചുവളരുന്ന ലൈംഗികസുന്ദരഭാവികാലത്തെയാണ് ഇത് സ്വപ്‌നം കാണുന്നത്! ലൈംഗികപിരിമുറുക്കത്തിനു പരിഹാരം ലൈംഗിക അരാജകത്വമാണെന്നു ഭംഗ്യന്തരേണ വിപ്ലവപ്രഘോഷണം നടത്തുന്ന, ഐ.ഗോപിനാഥ് എന്നൊരു എക്‌സ് നക്‌സലൈറ്റിനാല്‍ കേട്ടെഴുതപ്പെട്ട ഈ ആത്മകഥ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ `മാനം മര്യാദയായി ജീവിക്കുന്ന' മലയാളി കുടുംബിനിയുടെ മുഖത്തു നടത്തുന്ന അക്ഷരാര്‍ത്ഥത്തിലുള്ള `കാര്‍ക്കിച്ചു തുപ്പലാണ്' . വേശ്യയെ തൊട്ടുകളിച്ചാല്‍ ചോദിക്കാന്‍ ബുദ്ധിജീവികളെങ്കിലുമുണ്ട്. പാവം വീട്ടമ്മമാര്‍ക്ക് ആരുണ്ട്?
സ്വന്തം സ്വത്വത്തെ ഒരിക്കല്‍പ്പോലും തിരിച്ചറിയാതെ, ആത്മശൂന്യയായി, അപഥസഞ്ചാരവീഥികളിലൂടെ ധനസമ്പാദനത്തിനും ഇടയ്‌ക്കു വികാരശമനത്തിനുമായി ഒരു മലയാളി സ്‌ത്രീ നടത്തുന്ന ഉന്മാദയാത്രയുടെ സത്യസന്ധവും ധീരവുമായ ചിത്രീകരണമാണ് നളിനിജമീലയുടെ ആത്മകഥ. സ്വന്തം ജീവിതകഥ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കാനുള്ള ഒരഭിസാരികയുടെ അവകാശത്തെ അംഗീകരിച്ചും ചങ്കുറ്റത്തെ ശ്ലാഘിച്ചും കൊണ്ടുതന്നെ, നിരന്തരം താന്‍ കുഴിച്ച ചെളിക്കുഴികളില്‍ത്തന്നെ വീണ്ടും വീണ്ടും ഉരുണ്ടുവീഴുകയും ഒരിക്കല്‍പ്പോലും മേലുകഴുതാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ആത്മകഥാകാരിയുടെ ജീവിതനിലപാടുകളെ നിര്‍ദ്ദാക്ഷിണ്യം അപലപിക്കാതിരിക്കാന്‍ സാമാന്യബോധമുള്ള ഒരാള്‍ക്കുമാവില്ല - കുഞ്ഞുന്നാളിലേ രൂഢമൂലമായിപ്പോയ, ആത്മവിരുദ്ധമായ അവബോധവൈകല്യം അതിസുന്ദരിയായ ഒരു സ്‌ത്രീയുടെ ജീവിതത്തെ അതിക്രൂരമായി പിച്ചിച്ചീന്തുന്ന ദാരുണചരിതം അങ്ങേയറ്റം സഹതാപാര്‍ഹവും ഹൃദയദ്രവീകരണക്ഷമവുമാണ്. എന്നാല്‍ പുരുഷ മേധാവിത്തത്തെ തോല്‌പ്പിക്കുവാന്‍ ഈ സ്‌ത്രീ കളിച്ച തീക്കളി, അവര്‍ക്ക് പരാജിതയായ ഒരു വീരനായികയുടെ പരിവേഷമാണ് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഈ `പതിതപങ്കജ' ത്തിന്റെ `പച്ചമനസ്സ്' അപഗ്രഥിക്കുവാന്‍ ഫ്രോയിഡിന്റെയോ ഏതെങ്കിലും ഉത്തരാധുനിക മനോവിശ്‌ളേഷണ സൈദ്ധാന്തികന്റെയോ പിന്തുണയൊന്നും വേണ്ടാ; ഒരല്‍പ്പം commonsense മതി. തന്റെ ചെയ്‌തികളിലും വെളിപാടുകളിലും അവര്‍ക്കെതിരായ സാക്ഷിമൊഴികള്‍ അത്രയേറെ ഒളിച്ചിരിപ്പുണ്ട്!
No comments:
Post a Comment