നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 5
വദനസുരതത്തിനുമാത്രമായ്‌പ്പോലും കേളിഗേഹങ്ങളുള്ള, 16 കൃത്രിമലിംഗവും യോനിയും ഇണകളെയുമൊക്കെ സെക്‌സ്‌ഷോപ്പുകളില്‍ യഥേഷ്‌ടം വാങ്ങാന്‍ കഴിയുന്ന, സാരിമാറുമ്പോലെ ജീവിതസഖാക്കളെ മാറുന്ന, വൈറസ് ബാധിത യൂറോപ്യന്‍ ലൈംഗികാവബോധത്തിന്റെ മൂന്നാം ലോകക്കൂട്ടിക്കൊടുപ്പുകാരായ ചില മലയാളി ധൈഷണിക പ്രതിഭകള്‍ നളിനിജമീലയുടെ ആത്മ (മാംസ) കഥയിലൂടെ സ്‌ഖലിപ്പിക്കുന്ന `സോദ്ദേശ്യ സാഹിത്യം' അടിത്തറയില്ലാത്തതും അക്ഷരംപ്രതി തങ്ങള്‍ കുഴിച്ച കഴികളില്‍ത്തന്നെ കാല്‍തെറ്റിവീഴുന്നതുമാണ്! കേരളത്തിലെ ലൈംഗികപിരിമുറുക്കത്തിനു ശാശ്വതപരിഹാരം `സെക്‌സ് വര്‍ക്കിനെ' നിയമവിധേയമാക്കുകയും നാടെങ്ങും - `ഉല്ലാസഗേഹ'ങ്ങളാരംഭിക്കുകയുമാണെന്നതാണ് ഈ ആത്മകഥയുടെ വിശാലമായ ലൈംഗികസോദ്ദേശ്യകത! ലോകത്തിന്റെ ലൈംഗിക ചരിത്രത്തെക്കുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുന്നതാണ് ഇതിലെ വങ്കത്തം!സത്വത്തിനും രജസിനും ഒരുപോല്‍ ഒളിയിടങ്ങളുള്ള, മനുഷ്യന്റെ വൈകാരിക വ്യവഹാരങ്ങളിലെ ഏറ്റവും സര്‍ഗ്ഗാത്മകവും ഒപ്പം സംഹാരാത്മകവുമായ ഒരു ശക്തിസ്രോതസ്സാണു ലൈംഗികത. ആണവോര്‍ജം പോലെയാണത്. സൃഷ്‌ട്യുന്മുഖതയുടെയും സംഹാരാത്മകതയുടെയും നാഡ്യഗ്രങ്ങള്‍ സന്ധിക്കുന്നവയാണു മനുഷ്യന്റെ ലൈംഗികകോശങ്ങള്‍. ഏതൊരു `വിശ്വാമിത്ര' ന്റെയും മനസ്സിളക്കുന്ന `മേനക'യാണത്. ഗുണവരതയ്‌ക്കും നിഷേധാത്മകതയ്‌ക്കും തുല്യഇടമുണ്ടതില്‍. ജന്തുജാലങ്ങള്‍ക്കെല്ലാം പ്രകൃതി ലൈംഗിക സ്വാതന്ത്ര്യം നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും മനുഷ്യനു മാത്രമേ ഒപ്പം വിവേകം കൂടി നല്‍കിയിട്ടുള്ളു. ഈ വിവേകമാണ് ലൈംഗികതയുടെ കാര്യത്തില്‍ സമബുദ്ധിയായ ഒരാള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഒരു തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള രത്യാനന്ദത്തെ ഒരു ശവന്നാറിപ്പൂവാക്കാന്‍ അവിവേകത്തിനു നിമിഷാര്‍ദ്ധം കൊണ്ടു കഴിയും. സ്‌നേഹം പോലെ നിര്‍മ്മലമായ ഒരനുഭൂതിയാണ് ലൈംഗികതയും. അത് ഒരു വികാരമല്ല, നമ്മുടെ യഥാര്‍ത്ഥസ്വത്വമാണ്. (Sex is not an emotion. It is our real existence) ഒരര്‍ത്ഥത്തില്‍ സ്‌നേഹം തന്നെയാണത്. ഭൂമിയുടെ ആധാരമായ ലൈംഗികത സ്‌നേഹമാണെങ്കില്‍, സ്‌നേഹം വിലയ്‌ക്കു വാങ്ങാന്‍ കഴിയില്ലെന്നിരിക്കെ, ലൈംഗികതയും എങ്ങനെ വിപണിയില്‍ വാങ്ങാന്‍ കഴിയും? പണം നല്‍കിയാല്‍ ലഭ്യമാകാത്തതാണ് സ്‌നേഹമെന്നിരിക്കേ, സ്‌നേഹം തന്നെയായ രത്യാനന്ദവും വിലയ്‌ക്കുവാങ്ങുവതെങ്ങനെ? സ്‌നേഹം, സത്യം, ധര്‍മ്മം എന്നീ സനാതന മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഏതൊരു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്. രതി വിലയ്‌ക്കു വാങ്ങാന്‍ കഴിയുമെന്ന കുപ്രചരണം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതും.
1 comment:
രതി വിലയ്‌ക്കു വാങ്ങാന്‍ കഴിയുമെന്ന കുപ്രചരണം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതും...
താങ്കളുടെ ഈ കാഴ്ച്ചപ്പാടിനോട് ഞാനും യോജിക്കുന്നു...
Post a Comment