Saturday, March 17, 2012

മലയാളിയുടെ ആഗോളീകരണം :നാല്

 20-04-2007

സ്‌നേഹസംവാദം
തുടരുന്നു...

'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും



വര്‍ണ്ണവിദേ്വഷം, യുക്തിവാദം.
 

ദളിത്ബുദ്ധിജീവികള്‍ കേരളീയസാഹചര്യത്തില്‍ സമകാലികമായ ഒരു സാംഗത്യവുമില്ലാത്ത വര്‍ണ്ണസംഘര്‍ഷങ്ങളെക്കുറിച്ചും പ്രതിഭാധനരായ കവികള്‍ പോലും ദൈവത്തിന്റെ അസ്തിത്വരാഹിത്യത്തെക്കുറിച്ചും ആവര്‍ത്തിച്ചുസംസാരിക്കുവാന്‍ കാരണം ആഗോളീകരണഭീകരനാല്‍ അവര്‍ ഇരയാക്കപ്പെടുന്നതിനാലാണ്. ആഗോളീകരണത്തിന്റെ അനുബന്ധങ്ങളായ പേറ്റന്റ് നിയമങ്ങളും ഉദാരവല്‍ക്കരണകെണികളും നമ്മെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്ന ഘട്ടത്തില്‍, സാമൂഹികവും സാംസ്‌കാരികവുമായ തിരുശേഷിപ്പുകളെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മുടെ സംസ്‌കൃതിയിലെ പ്രാചീനമായ തിന്മകള്‍ മാത്രം നാം തന്നെ ഇങ്ങനെ ഉയര്‍ത്തിക്കാട്ടാതിരിക്കണം. തിന്മകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം നന്മകളുടെ വലിയ ക്യാന്‍വാസുകളില്‍ സവര്‍ണ്ണനും അവര്‍ണ്ണനും അധ്യാത്മവാദിയും ഭൗതികവാദിയും ഒരുമിക്കണം. (അല്ലെങ്കില്‍ ആധ്യാത്മികമല്ലാതെ ഇവിടെ മറ്റെന്താണുള്ളത്?) സ്‌നേഹം തന്നെയായ ദൈവം ജഗദ്പ്രാണനായും നാനാരുചിയാര്‍ന്ന ഫലമൂലാദികളാലും നാനാവര്‍ണ്ണവും ഗന്ധവുമാര്‍ന്ന പ്രഫുല്ലസൂനങ്ങളാലും പ്രപഞ്ചമെങ്ങും നിറഞ്ഞുനില്‍ക്കുകയാണെന്ന നിഷ്‌കളങ്കസത്യത്തിന്, തങ്ങളുടെ ജീവിതാന്ത്യത്തിലാണെങ്കിലും, ചില കൊടും യുക്തിവാദികള്‍പോലും ഇന്ന് സമ്മതം മൂളുന്നുണ്ട്.
ഏതു സംസ്‌കൃതിയിലാണ് നന്മ-തിന്മകള്‍ ഇല്ലാതിരുന്നതെന്ന ചോദ്യത്തിനാണ് പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെട്ട ദളിതസൈദ്ധാന്തികര്‍ ഉത്തരം പറയേണ്ടത്. ദേശീയമായ സംസ്‌കൃതിയിലെ തിന്മയെ പ്രഘോഷിക്കുകവഴി നന്മയെ തമസ്‌കരിക്കുകയാണ് മലയാളി ദളിത് സൈദ്ധാന്തികര്‍ ഇന്നു ചെയ്യുന്നത്. സംസ്‌കൃതിയിലെ തിന്മ മാത്രം ചൂണ്ടിക്കാട്ടി ജനതയെ ഭിന്നിപ്പിക്കുകയെന്നതായിരുന്നു ആഗോളീകരണത്തിന്റെ എക്കാലത്തെയും തന്ത്രം. ഭാരതത്തെ വെട്ടിമുറിക്കുവാന്‍ സാമ്രാജ്യത്വം എടുത്ത തന്ത്രമാണത്. ഗംഗാനദിയുടെ കൈവഴികള്‍ പാകിസ്ഥാനിലൂടെയും ഒഴുകുന്നതിനാല്‍ മഹാത്മാവിന്റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യരുതെന്ന് ജിന്നയെകൊണ്ടു പറയിപ്പിച്ച ക്രൗര്യമാണത്.
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനുമിടയില്‍ വിദേ്വഷത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്താണ് ആഗോളീകരണം അതിന്റെ മരണപ്പിടി മുറുക്കുന്നത്.
മലയാളിഹിന്ദുവിനെ സവര്‍ണ്ണനും അവര്‍ണ്ണനും മലയാളിമുസല്‍മാനെ മതമുസ്ലീമും രാഷ്ട്രീയമുസ്ലീമും മലയാളികമ്യൂണിസ്റ്റിനെ യാഥാസ്ഥിതികനും തിരുത്തല്‍വാദിയുമൊക്കെയാക്കി ഭിന്നിപ്പിച്ചു കിഴടക്കാന്‍ ശ്രമിക്കുന്നതാരാണ്? 'സി.ഐ.ഐ. ഏജന്റുമാരാ'യിരുന്ന എം. ഗോവിന്ദന്റെയും സി.ജെ.യുടെയും ആത്മാക്കളെ മലയാളി ഏതു തെമ്മാടിക്കുഴികളിലാണ് സംസ്‌കരിച്ചിരിക്കുന്നത്? മലയാളിയുടെ മനസിലെ വര്‍ണ്ണരാഹിത്യത്തിന്റെയും മതേതരഭക്തിയുടെയും അവസാനത്തെ നാമ്പുകളെയും വെട്ടിനിരത്തുന്നതാരാണ്?
ദൈവം ഇല്ലെന്ന് ആഗോളീകരണകാലത്തും പറയുന്നത് സത്യവും സ്‌നേഹവും കേവലം സിദ്ധാന്തങ്ങളാണെന്ന് പറയുന്നതിനു തുല്യമാണ്.
ഭൂതകാലങ്ങളില്‍ മേലാളര്‍ കീഴാളരോടു ചെയ്ത പാതകങ്ങള്‍ അവര്‍ ക്ഷമിക്കുകയും മേലാളര്‍ തങ്ങളുടെ ചെയ്തികളില്‍ കുറ്റബോധം പുലര്‍ത്താതെയുമിരിക്കുമ്പോഴേ സമൂഹം ശ്രേയസോന്മുഖമാകൂ. വൈജാത്യങ്ങള്‍ മറന്ന്, ക്ഷമിച്ചും പൊറുത്തും, ജനത ഒന്നായാലേ ആഗോളീകരണത്തെ അതിര്‍ത്തിക്കപ്പുറം നിര്‍ത്താനാകൂ. അഥവാ തങ്ങള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന അധമത്വബോധം മലയാളി ദളിതര്‍ക്കില്ലെങ്കിലും മലയാളി ദളിതബുദ്ധിജീവികള്‍ക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ നമുക്കെല്ലാം പേരിനുമുന്നില്‍ വി.ആര്‍.
എന്നുകൂടി ചേര്‍ത്ത് അംബേദ്കര്‍വല്‍ക്കരിക്കപ്പെടാം. മലയാചലം മുഴുവന്‍ അംബേദ്കര്‍ നാമധാരികളാല്‍ നിറഞ്ഞാല്‍ ‘മ്ലേച്ഛരായ' ഈ നായന്മാര്‍ക്കും നമ്പൂതിരിമാര്‍ക്കുമൊന്നും പിന്നെ പത്തിയെടുക്കാനേയാകില്ലല്ലോ!
സ്‌നേഹത്തിന്റെയും Belongingness ന്റെയും പ്രത്യയശാസ്ത്രം കൈമോശം വരുമ്പോഴാണ് ഒരു ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം പിടിമുറുക്കുന്നത്. ഇവ രണ്ടും ഇല്ലാതാക്കിയാണ് ആഗോളീകരണമായും ഉദാരവല്‍ക്കരണമായും മറ്റും അത് പ്രവേശനദ്വാരങ്ങളൊരുക്കുന്നത്. ദേശഗന്ധിയല്ലാത്ത പ്രത്യയശാസ്ത്രങ്ങളാണ് നവകൊളോണിയലിസത്തിന്റെ തുറുപ്പുചീട്ടുകള്‍.

No comments: