Wednesday, March 14, 2012

മലയാളിയുടെ ആഗോളീകരണം







                                        20-04-2007
                                   സ്‌നേഹസംവാദം:

         'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.



ഴയ വീഞ്ഞ് പുതിയ കുപ്പിയിലടച്ചതാണ് ആഗോളീകരണം എന്നു തിരിച്ചറിയാതെ പോകുന്നതാണ് മലയാളിയുടെ ആഗോളീകരണസംവാദങ്ങളിലെ ഏറ്റവും വലിയ
ദുരേ്യാഗം. ജൂനിയര്‍-സീനിയര്‍ ബുഷുമാരും ക്ലിന്റണും വൈറ്റ്ഹൗസും മള്‍ട്ടിനാഷണലുകളുമൊക്കെയാണ് ആഗോളീകരണത്തിലെ മുഖ്യപ്രതികളെന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചപോലെയും, തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയുമുണ്ട്. എന്നാല്‍, അനാദികാലം മുതല്‍ക്കേ പ്രപഞ്ചത്തില്‍ നിലനിന്നിരുന്ന ആസൂരീയമായ നിഷേധാത്മകതയാണ് (Negativity) അന്നും ഇന്നും, ആഗോളീകരണമായി അവതരിക്കുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്നതാണു സത്യം
ആദ്യന്തവിഹീനമാണ് ആഗോളീകരണത്തിന്റെ ഈ നിഷേധാത്മകത. മണ്ണിലും മനസിലും ധ്രൂമലോചനനായും മധുകൈടഭന്മാരായും ഭസ്മാസുരനായും കുംഭകര്‍ണ്ണനായും രാവണനായും നരകാസുരനായുമൊക്കെ അനാദികാലം മുതല്‍ക്കേ അതു നിലനിന്നിരുന്നു. ധ്രൂമലോചനന്‍ കാഴ്ച നശിപ്പിക്കും. ചണ്ഡമുണ്ഡന്മാര്‍ ശ്രീപാര്‍വതിയില്‍പ്പോലും ആസക്തരാകും. ശുംഭ-നിശുംഭന്മാര്‍ അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കും. മധുകൈടഭന്മാര്‍ ഇക്കാലത്തും വേദങ്ങള്‍ മോഷ്ടിക്കും. ഇവരെല്ലാം പാശ്ചാത്യനും പൗരസ്ത്യനുമായ ഏതൊരു മനുഷ്യനിലും മലയാളിയിലും ഉള്ളവര്‍ തന്നെയാകുന്നു. ആഗോളീകൃത നിഷേധാത്മകതയുടെ ഈ ആദിമപ്രതീകങ്ങളില്‍ ഏതെങ്കിലുമൊന്നിനെ അപഗ്രഥിക്കുവാന്‍പോലും ഗ്രന്ഥങ്ങള്‍ തന്നെ എഴുതിത്തീര്‍ക്കേണ്ടതായും വരാം.

'പിശാചും മായയും.'
സെമറ്റിക് മതം 'പിശാച്' എന്നും വേദാന്തത്തില്‍ 'മായ' എന്നും പറയുന്നതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ പുതിയ പതിപ്പായ ആഗോളീകരണം. വ്യായാമം ചെയ്തിരുന്നവനെ അത് ചെയ്യാതാക്കിയും വായിച്ചിരുന്നവനെ വായിക്കാതാക്കിയും അരോഗദൃഢഗാത്രരെ രോഗികളാക്കിയുമാണ് അത് ജനതയ്ക്കുമേല്‍ അധിനിവേശത്തിന്റെ നഖപ്പാടുകളാഴ്ത്തുന്നത്. ആഗോളീകരണത്തിന്റെ പ്രധാന നെറ്റ് വര്‍ക്കായ ഇന്റര്‍നെറ്റ് വ്യാപാരത്തിലെ 60% വരുമാനവും ലൈംഗികവിപണിയില്‍ (സെക്‌സ് ട്രേഡ്) നിന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ചു വന്‍കിട അന്താരാഷ്ട്രകമ്പനികള്‍ ചേര്‍ന്ന് ലോകത്തിലെ ജല-പ്രകൃതിവിഭവങ്ങളൊന്നാകെ കയ്യടക്കിവച്ചിരിക്കുന്നതാണ് ആഗോളീകരണത്തിന്റെ പുറമേക്കു കാണുന്ന ആസുരീയത.

ആദ്യം മനസില്‍, പിന്നെ മടിശ്ശീലയില്‍.
ആഗോളീകരണം, ഏതൊരു ജനതയ്ക്കുമെന്നപോലെ, മലയാളിക്കും അന്തരാത്മാവില്‍ സംഭവിക്കുന്ന ഒരു മൂല്യശോഷണപ്രതിഭാസമാണ്. വേണ്ടെന്ന് ആത്മാവു പറഞ്ഞാല്‍ വേണ്ടെന്നുവയ്ക്കാവുന്ന ഒരു പ്രലോഭനം. ആഗോളീകരണത്തിന്റെ ലളിതമായ പ്രതിരോധ ഫോര്‍മുലയും അതുതന്നെ. അന്തരാത്മാവില്‍ ആധ്യാത്മികതയും ദേശീയവും പ്രാദേശികവുമായ അവബോധമുള്ളവരെ അതിന് ഇരയാക്കാനാവില്ലെന്നു പറയുവാന്‍ കാരണമിതാണ്. അയഡൈസ്ഡ് സ്പ്രിംഗിള്‍ സാള്‍ട്ട് എന്ന സോഷ്യല്‍ സ്‌നോബിള്‍ ഭ്രമിച്ചുപോകുന്നവരെയാണ് കല്ലുപ്പിനെ തട്ടിമാറ്റി അത് ഇരയാക്കുന്നത്.
മനസില്‍ സംഭവിച്ചശേഷമാണ് ആഗോളീകരണം മടിശ്ശീലയെ പിടികൂടുന്നത്. ഗ്ലോബലായി ഒരു ന്യൂനപക്ഷം ചിന്തിക്കുന്നുണ്ടെങ്കിലും ലോക്കലായാണ് മലയാളി സാഹിത്യമുള്‍പ്പെടെ പലതും വാങ്ങുന്നത്. കെന്റക്കി ചിക്കന്‍ വേണ്ടെന്നു പറയുന്നവന് നാടന്‍ കോഴി മുതല്‍ ഏറ്റവുമധികം ഇരുമ്പുസത്തടങ്ങിയ കോഴിക്കീര (Chikkurmose) വരെ എന്തും ഭുജിക്കാമെന്നിരിക്കെ, പോത്തിറച്ചിയെയും ഗോമാംസത്തെയുംകാള്‍ സ്വാദിഷ്ഠവും സമ്പുഷ്ടവുമായ എത്രയെത്രെയോ കൂണിനങ്ങളാല്‍ സമ്പന്നമാണ് ഈ കേരളമെന്നിരിക്കെ, ആഗോളീകരണത്തിന്റെ ഏതേതു മലയാളി ഏജന്റുമാരാണ് ഭക്ഷണത്തിന്റെ മായക്കാഴ്ചകള്‍ കാട്ടി നമ്മെ ഭ്രമിപ്പിക്കുന്നത്? കോളയും പിസായും ഹാംബര്‍ഗറുമൊന്നും ആരും നമ്മുടെ വായില്‍ ഒഴിച്ചും വച്ചും തരുന്നതല്ലെന്ന് മലയാളി മനസിലാക്കാത്തതെന്താണ്? ആഗോളീകൃതമായ പ്രാദേശിക സാംസ്‌കാരിക കീടനാശിനികളെക്കുറിച്ച് സാംസ്‌കാരികനായകന്മാര്‍ മൗനംകൊള്ളുന്നതും ആരെ ഭയന്നിട്ടാണ്?

ഒന്നാംപ്രതി
മൂല്യശോഷണസംവാദങ്ങളിലെല്ലാം സുനാമീസദൃശമായ പിടികിട്ടാ പ്രതിഭാസമായ ആഗോളീകരണത്തെ പഴിചാരി തടി രക്ഷപ്പെടുത്തുകയാണ് മലയാളി സൈദ്ധാന്തികരുടെ സാമാന്യതന്ത്രം. മലയാളിയുടെ ആഗോളീകൃതദുരന്തത്തിലെ ഒന്നാംപ്രതി മലയാളി തന്നെയാണെന്ന യാഥാര്‍ഥ്യം സാധാരണക്കാരനെന്നപോലെ ബുദ്ധിജീവിയും കണ്ടില്ലെന്നു നടിക്കുന്നു. മലയാളിയുടെ ആഗോളീകൃത മൂല്യച്യുതിക്കു പശ്ചാത്തലഭൂമി ഒരുക്കുന്നത്
ആഗോളീകൃതഭോഗാസക്തിയാല്‍ ഇരയാക്കപ്പെട്ട അവന്റെ മനസുതന്നെയാണ്. ആഗോളീകണത്തെ ആദിമ ആഗോളീകരണം, നവ ആഗോളീകരണം, പ്രാദേശിക ആഗോളീകരണം, സാംസ്‌കാരിക ആഗോളീകരണം എന്നിങ്ങനെ വ്യവച്ഛേദിച്ചുതന്നെ മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. സംസ്‌കാരത്തിലെ ലോക്കല്‍ കോളാഫാക്ടറികളെക്കുറിച്ച് സാധാരണക്കാര്‍ ക്ഷോഭംകൊള്ളുമെങ്കിലും സാംസ്‌കാരികപോലീസുകാരാരും പ്രതികരിക്കുകയേയില്ലെന്നതാണ് സാംസ്‌കാരിക ആഗോളീകരണത്തിന്റെ മലയാളിതന്ത്രം. മൗനം കുറ്റകരമാകുമ്പോഴാണ് തനിത്തങ്കം തന്നെയായ അത് പ്രാദേശിക ആഗോളീകരണത്താല്‍ ഇരയാക്കപ്പെടുന്നത്. മയിലമ്മയ്ക്കായത് കോളവല്‍ക്കരണത്തെക്കുറിച്ച് സൈദ്ധാന്തികപ്രപബന്ധം ചമയ്ക്കുന്ന ബുദ്ധിജീവിക്കാവില്ലെന്നതാണ് ആഗോളീകരണസംവാദങ്ങളിലെ മറ്റൊരു ഫലിതോക്തി. തത്വവും അനുഷ്ഠാനവും തമ്മിലുള്ള വൈജാത്യം ആഗോളീകരണപ്രതിരോധത്തിലും, അങ്ങനെ, പ്രസക്തമാകുകയാണ്....

എത്തിക്കഴിഞ്ഞു....
ഭോഗാസക്തിയും സ്വാര്‍ത്ഥതയും സോസേജും ബ്രുവേഴ്‌സ് ഈസ്റ്റും പകരുന്ന പടിഞ്ഞാറിന്റെ മൊത്തം നിഷേധാത്മകതയേയും സ്വരൂപിച്ചുകൊണ്ട്, ദയാരഹിതമായി അടിച്ചുകയറി, ഭാരതീയന്റെയും കേരളീയന്റെയും സാംസ്‌കാരികസ്വത്വത്തെ മുച്ചൂടും പിഴുതെറിയുന്ന ഒരു സുനാമി പ്രതിഭാസമാണ് ആഗോളീകരണം. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സാഹിത്യവുമെല്ലാം ചേര്‍ന്ന ഒരു ദേശത്തിന്റെ സംസ്‌കൃതിയെയാണ് അത് സ്വാര്‍ത്ഥതയായും ദുരയാലും അടിച്ചുതകര്‍ക്കുന്നത്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവനെ നൈറ്റ്ക്ലബ്ബുകളിലേക്കും ഡിസ്‌കോത്തേക്കുകളിലേക്കുമയക്കുന്നതും രാമായണമോ ബൈബിളോ 'കവിയുടെ
കാല്‍പ്പാടു'കളോ 'മനസാസ്മരാമിയോ' ഒക്കെ വായിക്കേണ്ടവനെ 'ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' വായിപ്പിക്കുന്നതും ആതിരമ്പള്ളിയിലോ വാഴച്ചാലിലോ നെയ്യാറിലോ പെരിയാറിലോ നീന്തിത്തുടിക്കേണ്ട പെണ്‍കുഞ്ഞുങ്ങളെ നൂല്‍ബന്ധമില്ലാതെ തണ്ടര്‍പാര്‍ക്കുകളില്‍ നീരാടിപ്പിക്കുന്നതും അവരെ അല്‍പവസ്ത്രധാരികളാക്കി ചാനലില്‍ കൊഞ്ചിക്കുഴയിപ്പിക്കുന്നതുമാണ് ആഗോളീകരണത്തിന്റെ പ്രാദേശികമലയാളിതന്ത്രങ്ങള്‍. കാരന്തിന്റെയും കര്‍ണാടിന്റെയും തലസ്ഥാനത്തെ അത് എന്നേ ഇരയാക്കിക്കഴിഞ്ഞു. ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലപ്രയോഗമായ 'ദൈവത്തിന്റെ സ്വന്തം നാടി'നെ 'അത്' പൂര്‍ണ്ണമായും വിഴുങ്ങുവാന്‍ ഇനി എത്രനാള്‍ എന്ന ചോദ്യം ഓരോ മലയാളിയും ചങ്കില്‍ കൈവെച്ചുതന്നെ ചോദിക്കേണ്ട ഒന്നാണ്. (എത്തിക്കഴിഞ്ഞുവെന്നും 'ദൈവത്തിന്റെ സ്വന്തം തലസ്ഥാന'ത്തും, 'അറബിക്കടലിന്റെ റാണി'യുടെ അന്ത:പുരങ്ങളിലും ഇരുട്ടുവെളുക്കുവോളം, 'കലാപരിപാടികള്‍' ആരംഭിച്ചുകഴിഞ്ഞുവെന്നും മുത്തശ്ശിപ്പത്രത്തിലെ കൊതിയൂറിപ്പിക്കുന്ന ചില ഡൈന്‍ ആന്റ് ഡാന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നുമുണ്ട്!)

ഗുരുത്വത്തിന്റെ ആദിമ പ്രതിരോധങ്ങള്‍....
തങ്ങളുടെ വേദാന്ത-സ്‌തോത്ര കൃതികളാലാണ് നാരായണഗുരുവും ചട്ടമ്പിസ്വാമികളും മലയാളിയുടെ ആദിമ ആഗോളീകരണത്തെ പ്രതിരോധിച്ചത്. നെയ്യാറിന്റെ
കൈവഴികളിലൊന്നില്‍ മുങ്ങിനിവര്‍ന്നെടുത്ത ശിലാഖണ്ഡത്തെ ഗുരു 'ഈഴവശിവനാ'യി പ്രതിഷ്ഠിച്ചപ്പോള്‍ അത് ആഗോളീകരണത്തിനെതിരായ മലയാളിയുടെ ആദ്യപ്രതിരോധങ്ങളിലൊന്നാവുകയായിരുന്നു. അയ്യങ്കാളിയെയും ഡോക്ടര്‍ വി.വി. വേലുക്കുട്ടി അരയനെയും പോലുള്ള സാമുദായിക പരിഷ്‌കര്‍ത്താക്കളും ധീരദേശാഭിമാനിയായ വക്കം അബ്ദുള്‍ ഖാദറും പരുമല തിരുമേനിയുമൊക്കെ മലയാളിയുടെ ആദിമ ആഗോളീകരണപ്രതിരോധത്തിന് ഗണ്യമായ സംഭാവനയേകിയവരാണ്.

ജനകീയപ്രതിരോധനങ്ങള്‍.
'സ്വര്‍ണ്ണഗോപുരനര്‍ത്തകീ ശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം...' എന്ന് ശ്രീകുമാരന്‍ തമ്പി ഉള്ളലിഞ്ഞെഴുതിയതും എം.എസ്. വിശ്വനാഥന്‍ അതിന് അനശ്വരസംഗിതം പകര്‍ന്നതും റോമന്‍ കത്തോലിക്കനായ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് തന്റെ സനാതനമായ സംഗീതസ്വരശൈലം തുറന്ന് അത് പാടിയതുമെല്ലാം യഥാര്‍ത്ഥത്തില്‍ ആഗോളീകരണത്തിനെതിരെ മലയാളി നടത്തിയ ജനകീയപ്രതിരോധങ്ങളായിരുന്നു. 'താമസമെന്തേ വരുവാന്‍' എന്നു വയലാറും 'മഞ്ഞണിപ്പൂനിലാവില്‍....' എന്നു ഭാസ്‌കരന്‍മാസ്റ്ററും എഴുതിയത് മലയാളിയുടെ ആദിമ ആഗോളീകരണപ്രതിരോധോദ്യമങ്ങളായിരുന്നുവെന്നു പറഞ്ഞാല്‍ ഹൃദയത്തിന്റെ ഭാഷ നഷ്ടപ്പെട്ടുകഴിഞ്ഞ മലയാളി സൈദ്ധാന്തികന്‍ അത് അംഗീകരിക്കണമെന്നില്ല.

1 comment:

kuttappan said...

It would be nice if author provided references to the data points used.
E.g. Which are the five multi nationals controlling words majority water?
What is the source of statistic that 60% Internet based economy is sex?