Wednesday, January 11, 2012

നിരീക്ഷണം: ഇയാളെ എങ്ങനെ സഹിക്കുന്നു? (ഇവളെയും!)



Marriage is official prostitution : Karl Marx

നിയമം നിറവേറ്റ
ലെത്ര-യീ ദാമ്പത്യത്തില്‍
നയമെത്രയാണഭി
നയമെത്രയാണെന്നും
കുഴിച്ചു കുഴിച്ചുനാ-
മനിഷ്ടസ്മൃതികള്‍ത-
ന്നഴുക്കു പരതിച്ചെ-
ന്നെത്തുന്നു നരകത്തില്‍.

കണ്ണീര്‍പ്പാടം-(വൈലോപ്പിള്ളി)

കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ പീഡനത്തിനിരയാകുന്ന മലയാളി സമൂഹം സ്ത്രീകള്‍ക്കനുകൂലമായ സഹതാപതരംഗം പ്രബലമായ ഒരിടമാണ്. എന്നാല്‍, മാധ്യമങ്ങളിലും, നാല്‍ക്കവലചര്‍ച്ചകളിലും ലിംഗാധിഷ്ഠിത പീഡനത്തിനെതിരായ രോഷവും അനുതാപവും ഏറെവഴിഞ്ഞിട്ടും ഇവിടെ പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒപ്പം, സാമ്പ്രദായിക കുടുംബചട്ടക്കൂടുകളില്‍ നിന്നും സാമൂഹിക നിബന്ധനകളില്‍ നിന്നും വഴിമാറിപ്പോകുന്ന, പോകാനാഗ്രഹിക്കുന്ന, പുരുഷന്‍മാരെയും സ്ത്രീ പീഡകരുടെ പട്ടികയില്‍ നമ്മുടെ സമൂഹം ഉള്‍പ്പെടുത്തുന്നു. 'ഇയാളെ എങ്ങനെ സഹിക്കുന്നു?', സ്ത്രീപക്ഷപാതപരമായി സമൂഹം പലപ്പോഴും പരിതപിക്കുന്നു, ചിലപ്പോള്‍ രോഷം കൊള്ളുന്നു. മദ്യാസക്തിയും, മാനസിക പ്രശ്‌നങ്ങളുമുള്ള പുരുഷന്‍മാരാണ് കൂടുതലും ഈ വിമര്‍ശനത്തിന്റെ ഇരകള്‍. കുടുംബത്തിലെ അന്തഃഛിദ്രങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പുരുഷനുമേല്‍ കെട്ടിവയ്ക്കുന്ന സമൂഹം സ്ത്രീയെ സര്‍വ്വംസഹയും സദാ രക്തസാക്ഷിയുമായി വാഴ്ത്തുന്നു. ദാമ്പത്യകലഹങ്ങളിലെ ഒന്നാം പ്രതിയും നമ്മുടെ ദൃഷ്ടിയില്‍ പുരുഷന്‍ തന്നെ. ഒന്നുകില്‍ മലയാളി പുരുഷവര്‍ഗ്ഗത്തില്‍ നല്ലൊരു വിഭാഗത്തിന് മാനസികവൈകല്യം സംഭവിച്ചിരിക്കുന്നു! അല്ലെങ്കില്‍ സ്ത്രീ-പുരുഷ പ്രശ്‌നങ്ങളോടുള്ള ഏകപക്ഷീയ നിലപാട് മൂലം നമ്മുടെ കാഴ്ചപ്പാടിനു വൈകല്യം ഉണ്ടായിരിക്കുന്നു.
ഇത്തരുണത്തില്‍ വിവാഹബന്ധത്തിലെ പ്രഹേളികകളെ മലയാളി സന്ദര്‍ഭത്തില്‍ നമുക്കൊന്നു പരിശോധിക്കാം;
ഓഫീസ് വിട്ട് നേരെ വീട്ടില്‍ വരേണ്ട ഗൃഹനാഥന്‍ ബാറിലേക്ക് പോകുന്നത് വീട്ടില്‍ ലഭിക്കാത്ത സൗഹൃദവും സന്തോഷവും അയാള്‍ക്കവിടെ ലഭിക്കുന്നതിനാലാണെന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സ്ത്രീ പലപ്പോഴും വീടിന്റെ ചട്ടക്കൂടില്‍ പുരുഷന്റെ നിഴലായി ഒതുങ്ങിനില്‍ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ പുരുഷന്‍ കൂടുതല്‍ സ്ത്രീ-പുരുഷ സൗഹൃദങ്ങളിലേക്കും സമൂഹത്തിലെ സൗഹൃദത്തിന്റെ ഇതരമേച്ചില്‍പുറങ്ങളിലേക്കും പോകുവാന്‍ ആഗ്രഹിക്കുന്നു. ബാറുകളിലെ സൗഹൃദ വലയങ്ങളില്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരെ നമുക്കു കാണാം. എന്നാല്‍ ഓഫീസ് സൗഹൃദങ്ങള്‍ക്കപ്പുറം കേരളീയ സമൂഹത്തില്‍ ഗ്രാമീണരും നഗരങ്ങളില്‍ ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവരുമായ സ്ത്രീകള്‍ക്കൊഴികെ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ കാര്യമായി ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഭര്‍ത്താവിന്റെ മാത്രം സൗഹൃദത്തിന്റെ തണലിലാണ് ഭൂരിപക്ഷം മലയാളി സ്ത്രീകളുടെയും ജീവിതം. സൗഹൃദബന്ധത്തിലെ ഇത്തരം വിളളലുകളുടെ നെരിപ്പോടില്‍ നീറുന്ന നിരവധി കുടുംബങ്ങളെ നമുക്കു ചുറ്റും കാണാം. പുരുഷ സൗഹൃദത്തിന്റെ ചിരന്തനമായ മാധ്യമം മദ്യമാണെന്നിരിക്കേ ആ വഴിക്കു സഞ്ചരിക്കുന്ന പുരുഷപ്രവണതയെയും സമൂഹം അധിക്ഷേപിക്കുന്നു; 'ഇയാളെ എങ്ങനെ സഹിക്കുന്നു?'
വൈകിട്ട് വീട്ടിലേക്കു പുറപ്പെടും മുന്‍പ് മൊബൈല്‍ ഫോണിലെ വനിതാസുഹൃത്തുക്കളുടെ ഇന്‍കമിംഗ്, ഔട്ട്‌ഗോയിങ്, മിസ്സ്ഡ് കാളുകളെല്ലാം delete ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. വ്യവഹാര വിഷയങ്ങള്‍മാത്രം സംസാരിച്ച് ഭാര്യ ശല്യം ചെയ്യുന്നതിനാല്‍ ഈ സുഹൃത്ത് വൈകി മാത്രമേ വീട്ടില്‍ പോകാറുള്ളൂ.
സ്ത്രീപീഡകന്‍ എന്ന് പുരുഷനെ മുദ്രകുത്തുന്ന സമൂഹം സാഹചര്യസംബന്ധിയായി സ്ത്രീ പുരുഷനു സമ്മാനിക്കുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സവര്‍ണവരേണ്യഹിന്ദുവിഭാഗങ്ങളിലെയെങ്കിലും പല യുവ ഭര്‍ത്താക്കന്മാരും ഭാര്യവീട്ടുകാരുടെ ചൊല്‍പ്പടിയിലാണെന്നതു ഒരു സത്യം മാത്രം! ഇത്തരം സമൂഹങ്ങളില്‍, ഭര്‍ത്താവ് ഭാര്യയെക്കാള്‍ സാമൂഹികപദവിയിലും, സാമ്പത്തിക നിലയിലും പിന്നാക്കമാണെങ്കില്‍ തന്റെ സ്വാതന്ത്രാഭിവാഞ്ഛയ്ക്ക് മൂക്കുകയറിടുകയേ പുരുഷനു നിര്‍വ്വാഹമുള്ളൂ. അഥവാ അത് പൊട്ടിച്ചെറിഞ്ഞാല്‍ ഭാര്യവീട്ടുകാര്‍ ഉള്‍പ്പെടുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ മേല്‍പ്പറഞ്ഞ ലേബലിങിന് ഇരയാകുകയാകും ഫലം!
കണ്‍സ്യൂമര്‍ സംസ്‌കാരത്തിന് തീര്‍ത്തും ഇരയായിക്കഴിഞ്ഞിരിക്കുകയാണ് മലയാളി സ്ത്രീസമൂഹത്തിന്റെ നല്ലൊരു പരിച്ഛേദം. സീരിയല്‍, കണ്‍സ്യൂമര്‍, വായനാവിരുദ്ധസ്വഭാവം പെണ്‍മക്കളിലേക്കു കൂടി ഇവര്‍ സംക്രമിപ്പിക്കുന്നു. മിക്ക ടീനേജ്‌പെണ്‍കുട്ടികളും ഇന്ന് ആവശ്യത്തിലുമേറെ വേഷവിധാനങ്ങളുടെ തടവറയിലാണെന്നു പറയാം. അമ്മമാര്‍ക്കു സീരിയല്‍ താരങ്ങളാണു മാര്‍ഗ്ഗതാരകങ്ങളെങ്കില്‍ മക്കള്‍ക്ക് ധനുഷും വിജയുമാണ്!
ഉപഭോഗസംസ്‌കാരത്തിന് സ്ത്രീകളാണ് കൂടുതല്‍ ഇരയാകുന്നതെന്നതിനാല്‍ സ്ത്രീയുടെ അത്തരം അഭിലാഷങ്ങള്‍ കടംവാങ്ങിയും നിറവേറ്റികൊടുക്കുന്നവനാണ് നമുക്കുമുന്നില്‍ മാന്യനായ ഭര്‍ത്താവ്. ഭാര്യയ്ക്ക് ഏറ്റവും കൂടുതല്‍ സാരിയും ഏറ്റവും അത്യാധുനികമായ ഗൃഹോപകരണങ്ങളും വാങ്ങികൊടുക്കുന്ന
ര്‍ത്താവ് നല്ല ഭര്‍ത്താവ്. ഇതിനു നിര്‍വ്വാഹമില്ലാത്തവനോ, ഇക്കാര്യങ്ങളില്‍ വലിയ താത്പര്യം കാണിക്കാത്തവനോ, മോശപ്പെട്ട ഭര്‍ത്താവ്. കണ്‍സ്യൂമറിസത്തിന്റെകാലത്തെ ദാമ്പത്യത്തിന്റെ വിജയഫോര്‍മുല അതാണ്.
മലയാളി സമൂഹത്തില്‍ പുരുഷന് ലൈംഗികാഭിനിവേശവും പിരിമുറുക്കവും കൂടുതലായി ഉണ്ടെങ്കില്‍, സ്ത്രീക്ക് ഉപഭോഗതൃഷ്ണയും ധനമോഹവുമാണ് കൂടുതല്‍. മിക്ക കുമാരീപീഡനകേസുകളിലെയും മുഖ്യ മീഡിയേറ്റര്‍ സ്ത്രീ ആകുന്നത് സ്ത്രീസമൂഹത്തിലെ ധനാഭിലാഷത്തെയല്ലേ സൂചിപ്പിക്കുന്നത്? അധോലോക നേതൃത്വത്തിലും, സെക്‌സ് റാക്കറ്റുകളിലും ഏതൊരു വിഖ്യാത പുരുഷനോളം പ്രാബല്യം ശോഭാജോണിനുമില്ലേ? ശാരി എസ്. നായര്‍ ഉള്‍പ്പെടെയുള്ള കുമാരിമാരെ ചതിക്കുഴിയില്‍ വീഴു്ത്തു്ന്നതില്‍ അവരുടെ ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ മുഖ്യപങ്കുവഹിച്ചിട്ടില്ലേ? അടുത്തിടെ, തന്റെ എന്‍.ആര്‍. ഐ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി കഴുത്തില്‍ സാരിമുറുക്കി കൊന്നത് മലയാളിധര്‍മ്മപത്‌നി തന്നെ. കൊലയ്ക്കു മുന്‍പും പിന്‍പും കാമുകനുമായി ബന്ധപ്പെട്ടുവെന്നും വീട്ടില്‍ നട്ടുവളര്‍ത്തിയ പൈനാപ്പിള്‍ സ്‌നേഹോപഹാരമായി പൊതിഞ്ഞു നല്‍കിയാണ് അയാളെ യാത്രയാക്കിയതെന്നും കൂടി വായിക്കുമ്പോള്‍ നാം ഞെട്ടിപ്പോകുന്നു.
റിട്ടയര്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ഒരു തമാശ പങ്കുവച്ചു. മലയാളി പുരുഷന്റെ ജീവിതത്തില്‍ നാലു ഘട്ടങ്ങളാണുള്ളത്. ഒന്ന് 'വാനരഘട്ടം'- ബാല്യകാലം; വികൃതികള്‍ കാട്ടി തുള്ളിച്ചാടി നടക്കുന്നകാലം. രണ്ട് അശ്വഘട്ടം-യൗവനത്തില്‍ കുതിരയുടെ കരുത്തോടെ ജീവിക്കുന്നത്. മൂന്ന് ഗര്‍ദ്ദഭഘട്ടം-മധ്യവയസ്സില്‍ കഴുതയെപോലെ ചുമടെടുക്കുന്നത്. നാല് ശ്വാനഘട്ടം-ഒരു കിഴവന്‍ നായയെപോലെ എവിടെയെങ്കിലും കെട്ടിയിടപ്പെടുന്നു. വീട്ടുകാവല്‍, പേരക്കുട്ടികളെ സ്‌കൂള്‍ബസ് കയറ്റിവിടുക തുടങ്ങിയവയാണ് ഇക്കാലത്തെ ഏര്‍പ്പാടുകള്‍. സ്ത്രീക്കും ഇത്തരം ജീവിതഘട്ടങ്ങള്‍ ഉണ്ടെങ്കിലും ഈ 'പൗരുഷയാഥാര്‍ത്ഥങ്ങളെ'യും നാം കണ്ടില്ലെന്നു നടിക്കരുത്.
ചില ജീവിത സന്ദര്‍ഭങ്ങളില്‍, മഹാത്മാഗാന്ധിപോലും ധര്‍മ്മപത്‌നിയെ ആദര്‍ശാനുഷ്ഠാനത്തിനായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പഴിചാരുന്നവര്‍ ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ ലിയോ ടോള്‍സ്റ്റോയി ഒരു റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് മരിച്ച വസ്തുത പരിഗണിക്കാത്തതെന്താണ്? വൈകാരിക തലത്തില്‍, സ്ത്രീയും പുരുഷനും പരസ്പരം പീഡിപ്പിക്കുന്നുണ്ടെന്നതാണു സത്യം.
തലസ്ഥാന നഗരിയിലെ പഴയമട്ടിലുള്ള ഒരു ഹോട്ടലില്‍ ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വന്നിറങ്ങിയ ഒരു റിട്ടേയര്‍ഡ് ഉന്നതോദ്യോഗസ്ഥന്‍ ഭാര്യാപീഡനത്തിന് ഇരയാകുന്ന കാഴ്ച ഒരിക്കല്‍ നേരില്‍ കാണുവാനിട്ടയായി. എണ്‍പത്കഴിഞ്ഞ അദ്ദേഹം ഹോട്ടല്‍ കൗണ്ടറില്‍ പഴംപൊരിയുടെ വില ചോദിക്കുന്നു. കാറില്‍ ഇരുന്നിരുന്ന ഭാര്യയുടെ അടുത്ത് പോയി അതറിയിച്ച് മടങ്ങി വരുന്നു. പഴംപൊരിയുടെ ഒരു സാമ്പിള്‍ അവരെ കാട്ടുവാനായി പോയി പിന്നെയും മടങ്ങി വരുന്നു. പിന്നീട് പാഴ്‌സല്‍ വാങ്ങിപോകുന്നു. 'എത്ര പണം ഉണ്ടായിട്ടെന്താ സാര്‍, ആ പെണ്‍പിറന്നവര്‍ അങ്ങേര്‍ക്ക് ഒരു സൈ്വരവും കൊടുക്കില്ല', റിട്ട. ഉദ്യോഗസ്ഥന്റെ കുടുംബചരിത്രമറിയാവുന്ന കടക്കാരന്‍ പരിതപിച്ചു.
ടി.വി സീരിയല്‍ ജീവിതാവസ്ഥകള്‍ക്ക് അപകടകരമാംവിധം ഇരയായിക്കഴിഞ്ഞ മലയാളി സ്ത്രീസമൂഹം ഇന്ന് വേറിട്ടൊരു സാംസ്‌കാരികപരിഛേദമായി മാറികഴിഞ്ഞിരിക്കുന്നു. പുരുഷനെക്കാള്‍ കൂടുതല്‍ ടേക്ക്‌ഹോം- ജംഗ്ഫുഡ് ഭക്ഷണഭ്രമത്തിന് അടിമകളായി കഴിഞ്ഞിരിക്കുന്ന സ്ത്രീസമൂഹത്തിലെ നല്ലൊരുവിഭാഗം അടുക്കളയ്ക്ക് അവധികൊടുക്കുന്നതില്‍ ഇന്ന് സന്തോഷിക്കുന്നവരാണ്. ആ സമയംകൂടി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും മുന്‍പില്‍ ഇരിക്കാമല്ലോ! ദിനപത്രംപോലും വായിക്കാത്തവരാണ് പല സ്ത്രീകളുമെന്നതാണ് പരിതാപകരമായ മറ്റൊരു സത്യം.
വിവേകപൂര്‍വ്വം കൈകാര്യം ചെയ്താല്‍ പിരിമുറുക്കം ഒരളവോളം കുറയ്ക്കുന്ന മദ്യത്തെ കൊടുംവിഷമായി, ബുദ്ധിജീവി സ്ത്രീകള്‍പോലും ഇന്നു ബ്രാന്റുചെയ്യുന്നു. പുരുഷനെ അമിതമദ്യപനാക്കുന്നതില്‍ സ്ത്രീക്ക് കാര്യമായ പങ്കുണ്ടെന്ന് നമ്മുടെ നാട്ടിലെ ഗാര്‍ഹിക സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഇടക്കെപ്പോഴെങ്കിലും സിവില്‍ സപ്ലൈസില്‍ നിന്നും ഒരു ക്വാര്‍ട്ടര്‍വാങ്ങി വീട്ടില്‍കൊണ്ടുവച്ചു കഴിക്കുവാന്‍ ഭര്‍ത്താവിനെ അനുവദിക്കാത്ത പല സ്ത്രീകളും ബാറുകള്‍ സമ്മാനിക്കുന്ന അമിത മദ്യപാനത്തിലെക്കാണ് അയാളെ തള്ളിവിടുന്നത്.
ഗാര്‍ഹികാന്തരീക്ഷത്തില്‍ പുരുഷനും ഒരളവോളം വൈകാരിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നതാണ് സത്യം. എന്നാല്‍ നമ്മുടെ സ്ത്രീപക്ഷ, മദ്യവിരുദ്ധ സന്‍മാര്‍ഗ്ഗവാദികള്‍ അക്കാര്യം അംഗീകരിച്ചു തരില്ലെന്നുമാത്രം!
Co-habitation എന്ന ഏറ്റവും സ്വതന്ത്രമായ സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിലേക്കാണ് യാഥാസ്ഥിതിക ദാമ്പത്തിക ജീവിതത്തിലെ ഇത്തരം വിള്ളലുകള്‍ ജാലകം തുറക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ഒട്ടെറെ സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും ലഭ്യമാക്കുന്ന സ്വതന്ത്രമായ ഒരാകാശമാണ് Co-habitation അഥവാ സഹജീവനം. സ്ത്രീധന സമ്പ്രദായം, ദാമ്പത്യ കലഹം, സ്ത്രീ പീഡനം, മദ്യാപാനാസക്തി, ആത്മഹത്യ തുടങ്ങീ ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി Co-habitation-നെ പൊതുസമൂഹം ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതാണ്.

email: hari_nilgiri @ yahoo.com

G.Hari Neelagiri, EF 7/105 (B-block)
Pandits colony Housing Board Flats,
Devaswam Board, TVM-695003,
Mob:9349874528
9-1-2011

3 comments:

Lathika subhash said...

ഞാനിവിടെ വന്നിരുന്നു. ഹരിയുടെ നിരീക്ഷണം കൊള്ളാം.

Harinath said...

മുൻപ് ഈ ലേഖനം പോസ്റ്റ് ചെയ്തപ്പോൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. Co-habitation എന്ന രീതിയുടെ വിവിധ വശങ്ങളെക്കുറിച്ച് ധാരാളം അറിയാനുണ്ട്. അടിസ്ഥാനമായിപ്പോലും ഒന്നും അറിയില്ലെന്നുപറയാം.

'സ്വതന്ത്രമായ സഹവർത്തിത്വം' എന്നതിന്റെ നിർവ്വചനം എന്താണ്‌ ? ഒരാൾ സ്ത്രീയും മറ്റൊരാൾ പുരുഷനും ആകുകയും അവർ ബന്ധുക്കൾ അല്ലാതിരിക്കുകയും ചെയ്യുമ്പോഴെല്ലാം Co-habitation എന്നതിന്റെ പരിധിയിൽ വരുമോ ?

വിവാഹസംബന്ധമായി Co-habitation നടപ്പാക്കിയാൽ കുട്ടികളുടെയും സ്വത്തിന്റെയും ഉത്തരവാദിത്വം ആർക്കായിരിക്കും ? ഈ സമ്പ്രദായത്തിൽ അനന്തരാവകാശി എന്നൊന്നുണ്ടോ ?

Pheonix said...

താങ്കള്‍ പറഞ്ഞ ചില കാര്യങ്ങള്‍ കാലിക പ്രസക്തമാണ്. വിവാഹിതനായികഴിഞ്ഞാല്‍ മിക്കവാറും പുരുഷന്മാര്‍ ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും താല്പര്യം മാത്രം നോക്കുന്ന "ഭര്‍ത്താവ്ഉദ്യോഗസതന്മാരായി" മാറുന്നു.