കൊല്ലവര്‍ഷം 1181 മിഥുനം 1426 ജ. അവ്വല്‍ 2005 ജൂണ്‍
എന്തിനെയും ഒന്നുകില്‍ അടച്ചാക്ഷേപിക്കുക, അല്ലെങ്കില്‍ ആദര്‍ശവല്‍ക്കരിക്കുക എന്നത് മലയാളി ബുദ്ധിജീവി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പൊതുസ്വഭാവമാണ്. ഒന്നുകില്‍ അവര്‍ എതിര്‍പ്പിന്റെ ഗിരിശൃംഗങ്ങളിലേക്കു പോകും. അല്ലെങ്കില്‍ വിഗ്രഹവല്‍ക്കരണത്തിന്റെയും വിധേയത്വത്തിന്റെയും ആഴക്കയങ്ങളിലേക്ക്. അത്യുന്നതങ്ങളില്‍ കൊടുംശൈത്യമാണെങ്കില്‍, ആഴക്കയങ്ങളില്‍ ചെളിക്കുണ്ടായിരിക്കും! സമതലങ്ങളില്‍ നിന്നു കാര്യങ്ങള്‍ നോക്കിക്കാണാന്‍ പല ധൈഷണിക പ്രതിഭകള്‍ക്കും കഴിയുന്നില്ല. ജീവിതസംബന്ധിയായ ഏതൊരു വിഷയത്തിലും `നടുനില' യും സമഭാവനയും ദീക്ഷിച്ചിരുന്ന നാരായണഗുരുവിനെയും
ചട്ടമ്പിസ്വാമികളെയും പോലുള്ള ആചാര്യന്മാര്‍ ജീവിച്ചിരുന്ന മണ്ണിലാണ് ഈ വിപര്യയം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലൈംഗികതയെക്കുറിച്ചുള്ള സമകാലിക വിചാരങ്ങളിലും ബുദ്ധിജീവിത്വത്തിന്റെ ഈ `ന്യൂനപക്ഷ പൊതുപ്രവണത' കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നതു കാണാം. വേശ്യാവൃത്തിയെ ആദര്‍ശവല്‍ക്കരിക്കുകയെന്ന വിപല്‍ദര്‍ശനത്തിലാണ് സ്വാത്മദര്‍ശനവും സഹജാവബോധവുമില്ലാത്തവരും യൂറോസെന്‍ട്രിക്കുകളുമായ നമ്മുടെ ചില ബുദ്ധിജീവികള്‍ ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്നത്.`മശ', `വെടി', ചാണ, `പെട്ടി', `തേവിടിച്ചി, `കൊടുപ്പുകാരി' , `ഏന്ധിയായിനി' , `അര്‍വാണിച്ചി,' `പോക്കുകേസ് ' എന്നിങ്ങനെ ഉത്തര-മധ്യ-ദക്ഷിണ കേരളങ്ങളിലെ സംസാര ഭാഷയില്‍ പരക്കെയും, `ഗണിക', `സൈ്വരിണി ', `അഭിസാരിക' , `കുലട' എന്നിങ്ങനെ വരേണ്യഭാഷയിലും വ്യവഹരിക്കപ്പെടുന്നവരായ അഭിസാരികള്‍ക്ക് `ലൈംഗികത്തൊഴിലാളികള്‍' എന്നൊരു ആദര്‍ശതിട്ടൂരം ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് നമ്മുടെ ചില അഭിനവ ബുദ്ധിജീവികള്‍. അവര്‍ ചെയ്യുന്ന പ്രവൃത്തി `ലൈംഗിക തൊഴില്‍' എന്നാണ് ഈ ന്യൂനപക്ഷബുദ്ധിജീവി വൃന്ദത്തില്‍ ഇന്നറിയപ്പെടുന്നത്. മലയാളിയായ മലയാളികളൊക്കെയും ഇന്നും അഭിസാരികയെ സൂചിപ്പിക്കുവാന്‍ വേശ്യയെന്നോ ആ പദത്തിന്റെ പര്യായപദങ്ങളോ ആണ് ഉപയോഗിക്കുന്നതെങ്കിലും മാധ്യമങ്ങള്‍ക്കും അവരെ `സെക്‌സ് വര്‍ക്കേഴ്‌സ് ' എന്നു വിളിക്കുവാനാണ് താല്‍പ്പര്യം. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ!`വൃത്തി' എന്നതിനു തൊഴില്‍ എന്നാണ് അര്‍ത്ഥമെന്നതിനാല്‍ `വേശ്യാവൃത്തി'യും ഒരു തൊഴിലാണെന്നാണ് ചില ലൈംഗികോന്മുഖ ബുദ്ധിജീവികളുടെ വാദഗതി. എന്നാല്‍ `വൃത്തി' എന്നതിനു `സദാചാരപരമായ നടപടി', `ശുചിത്വം', `വെടിപ്പ്`, എന്നൊക്കെക്കൂടി അര്‍ത്ഥമുണ്ടെന്നും സാമൂഹിക വ്യവഹാരത്തിനായി ഒരു പദം സ്വീകരിക്കുമ്പോള്‍ അതിന്റെ ഇതര അര്‍ത്ഥങ്ങളും കൂടി പരിഗണിക്കണമെന്നും അവര്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു! ഏതായാലും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇന്നും `വേശ്യ' വേശ്യയും `വ്യഭിചാരം' വ്യഭിചാരവുമാണ്. എന്നാല്‍ തങ്ങളുടെ സ്വത്വത്തെക്കുറിച്ച് തിരിച്ചറിവില്ലാത്തവരായ പാവം അഭിസാരികകള്‍ ബുദ്ധിജീവികള്‍ തങ്ങള്‍ക്കു വെച്ചുനീട്ടിയ ഈ ആദര്‍ശക്കുപ്പായം ഒരു സുപ്രഭാതത്തില്‍ എടുത്തണിയുകയും അവരുടെ നേതൃത്വത്തില്‍ അവകാശസമരപഥങ്ങളിലിറങ്ങുകയും `ആനന്ദോത്സവങ്ങളും' `പ്രണയിനികളുടെ രാത്രി' കളും ആഘോഷിച്ചു തിമിര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ആനന്ദം എന്നത് ജഹലമൗെൃല (സുഖം) അല്ലെന്നും വേശ്യയ്‌ക്ക് `പണം മാത്രം കാംക്ഷിച്ചു പുറത്തേക്ക് അനുരാഗംകാണിക്കുന്നവള്‍', `ആര്‍ക്കും സമീപിക്കാവുന്നവള്‍' എന്നൊക്കെയും അര്‍ത്ഥമുണ്ടെന്നും ഈ ലൈംഗികോന്മുഖ ധൈഷണികന്മാര്‍ തിരിച്ചറിയാതെ പോയി. അവബോധവും നിരീക്ഷണവും - കഴിഞ്ഞാകണം ആവിഷ്‌ക്കാരം അഥവാ പ്രതികരണത്തിന് ഒരുമ്പെടേണ്ടതെന്ന ആന്തരിക സത്യം അഭിസാരികകള്‍ക്ക് അറിയില്ലെങ്കിലും സാംസ്‌കാരിക പോലീസുകാരായ ബുദ്ധിജീവികളെങ്കിലും അറിഞ്ഞിരിക്കേണ്ടതായിരുന്നു. അല്ലെങ്കിലെന്തിന്, ഇവിടെങ്ങും കൊള്ളാവുന്നവരാരും ഇല്ലാത്തതുപോലെ നാഴികയ്‌ക്കു നാല്‍പ്പതുവട്ടം, അസാന്ദര്‍ഭികമായിപ്പോലും 1ഫൂക്കോയേയും 2സൂസന്‍സൊണ്ടാങ്ങിനേയും വിളിച്ചു വരുത്തുന്ന അവര്‍ക്കുണ്ടോ ഈ കൊച്ചുകേരളത്തിനു പറ്റിയ മട്ടില്‍ ചിന്തിക്കാന്‍ നേരം!ഒരു അഭിസാരികയുടെ ആത്മകഥയില്‍ എന്തൊക്കെയുണ്ടായിരിക്കുമെന്ന് കുറച്ചൊക്കെ അറിയാമായിരുന്നതിനാലും കൂടുതലറിയുവാന്‍ വലിയ താല്‍പര്യമില്ലാതിരുന്നതിനാലുമാണ് മൂഡ്‌സ് കോണ്‍ടത്തിന്റെ ഉത്തേജനാത്മകമായ ഒന്നാന്തരം പിങ്ക് കളറില്‍, ഗ്രന്ഥകാരിയുടെ സുഖശയനത്തിന്റെ വശ്യസൗന്ദര്യം വഴിയുന്ന ടൈറ്റ്‌ക്ലോസപ്പ് ആലേഖനം ചെയ്‌ത നളിനിജമീലയുടെ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' ആദ്യകാഴ്‌ചയില്‍ വാങ്ങാതിരുന്നത്. എന്നാല്‍ ഇനിയും വ്യവച്ഛേദിക്കാനാകാത്ത ഒരന്തഃപ്രേരണയില്‍ - എഴുതിക്കൊണ്ടിരിക്കുന്ന `രതിവിജ്ഞാനം' എന്ന ഗ്രന്ഥത്തിന് മെറ്റീരിയല്‍ ലഭിക്കുമെന്ന പ്രതീക്ഷയാലോ, നളിനിജമീലയുടെ മാദകവദനം മനസ്സിലെ 3ലിബിഡോ ഗര്‍ത്തങ്ങളില്‍ കാമാതുരത ഉണര്‍ത്തിയതിനാലോ? - ഒന്നു രണ്ടു നാളുകള്‍ക്കകം ഡി.സി.ബുക്‌സില്‍ പോയി ഞാനാ പുസ്‌തകം വാങ്ങി. ജീവിതത്തിലൊരിക്കലും സംഭവിക്കാത്തവിധം ഒറ്റയിരിപ്പിനിരുന്ന് വായിച്ചു തീര്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഒരഭിസാരികയുടെ ഈ ആത്മകഥ എന്നെ തെല്ലും നടുക്കിയില്ലെന്നു മാത്രമല്ല, മറ്റൊരര്‍ത്ഥത്തില്‍ ആഴത്തില്‍ ദുഃഖിപ്പിക്കുകയും ക്ഷോഭിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്. നരാധിപര്‍ നല്‍കിയ വിഷം ശാരീ.എസ് നായരുടെ ജീവന്‍ അപഹരിക്കുമെന്ന് ബോധ്യമായ ദിവസങ്ങളില്‍ അസ്‌തപ്രജ്ഞമായ നിസ്സഹായതയാല്‍ ഞാനനുഭവിച്ച മഹാവ്യസനം മറ്റൊരു തലത്തില്‍ നളിനിജമീലയുടെ ആത്മകഥയും എന്നിലുണര്‍ത്തി. ശാരീ.എസ്.നായര്‍ എന്റെ മനസ്സാക്ഷിയെ സ്വന്തം പെങ്ങളായാണു വേട്ടയാടിയതെങ്കില്‍, 'ഒട്ടും സഹതാപമര്‍ഹിക്കാത്ത' തന്റെ ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ നിന്ന് നളിനിജമീല എന്ന അഭിസാരിക സമാര്‍ജ്ജിച്ചു നീട്ടുന്ന ജീവിതദര്‍ശനത്തിന്റെ ആസുരീയമായ നിഷേധാത്മകത എന്നില്‍ അന്തഃക്ഷോഭത്തിന്റെയും ആത്മരോഷത്തിന്റെയും ധര്‍മ്മസങ്കടങ്ങളാണുണര്‍ത്തിയത്. ഈശ്വരാ, അങ്ങു നല്‍കിയ അമൂല്യമായ ഈ ജീവിതം ഒരു മലയാളി സ്‌ത്രീയെക്കൊണ്ട് ഇങ്ങനെയൊക്കെയാണല്ലോ ചിന്തിപ്പിക്കുന്നത്! അതും ഉന്നതവിദ്യാഭ്യാസത്തിന്റെ `വിഷപ്പുക' യേല്‍ക്കാത്ത വെറും ഒരു മൂന്നാം ക്ലാസുകാരിയെക്കൊണ്ട്?! മാനസികവും ശാരീരികവുമായ ഏതൊരു രോഗവും ചിന്താരൂപത്തിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നതെന്ന പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ വെളിപാട് ഞാനോര്‍ത്തു. (നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കും നാം തന്നെയാണ് ഉത്തരവാദികള്‍) എന്ന ആത്മതത്വവും. ഇതൊക്കെയും ഒരഭിസാരികയുടെ ചിന്താവൈകല്യമെന്നു കരുതി, ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ്, നളിനിജമീലയേയും അവരുടെ അന്തഃസാരശൂന്യമായ ലൈംഗിക വെളിപാടുകളേയും മനസ്സില്‍ നിന്നാട്ടി ഓടിക്കുവാന്‍ എനിക്കായില്ല. കാരണം, `മുത്തങ്ങ' യ്‌ക്കും `മാറാടി' നും `കിളിരൂരിനും' 'സൂര്യനെല്ലി' ക്കുമൊക്കെ ഏതെങ്കിലും ഒരു ഭരണാധികാരിയോ രാഷ്‌ട്രീയ വിടപ്രഭുവോ മാത്രമല്ല ഉത്തരവാദിയെന്നും ഞാന്‍ കൂടിയാണെന്നതുമാണ് എന്റെ പ്രത്യയശാസ്‌ത്രം. (ഉത്തരവാദിത്തമേറ്റെടുക്കുന്നത് കരുത്താണ്) എന്ന ഈ ജീവിതദര്‍ശനമാണ്, നളിനിജമീലയുടെ ദാരുണജീവിതകഥയോടു തെല്ലും തന്നെ സഹതപിക്കാതെ, `നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നറിഞ്ഞുകൊണ്ടുതന്നെ, അവരുടെ പുഴുക്കുത്തേറ്റ ഭാവനകള്‍ക്കുനേരെ, നിര്‍ദ്ദാക്ഷിണ്യം കല്ലെറിയുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.(പകുതി വായിച്ചു തീര്‍ന്നപ്പോള്‍ തന്നെ, ഈ ആത്മകഥയിലെ ജീവിത-ലൈംഗികദര്‍ശനങ്ങള്‍ക്കെതിരെ അമ്പതിലേറെ ഭിന്നാഭിപ്രായക്കുറിപ്പുകള്‍, ഒരു മലവെള്ളപ്പാച്ചിലെന്നോണം എന്റെ സ്‌പൈറല്‍ ഡയറിയില്‍ വാര്‍ന്നു വീഴുകയായിരുന്നു). എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോഴും ഞാനവരെ വെറുത്തകറ്റുകയോ ദ്വേഷിക്കുകയോ ചെയ്യുന്നില്ല. സ്വന്തം പെങ്ങളെന്നു കരുതി അവരെ സ്‌നേഹിക്കുകയും, ഏതൊരാളുടെയുമെന്നപോലെ, നന്മതിന്മകള്‍ക്കതീതമായ ഈ സ്‌ത്രീ ആത്മാവിനെ പ്രേമത്തിലേക്കും ഭക്തിയിലേക്കും സാത്വികതയിലേക്കും ഉത്ഥാപനം ചെയ്യുകയെന്ന ഉത്തരവാദിത്തം ഒരു ദൈവികനിയോഗമെന്നോണം ഏറ്റെടുക്കുകയുമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഈ ദിവസങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നളിനിജമീല എന്ന ഈ അഭിസാരികയെ നളിനിയേടത്തി എന്നല്ലാതെ ഇനിയങ്ങോട്ട് എനിക്കഭിസംബോധന ചെയ്യാനാവില്ല.....നളിനിയേടത്തിയുടെ ചിന്തകളിലെ വിധ്വംസാത്മകത എന്നെ സഹതാപാര്‍ഹമാംവണ്ണം ഭീതിപ്പെടുത്തുകയും വ്യാകുലചിത്തനാക്കുകയും ചെയ്യുന്നത് ഞാനൊരു കപട സദാചാരവാദിയായ മലയാളി പുരുഷനായതു കൊണ്ടല്ലെന്നു പറഞ്ഞാല്‍ ഈ സാധുസ്‌ത്രീ അതു മുഖവിലയ്‌ക്കെടുക്കണമെന്നില്ല. വ്യഭിചാരത്തെ ഒരു മഹാപാപമായൊന്നും ഞാന്‍ കണക്കാക്കുന്നുമില്ല. ആത്മസാക്ഷാത്‌ക്കാരമെന്നതുപോലെ ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ് രതിമൂര്‍ച്‌ഛയെന്നാണ് എന്റെ വിശ്വാസപ്രമാണം. പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും, പൊതുജനശല്യം ഉണ്ടാകാത്തിടത്തോളം ഇണചേരാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഇണചേരുന്ന `കമിതാക്കളെ' ലൈംഗികാസൂയയാല്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും. (ഇണ ചേരുന്ന പാമ്പുകളെ കല്ലെറിഞ്ഞോടിക്കുന്നതും തല്ലിക്കൊല്ലുന്നതും നമ്മില്‍ പലരുടെയും ക്രൂരവിനോദമാണല്ലോ!) നളിനിയേടത്തിയുടെ ജീവിതചരിതം എന്നെ ക്ഷോഭിപ്പിക്കുന്നത് മറ്റൊരു 'സമസ്യ' യാലാണ്: സൗന്ദര്യം തുളുമ്പുന്ന എന്റെ ഈ പെങ്ങളുടെ പൂര്‍വ്വ -ഉത്തരയൗവ്വനങ്ങളെ കാമാന്ധര്‍ കശക്കിയെറിഞ്ഞുവെങ്കില്‍ കല്‍മഷഹീനമായ അവരുടെ അന്തരാത്മാവിനെ ഒരുകൂട്ടം ലൈംഗിക ബുദ്ധിജീവികള്‍ ഇന്നു ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്ന സത്യമാണ് എന്നെ നടുക്കുകയും പരിതപിപ്പിക്കുകയും ചെയ്യുന്നത്!അജ്ഞതയും അവിവേകവും ആത്മശൂന്യതയും മ്ലേഛമാക്കിയ ഇത്തരമൊരന്തരാള സാംസ്‌കാരികാന്തരീക്ഷത്തിലാണല്ലോ എനിക്ക് പ്രാണശ്വസനം നിര്‍വ്വഹിക്കേണ്ടിവരുന്നത്!
No comments:
Post a Comment