കേട്ടെഴുത്ത്
പ്രതിഭാധനനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള തിലകക്കുറിയും (അവതാരിക) ഏതോ ഒരു കൊടുംബുദ്ധിജീവി പാദസരവും (അനുബന്ധം) അണിയിച്ചു കൊടുത്തിരിക്കുന്ന, എക്‌സ്. നക്‌സലൈറ്റായ ഐ.ഗോപിനാഥ് 'കേട്ടെഴുതിയ' നളിനിജമീലയുടെ (51) സങ്കടകരമായ ജീവിതകഥയെ ഇങ്ങനെ സംഗ്രഹിക്കാം:`തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരിനടുത്ത് കല്ലൂരില്‍ ജനനം. ഒരു ജ്യേഷ്‌ഠനും ഒരനുജനും മൂന്ന് അനുജത്തിമാരും കൂടപ്പിറപ്പുകള്‍. പഠനം മൂന്നാം ക്ലാസ്സുവരെ മാത്രം. മുന്‍പട്ടാളക്കാരനും കമ്യൂണിസ്റ്റും നിരീശ്വരവാദിയും ശ്രീനാരായണ ഗുരുവിന്റെ `അനുയായി' യും സര്‍വ്വോപരി ശുദ്ധ ഹിപ്പോക്രാറ്റുമായിരുന്ന അച്ഛന്റെ പട്ടാളച്ചിട്ടയില്‍ ഞെരിഞ്ഞമര്‍ന്ന ബാല്യ-കൗമാരങ്ങള്‍. പുരുഷമേധാവിത്വത്തിന്റെയും കാപട്യത്തിന്റെയും പിന്തിരിപ്പത്വത്തിന്റെയും ഉടല്‍രൂപമായിരുന്നു അച്ഛന്‍. `കാപട്യം എന്നാല്‍ എന്താണെന്ന് വ്യക്തമായി എന്നതാണ് അച്ഛന്‍ നല്‍കിയ ഏകസമ്പാദ്യം!' അമ്മയെ അടിമയായി കണക്കാക്കിയ ഒരു നികൃഷ്‌ടനായിരുന്നു അച്ഛന്‍. മക്കള്‍ക്കുവേണ്ടി എല്ലാം സഹിച്ച് എരിഞ്ഞടങ്ങിയ അമ്മ. `അച്ഛന്‍ അമ്മയെ ഒരടിമയെപ്പോലെ കണ്ടു. അവിഹിതബന്ധമാരോപിച്ച് സുന്ദരിയായ അവരെ നിരന്തരം മര്‍ദ്ദിച്ചു.'