Labels
- ഓര്മ (28)
- രതിവിജ്ഞാനം (24)
- നളിനി ജമീല ഒരു സ്നേഹസംവാദം (23)
- ലേഖനം (14)
- കഥ (2)
- ലേഖനം. (2)
- അനുഭവം (1)
Saturday, August 13, 2011
മധ്യലിംഗ അനുഭവം (An intersex experience)
വേണം, കരുതലുള്ള ഒരു ആണ്‍ഹൃദയം...
സഹയാത്രികനായ ആധ്യാത്‌മികസംഘടന സംഘടിപ്പിച്ച ആത്‌മഹത്യാ നിരാകരണ പരിപാടിയെക്കുറിച്ച് (No suicide campaign) ഒരു കുടുംബവാരികയില്‍ ഞാനെഴുതിയ ലേഖനത്തിന്റെ പ്രതികരണമായാണ് ഗോപീകൃഷ്‌ണന്റെ ആദ്യത്തെ ഫോണ്‍വിളി വരുന്നത്. തന്റെ സംഭാഷണത്തിലെ അനൗപചാരികതയിലൂടെ അയാള്‍ തുടക്കത്തിലേ എന്നെ ആകര്‍ഷിച്ചു. നാലഞ്ചുമിനിറ്റു നീണ്ടുനിന്ന ആ സംഭാഷണത്തിലൂടെ എന്റെ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നൊഴിയാതെ അയാള്‍ ചോദിച്ചു മനസ്സിലാക്കി. വായനാശീലങ്ങള്‍.... ഇഷ്‌ടവിഭവങ്ങള്‍.... ഇഷ്‌ടവര്‍ണ്ണങ്ങള്‍.... കൈശോരകമായ ആ ജിജ്‌ഞാസയെ ഞാന്‍ സ്വാഭാവികമായി പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഒരു തരുണാസ്വാദകന്റെ സഹജനിഷ്‌കളങ്കത എന്നതിലുപരി ഞാനാ ചോദ്യങ്ങളില്‍ വേറിട്ടൊരു അസ്വാഭാവികത കണ്ടുമില്ല.
വീണ്ടും ഇടയ്‌ക്കിടെ ഫോണ്‍വിളികള്‍. ബോറടിപ്പിക്കാത്ത സൗഹൃദസല്ലാപങ്ങള്‍. പിന്നീടെപ്പോഴോ ഗോപീകൃഷ്‌ണന്‍ എന്ന പേരും അയാളുടെ രസകരമായ ഫോണ്‍വിളികളും മറവിയുടെ നീര്‍ക്കയങ്ങളില്‍ മറഞ്ഞു...
നിനച്ചിരിക്കാത്ത ഒരു ദിവസം വീണ്ടും ഗോപിയുടെ വിളി. പതിവുപോലെ `ഏട്ടാ' സംബോധനയും സാഹിത്യ-ചലച്ചിത്രസല്ലാപങ്ങളും. പെട്ടെന്നാസ്വരത്തില്‍ ഭാവപ്പകര്‍ച്ച സംഭവിച്ചു. സംഭാഷണത്തിന്റെ മോഡ്യുലേഷന്‍ മാറി. `ഞാനിപ്പോള്‍ ആത്‌മഹത്യയുടെ വക്കിലാണേട്ടാ' ഗോപി പറഞ്ഞു. ഞാന്‍ കാരണമാരാഞ്ഞു.
`എനിക്കൊന്നു നേരിട്ടു കാണണം.'
ഭാര്യ വീട്ടിലില്ലാത്ത ഒരു ദിവസം തനിക്കു വിട്ടുതരണമെന്ന് ഗോപി അഭ്യര്‍ത്ഥിച്ചു.
ഭാര്യ ഓഫീസിലേക്കും മകള്‍ സ്‌കൂളിലേക്കും പോയ ഒരു രാവിലെ ഓഫീസില്‍ അവധി അറിയിച്ച് ഞാന്‍ ഗോപിയേയും കാത്തിരിപ്പായി...
മൊബൈലില്‍ ഗോപിയുടെ മിസ്‌കാള്‍. ഫ്‌ളാറ്റിലേക്കുള്ള വഴികാട്ടാന്‍ ഞാന്‍ പുറത്തേക്കിറങ്ങി. മനസ്സിലുണ്ടായിരുന്നതില്‍ നിന്നും കടകവിരുദ്ധമായ ഒരാള്‍രൂപം ദൂരെ നിന്നു വരുന്നു. രൂപം കണ്ണില്‍ നിറയുന്തോറും അതിലെ അസ്വാഭാവികത എന്നെ അസ്വസ്ഥനാക്കിത്തുടങ്ങി. ഗോപി അടുത്തെത്തിയതോടെ അയാള്‍ ഒരു `ചാന്തുപൊട്ടാ'ണെന്ന് ഉള്‍ക്കിടിലത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു!
ഞാന്‍ സഹഫ്‌ളാറ്റുകളിലെ ജനാലകളിലേക്കു നോക്കി. ഇല്ല, ആരും ഒളിഞ്ഞുനോക്കുന്നില്ല. അങ്കലാപ്പുമാറ്റി ഞാന്‍ ഗോപിക്കു കൈനല്‍കി. `ഹരിയേട്ടാ, ഇപ്പോഴേ കാണാന്‍ കഴിഞ്ഞുള്ളല്ലോ?' ഗോപി കുണുങ്ങിക്കൊണ്ട് എന്നോടു കൂടുതല്‍ ചേര്‍ന്നു നിന്നു. വീണ്ടും ഉയര്‍ന്ന നെഞ്ചിടിപ്പടക്കി ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട്, ഞാന്‍ ഗോപിയുമായി ഫ്‌ളാറ്റിലേക്കു നടന്നു. ഒരു ജാരന്റെ ചേഷ്‌ടകളോടെ നാലുപാടും കണ്ണയച്ച് ഫ്‌ളാറ്റിന്റെ വാതില്‍തുറന്നു. (ഇല്ല. ഫ്‌ളാറ്റിലെ പകലുകളില്‍ ഗോസിപ്പ് വിരുന്നൊരുക്കുന്ന വനിതാസംഘങ്ങള്‍ ആരുംതന്നെ ഞങ്ങളെ കാണുന്നേയില്ല.)
എന്നെ നോക്കി ഒന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട് എതിരെ സെറ്റിയില്‍ ഗോപിയിരുന്നു. ക്യാമ്പസ് കാലത്ത് കേട്ടും കണ്ടുമറിഞ്ഞിരുന്ന ചില പുരുഷവേശ്യകളുടെ വദനങ്ങള്‍ എന്റെ മനസ്സിലേക്കിരച്ചുവന്നു... (പബ്‌ളിക് ലൈബ്രറിയിലെ ടോയ്‌ലറ്റില്‍ പുരുഷന്മാരെ സ്വീകരിച്ചിരുന്ന ഫ്‌ളൂട്ട് നാരായണന്‍ ആയിരുന്നു അക്കാലത്തെ ഏറ്റവും കുപ്രസിദ്ധനായ പുരുഷവേശ്യ. ലൈബ്രറിയിലെ മൂവന്തിവെട്ടങ്ങളില്‍ നാരായണന്റെ രൂപത്തിനായി വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പരതിയെങ്കിലും വൃഥാവിലായി. പാവം മരിച്ചുപോയിരിക്കണം...) വിവാഹാനന്തരവും പുരുഷവേശ്യകളെ തേടിപ്പോയിരുന്ന പെര്‍വട്ടഡായ മറ്റൊരു സുഹൃത്തിന്റെ കഥയും ഞാന്‍ ഓര്‍ത്തു. ഒരിക്കല്‍ ഭാര്യയെ ബസ്‌സ്റ്റാന്റില്‍ നിര്‍ത്തിയിട്ടായിരുന്നു അയാള്‍ ഒരു പുരുഷവേശ്യയ്‌ക്കൊപ്പം പബ്‌ളിക് ടോയ്‌ലറ്റിലേക്ക് മറഞ്ഞത്!
ഞാന്‍ ഗോപിയുടെ അര്‍ദ്ധസ്‌ത്രൈണമായ മുഖത്തേക്കു നോക്കി.
`ഞാന്‍ ആകെ തകര്‍ന്നു ഹരിയേട്ടാ', ഗോപി വ്യസനത്തോടെ പറഞ്ഞു.
`എന്തു പറ്റി?' ഞാന്‍ ചോദിച്ചു
`ഞാനൊരാളെ സ്‌നേഹിച്ചു. എന്നാല്‍ അയാള്‍ എന്നെ വഞ്ചിച്ചു' .
`പുരുഷന്‍?'
`അതെ'
ഗോപി ആ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കഥ പറഞ്ഞുതുടങ്ങി... `എന്റെ ഫ്രണ്ടിന്റെ അങ്കിളാണ്. കാണാന്‍ അത്ര സുന്ദരനൊന്നുമല്ല. കറുത്ത് വസൂരിക്കലവീണ മുഖമാണ്. പക്ഷേ ഞാന്‍ ഇഷ്‌ടപ്പെട്ടു പോയി. എന്നെ എത്രയിടത്തൊക്കെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നറിയാമോ? സിനിമയ്‌ക്കൊക്കെ ഞങ്ങള്‍ ഒരുമിച്ചാ പോകുന്നേ. മാന്യനാ. തെറ്റായി ഒന്നും പെരുമാറിയിട്ടേയില്ല. ഇടയ്‌ക്കൊന്നുരണ്ടുതവണ കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടുണ്ട്. അത്രമാത്രം. ഫ്രണ്ടും ഇഷ്‌ടനുമൊത്ത് കാരംസും ചീട്ടുകളിയുമൊക്കെയുണ്ട്. സൈറ്റ് സീയിങിനും പോകും. ഫ്രണ്ടിന് ആദ്യം അറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ ഞങ്ങളുടെ സ്‌നേഹമറിഞ്ഞു. എന്തൊക്കെയോ വീണ്ടാതീനങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞുകൊടുത്തു. എനിക്കാണെങ്കില്‍, അയാളല്ലാതെ മറ്റൊരു കുഞ്ഞുപോലും എന്റെ മനസ്സിലില്ല. തെറ്റായി ഞാനൊരാളെ നോക്കിയിട്ടുപോലുമില്ല. ഫ്രണ്ട് എന്നെ ചതിക്കുകയായിരുന്നു. ഞങ്ങളുടെ അഫയറില്‍ അയാള്‍ പാരവെച്ചു. ഇപ്പോള്‍ ആള്‍ മിണ്ടില്ല. എന്തൊരു പെയിനാണെന്നറിയാമോ? മരിച്ചാ മതി...' ഗോപി കരച്ചിലിന്റെ വക്കോളമെത്തി.
ഒരുവര്‍ഷം നീണ്ട ലൈംഗികശാസ്‌ത്രപഠനത്തിനൊടുവില്‍ ഒരു പ്രസാധകനായെഴുതിയ രതിവിജ്‌ഞാനഗ്രന്ഥത്തിന്റെ ഹാങോവറിലായതിനാല്‍ ഗോപി എനിക്ക് ആസ്വാദ്യകരമായ ഒരനുഭവമായിരുന്നു. ഗോപിയില്‍ നിന്ന് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വ്യക്തിനിഷ്‌ഠമായ രസതന്ത്രം ചോദിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.
ആദര്‍ശപ്രണയിയായ ഒരു സ്വവര്‍ഗ്ഗാനുരാഗിയാകുന്നു ഗോപി.
ഫ്രണ്ടിന്റെ അങ്കിളുമായല്ലാതെ മറ്റാരുമായും നാളിതുവരെ ഗോപിക്ക് അനുരാഗം സംഭവിച്ചിട്ടില്ല. തന്റേത് ദിവ്യപ്രണയമാണെന്ന് ഗോപി അവകാശപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന് ലൈംഗികതയ്‌ക്കുപരിയായ ഒരു പവിത്രപദവിയാണ് ഗോപി കല്‍പ്പിക്കുന്നത്. ലൈംഗികമായും പ്രണയനിഷ്‌ഠമായും സ്‌ത്രീകള്‍ അയാളെ ആകര്‍ഷിക്കാറേ ഇല്ല. സുഭഗന്മാരായ പുരുഷന്മാര്‍ അയാളില്‍ ഉത്തേജനമുണര്‍ത്തുന്നു. എതിര്‍വര്‍ഗ്ഗലൈംഗികതയില്‍ അനുഭവപ്പെടുന്ന തീവ്രപ്രണയം തന്നെയാണ് പുരുഷനോട് അയാള്‍ക്കു തോന്നുന്നത്. ഒരു സ്‌ത്രീയെപ്പോലെ പരിലാളിക്കപ്പെടാനും പരിപാലിക്കപ്പെടാനും അയാള്‍ കൊതിക്കുന്നു. പുരുഷനെ ഓര്‍ത്ത് അയാള്‍ സ്വയംഭോഗം ചെയ്യുന്നു. ഫ്രണ്ടിന്റെ അങ്കിളിന്റെ വഞ്ചന അയാളില്‍ തീവ്രമായ പ്രണയനൈരാശ്യം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
താന്‍ ഗായകനാണെന്നു പറഞ്ഞ ഗോപി സംഗീത-സിനിമാലോകത്ത് മുന്‍കാലങ്ങളില്‍ തനിക്കുണ്ടായ സഫലമാകാതെപോയ ചില പ്രണയാനുഭവങ്ങളെ ഓര്‍ത്തു. മലയാളത്തിലെ ചില നടന്മാരും സാഹിത്യ-സാംസ്‌കാരികനായകന്മാര്‍ക്കും `ഇതില്‍' താല്‌പര്യമുണ്ട്. പ്രശസ്‌തനായ ഒരു യുവനടന്‍ ദീര്‍ഘകാലം അവിവാഹിതനായി കഴിഞ്ഞത് `ഇതി'നാലാണ്. പ്രശസ്‌തനായ ഒരു ചലച്ചിത്രതാരം ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ `എന്നാടോ ഒന്നു കൂടുന്നത്?' എന്നു ചോദിച്ചാണ് തന്റെ `ഇംഗിതം' അറിയിച്ചത്. എന്നാല്‍ സ്വവര്‍ഗ്ഗലൈംഗികതയുടെ അപഥസഞ്ചാരങ്ങളില്‍ ഗോപിക്കു താല്‍പര്യമില്ല. ഒരാളെ മാത്രം സ്‌നേഹിക്കണം. അയാള്‍ക്കുവേണ്ടി ജീവിക്കണം...
സഹയാത്രികരായ ചില സ്വവര്‍ഗ്ഗാനുരാഗികള്‍ തന്നെ മറ്റുപുരുഷന്മാര്‍ക്കു ഇന്‍ട്രഡ്യൂസ് ചെയ്‌തു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ അതിലൊന്നും ഒരിക്കലും വീണിട്ടില്ല. `I am still a virgin', ഗോപി അഭിമാനപുരസരം പറഞ്ഞു.
മുന്‍പൊരിക്കല്‍ കണ്ട ഒരു നീലച്ചിത്രത്തിലെ ചാട്ടയുടെ രൂപം എന്റെ മനസ്സിലേക്കുവന്നു. മുലയും ലിംഗവുമുള്ള മനുഷ്യനാണ് ചാട്ട. പാശ്ചാത്യനാടുകളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കിടയില്‍ ചാട്ടകള്‍ക്ക് നല്ല ഡിമാന്റാണത്രേ! കംപ്യൂട്ടറില്‍ തെളിഞ്ഞ ആ രൂപം എന്നില്‍ വല്ലാത്ത അരോചകത്വമാണുണ്ടാക്കിയത്...
ഉച്ചയായി. ഞാന്‍ ഗോപിയെ ഊണിന് ക്ഷണിച്ചു. സ്‌ത്രീ സഹജമായ ചേഷ്‌ടകളോടെ അയാള്‍ എനിക്കൊപ്പം ഭക്ഷണം കഴിച്ചു. "കരിമിഴികുരുവിയെ കണ്ടീല്ല. നിന്‍ ചിരിയുടെ ചിലമ്പൊലി കേട്ടീല്ല... നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ...."
ഗോപി എനിക്കായി പാടി.
യാത്ര പറഞ്ഞിറങ്ങവേ ഗോപി പറഞ്ഞു:
`ഞാന്‍ അയാളെ മറക്കാം. എന്നാല്‍ ഹരിയേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്‌തു തരണം. ഏട്ടന് സാഹിത്യസര്‍ക്കിളില്‍ ഒട്ടേറെപേരെ അറിയാമല്ലോ. എനിക്ക് നല്ലൊരാളെ കണക്‌ട് ചെയ്‌തു തരണം. നല്ല കരുതലുള്ള ഒരാള്‍. മേനോന്മാര്‍ നല്ലവരാ. Especially വടക്കന്‍ മേനോന്‍മാര്‍.'
അനസ്‌തീഷ്യപോലെ ഒരസ്വാസ്ഥ്യം എന്നില്‍ ചൂളംകുത്തി. എനിക്കറിയാവുന്ന മേനോന്മാര്‍... എന്റെയുള്ളില്‍ സേതുമാധവമേനോന്‍ മുതല്‍ ആഷാ മേനോന്‍ വരെയുള്ള കുലീനമേനോന്മാരുടെ പോട്രേറ്റ് സ്‌ളൈഡ്‌ഷോ നടന്നു.
കുണുങ്ങിക്കുണുങ്ങി ഗോപി നടന്നു മറഞ്ഞു.
വൈകിട്ട് ഓഫീസില്‍ നിന്നെത്തിയ ഭാര്യ ചോദിച്ചു: `ഇന്ന് ഓഫീസില്‍ പോയില്ലേ. ആരാ ഊണിനു കൂടെയുണ്ടായിരുന്നത്? '
അവള്‍ മദ്യക്കുപ്പിക്കായി ചുറ്റും പരതി.
എന്നെക്കാണാന്‍ ആ അപൂര്‍വ്വ അതിഥിയെത്തിയ കഥ ഞാന്‍ ഭാര്യയോടു പറഞ്ഞു. റാണിമാരും (Queen) രാജാക്കന്മാ (King) രുമുള്ള സ്വവര്‍ഗ്ഗാനുരാഗസമൂഹത്തിലെ ഒരു റാണിയായിരുന്നു എന്റെ അതിഥിയെന്ന് ഞാന്‍ അവള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അവള്‍ കട്ടിലില്‍ കയറിക്കിടന്നു. അവളുടെ ചുണ്ടുകളിലേക്ക് ഞാന്‍ ഉന്മാദത്തോടെ ചുണ്ടുചേര്‍ത്തു. `വൃത്തികെട്ടവന്‍', അവള്‍ എന്റെ മുഖം തട്ടിമാറ്റി.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഒരിടം വേണമെന്നും സ്‌ത്രീയും പുരുഷനും തമ്മിലെന്നപോലെ സ്‌ത്രീയും സ്‌ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും അനുരാഗം സംഭവ്യമാണെന്നും യഥാസ്ഥിതിക നായര്‍യുവതിയായ എന്റെ സഹധര്‍മ്മിണിയെ പാതിരാത്രിയോടെ ഞാന്‍ ഒരുവിധം പറഞ്ഞു മനസ്സിലാക്കി.
15-07-09
G.Hari Neelagiri
EF 7/105 (B Block)
Pandits Colony Housing Board Flats
Devaswom Board, Trivandrum-695 003
Mob: 9349874528
Subscribe to:
Posts (Atom)